Wednesday, July 19, 2017 Last Updated 23 Min 8 Sec ago English Edition
Todays E paper
എം.ആര്‍ കൃഷ്ണന്‍
Friday 10 Mar 2017 03.16 PM

യു.ഡി.എഫിന്റെ നിയസഭാപ്രവര്‍ത്തനത്തില്‍ പൊതുവില്‍ അതൃപ്തി; വേണ്ടത്ര ഏകോപനമില്ല

uploads/news/2017/03/88309/udf.jpg

തിരുവനന്തപുരം: യു.ഡി.എഫിന്റെ നിയമസഭാപ്രവര്‍ത്തനങ്ങളില്‍ കടുത്ത അതൃപ്തി. നിയമസഭയില്‍ ഭരണപക്ഷത്തിന് മേല്‍കോയ്മ ലഭിക്കുന്ന തരത്തിലായിപ്പോകുന്നു യു.ഡി.എഫിന്റെ നിയമസഭയിലെ പൊതുവായ പ്രകടനം എന്ന അഭിപ്രായമാണ് കോണ്‍ഗ്രസിലുയരുന്നത്. അതോടൊപ്പം മുസ്ലീംലീഗും എ ഗ്രൂപ്പും നിയമസഭയില്‍ വേണ്ടത്ര ശക്തമായി ഇടപെടുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

വിഷയങ്ങള്‍ കൊണ്ടുവരുന്നതില്‍ വേണ്ട ഉത്സാഹം കാട്ടുന്നുണ്ടെങ്കിലും അത് വിജയത്തിലെത്തിക്കാന്‍ യു.ഡി.എഫ് നിരയ്ക്ക് കഴിയുന്നില്ലെന്ന വിമര്‍ശനമാണ് പൊതുവേ ഉയരുന്നത്. നിയമസഭയില്‍ ആദ്യഘട്ടം ശക്തമായ പ്രതിഷേധം ഉയര്‍ത്തി ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കിയ ശേഷം എല്ലാം അവരുടെ കൈകളില്‍ കൊണ്ട് വച്ചിട്ടുപോകുന്ന രീതിയാണ് ഇപ്പോള്‍ യു.ഡി.എഫ് നിയമസഭാകക്ഷിയില്‍ നിന്നുമുണ്ടാകുന്നതെന്ന അഭിപ്രായം ശക്തമാണ്.

യാതൊരു പ്രതിഷേധവുമില്ലാതെ ഭരണപക്ഷത്തിന് മുന്നില്‍ എല്ലാം അടിയറവച്ച് സ്വയം സഭയില്‍ നിന്നും ഇറങ്ങിപ്പോകുമ്പോള്‍ തങ്ങളുടെ അവസരമാണ് നഷ്ടമാകുന്നതെന്നാണ് പൊതുവിലെ അഭിപ്രായം. ഭരണപക്ഷം നിശ്ചയിച്ചിരുന്ന തരത്തില്‍ ചര്‍ച്ചകള്‍ നടത്തുകയും ഈ അവസരം ഉപയോഗിച്ച് യു.ഡി.എഫിനെതിരെ കടുത്ത ആക്ഷേപങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നത് പതിവാണ്. ഒന്നുകില്‍ സഭ സ്തംഭിപ്പിക്കണം. അല്ലെങ്കില്‍ പ്രതിഷേധിച്ചുകൊണ്ടുതന്നെ നടപടികളുമായി സഹകരിക്കണമെന്ന അഭിപ്രായമാണ് ബഹുഭൂരിപക്ഷത്തിനും. അതുപോലെ തന്നെ ഏത് വിഷയം ഉയര്‍ത്തിയാലും അതുപയോഗിച്ച് ഭരണപക്ഷത്ത് ചേരിതിരിവ് ഉണ്ടാക്കാന്‍ ചിലരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ശ്രമം ചീറ്റിപ്പോകുന്നതായും അഭിപ്രായമുണ്ട്. ഇതോടൊപ്പം ജനകീയവിഷയങ്ങളെക്കാള്‍ സെന്‍സേഷണല്‍ സംഭവങ്ങള്‍ക്കാണ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്ന വാദവും മുന്നണിയിലുയരുന്നുണ്ട്.

ഇതിനിടയില്‍ യു.ഡി.എഫിന്റെ നിയമസഭാപ്രവര്‍ത്തനങ്ങളില്‍ മുസ്ലീംലീഗിന്റെയും ഉമ്മന്‍ചാണ്ടിയുടെയും സജീവ പങ്കാളിത്തമുണ്ടാകുന്നില്ലെന്ന പരാതിയും ശക്തമാണ്. ലീഗ് പൊതുവേ രണ്ടുവള്ളത്തില്‍ ചവുട്ടിനില്‍ക്കുന്ന നിലപാടിലാണ്. മിക്കവാറും ദിവസങ്ങളില്‍ നിയമസഭാകക്ഷിനേതാവ് കുഞ്ഞാലിക്കുട്ടി സഭയില്‍പോലും എത്തുന്നില്ല. എത്തുന്നുണ്ടെങ്കില്‍ തന്നെ അത് ശൂന്യവേള കഴിഞ്ഞിട്ടുമായിരിക്കും.

അതുകൊണ്ടുതന്നെ ആ പാര്‍ട്ടിയുടെ ഭാഗത്തുനിന്നും വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്നാണ് കോണ്‍ഗ്രസിനുള്ളിലെ പരാതി. ഇതേ നിലപാടാണ് ഉമ്മന്‍ചാണ്ടിയും സ്വീകരിക്കുന്നത്. നിയമസഭാനടപടികളില്‍ നല്ല പരിചയവും കൗശലവുമുള്ള വ്യക്തിയായിട്ടുകൂടി മുന്നണിയുടെ പ്രതിസന്ധിഘട്ടങ്ങളിലൊന്നും അദ്ദേഹം ഇടപെടാന്‍ വേണ്ടത്ര താല്‍പര്യം കാട്ടുന്നില്ലെന്നാണ് പരാതി. രണ്ടുതവണ ഇക്കുറി ഇടപെട്ടപ്പോള്‍ തന്നെ സര്‍ക്കാരിനോട് സമവായമായി മുന്നോട്ടുപോകുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇതേ രീതിയാണ് കെ.സി. ജോസഫും പിന്തുടരുന്നത്. ഇതൊക്കെ യു.ഡി.എഫിന്റെ നിയമസഭാപ്രവര്‍ത്തനത്തിന് തിരിച്ചടിയാകുന്നു. കൂടാതെ സഭയ്ക്കുള്ളിലെ ഏകോപനത്തിലും വലിയ വീഴ്ചയാണ് സംഭവിക്കുന്നതെന്നും മുന്നണിയില്‍ പരാതിയുണ്ട്.

Ads by Google
LATEST NEWS
TRENDING NOW