Saturday, May 19, 2018 Last Updated 6 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 10 Mar 2017 03.07 PM

എന്നെക്കുറിച്ച് ചിലര്‍ കഥകള്‍ മെനയുന്നു

uploads/news/2017/03/88307/weeklynishasarg.jpg

വീട്ടുകാരും ബന്ധുക്കളും അറിഞ്ഞ് എന്റെ അപ്പച്ചിയുടെ മകനെയാണ് ഞാന്‍ വിവാഹം കഴിച്ചിരുന്നത്.
ഒരുമിച്ച് മുന്നോട്ടു പോകാന്‍ പറ്റില്ലെന്ന് മനസ്സിലായപ്പോള്‍ ഞങ്ങള്‍ പിരിയാന്‍ തീരുമാനിച്ചു.

കുട്ടിക്കാലത്ത് ഞാന്‍ ഭയങ്കര കുറുമ്പുകാരിയായിരുന്നു. എന്തു കാര്യവും കരഞ്ഞു നേടിയെടുക്കുന്ന സ്വഭാവക്കാരി. എന്റെ ശല്യം സഹിയ്ക്കാന്‍ വയ്യാതെ വീട്ടുകാര്‍ അവധികാലങ്ങളില്‍ കസിന്‍സിന്റെ വീട്ടില്‍ കൊണ്ടു പോയി നിര്‍ത്തുമായിരുന്നു. അങ്ങനെ ഒരു അവധിക്കാലത്ത് അപ്പച്ചിയുടെ വീട്ടില്‍ പോയി നില്‍ക്കുകയുണ്ടായി.

അപ്പച്ചിയുടെ മകള്‍ എന്നെക്കാള്‍ രണ്ട് വയസ്സ് മുതിര്‍ന്നതാണ്. എങ്കിലും ഞങ്ങള്‍ നല്ല കൂട്ടുകാരാണ്. ഒരുമിച്ച് കശുവണ്ടി പെറുക്കാന്‍ പോകും. അവള്‍ക്ക് കിട്ടുന്ന കശുവണ്ടി കൂടി എനിക്ക് വേണമെന്ന് പറഞ്ഞ് ഞാന്‍ വാശിപിടിച്ച് കരയും.

എന്റെ കരച്ചില്‍ കാണുമ്പോള്‍ അപ്പച്ചി എനിക്ക് അവളുടെ കൈയ്യില്‍ ഇരിക്കുന്നതും കൂടെ വാങ്ങി തരും. എപ്പോഴും ഇതുപോലെ വാശിപിടിച്ച് കരഞ്ഞ് എല്ലാം നേടിയെടുക്കും. ഒരു ദിവസം കശുവണ്ടി പെറുക്കികൊണ്ടിരുന്നപ്പോള്‍ അവള്‍ക്ക് കിട്ടിയത് തട്ടിപ്പറിച്ചു കൊണ്ട് ഞാന്‍ ഓടി.

ഓടിയോടി കുന്നിന്‍ മുകളില്‍ എത്തി. കുന്ന് ഇറങ്ങുന്ന വഴിക്ക് കാല്‌തെറ്റി ഞാന്‍ താഴെ വീണു. ഞാന്‍ അവിടെ കിടന്ന് കരഞ്ഞു. എന്റെ പിറകെ ഓടിയെത്തിയ അപ്പച്ചിയുടെ മകള്‍ ഓര്‍ത്തത് ഞാന്‍ ഒളിച്ചിരുന്നിട്ട് എപ്പോഴത്തെയും പോലെ കശുവണ്ടിക്കു വേണ്ടി കരയുകയാണെന്ന്.

അവള്‍ തിരിച്ച് വീട്ടിലേക്കു മടങ്ങി. മുകളിലേക്ക് കയറാന്‍ പറ്റാതെ ഞാന്‍ കുന്നിന്റെ താഴ്‌വാരത്ത് രണ്ട് മൂന്ന് മണിക്കൂര്‍ കിടന്ന് കരഞ്ഞു.

അവസാനം പാടത്ത് പണിക്ക് പോയിട്ട് വന്നവര്‍ എന്റെ കരച്ചില്‍ കേട്ട് ഇറങ്ങി നോക്കിയപ്പോഴാണ് എഴുന്നേറ്റ് നടക്കാന്‍ പറ്റാത്ത അവസ്ഥയില്‍ കാലിന്റെ കുഴതെറ്റി കിടക്കുന്ന എന്നെ കണ്ടത്. അന്നു മുതല്‍ ഇന്നു വരെ ആരുടെയും ഒന്നിനു വേണ്ടിയും വഴക്കുണ്ടാക്കുന്നതും ആവശ്യമില്ലാതെ കരയുന്നതും നിര്‍ത്തി.

ചെറുപ്പത്തിലെ എന്റെ വിവാഹം കഴിഞ്ഞതു കൊണ്ട് എന്നെയും കുട്ടികളെയും കണ്ടാല്‍ അമ്മയും മക്കളുമാണെന്ന് തോന്നില്ല. മൂത്തമകള്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് സ്‌കൂളില്‍ നിന്ന് വീഗാലാന്റില്‍ ടൂറു പോയി.

സ്‌കൂളിലെ കന്യാസ്ത്രീകള്‍ക്ക് എന്നെ കാര്യമായതുകൊണ്ട് എന്നെയും കൂടെ കൊണ്ടു പോയി. ഒരു ചുരിദാര്‍ ഇട്ട് കുട്ടികളോടൊപ്പം നിന്നപ്പോള്‍ ഞാനും വിദ്യാര്‍ത്ഥിയാണെന്ന് കരുതി പാസ് എടുക്കാതെ എനിക്കും കയറാന്‍ പറ്റി. ഇന്ന് എന്റെ മകളുടെ വിവാഹം കഴിഞ്ഞു.

പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോയെന്ന് അറിയില്ല. ജീവിതത്തില്‍ എന്നെ ഞെട്ടിച്ച ഒരു കാര്യമാണ്. ഒരു ദിവസം ഈരാട്ടുപേട്ടയില്‍ നിന്ന് ഷൂട്ട് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയപ്പോള്‍ വഴിതെറ്റി ഞാന്‍ ആളൊഴിഞ്ഞ വനപ്രദേശത്ത് എത്തി.

സൈന്‍ ബോര്‍ഡ് നോക്കിയാണ് സാധാരണ വണ്ടി ഓടിക്കുന്നത്. പക്ഷേ അന്ന് സൈന്‍ ബോര്‍ഡ് കണ്ടില്ല. സമയം രാത്രി പന്ത്രണ്ട് മണി. ആളും അനക്കവും ഇല്ലാതെ വിജനമായ വഴി. ഒന്ന് വഴി ചോദിക്കാന്‍ പോലും ആരുമില്ല. എനിക്ക് പേടിയായി.

uploads/news/2017/03/88307/weeklynishasarg1.jpg

ഫോണ്‍ ചെയ്യാന്‍ റെയ്ഞ്ചില്ല. പെട്ടു പോയിയെന്ന് എനിക്ക് മനസ്സിലായി. എന്തു ചെയ്യണമെന്ന് അറിയാതെ വണ്ടി ലോക്ക് ചെയ്ത് പാര്‍ക്കിങ് ലൈറ്റ് ഇട്ട് വണ്ടിക്ക് അകത്തിരുന്നു. അറിയാവുന്ന ദൈവങ്ങളെ ഒക്കെ വിളിച്ച് പ്രാര്‍ത്ഥിച്ചു.

പെട്ടെന്നു ദൈവം പ്രാര്‍ത്ഥന കേട്ട പോലെ എതിര്‍ വശത്ത് നിന്ന് ഒരു കാര്‍ വന്നു. അതും വണ്ടിക്ക് അകത്ത് ലൈറ്റ് ഇട്ടു കൊണ്ട്. ആ വെളിച്ചത്തില്‍ കാറിനുളളില്‍ ഒരു സ്ത്രീയും പുരുഷനുമാണെന്ന് മനസ്സിലായി. ഉടന്‍ വണ്ടിയില്‍ നിന്ന് പുറത്തിറങ്ങി ആ കാറിനു കൈ കാണിച്ചു. അവര്‍ വണ്ടി നിര്‍ത്തി കാര്യം അന്വേഷിച്ചു.

ഞാന്‍ പറഞ്ഞു ''എനിക്ക് എറണാകുളത്തേക്ക് പോകാനാണ്. വഴിതെറ്റി ഇവിടെ എത്തിയതാണ്. ''

അവരോട് എറണാകുളത്തേക്ക് പോകേണ്ട വഴി തിരക്കി. അവരുടെ വണ്ടിയുടെ പിറകെ വന്നോളൂയെന്ന് പറഞ്ഞ് അവര്‍ വണ്ടി തിരിച്ചു. ഞാന്‍ ആ കാറിനെ പിന്‍തുടര്‍ന്നു. എനിക്ക് വഴി പരിചിതമാകുന്ന വരെ അവര്‍ എന്റെ മുന്‍പില്‍ ഉണ്ടായിരുന്നു.

പിന്നെ എന്നോടു യാത്ര പോലും പറയാതെ പെട്ടെന്ന് വണ്ടി അപ്രത്യക്ഷമായി. വിജനമായ ആ വഴിയില്‍ ഒറ്റപ്പെട്ടപ്പോള്‍ എന്റെ പ്രാര്‍ത്ഥന കേട്ടിട്ട് ദൈവം അയച്ചതാവാം
അവരെ. അല്ലാതെ ആ സമയത്ത് അങ്ങനെ രണ്ടു പേര്‍ വരാനുളള സാദ്ധ്യത തീരെ കുറവാണ്.

അടുത്തിടെ ഒരുമാസികയില്‍ എന്റെ വിവാഹ ജീവിതത്തെപ്പറ്റി ഞാന്‍ പറയാത്ത ചിലത് അച്ചടിച്ചു വന്നു. അതിന്റെ പേരില്‍ ഫെയ്‌സ്ബുക്കിലും കമന്റ ്‌സ് വന്നു. അതെന്നെ വല്ലാതെ വേദനിപ്പിച്ചു.

വീട്ടുകാരും ബന്ധുക്കളും അറിഞ്ഞ് എന്റെ അപ്പച്ചിയുടെ മകനെയാണ് ഞാന്‍ വിവാഹം കഴിച്ചിരുന്നത്. ഒരുമിച്ച് മുന്നോട്ടു പോകാന്‍ പറ്റില്ലെന്ന് മനസ്സിലായപ്പോള്‍ ഞങ്ങള്‍ പിരിയാന്‍ തീരുമാനിച്ചു.

അങ്ങനെ നിയമപരമായി ബന്ധം പിരിയുകയും ചെയ്തു. പക്ഷെ ചിലര്‍ ഞങ്ങള്‍ മനസില്‍ പോലും വിചാരിക്കാത്ത തരത്തില്‍ കഥകള്‍ മെനയുകയാണ്. അത് മറ്റുളളവരെ എത്ര വേദനിപ്പിക്കുമെന്ന് അവര്‍ ചിന്തിക്കുന്നില്ല.

-അഞ്ജു രവി

Ads by Google
Ads by Google
Loading...
TRENDING NOW