Friday, August 18, 2017 Last Updated 48 Min 14 Sec ago English Edition
Todays E paper
Friday 10 Mar 2017 07.33 AM

പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് ജനിച്ച കുഞ്ഞിനെ ദത്തു നല്‍കാനുള്ള നടപടി നിര്‍ത്തിവച്ചു ; പുനരധിവാസ ഹോമിനെയും ആശുപത്രിയെയും തെറ്റിദ്ധരിപ്പിച്ചു

uploads/news/2017/03/88250/plus-two.jpg

കോഴിക്കോട്/കല്‍പ്പറ്റ : പനമരത്ത് സണ്‍ഡേ സ്‌കൂള്‍ അധ്യാപകന്റെ പീഡനത്തിനിരയായ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ നവജാത ശിശുവിനെ ദത്ത് നല്‍കാനുള്ള നടപടികള്‍ സെന്റ് വിന്‍സെന്റ് ഹോം അധികൃതര്‍ നിര്‍ത്തിവച്ചു. വിവാദവും സാമൂഹിക ക്ഷേമ വകുപ്പിന്റെ അന്വേഷണവും കണക്കിലെടുത്താണു തീരുമാനം. പ്രായപൂര്‍ത്തിയായെന്ന് സെന്റ് വിന്‍സന്റ് ഹോമിനെയും പ്രസവം നടന്ന കോഴിക്കോട് പി.വി.എസ്. ആശുപത്രിയെയും പെണ്‍കുട്ടിയും കുടുംബവും തെറ്റിദ്ധരിപ്പിച്ചെന്ന് പോലീസ് കണ്ടെത്തി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റ് മാനന്തവാടി രൂപത മുന്‍ കോ-ഓര്‍ഡിനേറ്ററും ചെറുകാട്ടൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയിലെ സണ്‍ഡേ സ്‌കൂള്‍ അധ്യാപകനുമായിരുന്ന സിജോ ജോര്‍ജ് (23) അറസ്റ്റിലായിരുന്നു. ഇയാളെ കല്‍പ്പറ്റ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മികച്ച വിജയം നേടിയ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ഒക്‌ടോബര്‍ മൂന്നിനാണ് പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം കോഴിക്കോട് സെന്റ് ബെനഡിക്ട് ഹോമിന്റെ പുനരധിവാസ കേന്ദ്രമായ സെന്റ് വിന്‍സെന്റ് ഹോമില്‍ എത്തിയത്. സിജോയും ഒപ്പമുണ്ടായിരുന്നു. 19 വയസായെന്നും പ്ലസ്ടു വിദ്യാര്‍ഥിനിയാണെന്നുമാണ് മാതാപിതാക്കള്‍ പറഞ്ഞത്. സ്‌കൂളില്‍ ചേര്‍ക്കാന്‍ െവെകിയതിനാലാണ് പ്രായക്കൂടുതല്‍ എന്നു മാതാപിതാക്കള്‍ മൊഴി നല്‍കിയതായി സെന്റ് വിന്‍സെന്റ് ഹോം ഡയറക്ടര്‍ പറഞ്ഞു. ജനനത്തീയതി 14-10-1997 എന്നാണ് പ്രവേശനഫോറത്തില്‍ ഒപ്പിട്ടുനല്‍കിയതെന്നു പോലീസ് വ്യക്തമാക്കി. പ്രായപൂര്‍ത്തിയായെന്ന് പെണ്‍കുട്ടിയും മാതാപിതാക്കളും മൂന്നു രേഖകളില്‍ ഒപ്പിട്ടുനല്‍കിയ നിലയ്ക്ക് സംശയിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല.

പെണ്‍കുട്ടി ഒരു യുവാവുമായി പ്രണയത്തിലാണെന്നും വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്നും അതിനിടയില്‍ കുഞ്ഞുണ്ടായാല്‍ നാട്ടില്‍ ജീവിക്കാന്‍ പറ്റാതെ വരുമെന്നും മാതാപിതാക്കള്‍ പറഞ്ഞു. ഡിസംബര്‍ 22-ന് കോഴിക്കോട് ബീച്ചാശുപത്രിയില്‍ പ്രസവത്തിനു പ്രവേശിപ്പിച്ചു. ഗര്‍ഭസ്ഥശിശുവിനു വളര്‍ച്ച കുറവായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ കുടുംബാംഗങ്ങളുടെ താല്‍പര്യപ്രകാരം പി.വി.എസ് ആശുപത്രിയിലാക്കി. 28-ന് പെണ്‍കുഞ്ഞ് ജനിച്ചു. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ സെന്റ് വിന്‍സെന്റ് ഹോമില്‍ തിരിച്ചുചെന്നു. കുഞ്ഞിനെ അവിടെ ഏല്‍പിക്കുകയാണെന്ന് പെണ്‍കുട്ടി പറഞ്ഞു. അവിടുത്തെ സോഷ്യല്‍ വര്‍ക്കര്‍ പെണ്‍കുട്ടിയുമായും അമ്മയുമായും വിവാഹം കഴിക്കാന്‍ പോകുന്ന യുവാവുമായും സംസാരിച്ചു. കുഞ്ഞിനെ വേണ്ടെന്ന ഉറച്ച നിലപാടിലായിരുന്നു പെണ്‍കുട്ടിയും കുടുംബവും.

ഇതേത്തുടര്‍ന്നാണ് കോഴിക്കോട് ശിശുക്ഷേമ സമിതിയെ വിവരമറിയിച്ചതെന്ന് സെന്റ് വിന്‍സെന്റ് ഹോം ഡയറക്ടര്‍ പറഞ്ഞു. ചെയര്‍പേഴ്‌സണ്‍ അഡ്വ. ശ്രീല മേനോന്‍ നേരിട്ടെത്തി പെണ്‍കുട്ടിയുമായി സംസാരിച്ചിട്ടും കുഞ്ഞിനെ വേണ്ടെന്ന് അവര്‍ ഒപ്പിട്ടുനല്‍കി. അതിനുശേഷമാണ് ദത്തെടുക്കല്‍ നടപടിക്രമങ്ങളുടെ ഭാഗമായി ഓണ്‍െലെന്‍ പോര്‍ട്ടലില്‍ കുട്ടിയുടെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്. കുഞ്ഞിനെ പെണ്‍കുട്ടിക്ക് തിരിച്ചുവേണോ എന്നറിയാനായി 60 ദിവസം സമയവും നല്‍കി.

തുടര്‍ന്ന് നിയമപരമായി ദത്തെടുക്കലിനു തടസമില്ലെന്ന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചു. അപേക്ഷ കോഴിക്കോട് ശിശുക്ഷേമ സമിതി അനുവദിച്ചതോടെ ദത്ത് നല്‍കുന്നതിനുള്ള നടപടികള്‍ തുടര്‍ന്നു. ഇതിനിടെ വിവാദവും പരാതിയും ഉണ്ടായ സാഹചര്യത്തിലാണ് ഇതു നിര്‍ത്തിവച്ചത്. ദത്ത് നടപടികള്‍ മരവിപ്പിക്കാന്‍ ശിശുക്ഷേമ സമിതിയുടെ നിര്‍ദേശവും ലഭിച്ചു.

Ads by Google
TRENDING NOW