മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇരുമുന്നണികളും പ്രചാരണ ചൂടിലേക്ക്. മുസ്ലിംലീഗ് സ്ഥാനാര്‍ഥിയാകുമെന്നു പ്രതീക്ഷിക്കുന്ന പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ്ഫലം വന്നശേഷം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചാല്‍ മതിയെന്ന നിലപാടിലാണെന്നാണു സൂചന.
യു.പി. തെരഞ്ഞെടുപ്പ് ഫലം നാളെ പ്രഖ്യാപിക്കും. അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോള്‍ യു.പി.എയ്ക്കു മുന്നേറാനായില്ലെങ്കില്‍ മത്സരിക്കുന്നതു തിരിച്ചടിയാകുമെന്നാണു കുഞ്ഞാലിക്കുട്ടിയുടെ വിലയിരുത്തല്‍. അടുത്ത തവണ യു.പി.എ. സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ സാധ്യതയില്ലെങ്കില്‍ ലോക്സഭയിേലക്കു മത്സരിക്കേണ്ടെന്നും സംസ്ഥാന രാഷ്ട്രീയത്തില്‍ തുടരാനുമാണു കുഞ്ഞാലിക്കുട്ടിയോട് അടുത്ത വൃത്തങ്ങള്‍ ആവശ്യപ്പെടുന്നത്.
16നു തീരുമാനിച്ചിരുന്ന മുസ്ലിംലീഗ് ദേശീയ എക്സിക്യൂട്ടീവ് യോഗം ഉടന്‍ നടത്താന്‍ ചിലര്‍ നിര്‍ദേശിച്ചെങ്കിലും തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞശേഷം യോഗം ചേര്‍ന്നാല്‍ മതിയെന്ന നിലപാട് കുഞ്ഞാലിക്കുട്ടി എടുത്തു. അതേ സമയം സ്ഥാനാര്‍ഥി പ്രഖ്യാപനമായില്ലെങ്കിലും തെരഞ്ഞെടുപ്പിനു സജ്ജമാണെന്നു ലീഗ്, സി.പി.എം നേതൃത്വങ്ങള്‍ വ്യക്തമാക്കി.
മുസ്ലിംലീഗ് കോട്ടയായ മലപ്പുറത്തു വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ തേടുന്ന തിരക്കിലാണു സി.പി.എം. ഫെബ്രുവരി 28നു ജില്ലാതെരഞ്ഞെടുപ്പ് സ്പെഷല്‍ കണ്വന്ഷന് ആരംഭിച്ച മുസ്ലിം ലീഗ് നിലവില്‍ മണ്ഡലം കണ്വന്ഷനുകളുടെ തിരക്കിലാണ്. മലപ്പുറം, കൊണ്ടോട്ടി, വേങ്ങര നിയമസഭാ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ ലീഗ് അടുത്ത ദിവസം മുതല്‍ ബൂത്തുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തനം ആരംഭിക്കും. ഇതിന്റെ ഭാഗമായി ഓരോ ബൂത്തിലേയും ചെയര്മാന്, കണ്‍വീനര്‍മാര്‍ എന്നിവരെ തെരഞ്ഞെടുക്കും. അതോടൊപ്പം മണ്ഡലത്തിലെ പ്രദേശിക വികസന പ്രശ്നങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ലീഗ് നേതൃത്വം മണ്ഡലങ്ങളിലെ എം.എല്‍.എമാര്‍, ജില്ലാപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരോട് നിര്‍ദ്ദേശിച്ചു. ഇതിനുപുറമെ മുന്നിണിയില്‍ അനൈക്യമുള്ള സ്ഥലങ്ങള്‍ മുതിര്‍ന്ന നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തി സമയബന്ധിതമായ പ്രശ്നംതീര്ക്കാനും തങ്ങളോടൊപ്പം നില്ക്കാന് സാധ്യതയുള്ള മതസംഘടനകളുമയുളള പ്രാദേശിക പ്രശ്നങ്ങള്‍ ഉടന്‍ ഒത്തുതീര്‍പ്പാക്കാനും നേതൃത്വം മേഖലകളുടെ ചുമതലയുള്ള ലീഗ് ഭാരാവഹികളോട് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിനു സജ്ജമാണെന്നു മുസ്ലിംലീഗ് ദേശീയ ജനറല്‍സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും സി.പി.എം മലപ്പുറം ജില്ലാസെക്രട്ടറി പി.പി വാസുദേവനും വ്യക്തമാക്കി. മുന്അങ്ങാടിപ്പുറം ഗ്രമാപഞ്ചായത്ത് പ്രസിഡന്റും നിലവില്‍ മലപ്പുറം ജില്ലാപഞ്ചായത്തംഗവുമായ മണ്ഡലത്തില്‍നിന്നുള്ള ടി.കെ റഷീദലിയെ പാര്‍ട്ടിസ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്നു സി.പി.എം ഭാരവാഹികള്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസിനെ മത്സരിപ്പിക്കാനുള്ള നീക്കങ്ങളും പാര്‍ട്ടിയില്‍ നടക്കുന്നുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടു സി.പി.എം. ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയുമായി അടുത്ത ദിവസം ചര്‍ച്ച നടത്തും. മണ്ഡലം ഭാരവാഹികളുടെയും ജില്ലാ കമ്മിറ്റിയുടെയും സാധ്യതാപ്പട്ടികയിലുള്ളവരെ സംസ്ഥാന കമ്മിറ്റിക്കു മുന്നില്‍വയ്ക്കും. അതോടൊപ്പം വിജയസാധ്യതയുള്ള മറ്റൊരു സ്ഥാനാര്‍ഥിയെ ചൂണ്ടിക്കാണിച്ചാല്‍ ജില്ലാ കമ്മിറ്റി പിന്തുണക്കുകയും ചെയ്ുമെയന്നു സി.പി.എം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കി. കഴിഞ്ഞ തവണ ഇ. അഹമ്മദ് 194739വോട്ടുകളുടെ ഭൂരിപക്ഷത്തിനു വിജയിച്ച മലപ്പുറത്ത് ഇത്തവണ ഭൂരിപക്ഷം വര്‍ധിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണു ലീഗ്.
ഇ. അഹമ്മദിന്റെ മകള്‍ ഡോ. ഫൗസിയ ഷെര്‍സാദിനെ മലപ്പുറത്തെ സ്ഥാനാര്‍ഥിയാക്കാന്‍ ചില ലീഗ് നേതാക്കള്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും കുഞ്ഞാലിക്കുട്ടി മത്സരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇതിനു അനുകൂലമായ തീരുമാനം ഉണ്ടാകില്ലെന്ന സൂചനയും നേതൃത്വം നല്കി. എന്നാല്‍ ദുബായില്‍നിന്ന് ഇന്നു നാട്ടിലെത്തുന്ന അഹമ്മദിന്റെ മകള്‍ ഡോ. ഫൗസിയ ഷെര്‍സാദ് അടുത്ത ദിവസംതന്നെ പാണക്കാട് സന്ദര്‍ശിച്ചേക്കും. ഇ.അഹമ്മദിന്റെ മരണാനന്തരച്ചടങ്ങുകള്ക്കായാണു ഫൗസിയ നാട്ടിലെത്തുന്നതെന്നും മത്സരിക്കാന്‍ ചിലനേതാക്കള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ടു പിന്നീട് ചര്‍ച്ചയുണ്ടായിട്ടില്ലെന്നും ഇ.അഹമ്മദിന്റെ കുടുംബത്തോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
എന്തെങ്കിലും കാരണത്താല്‍ കുഞ്ഞാലിക്കുട്ടി പിന്മാറുകയാണെങ്കില് മാത്രമെ ഫൗസിയയെ കുറിച്ചുള്ള ആലോചനയുണ്ടാകുകയുള്ളു. കോണ്‍ഗ്രസ് ദേശീയനേതൃത്വത്തിലെ ചിലര്‍ ഫൗസിയയെ പരിഗണിക്കണമെന്നു ലീഗ് നേതൃത്വത്തിത്തോട് ആവശ്യപ്പെട്ടതും സോണിയ ഗാന്ധിയുമായും രാഹുല്‍ഗാന്ധിയുമായി ഇ.അഹമ്മദ് മുഖേന ഫൗസിയയ്ക്കുള്ള വ്യക്തി ബന്ധങ്ങളും കണക്കിലെടുക്കുന്നുണ്ട്. ഒരു സ്ത്രീയെ ലീഗിനു ലോക്സഭയിലേക്ക് അയയ്ക്കാനായാല്‍ അതു ചരിത്രമാകുമെന്നും ലീഗിന്റെ മുഖം മാറുമെന്നും എ.കെ. ആന്റണി അടക്കമുള്ള ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ലീഗ് നേതൃത്വത്തോട് പറഞ്ഞതായി സൂചനയുണ്ട്.