Saturday, May 19, 2018 Last Updated 12 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 10 Mar 2017 02.04 AM

സദാചാരം തീരുമാനിക്കേണ്ടത്‌ തെരുവിലല്ല

uploads/news/2017/03/88050/1.jpg

വനിതാദിനത്തില്‍ എറണാകുളം മറൈന്‍ഡ്രൈവില്‍ നടന്ന സദാചാര ഗുണ്ടായിസം കേരള സമൂഹത്തിനു മുഴുവന്‍ അപമാനമാണ്‌. സാക്ഷരകേരളം-സാംസ്‌കാരിക കേരളം എന്നൊക്കെ അവകാശപ്പെടുന്ന ഓരോ മലയാളിയുടേയും മുഖത്ത്‌ ഏറ്റ അടിയാണ്‌ ഇന്നലെ ഉണ്ടായ സംഭവം. എന്നാല്‍ അതിനെല്ലാം അപ്പുറമാണു പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ കുറ്റകരമായ നിഷ്‌ക്രിയത്വം. പുരോഗമന സ്വഭാവമുളള ഒരു ആധുനിക സമൂഹത്തിന്‌ തീര്‍ത്തും അംഗീകരിക്കാന്‍ കഴിയാത്ത ഒരു മനോവൈകൃതത്തിന്റെ പ്രകടനമാണു സദാചാരഗുണ്ടായിസത്തിലൂടെ പുറത്തുവരുന്നത്‌.
നാം ജീവിക്കുന്ന സമൂഹത്തിന്റെ രാഷ്‌ട്രീയം കൃത്യമായി നിര്‍വചിക്കപ്പെടേണ്ടതുണ്ട്‌. കക്ഷി രാഷ്‌ട്രീയ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും ഒരു പുരോഗമന ജനാധിപത്യസാമൂഹിക വ്യവസ്‌ഥയുടെ നിര്‍മിതിയാണ്‌ ഓരോ രാഷ്‌ട്രീയപാര്‍ട്ടികളും മുന്നോട്ടുവയ്‌ക്കുന്ന ആശയം. എന്നാല്‍ ഈ കാഴ്‌ചപ്പാടില്‍ ഏറ്റക്കുറിച്ചിലുകള്‍ ഉണ്ടാകാം. ഫാസിസ്‌റ്റ്‌ പ്രത്യയശാസ്‌ത്ര അടിത്തറയുള്ള കക്ഷികള്‍ അവരുടെ പ്രത്യയശാസ്‌ത്ര ചട്ടക്കൂടിലൂടെ സമൂഹത്തെ വിവക്ഷിക്കാനാണു പരിശ്രമിക്കുക. ഇത്തരത്തില്‍ മതാധിഷ്‌ഠിത പ്രത്യയശാസ്‌ത്രത്തില്‍ ഊന്നുന്ന ഫാസിസ്‌റ്റ്‌ കക്ഷികള്‍ അവരുടെ മതമൂല്യങ്ങളും ബോധങ്ങളും സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ പരിശ്രമിക്കുന്നു. അവര്‍ വിശ്വസിക്കുന്ന സദാചാരം സമൂഹം അംഗീകരിക്കണം എന്നവര്‍ വാശിപിടിക്കുന്നു. ഇതിന്റെ പ്രതിഫലമാണു സദാചാര ഗുണ്ടായിസത്തിലൂടെ പുറത്തുവരുന്നത്‌. ഇത്തരം ശക്‌തികളെ മുളയിലെ നുള്ളേണ്ടതുണ്ട്‌. അവിടെയാണ്‌ ഒരു ഭരണകൂടത്തിന്റെ പ്രസക്‌തി.
കഴിഞ്ഞ കുറെ നാളുകളായി ഇതുപോലുള്ള ജനാധിപത്യവിരുദ്ധ പ്രവണത വര്‍ധിച്ചുവരുന്നത്‌ ആശങ്കയ്‌ക്കിടനല്‍കുന്നതാണ്‌. യൂണിവേഴ്‌സിറ്റി കോളജിലും കനകക്കുന്ന്‌ മൈതാനത്തും അഴീക്കല്‍ ബീച്ചിലും സമാനസംഭവങ്ങള്‍ ഉണ്ടായപ്പോള്‍ വേണ്ടപ്രതികരണം ഉണ്ടാകാതെപോയത്‌, ഭരണകൂടം നടപടി കൈക്കൊള്ളാതെ പോയതും ഇപ്പോഴത്തെ സംഭവത്തിനു പ്രചോദനമായിട്ടുണ്ടാകാം. ഇതിനുപുറമെ നാട്ടിന്‍പുറങ്ങളിലും സദാചാര പോലീസിന്റെ പണി ഏറ്റെടുത്തിട്ടുള്ള ചിലരുണ്ട്‌. ഇതു സമൂഹത്തിന്റെ മനോവൈകൃതമാണുകാണിക്കുന്നത്‌. പുരോഗനമ വിദ്യാര്‍ഥി പ്രസ്‌ഥാനം എന്നവകാശപ്പെടുന്ന എസ്‌.എഫ്‌.ഐ. യൂണിവേഴ്‌സിറ്റി കോളജില്‍ നടത്തിയ സദാചാര ഗുണ്ടായിസം കടുത്ത വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു. എന്നാല്‍ ക്യാമ്പസിലെ വിദ്യാര്‍ഥികളെപ്പോലും ഈ നിലയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം എന്താണെന്നു നാം മനസിലാക്കാതെ പോകരുത്‌. സ്‌ത്രീ പുരുഷ ബന്ധങ്ങളെക്കുറിച്ചുള്ള വികലമായ കാഴ്‌ചപ്പാടില്‍നിന്നാണ്‌ ഈ മനോനില കൈവരിക്കുന്നത്‌. ഈ വികല കാഴ്‌ചപ്പാടുകള്‍ ഉണ്ടാക്കുന്ന ലൈംഗീകാസക്‌തിയും അതൃപ്‌തിയും നമ്മുടെ സമൂഹത്തെ ഒരു അര്‍ബുദം പോലെ ബാധിച്ചിട്ടുണ്ട്‌ എന്നതു നിഷേധിക്കാനാവില്ല. പ്രായഭേദമെന്യേ സ്‌ത്രീകള്‍ക്ക്‌ എതിരായി നടക്കുന്ന അക്രമങ്ങള്‍ക്കുള്ള കാരണവും മറ്റൊന്നല്ല.
ഏതൊരു സ്‌ത്രീക്കും പുരുഷനും ഒന്നിച്ചിരിക്കാനോ സംസാരിക്കാനോ സഭ്യമായ നിലയില്‍ സൗഹൃദത്തില്‍ ഏര്‍പ്പെടാനോ ഉള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നു. ഇതു ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല എന്നിരിക്കേ ശിവസേന പ്രവര്‍ത്തകരുടെ നടപടിക്കുപോലീസ്‌ കൂട്ടുനിന്നത്‌ അംഗീകരിക്കാനാവില്ല. ശക്‌തമായ നടപടി ഉണ്ടായില്ലെങ്കില്‍ ഇത്‌ ആവര്‍ത്തിക്കപ്പെടും. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നിഷ്‌ക്രിയത്വത്തിനു മാത്രമല്ല പ്രേരണ കുറ്റത്തിനും കേസെടുക്കേണ്ടതാണ്‌. എന്നാല്‍ ഈ വിഷയം ഇന്നലെ നിയമസഭയില്‍ ചര്‍ച്ച ചെയ്‌തപ്പോള്‍ പരസ്‌പരം കുറ്റപ്പെടുത്തലിലേക്കും, ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതിലേക്കും നിയമസഭയിലെ ചര്‍ച്ച ചുരുങ്ങിയത്‌ ദുഃഖകരമാണ്‌. ഈ വിഷയത്തില്‍പോലും പക്വതയോടെയുള്ള ഒരു സമീപനം രാഷ്‌ട്രീയ നേതൃത്വങ്ങളില്‍നിന്നുണ്ടാകാത്തതു നിരാശാജനകമാണ്‌. സമൂഹത്തിന്റെ സദാചാരം തീരുമാനിക്കപ്പെടേണ്ടത്‌ തെരുവുകളിലല്ല, സമൂഹ മനസാക്ഷിയിലാണ്‌.

Ads by Google
Friday 10 Mar 2017 02.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW