വര്‍ണ്ണപുഷ്പങ്ങള്‍, ജ്വലിക്കുന്ന ദീപനാളങ്ങള്‍, തിളങ്ങുന്ന വിളക്കുകള്‍, വിഗ്രഹത്തിലെ മിന്നുന്ന ഉടയാടകള്‍ ഇവയെല്ലാം കണ്ണിനെ മിതമായും പക്വമായും ഉത്തേജിപ്പിക്കുന്നു. പുഷ്പം, ചന്ദനം, അഷ്ടഗന്ധം, കര്‍പ്പൂരം മുതലായവയുടെ ഗന്ധങ്ങള്‍ നാസികയെ ഉത്തേജിപ്പിക്കുന്നു.
മനുഷ്യന്റെ മഹത്തായ ഒരു സങ്കല്പമാണ് ഈശ്വരന്. ഭക്തന് ഈശ്വരനാണെല്ലാം. എല്ലാറ്റിലും ഈശ്വര സാന്നിധ്യം കാണുക. 'ഈശ്വരന്' എന്ന പദത്തിന്റെ അര്‍ത്ഥമെന്തെന്ന് നോക്കാം.
ഈ- എന്നാല്‍ ഇച്ഛ, ചിന്തകള്‍ എന്നും,
ശ്വ- എന്നാല്‍ ശ്വാസം, പ്രാണവായുവെന്നും,
ര- എന്നത് അഗ്നിയുടെ ബീജാക്ഷരം, അഥവാ ചൂട് എന്നുമാണ്.
ഈ മൂന്നിനേയും നിലനിര്‍ത്തുന്നത് ഈശ്വരനാണ്. ചൂട് നിലനിര്‍ത്തുന്നത് ഉള്ളില്‍ നിറഞ്ഞുനില്ക്കുന്ന ചൈതന്യമാണ്. ഇതിനെയാണ് ഋഷീശ്വരന്മാര് 'ഈശ്വരനെ'ന്ന് പറഞ്ഞത്.
ഭൗതികവും ആത്മീയവുമായ ഒരു നവചൈതന്യത്തിന്റെ ഒരു സ്രോതസ്സാണ് ക്ഷേത്രങ്ങള്‍. ശ്രീകൃഷ്ണന് പറഞ്ഞതിതാണ്.
''ഇദം ശരീരം കൗന്തേയ
ക്ഷേത്ര മിത്യഭി ധീയതേ.''
ഈ ശരീരം തന്നെയാണ് ക്ഷേത്രം. മനസ്സിന്റെ പരമാത്മാവാണ് ഈശ്വരന്. പ്രതിസന്ധികളില്‍നിന്ന് രക്ഷനേടാനുള്ള വഴി കണ്ടെത്തലാണ് ദൈവാനുഗ്രഹംകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ അനുഗ്രഹം നേടാനാണ് ഭക്തര്‍, പ്രശ്നങ്ങള്‍ വരുമ്പോള്‍ ഈശ്വരനെ ഓര്‍മ്മിക്കുന്നതും, ഓരോരോ വഴിപാടുകള്‍ നേരുന്നതും.
എല്ലാ ചിന്തകളേയും മനസ്സില്‍നിന്ന് മാറ്റി ഭഗവാനില്‍ ഉറപ്പിച്ചാല്‍ അത് ശിവനായിത്തീരുന്നു. ജീവന് കുറഞ്ഞ ശക്തിയും ശിവന് കൂടിയ ശക്തിയുമാണ്. ഉള്ള ശക്തിയെ കൂടുതല്‍ക്കൂടുതല്‍ വര്‍ദ്ധിപ്പിക്കാനാണ് 'അനന്യഭക്തി'.
ഏതു കര്‍മ്മം ചെയ്യുമ്പോഴും ഈ കര്‍മ്മം ഭഗവാനാണ് ഏല്‍പ്പിച്ചത് എന്ന 'നിമിത്ത' ഭാവത്തില്‍ നിമഗ്നമായി ചെയ്യുക. ആത്മാര്‍ത്ഥമായി കര്‍മ്മം ചെയ്യാന്‍ കഴിയാതെവന്നാല്‍ അതില്‍വരുന്ന അനുഭവങ്ങള്‍ അനുകൂലമായാലും പ്രതികൂലമായാലും അതിനെയും ഭഗവല്‍ പ്രസാദമായി കാണുക.
ചെയ്യുന്നതും, അനുഭവിക്കുന്നതും ഈശ്വരനിശ്ചയമായി കരുതുക. ഇനി ക്ഷേത്രദര്‍ശനംകൊണ്ട് ഭക്തര്‍ക്ക് കൈവരുന്ന പുണ്യനേട്ടങ്ങള് എന്തൊക്കെയെന്ന് പരിശോധിക്കാം.
ക്ഷേത്രം ശരീരത്തെപ്പോലെ ശുദ്ധവും പവിത്രവും ഭംഗിയായും സൂക്ഷിക്കണം. പരിശുദ്ധമായ ലോഹങ്ങളായ സ്വര്‍ണ്ണം, വെള്ളി, ചെമ്പ് എന്നിവയ്ക്ക് ഏറ്റവുമധികം ചാലകത്വം ഉള്ളതുപോലെ പരിശുദ്ധ ശരീരവും ഏറ്റവും അധികം ഊര്ജ്ജസ്വീകരണത്തിന് അനുയോജ്യമാണ്. അതിനാല്‍ സമഗ്രമായ നന്മനിറഞ്ഞ ശരീരഘടനയാണ് ഭക്തന് ഉണ്ടായിരിക്കേണ്ട അടിസ്ഥാന യോഗ്യത.
ഇനി ശരീരത്തിലേക്ക് എങ്ങനെയെല്ലാമാണ് ഈശ്വരശക്തി (ഊര്‍ജപ്രസരണം) നടക്കുന്നതെന്ന് നോക്കാം. ക്ഷേത്ര ശ്രീകോവിലിനു മുമ്പില്‍ ഏതാനും നിമിഷം നില്ക്കുമ്പോള് നമ്മുടെ കണ്ണ്, മൂക്ക്, ചെവി, ത്വക്ക് എന്നീ ജ്ഞാനേന്ദ്രിയങ്ങള്‍ ബാഹ്യചൈതന്യത്തിന് വിധേയമാകുകയാണ് ചെയ്യുന്നത്.
വര്‍ണ്ണപുഷ്പങ്ങള്‍, ജ്വലിക്കുന്ന ദീപനാളങ്ങള്‍, തിളങ്ങുന്ന വിളക്കുകള്‍, വിഗ്രഹത്തിലെ മിന്നുന്ന ഉടയാടകള്‍ ഇവയെല്ലാം കണ്ണിനെ മിതമായും പക്വമായും ഉത്തേജിപ്പിക്കുന്നു. പുഷ്പം, ചന്ദനം, അഷ്ടഗന്ധം, കര്‍പ്പൂരം മുതലായവയുടെ ഗന്ധങ്ങള്‍ നാസികയെ ഉത്തേജിപ്പിക്കുന്നു.
മണിനാദം, മന്ത്രധ്വനി, ഇടയ്ക്ക, താളം, ശംഖ് തുടങ്ങിയവ ചെവിയെ ഉണര്‍ത്തുന്നു. ഭസ്മം, കളഭം, ചന്ദനം, കുങ്കുമം, ചെവിയില്‍ ചൂടുന്ന തുളസി ഇവ ത്വക്കിനെ ഉത്തേജിപ്പിക്കുന്നു. തീര്‍ത്ഥം, തൃമധുരം, നിവേദ്യം ഇവ നാക്കിനെ ചൈതന്യവത്താക്കുന്നു.
പഞ്ചേന്ദ്രിയങ്ങളില്‍ ഇതുണ്ടാക്കുന്ന ഊര്‍ജ്ജതരംഗങ്ങള്‍ വഴി ദീപാരാധന കഴിഞ്ഞ് നട തുറക്കുമ്പോള്‍ നില്ക്കുന്ന ഭക്തര്‍ക്ക് ഒരു പ്രഭാതേജസ്സ് (പോസിറ്റീവ് എനര്‍ജി) ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നതായി അനുഭവപ്പെടും.
അതുവഴി പഞ്ചേന്ദ്രിയങ്ങളെ ഊര്‍ജ്ജസ്വലമാക്കുന്നതോടൊപ്പം നമുക്ക് ഏകാഗ്രതയും ലഭിക്കുന്നു. നിര്‍മ്മാല്യപൂജാസമയത്ത് വിഗ്രഹത്തിന് ഊര്‍ജ്ജപ്രസരണം കൂടുതലുള്ളതിനാലാണ് 'നിര്‍മ്മാല്യം തൊഴു'ന്നതിന് വലിയ പ്രാധാന്യം കൈവന്നത്.
നമ്മുടെ ആത്മശുദ്ധിക്കാണ് പൂജ ചെയ്യുന്നത്. ധ്യാനവും തപസ്സും ഹോമവുമെല്ലാം പരമാത്മ ചൈതന്യത്തിലേക്കുള്ള സമര്‍പ്പണമാണ്. ഹോമം അഗ്നിയിലേക്കും. സാധകന്റെ അഹങ്കാരവും ഇന്ദ്രിയവാസനകളും ദ്രവ്യങ്ങളും ഹോമകുണ്ഡത്തിലെ ജ്വാലയില്‍ അര്‍പ്പിക്കപ്പെടുന്നു. അവനവന് നേടിയെടുക്കാന്‍ കഴിയുന്നതാണ് സ്വര്‍ഗ്ഗം. സ്വ-അര്‍ത്ഥം 'സ്വയം', 'ര്‍ഗ്ഗ' എന്നാല്‍ ഗതി എന്നുമാണ്.
'ആത്മീയം' ഒന്നില്‍നിന്നും ഒളിച്ചോടാനല്ല. എണ്ണ എണ്ണയ്ക്കുവേണ്ടിയല്ല നിലനില്‍ക്കുന്നത്. അത് പ്രകാശിതമാക്കാനാണ്. വിവേകത്തെ വര്‍ദ്ധിപ്പിക്കലും ആത്മശുദ്ധിയുമാണ് ആചാരങ്ങളുടെ ലക്ഷ്യം.
അതിനാണ് ക്ഷേത്രങ്ങളിലും മറ്റും നാം പോകുന്നത്. ആത്മശുദ്ധിയെന്നാല് വികാരങ്ങളില്‍നിന്ന് മാറിനില്‍ക്കാനുള്ള കഴിവാണ്. മനസ്സ് ലയിക്കേണ്ടത് ഭഗവാനിലാണ്. മനസ്സും ഭഗവാനും ഒന്നായിത്തീരുമ്പോള്‍ 'പരമശാന്തി'യിലെത്തുന്നു.
മനസ്സും പരമാത്മാവും തമ്മില്‍ വിടവ് ഉണ്ടാകില്ല. ഉപ്പും, വെള്ളവും വേര്‍തിരിക്കാന്‍ കഴിയാത്ത അവസ്ഥപോലെയാണ്. ഭഗവാനാണ് എല്ലാറ്റിനേയും കൂട്ടിച്ചേര്‍ത്ത് നിലനിര്‍ത്തുന്നത്.
ഭക്തിയോടൊപ്പം വേണ്ടത് ജ്ഞാനമാണ്. ഇതിന്റെ കുറവ് ഹിന്ദുക്കളെ അനാചാരങ്ങളിലേക്ക് ഒരു പരിധിവരെ നയിച്ചിട്ടുണ്ട്. (വിചാരങ്ങള്‍ ഇല്ലാത്ത ആചാരങ്ങളാണ് അനാചാരങ്ങള്‍).