Saturday, November 25, 2017 Last Updated 0 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 09 Mar 2017 03.08 PM

ഇടുപ്പിലെ വേദന നിസാരമാക്കരുത്

uploads/news/2017/03/87993/askgenmedc090317.jpg

അസ്ഥിസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ടും ആന്തരികാവയവങ്ങളുടെ പ്രശ്‌നം കൊണ്ടും ഇടുപ്പെല്ലിന്റെ ഭാഗത്ത് വേദനയുണ്ടാവാം. ഇടയ്ക്കിടെ മാത്രമുള്ള ശക്തമായവേദന ആന്തരികാവയവങ്ങളുമായി ബന്ധപ്പെട്ടതാകാനാണ് സാധ്യത.

ഇടുപ്പിലെ വേദന നിസാരമാക്കരുത്


ഞാനൊരു വീട്ടമ്മയാണ്. എനിക്ക് 47 വയസ്. എന്റെ ഇടുപ്പില്‍ ഇടയ്ക്കിടെ ശക്തമായ വേദന അനുഭവപ്പെടുന്നു. ചില ദിവസങ്ങളില്‍ മാത്രമേ ഇങ്ങനെ വേദന അനുഭവപ്പെടുന്നുള്ളൂ. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍ ഇതുവരെ ഡോക്ടറെ കണ്ടില്ല. ആര്‍ത്തവ തകരാറുമില്ല. എന്തുകൊണ്ടാണ് ഇടുപ്പിന് വേദനയുണ്ടാകുന്നത്. പരിശോധന വേണ്ടിവരുന്ന ആരോഗ്യപ്രശ്‌നമാണോ എന്റേത്?
-----സെലീന ബാബു, കുന്ദമംഗലം

അസ്ഥിസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ടും ആന്തരികാവയവങ്ങളുടെ പ്രശ്‌നം കൊണ്ടും ഇടുപ്പെല്ലിന്റെ ഭാഗത്ത് വേദനയുണ്ടാവാം. ഇടയ്ക്കിടെ മാത്രമുള്ള ശക്തമായ വേദന ആന്തരികാവയവങ്ങളുമായി ബന്ധപ്പെട്ടതാകാനാണ് സാധ്യത.

മൂത്രത്തില്‍ കല്ലിന്റെ അസുഖമുള്ളവരില്‍ സാധാരണയായി ഇത്തരത്തിലുള്ള വേദനയും മൂത്രസംബന്ധമായ പ്രശ്‌നങ്ങളും കാണാറുണ്ട്. എന്തുതന്നെയായാലും ഡോക്ടറെ കണ്ട് രോഗകാരണം കണ്ടെത്തി ചികിത്സിക്കുകയാവും ഉചിതം.

രക്തസമ്മര്‍ദവും മരുന്നിന്റെ ഉപയോഗവുമായി ഈ വേദനയ്ക്കു ബന്ധമുണ്ടാവാന്‍ സാധ്യതയില്ല. ശരീരത്തില്‍ ഒരു പ്രത്യേക ഭാഗത്ത് ആവര്‍ത്തിച്ച് വേദനയുണ്ടാകുന്നുണ്ടെങ്കില്‍ ഡോക്ടറെ കണ്ട് പരിശോധന നടത്താന്‍ ൈവകരുത്.

വിട്ടുമാറാത്ത തലവേദന


45 വയസ്. ഗവണ്‍മെന്റ് ഉദ്യോഗസ്ഥയാണ്. അടിക്കടി അനുഭവപ്പെടുന്ന തലവേദനയാണ് എന്നെ അലട്ടുന്ന പ്രശ്‌നം. തലയുടെ ഒരു ഭാഗത്താണ് വേദന ഉണ്ടാകുന്നത്. കുത്തികുത്തിയുള്ള വേദനയാണ്. മരുന്ന് കഴിച്ചാലോ വേദനസംഹാരികള്‍ പുരട്ടിയാലോ ശമനം ലഭിക്കുന്നില്ല. എന്നാല്‍ ഛര്‍ദിച്ചു കഴിയുമ്പോള്‍ ആശ്വാസം കിട്ടും. രാവിലെയോ വൈകുന്നേരമോ ആണ് ഇത് ഉണ്ടാകുന്നത്. എന്തെങ്കിലും ഗുരുതരരോഗത്തിന്റെ ലക്ഷണമാണോയിത്?
------മഞ്ജുള, കോഴിക്കോട്

ജീവിതത്തില്‍ ഒരിക്കലെങ്കിലും തലവേദന അനുഭവിക്കാത്തതായി ആരും തന്നെയില്ലെന്ന് പറയാം. അത്രയ്ക്ക് സാധാരണമാണ് തലവേദന. ടെന്‍ഷന്‍, ഉറക്കക്കുറവ്, വിശ്രമമില്ലായ്മ തുടങ്ങിയ നിസാരപ്രശ്‌നങ്ങള്‍ മുതല്‍ തലച്ചോറിലെ രക്തസ്രാവം, ബ്രെയിന്‍ ട്യൂമര്‍ തുടങ്ങിയ സങ്കീര്‍ണപ്രശ്‌നങ്ങള്‍ വരെ തലവേദനയ്ക്ക് കാരണമാവാം.

അതുകൊണ്ട് തലവേദന ഒരു രോഗലക്ഷണമാണെന്ന് പറയുന്നതാവും ശരി. കത്തില്‍ തലവേദനയെക്കുറിച്ചുള്ള മുഴുവന്‍ കാര്യങ്ങളും വ്യക്തമല്ലെങ്കിലും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് മൈഗ്രേന്‍ വിഭാഗത്തില്‍ പെടുന്ന തലവേദനയാകാനാണ് സാധ്യത.

കൂടെക്കൂടെയുണ്ടാകുന്ന ശക്തമായ തലവേദനയാണ് മൈഗ്രേന്‍ ബാധിതരില്‍ കാണുന്നത്. ചിലര്‍ക്ക് തലവേദയോട് അനുബന്ധിച്ച് കണ്ണിനു മുമ്പില്‍ മിന്നാമിനുങ്ങുകള്‍ പോലെ പ്രകാശ രേഖകള്‍ കാണാം.

ശബ്ദം വെളിച്ചം എന്നിവയെല്ലാം തലവേദനയുടെ തീവ്രത വര്‍ധിപ്പിക്കാം. ചിലരില്‍ ഓക്കാനവും ഛര്‍ദിയും കാണാം. എന്തായാലും ഡോക്ടറെ കണ്ട് പരിശോധന നടത്താന്‍ വൈകിക്കണ്ട. തലവേദന പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാകാം എന്ന കാര്യം മറക്കണ്ട.

ചൊറിയുമ്പോള്‍ രക്തം പൊടിയുന്നു


എനിക്ക് 25 വയസ്. പ്രസവം കഴിഞ്ഞിട്ട് ഒരു മാസമായി. ഇപ്പോള്‍ ശരീരത്തിന്റെ ഏതു ഭാഗത്തു ചൊറിഞ്ഞാലും ചെറിയ തോതില്‍ രക്തം പൊടിക്കുന്നു. പതുക്കെ ചൊറിഞ്ഞാല്‍പോലും രക്തം പൊടിയുന്നു. പ്രസവത്തിനുമുമ്പുവരെ ഇങ്ങനെ ഒരു പ്രശ്‌നം ഉണ്ടായിരുന്നില്ല. എന്തെങ്കിലും ഗുരുതരമായ രോഗത്തിന്റെ ലക്ഷണമാണെന്ന പേടിയാണ്. ഇത് സാധാരണ കാണപ്പെടുന്ന പ്രശ്‌നമാണോ?
------ശില്പ, രാമമംഗലം

ചൊറിയുമ്പോഴും ശരീരത്തില്‍ വളരെ ലഘുവായി ക്ഷതമേല്‍ക്കുമ്പോഴും രക്തം പൊടിയുന്നവരില്‍ അമിത രക്തസ്രാവത്തിന് കാരണമാവുന്ന ഘടകങ്ങള്‍ എന്തെങ്കിലുമുണ്ടോ എന്ന് മനസിലാക്കുകയാണ് ആദ്യം വേണ്ടത്.

ചെറിയ മുറിവുകളില്‍ നിന്ന് അമിത രക്തസ്രാവം തടയുന്നതിന് രക്തത്തിലെ പ്ലേറ്റ്‌ലെറ്റ്‌സുകളുടെ പ്രവര്‍ത്തനം പ്രാധാന്യം അര്‍ഹിക്കുന്നു.

പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണക്കുറവും പ്ലേറ്റ്‌ലെറ്റുകളുടെ പ്രവര്‍ത്തന വൈകല്യവും അമിത രക്തസ്രാവത്തിന് കാരണമാകാം. ഗര്‍ഭിണികളില്‍ പല കാരണങ്ങള്‍കൊണ്ട് രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ്‌സ് കുറയാം.

എന്നാല്‍ രക്തം കട്ടപിടിക്കുന്നതിനുള്ള പ്രശ്‌നങ്ങള്‍ സാധാരണയായി വലിയ രക്തസ്രാവമാണ് ഉണ്ടാക്കുന്നത്. രക്തക്കുഴലുകള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍, ചര്‍മ്മസംരക്ഷണസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ രക്തം പൊടിയുന്നതിന് കാരണമാകാം.

രക്താര്‍ബുദം പോലുള്ള മാരകരോഗങ്ങളും അപൂര്‍വമായി രക്തസ്രാവത്തിന് കാരണമാകാറുണ്ട്. അതുകൊണ്ടു തന്നെ ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം ആവശ്യമായ രക്തപരിശോധന നടത്തി രോഗകാരണം കണ്ടെത്തുകയാവും ഉചിതം.

പൊടിയടിച്ചാല്‍ തുമ്മല്‍


എനിയ്ക്ക് 40 വയസുണ്ട്. തുമ്മലാണ് എന്നെ അലട്ടുന്ന പ്രശ്‌നം. രാവിലെയാണ് കൂടുതല്‍. പൊടി അടിച്ചാല്‍ തുമ്മല്‍ കൂടും. ഇത് അലര്‍ജിയുടെ ലക്ഷണമാണോ? എന്റെ അസുഖം ചികിത്സിച്ചു മാറ്റാന്‍ സാധിക്കുമോ?
-----ജേക്കബ് ജോണ്‍, ചേറൂര്‍

വിട്ടുമാറാത്ത തുമ്മലും ജലദോഷവും പ്രത്യേകിച്ച് പൊടിക്കാലം തുടങ്ങുമ്പോഴും കാലാവസ്ഥയില്‍ മാറ്റം വരുമ്പോഴും സാധാരണയായി കാണുന്ന ഒരു പ്രശ്‌നമാണ്.

അലര്‍ജി ഉള്ളവരിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. ഇത്തരത്തില്‍ വിട്ടുമാറാത്ത തുമ്മലും ജലദോഷവും ഉള്ളവരെയാണ് നാം അലര്‍ജിക്ക് റൈനൈറ്റിസ് ബാധിതരെന്ന് പറയുന്നത്.

എന്നാല്‍ ചിലര്‍ക്ക് ഇതിനോടൊപ്പം തന്നെ ശ്വാസതടസവും കാണാറുണ്ട്. ഈ അവസ്ഥയെ നാസോ ബ്രോങ്കിയല്‍ അലര്‍ജി എന്നു വിളിക്കുന്നു. ഇത്തരത്തിലുള്ളവര്‍ക്ക് ആസ്ത്മ പോലുള്ള പ്രശ്‌നങ്ങള്‍ കൂടുതലായി കാണാറുണ്ട്.

മൂക്കില്‍ ചൊറിച്ചില്‍, മൂക്കടപ്പ്, തുമ്മല്‍, ജലദോഷം എന്നിവയാണ് അലര്‍ജിക് റൈനൈറ്റിഡിന്റെ പ്രധാന ലക്ഷണങ്ങള്‍. കണ്ണുകളും തൊണ്ടയും ചൊറിയല്‍ ഇതിന്റെ ലക്ഷണങ്ങളാണ്. മൂക്കൊലിപ്പു കാരണം ചുമയും ഇത്തരക്കാര്‍ക്ക് ഉണ്ടാവാം.

അലര്‍ജിക് റൈനൈറ്റിസ് ഉള്ളവരില്‍ സാധാരണയായി കാണുന്ന മറ്റ് പ്രശ്‌നങ്ങാണ് ആസ്ത്മ, സൈനുസൈറ്റിസ്, അലര്‍ജിക് കണ്‍ജംഗ്റ്റിവിറ്റിസ്, എക്‌സിമ എന്നിവ.

അലര്‍ജിക്ക് കാരണമാവുന്ന വസ്തുക്കളെ കണ്ടെത്തി ഒഴിവാക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ പ്രതിവിധി. എന്നിരുന്നാലും അലര്‍ജനെ കണ്ടെത്തുകയും പൂര്‍ണമായി ഒഴിവാക്കുകയും ചെയ്യുകയെന്നത് പലപ്പോഴും എളുപ്പമല്ല.

വീടിനകത്തുള്ള പൊടികള്‍, വളര്‍ത്തുമൃഗങ്ങളുമായുള്ള സമ്പര്‍ക്കം എന്നിവ ഒഴിവാക്കുന്നതു വഴി അലര്‍ജി കുറയ്ക്കാന്‍ സഹായിക്കും. ചിലയിനം ചെടികള്‍ പൂക്കുമ്പോഴും മരങ്ങള്‍ കായ്ക്കുമ്പോഴും അവയില്‍ നിന്നുണ്ടാവുന്ന പൊടികളും അലര്‍ജി വര്‍ധിപ്പിക്കും.

കത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് അലര്‍ജിയാവാനാണ് സാധ്യത. പൊടി തട്ടുന്നത് ഒഴിവാക്കിയാല്‍ തന്നെ പ്രശ്‌നത്തിനു പരിഹാരമാകും.

ആന്റ്റഹിസ്റ്റമിന്‍ വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍, മോണിലൂക്കാസ്റ്റ, സ്റ്റിറോയിഡുകള്‍ തുടങ്ങി മൂക്കില്‍ അടിക്കുന്ന മരുന്നുകള്‍ തുടങ്ങി ഫലപ്രദമായ ചികിത്സ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഇന്ന് ലഭ്യമാണ്.

ഭക്ഷണം നിയന്ത്രിച്ചിട്ടും ബി.പി കുറയുന്നില്ല


ഞാനൊരു സ്‌കൂള്‍ അധ്യാപകനാണ്. എനിക്ക് ബി.പി ഉണ്ട്. മരുന്ന് കഴിക്കുന്നുണ്ട്. ഇപ്പോള്‍ മാസങ്ങളായി മരുന്ന് ഉപയോഗിക്കുന്നു. എന്നാല്‍ ബി.പി വലയ മാറ്റമൊന്നുമില്ലാതെ തുടരുന്നു. എന്താണ് ഇതിനു കാരണം? ഇടയ്ക്ക് ഞാന്‍ മദ്യം ഉപയോഗിക്കാറുണ്ട്.
-----ദില്‍ഷാദ് ,കുവൈത്ത്

ഭക്ഷണനിയന്ത്രണത്തിനും വ്യായാമത്തിനും വേണ്ട പ്രാധാന്യം കൊടുക്കാത്തതാണ് ബി.പി.യുടെ മരുന്നുകഴിച്ചിട്ടും രക്തസമ്മര്‍ദം കുറയാത്തതിനു കാരണം. അതോടൊപ്പംതന്നെ മരുന്നുകള്‍ കൃത്യമായ അളവില്‍ കഴിക്കാതെയിരിക്കുക, പുകവലി, മദ്യപാനം തുടങ്ങിയവയെല്ലാം ബി.പി.കുറയുന്നതിന് തടസമാകാം.

മൂന്നു മരുന്നുകള്‍വരെ കൃത്യമായ അളവില്‍ കഴിച്ചിട്ടും ബി.പി. നിയന്ത്രണവിധേയമാകാതെ വരുമ്പോള്‍ അതിനെ ചികിത്സ ഫലിക്കാത്ത ഹൈപ്പര്‍ടെന്‍ഷന്‍ (റസിസ്റ്റന്റ് ഹൈപ്പര്‍ടെന്‍ഷന്‍) എന്നു പറയുന്നു.

ഉയര്‍ന്ന പ്രായം റസിസ്റ്റന്റ് ഹൈപ്പര്‍ടെന്‍ഷന്റെ പ്രധാന കാരണമാണ്. മറ്റ് ആരോഗ്യപ്രശ്‌നങ്ങളായ പ്രമേഹം, അമിതവണ്ണം തുടങ്ങിയവയും വേദനാ സംഹാരികള്‍, ഗര്‍ഭനിരോധന ഗുളികകള്‍, സ്റ്റീറോയിഡുകള്‍ തുടങ്ങിയവയുടെ ഉപയോഗവും ബി.പി. നിയന്ത്രണത്തിന് വിഘാതമുണ്ടാക്കാം.

ഡോക്ടറെ കാണുമ്പോള്‍ മാത്രം ഉത്കണ്ഠമൂലം രക്തസമ്മര്‍ദ്ദം ഉയരുന്നതാണോ (വൈറ്റ് കോട്ട് ഹൈപ്പര്‍ ടെന്‍ഷന്‍) എന്നും പരിശോധിക്കണം. വൃക്കകളുടെ പ്രവര്‍ത്തനക്ഷമത, രക്തത്തിലെ കോര്‍ട്ടിസോണ്‍ അടക്കമുള്ള ഹോര്‍മോണുകളുടെ അളവ് തുടങ്ങിയവയും പരിശോധിച്ചറിയണം.

ഡോ. രവീന്ദ്രന്‍ ഏ. വി
അസിസ്റ്റന്റ് പ്രൊഫസര്‍
മെഡിസിന്‍ വിഭാഗം
ഗവ. മെഡിക്കല്‍ കോളജ്, മഞ്ചേരി

Ads by Google

Ads by Google
TRENDING NOW