Wednesday, May 23, 2018 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 09 Mar 2017 03.05 PM

അതിലൊരു വാശി ഉണ്ടായിരുന്നു...

uploads/news/2017/03/87991/Weeklytsraju090317.jpg

ഒറ്റപ്പാലത്തെ വരിക്കാശ്ശേരി മനയിലായിരുന്നു ആ സിനിമയുടെ ഷൂട്ടിംഗ്. ജയറാമും പത്മപ്രിയയുമാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. രാവിലെ പതിനൊന്ന് മണിക്ക് എത്തണമെന്നായിരുന്നു നിര്‍ദ്ദേശം.

കൃത്യസമയത്തുതന്നെ ലൊക്കേഷനിലെത്തി. ഉച്ചയ്ക്കുള്ള ബ്രേക്ക് കഴിഞ്ഞിട്ടേ ഷൂട്ടുള്ളൂവെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അറിയിച്ചപ്പോള്‍ മനയുടെ ഒരുഭാഗത്തു പോയി വിശ്രമിച്ചു. ഒരുമണിയായപ്പോള്‍ ഭക്ഷണം കഴിച്ചേക്കാമെന്ന് കരുതി.

ഞാന്‍ ചെല്ലുമ്പോള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളൊക്കെ കഴിക്കുന്നുണ്ട്. ഞാന്‍ ഒരു കസേരയിട്ട് തൊട്ടടുത്തുതന്നെ ഇരുന്നു. മെസ്സിലെ വിളമ്പുകാര്‍ എന്നെ മൈന്റ് ചെയ്തതേയില്ല.

അഞ്ചുമിനുട്ട് കഴിഞ്ഞപ്പോള്‍ ഒരു പയ്യന്‍ മുമ്പില്‍ പ്ലേറ്റ് കൊണ്ടുവന്നുവച്ചു. ഞാന്‍ വീണ്ടും കാത്തിരുന്നു. പിന്നീട് അവനെ കണ്ടതേയില്ല. വേറൊരാള്‍ അടുത്തേക്ക് വന്ന് എന്നെ സംശയത്തോടെ നോക്കി.

''ചേട്ടാ ഒന്നെഴുന്നേല്‍ക്കാമോ?''
ഞാന്‍ എഴുന്നേറ്റു. അവന്‍ എന്റെ കസേരയുമെടുത്ത് ദൂരെ ഒരിടത്ത് കൊണ്ടുപോയി ഇട്ടു. അതിനുശേഷം പറഞ്ഞു-ഇവിടെയിരുന്ന് കഴിച്ചാല്‍ മതി.

എനിക്കെന്തോ അവന്റെ പെരുമാറ്റം ഇഷ്ടപ്പെട്ടില്ല. എന്തിനാ എന്നെ ഇവിടെ കൊണ്ടിരുത്തിയതെന്ന് ചോദിച്ചെങ്കിലും അവനത് കേള്‍ക്കാതെ നടന്നുപോവുകയായിരുന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ ആ സിനിമയില്‍ അഭിനയിക്കുന്ന മധുവാര്യര്‍ നേരത്തെ ഞാന്‍ ഭക്ഷണം കഴിക്കാനിരുന്ന സ്ഥലത്തുവന്നിരുന്നു. അപ്പോഴാണ് ദൂരെ ഇരിക്കുന്ന എന്നെ കണ്ടത്. മധു ഓടി എന്റടുത്തേക്കുവന്നു-എന്താ ചേട്ടാ ഇവിടെയിരിക്കുന്നത്. ഭക്ഷണം അവിടെയല്ലേ?

അപ്പോഴാണ് എന്നെ മനഃപ്പൂര്‍വ്വം അപമാനിക്കാന്‍ വേണ്ടി ചെയ്തതാണെന്ന് തോന്നിയത്. ഞാന്‍ മെസ്സിലെ പയ്യനെ അടുത്തേക്കുവിളിച്ചു-എന്തിനാ എന്നെ മാറ്റിയിരുത്തിയത്? ആരു പറഞ്ഞിട്ടാ?

അവന് കൃത്യമായ ഉത്തരമില്ല. എനിക്ക് ദേഷ്യം വന്നു. ഇനി എനിക്ക് ഭക്ഷണം വേണ്ടെന്ന് പറഞ്ഞ് ഞാന്‍ അപ്പോള്‍ത്തന്നെ അവിടെ നിന്ന് മനയുടെ പിന്‍ഭാഗത്തേക്ക് പോയി വിശ്രമിച്ചു. സത്യം പറഞ്ഞാല്‍ വല്ലാത്ത സങ്കടമായിരുന്നു.

മുപ്പത്തിയെട്ടുവര്‍ഷത്തെ അഭിനയജീവിതത്തിനിടയ്ക്ക് ആദ്യമായുള്ള അനുഭവമാണിത്. അതും ഭക്ഷണത്തിന്റെ കാര്യത്തില്‍. കുറച്ചു കഴിഞ്ഞപ്പോള്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വന്ന് സമാധാനിപ്പിച്ചു. പക്ഷേ ആ സോപ്പിടലിലൊന്നും ഞാന്‍ വീണില്ല.

''ഇനി ഈ ലൊക്കേഷനില്‍നിന്ന് ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കില്ല.''
ഞാന്‍ കണ്‍ട്രോളറോട് പറഞ്ഞു. എന്റേത് ദൃഢനിശ്ചയത്തോടെയുള്ള തീരുമാനമായിരുന്നു. പതിനഞ്ചുദിവസത്തെ വര്‍ക്കായിരുന്നു ആ സിനിമയില്‍. അന്ന് രാത്രി എട്ടുമണിക്കാണ് ഷൂട്ടിംഗ് തീര്‍ന്നത്.

അപ്പോള്‍ത്തന്നെ മുറിയില്‍ പോയി ഡ്രസ്സെല്ലാമെടുത്തു. കണ്‍ട്രോളറെ വിളിച്ച് ഇനി മുറി ആവശ്യമില്ലെന്ന് പറഞ്ഞു. രാത്രി എറണാകുളം വരാപ്പുഴയിലെ വീട്ടിലേക്ക് തിരിച്ചുപോയി. പിന്നീടുള്ള എല്ലാ ദിവസവും പുലര്‍ച്ചെ വീട്ടില്‍നിന്നിറങ്ങും.

അര്‍ധരാത്രിയാണ് പലപ്പോഴും തിരിച്ചെത്തുക. രാവിലെ ഇറങ്ങുമ്പോള്‍ ഉച്ചയ്ക്ക് കഴിക്കാനുള്ള ഊണും കുടിക്കാനുള്ള വെള്ളവും ബാഗിലെടുത്തുവയ്ക്കും. ഈ യാത്ര ഏറെ വിഷമമുണ്ടാക്കിയെങ്കിലും അതിലൊരു വാശിയുണ്ടായിരുന്നു.

പിന്നീട് ആരും എന്നോട് ഇതെക്കുറിച്ച് ചോദിച്ചതേയില്ല. ബ്രേക്ക് സമയത്ത് മറ്റുള്ളവര്‍ ലൊക്കേഷന്‍ ഫുഡ് കഴിക്കുമ്പോള്‍, ഞാന്‍ മാത്രം മാറിയിരുന്ന് വീട്ടില്‍നിന്ന് കൊണ്ടുവന്ന ഭക്ഷണം കഴിക്കും.

ഷൂട്ടിംഗ് തീരുന്ന ദിവസമാണ് നടന്‍ സിദ്ദിഖ് ഇക്കാര്യമറിഞ്ഞത്. സിദ്ദിഖ് കാര്യം അന്വേഷിച്ചു. ഞാന്‍ അന്നുണ്ടായ സംഭവം പറഞ്ഞു.
''ചേട്ടന്‍ ചെയ്തതാണ് ശരി. ഞാനാണെങ്കില്‍ ഇതിലും രൂക്ഷമായി പ്രതികരിച്ചേനെ.''

ആ സംഭവത്തിനുശേഷം ഏത് ലൊക്കേഷനില്‍ ചെല്ലുമ്പോഴും ഭക്ഷണത്തിന്റെ കാര്യമാണ് ആദ്യം അന്വേഷിക്കുക. ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടിയാണ് നാമെല്ലാം കഷ്ടപ്പെടുന്നത്. ഭക്ഷണത്തിന് രുചി മാത്രം പോരാ. വിളമ്പുന്നവരുടെ മനസ്സ് കൂടി നന്നാവണം.

തയ്യാറാക്കിയത്: രമേഷ് പുതിയമഠം

Ads by Google
Thursday 09 Mar 2017 03.05 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW