Saturday, May 19, 2018 Last Updated 3 Min 47 Sec ago English Edition
Todays E paper
Ads by Google

Right wing

Shilpa Pushkaran
Shilpa Pushkaran
Thursday 09 Mar 2017 12.59 PM

'സദാചാര' ഗുണ്ടകള്‍ കീഴടക്കുന്ന കേരളം

തികച്ചും അസൂയയില്‍ നിന്നുമാണ് ഒരു സദാചാര പോലീസ് ജനിക്കുന്നത്. നാട്ടില്‍ സദാചാരം പുലരണമെന്ന നിര്‍ബന്ധമല്ല, മറിച്ച് തനിക്ക് കിട്ടാത്തത് മറ്റൊരുവന് കിട്ടുന്നതിലുള്ള വെറും കൊതിക്കെറുവും അസൂയയും മാത്രമാണ് ഈ ഗുണ്ടായിസത്തിന് പിന്നിലെ ചേതോവികാരം.

uploads/news/2017/03/87967/sadacharam.jpg

സദാചാര പോലീസ്...! ആരിട്ടതെന്നോ ആര്‍ക്കിട്ടതെന്നോ അറിയാത്ത ഒരു പേര്. പേരിന്റെ അര്‍ഥവും അറിയില്ല. എങ്കിലും ആ പേര് കേള്‍ക്കുമ്പോള്‍ മനസ്സില്‍ തെളിഞ്ഞുവരാന്‍ ഒരുപാട് ചിത്രങ്ങള്‍ ഇന്ന് കേരളത്തിന് സ്വന്തമായുണ്ട്. പേരിന് വാലായി ഒരു 'പോലീസ്' ഉണ്ടെങ്കിലും നിയമപാലകരായ പോലീസിന് ഉള്ളതുപോലെ അപേക്ഷ ക്ഷണിക്കലോ കൂടിക്കാഴ്ചയോ നിയമന യോഗ്യതയോ പരിശീലനമോ ഒന്നും ഇക്കൂട്ടര്‍ക്ക് ആവശ്യമില്ല. പ്രത്യേക ജാതിയുടെയോ മതത്തിന്റെയോ അംഗീകാരത്തിലൂടെയാണോ ഇവര്‍ അധികാരത്തിലേറുന്നത് എന്നും അറിയില്ല. പ്രത്യേക യൂണിഫോറമോ ജോലി സമയമോ നിശ്ചയിക്കപ്പെട്ടിട്ടുമില്ല. അങ്ങനെ പേരിന് ഒരു നിര്‍വചനം പോലുമില്ലാതെ ചാര്‍ജെടുത്തിട്ടുള്ള ഇക്കൂട്ടര്‍ക്ക് ഒറ്റ നിര്‍ബന്ധമേയുള്ളൂ... ആണും പെണ്ണും തമ്മില്‍ സംസാരിക്കരുത്... ഒന്നിച്ച് നടക്കരുത്...

ഒരു കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച് ഇടയ്‌ക്കെപ്പൊഴോ മറഞ്ഞുവെങ്കിലും അടുത്ത കാലത്തായി ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വീണ്ടും ഈ പേര് അതിശക്തമായി ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു.

അയലത്തെ വീട്ടില്‍ ഒളിഞ്ഞു നോക്കുന്നവനെയും മാങ്ങയും തേങ്ങയും മോഷ്ടിക്കാന്‍ കയറുന്നവനെയും കെട്ടിയിട്ട് തല്ലുന്ന ഒരു രീതി പണ്ടുകാലത്ത് ഉണ്ടായിരുന്നു. അത്തരത്തിലുള്ള പഴയ സദാചാര വാദത്തില്‍ മതവും രാഷ്ട്രീയവും അല്‍പ്പം അസൂയയും (തനിക്ക് കിട്ടാത്തത് മറ്റൊരാള്‍ക്ക് കിട്ടുന്നു) ഇടപെടാന്‍ തുടങ്ങിയതു മുതല്‍ക്കാണ് 'സദാചാര പോലീസ്' എന്ന വാക്ക് ഉപയോഗിക്കേണ്ടി വന്നതെന്നു തോന്നുന്നു. എന്തായാലും സമ്പൂണ്ണ സാക്ഷരത നേടിയ ദൈവത്തിന്റെ സ്വന്തം നാട്ടിലാണ് ഇപ്പോള്‍ ഇക്കൂട്ടരുടെ വിലസല്‍. എന്നാല്‍, ഇടപെടുന്നത് ഒരു വിഷയത്തില്‍ മാത്രം. മുന്‍പ് പറഞ്ഞതുപോലെ ആണും പെണ്ണും ഒന്നിച്ച് ഇരിക്കരുത്...നടക്കരുത്. അത് അമ്മയും മകനുമോ, ഭാര്യയോ ഭര്‍ത്താവോ, സഹോദരനും സഹോദരിയുമോ, കാമുകനും കാമുകിയോ ആരും ആയിക്കൊള്ളട്ടേ. ഒന്നിച്ച് ഇക്കൂട്ടരുടെ മുന്നില്‍ പെട്ടാല്‍ തല്ല് ഉറപ്പ് എന്നതാണ് ചരിത്രം. ഇവരെ എവിടെ കണ്ടുമുട്ടുമെന്ന കാര്യത്തിലും ഒരു നിശ്ചയവുമില്ല.
കായംകുളം താലൂക്ക് ആശുപത്രിയ്ക്ക് കിഴക്കുവശത്തെ റോഡില്‍ നഗരസഭ നിര്‍മ്മിച്ച ടാക്‌സി സ്റ്റാന്റിലെ ഷെഡ്ഡില്‍ നടന്ന സദാചാര ഗുണ്ടായിസം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. റോഡിലൂടെ നടന്നുപോയ പെണ്‍കുട്ടിയെ സൂക്ഷിച്ചു നോക്കി എന്ന് ആരോപിച്ച് സദാചാര പോലീസ് ചമഞ്ഞെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് നടുറോഡില്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ചു. അന്ന് ഇടിയും തൊഴിയും ഏറ്റ് അവശനായ ഇര കിട്ടിയ ജീവനും കൊണ്ട് ഓടി രക്ഷപെടുകയായിരുന്നു. ഒരു യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയും അടിക്കരുതെന്ന് യുവാവ് കാലുപിടിച്ച് അപേക്ഷിക്കുകയും ചെയ്യുന്ന രംഗങ്ങള്‍ പല സ്‌റ്റെലില്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി രസിക്കുകയും തുടര്‍ന്ന് ഇത് പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തായത്. പൗരസ്വാതന്ത്ര്യത്തെ സംഘം ചേര്‍ന്ന ചെറുക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ഇക്കൂട്ടര്‍ക്കെതിരെ ശക്തമായ നടപടികള്‍ ആവശ്യമായി വന്നിരിക്കുന്നു.

യഥാര്‍ത്ഥത്തില്‍ സദാചാര പോലീസ് എന്ന പ്രയോഗം തന്നെ തെറ്റിദ്ധരണാജനകമാണ്. ഇത്തരം കേസുകളില്‍ സദാചാരവുമില്ല പോലീസിങ്ങുമില്ല. ഒരു നിയമത്തിലും സദചാരപോലീസിനെ കുറിച്ച് പറയുന്നുമില്ല. സദാചാര പോലീസ് എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നവരെ അതിക്രമികളായി മാത്രമേ കാണാന്‍ കഴിയൂ. ഒരു പൗരന് അനുവദിക്കപ്പെട്ടിട്ടുള്ള സ്വാതന്ത്ര്യം സംഘം ചേര്‍ന്ന് തടയുന്നത് നിയമവിരുദ്ധമാണ്. ഇനി ഒരു മാര്‍ക്കിന്റെ ചോദ്യത്തിന് ഉത്തരം നല്‍കാനാണെങ്കില്‍ 'സദാചാരം' എന്ന വാക്കിനെ മലിനമാക്കുന്നവര്‍ ആരോ അവരാണ് 'സദാചാര പോലീസ്' എന്ന് പറയേണ്ടി വരും.

സദാചാര പോലീസുകാരേ...ഇവിടെ എന്തെല്ലാം അനീതികള്‍ നടക്കുന്നു... പിടിച്ചുപറിക്കാരും, പെണ്‍വാണിഭക്കാരും, പീഡന വീരന്മാരും കൊള്ളക്കാരും, കള്ളന്മാരും നിങ്ങള്‍ക്ക് ചുറ്റും വിലസുന്നത് കാണാന്‍ നിങ്ങള്‍ക്ക് കണ്ണില്ലേ...? ഒരു ആണും പെണ്ണും ഒന്നിച്ചിരുന്നാല്‍ സദാചാരം നഷ്ടപ്പെട്ടുമെന്ന് ഭയന്ന് അവര്‍ക്ക് പിന്നാലെ പായുന്ന നിങ്ങളുടെ കണ്ണുകളില്‍ നിഴലിക്കുന്നത് അസൂയ മാത്രമല്ലേ...?

അതേ... തികച്ചും അസൂയയില്‍ നിന്നുമാണ് ഒരു സദാചാര പോലീസ് ജനിക്കുന്നത്. നാട്ടില്‍ സദാചാരം പുലരണമെന്ന നിര്‍ബന്ധമല്ല. തനിക്ക് കിട്ടാത്തത് മറ്റൊരുവന് കിട്ടുന്നതിലുള്ള വെറും കൊതിക്കെറുവും അസൂയയും മാത്രമാണ് ഈ ഗുണ്ടായിസത്തിന് പിന്നിലെ ചേതോവികാരം.
ആറ് വര്‍ഷം മുമ്പ് കോഴിക്കോട് കൊടിയത്തൂരില്‍ സദാചാര ഗുണ്ടകള്‍ ഒരു യുവാവിന തല്ലിക്കൊന്നത് വാര്‍ത്തയായിരുന്നു. തൃശൂരില്‍ മറ്റൊരാളെ നഗ്‌നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചതും കൊല്ലം അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവ് ജീവനൊടുക്കിയതും സമീപകാല സംഭവങ്ങള്‍. കൊച്ചി മറൈന്‍ ഡ്രൈവില്‍ ഒന്നിച്ചിരുന്ന യുവതീ യുവാക്കളെ ഒരു സംഘം സദാചാര ഗുണ്ടകള്‍ ചൂരല്‍വടി കൊണ്ട് അടിച്ച് ഓടിച്ച സംഭവമാണ് സാക്ഷര കേരളത്തിന് നാണക്കേട് ഉണ്ടാക്കിക്കൊണ്ട് ഏറ്റവും ഒടുവിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കേരളാ പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു സദാചാര ഗുണ്ടകളുടെ ഈ ചൂരല്‍ പ്രയോഗം എന്നതും ശ്രദ്ധേയം.

മനുഷ്യന്റെ ജീവനെടുക്കുന്ന നിലയിലേക്ക് സദാചാര ഗുണ്ടായിസം ഇന്ന് വളര്‍ന്ന് കഴിഞ്ഞു. ഇതിനെതിരെ സര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതിനെതിരെ നിയമനിര്‍മ്മാണം സാധ്യമാണോ എന്ന് സര്‍ക്കാര്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. ഒപ്പം സംസ്ഥാന പോലീസിന്റെ ഭാഗത്ത് നിന്നുള്ള സദാചാര പോലീസിങ്ങിനും സര്‍ക്കാര്‍ കടിഞ്ഞാണിടണം. ഇല്ലെങ്കില്‍ ഈ ഗുണ്ടകളെ ഭയന്നിട്ട് സഹോദരിയുമായോ അമ്മയുമായോ പോലും പുറത്തിറങ്ങാനാകാത്ത നാടായി കേരളം മാറും.

Ads by Google
Ads by Google
Loading...
TRENDING NOW