Wednesday, March 29, 2017 Last Updated 18 Min 22 Sec ago English Edition
Todays E paper
Thursday 09 Mar 2017 12.17 PM

തൊഴില്‍ തര്‍ക്കം; നിയമനടപടി ലഘൂകരിക്കുന്ന കരട് നിയമത്തിന് ഖത്തര്‍ മന്ത്രിസഭയുടെ അംഗീകാരം

uploads/news/2017/03/87953/gulf090317d.png

ദോഹ: രാജ്യത്തെ തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കാനായി തൊഴില്‍ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട നിയമനടപടികള്‍ ലഘൂകരിച്ചുകൊണ്ടുള്ള കരട് നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസ്സര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് നിയമത്തിന് അംഗീകാരം നല്‍കിയത്. തൊഴില്‍ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട 1990ലെ സിവില്‍, വാണിജ്യ ചട്ടങ്ങളിലെ പതിമൂന്നാം നമ്പര്‍ നിയമത്തിലേയും 2004ലെ പതിനാലാം നമ്പര്‍ നിയമത്തിലേയും വകുപ്പുകള്‍ ഭേദഗതി ചെയ്താണ് കരട് നിയമം തയ്യാറാക്കിയത്. കരട് നിയമം ഉപദേശക സമിതിയുടെ അംഗീകാരത്തിനായി കൈമാറി.

കരട് നിയമ പ്രകാരം തൊഴില്‍ തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കാനായി തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ തൊഴില്‍ തര്‍ക്ക പരിഹാര സമിതികള്‍ രൂപവത്കരിക്കാന്‍ അനുമതിയുണ്ട്. ഒരു ന്യായാധിപന്‍ അധ്യക്ഷനായുള്ള ഒന്നോ അതിലധികമോ സമിതി രൂപവത്കരിക്കാം. മൂന്ന് അംഗങ്ങളാണ് സമിതിയുലുണ്ടാവുക. ജൂഡീഷ്യല്‍ അംഗത്തെ തീരുമാനിക്കാനുള്ള അനുമതി സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിനാണുള്ളത്.

മറ്റ് രണ്ട് അംഗങ്ങളെ തൊഴില്‍ മന്ത്രിക്ക് തിരഞ്ഞെടുക്കാം. സമിതിയിലെ രണ്ട് അംഗങ്ങളില്‍ ഒരാള്‍ കമ്പനികളുടെ കണക്കുകളില്‍ വൈദഗ്ധ്യമുള്ളയാളായിരിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. സമിതിയുടെ ആസ്ഥാനം, സെക്രട്ടറിയേറ്റ് ജീവനക്കാര്‍ എന്നിവയില്‍ തൊഴില്‍മന്ത്രിക്കാണ് തീരുമാനമെങ്കിലും സമിതിക്ക് അംഗീകാരം നല്‍കുന്നത് മന്ത്രിസഭയായിരിക്കും. തൊഴിലുടമക്കെതിരെ തൊഴിലാളികള്‍ വ്യക്തിപരമായി സമര്‍പ്പിക്കുന്ന പരാതികളാണ് സമിതിയുടെ പരിധിയില്‍ വരുന്നത്. പരമാവധി രമ്യതയോടെ സമിതി പരാതി പരിഹരിക്കും. തൊഴില്‍ കരാറിന്റെ അടിസ്ഥാനത്തില്‍ ഇരുകക്ഷികളുടേയും അവകാശം സംരക്ഷിച്ചുകൊണ്ടായിരിക്കും പരിഹാരം നിര്‍ദേശിക്കുക. പരാതിയില്‍ പരിഹാരം കാണാനുള്ള സമയം മൂന്നാഴ്ചയാണ്.

സമിതിയിലെ അംഗങ്ങള്‍ക്ക് നിയമസ്വാതന്ത്ര്യവും നിയമം വ്യവസ്ഥ ചെയ്യുന്നു. ബാഹ്യശക്തികളുടെ സ്വാധീനം സമിതിയുടെ തീരുമാനത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്നും നിയമം കര്‍ശനമായി നിര്‍ദേശിക്കുന്നുണ്ട്. സമിതിയുടെ തീരുമാനം റദ്ദാക്കാനുള്ള അധികാരം അപ്പീല്‍ കോടതികള്‍ക്ക് മാത്രമാണ്. സമിതിയുടെ തീരുമാനങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ വേഗത്തില്‍ നടപ്പാക്കാനും നിയമം നിര്‍ദേശിക്കുന്നു.

ഏകീകൃത സാമ്പത്തിക രേഖാ നിയമത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. രാജ്യത്തെ എല്ലാ കമ്പനികളേയും ഉള്‍പ്പെടുത്തിയുള്ള ഡേറ്റാബേസ് തയ്യാറാക്കുന്നതാണ് കരട് നിയമം. പുതിയ നിയമ പ്രകാരം രാജ്യത്തെ സ്വയം തൊഴില്‍ സംരഭകരും വാണിജ്യ മന്ത്രാലയത്തിന്റെ രജിസ്‌ട്രേഷന്‍ എടുത്തിരിക്കണം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഏകീകൃത സാമ്പത്തിക നമ്പര്‍ നല്‍കും. മാത്രമല്ല ഖത്തറികളുടെയും പ്രവാസികളുടേയും ഉടമസ്ഥതയിലുള്ള എല്ലാ സാമ്പത്തിക സ്ഥാപനങ്ങളും തങ്ങളുടെ ഇടപാടുകള്‍ സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ സമര്‍പ്പിക്കണം.

മുഹമ്മദ്‌ ഷഫീക് അറക്കല്‍

Ads by Google
Thursday 09 Mar 2017 12.17 PM
YOU MAY BE INTERESTED
TRENDING NOW