Thursday, May 25, 2017 Last Updated 16 Min 1 Sec ago English Edition
Todays E paper
Thursday 09 Mar 2017 06.38 AM

ദാ...ഇതാണ് കളി... പാരീസ് സെന്റ്ജര്‍മ്മനെ രണ്ടാം പാദത്തില്‍ മലര്‍ത്തിയടിച്ചു; ബാഴ്‌സിലോണയെ ആരു പിടിച്ചുകെട്ടും?

uploads/news/2017/03/87900/barcilona.jpg

ന്യൂകാമ്പ്: ഓ...എന്തൊരു കളി...ഇതാണ്...കളി...ചാമ്പ്യന്‍സ് ലീഗിലെ പാരീസ് സെന്റ് ജെര്‍മെയ്‌നും ബാഴ്‌സിലോണയും തമ്മില്‍ നടന്ന രണ്ടാം പാദ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തെ എങ്ങിനെ വിശേഷിപ്പിക്കും എന്നറിയാതെ വലയുകയാണ് കളിയെഴുത്തുകാര്‍. പാരീസില്‍ ഏറ്റ കനത്ത ആഘാതത്തിന് ന്യൂകാമ്പില്‍ മറുപടി പറഞ്ഞ് സ്പാനിഷ് ചാമ്പ്യന്‍മാര്‍ ബാഴ്‌സിലോണ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ക്വാര്‍ട്ടറില്‍ കടന്നു. ആദ്യ പാദത്തില്‍ നാലു ഗോളിന് തോറ്റ ബാഴ്‌സ രണ്ടാം പാദ മത്സരത്തില്‍ സ്വന്തം മൈതാനത്ത് പാരീസ് സെന്റ്ജര്‍മെയ്‌ന് തിരിച്ചു കൊടുത്തത് ആറ് ഗോളുകള്‍. രണ്ടു പാദങ്ങളിലുമായി 6-5 എന്ന അഗ്രിഗേറ്റ് സ്‌കോറിലാണ് ആദ്യ എട്ടില്‍ കടന്നത്.

ഉണ്ടാക്കിവെച്ച മേധാവിത്വമെല്ലാം ഒറ്റരാത്രി കൊണ്ട് നിഷ്ഫലമായ പിഎസ്ജിയ്ക്ക് എഡിസന്‍ കവാനിയിലൂടെ ഒരു ഗോള്‍ മടക്കിയതൊഴിച്ചാല്‍ ന്യൂകാമ്പില്‍ എല്ലാം പേടി സ്വപ്നത്തിന്റേതായി. ലൂയിസ് സുവാരസ് മൂന്നാം മിനിറ്റില്‍ തുടങ്ങിയ ഗോളടി മെസി, നെയ്മര്‍, സെര്‍ജി എന്നിവരിലൂടെ ബാഴ്‌സ പൂര്‍ത്തിയാക്കിയപ്പോള്‍ സ്വന്തം താരം കുര്‍സാവയുടെ ഒരു സ്വന്തം ഗോളും പാരീസിന് വിനയായി മാറി. നെയ്മര്‍ ഒരു പെനാല്‍റ്റി ഉള്‍പ്പെടെ രണ്ടു ഗോള്‍ നേടുകയും മെസിയുടെ പെനാല്‍റ്റി ഗോളിന് വഴി വെയ്ക്കുകയും ചെയ്തതിലൂടെ കളിയിലെ മികച്ച താരമായി മാറുകയും ചെയ്തു.

വിധി നിര്‍ണ്ണയിച്ച ഗോള്‍ സെര്‍ജി റോബര്‍ട്ടോ നേടുമ്പോള്‍ പിഎസ്ജിയ്ക്ക് പിന്നീട് പന്തു തട്ടാന്‍ പോലും നേരം ബാക്കി കിട്ടിയില്ല. ഇതോടെ ആദ്യപാദത്തില്‍ നാലു ഗോളിന് തോറ്റ ശേഷം രണ്ടാം പാദത്തില്‍ തിരിച്ചടിച്ചു കയറുന്ന ആദ്യ ടീമെന്ന പേര് ബാഴ്സ ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തു. ഇത് പത്താം തവണയാണ് ബാഴ്സ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടില്‍ എത്തുന്നത്.

മൂന്നാം മിനിറ്റില്‍ തന്നെ സുവാരസിലൂടെ ബാഴ്‌സ് ലക്ഷ്യം വ്യക്തമാക്കിയിരുന്നു. നാല്‍പ്പതാം മിനിറ്റില്‍ പിഎസ്ജി ഒരു സെല്‍ഫ്‌ഗോള്‍ കൂടി നല്‍കിയതോടെ 2-0 ലീഡുമായി ബാഴ്‌സ പകുതിക്കിറങ്ങി. തിരിച്ചുവന്ന് അഞ്ചു മിനിറ്റിനുള്ളില്‍ മെസി സ്‌കോര്‍ മൂന്നാക്കി. നെയ്മറെ ബോക്‌സില്‍ വീഴ്ത്തിയതിന് പെനാല്‍റ്റി കിട്ടി. മൂന്ന് ഗോളിന് മുന്നിലെത്തിയപ്പോള്‍ അപകടം മണത്ത പിഎസ്ജി പ്രതിരോധത്തില്‍ നിന്നും ആക്രമണത്തിലേക്ക് തിരിഞ്ഞതിന്റെ ഫലം കിട്ടി. കവാനിയിലൂടെ ഒരു ഗോളിന്റെ കൂടി ലീഡ്. എന്നാല്‍ അവസാനത്തെ പത്തു മിനിറ്റില്‍ ബാഴ്‌സ നേടിയത് മൂന്ന് ഗോളാണ്.

എണ്‍പത്തെട്ടാം മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്നും നെയ്മറിന്റെ ഉജ്വല ഫ്രീകിക്ക് ഗോള്‍ എണ്‍പത്തെട്ടാം മിനിറ്റില്‍ വന്നു തൊട്ടു പുറകെ നെയ്മര്‍ പെനാല്‍റ്റിയില്‍ നിന്നും രണ്ടാം ഗോളും നേടി. അഗ്രിഗേറ്റ് സ്‌കോര്‍ 5-5 എന്ന നിലയില്‍ ബാഴ്‌സ പിന്നീട് പൊരുതിക്കയറി. 95 ാം മിനിറ്റില്‍ ഇഞ്ചുറി സമയത്ത് അതിന്റെ ഗുണവും കണ്ടു. ബോക്‌സിലേക്ക് ഉയര്‍ത്തിക്കിട്ടിയ ഒരു പന്തിനെ സെര്‍ജി പാരീസ് ഗോളിയുടെ കൈള്‍ക്കിടയിലൂടെ വലയിലേക്ക് തട്ടി. എല്ലാം സമയത്ത് പൂര്‍ത്തിയാക്കി ബാഴ്‌സ ക്വാര്‍ട്ടര്‍ യോഗ്യത നേടുമ്പോള്‍ റഫറിക്ക് അവസാന വിസില്‍ മുഴക്കേണ്ട സമയം മാത്രമാണ് ബാക്കിയായത്. അതേസമയം കളിക്കിടയില്‍ ബാഴ്‌സ പ്രതിരോധത്തെ മറികടന്ന് ഗോളി മാത്രം മുന്നില്‍ നില്‍ക്കുമ്പോള്‍ രണ്ടുതവണ കവാനിയും ഒരു തവണ ഡി മരിയയും നഷ്ടപ്പെടുത്തിയ സുവര്‍ണാവസരത്തെ ഓര്‍ത്ത് പിഎസ്ജി കരയുന്നുണ്ടാകും.

Ads by Google
TRENDING NOW