Friday, June 22, 2018 Last Updated 0 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 09 Mar 2017 01.42 AM

സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരളാ ടീം പ്രഖ്യാപിച്ചു

uploads/news/2017/03/87806/s2.jpg

തിരുവനന്തപുരം: സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരളം ടീം പ്രഖ്യാപിച്ചു. പി. ഉസ്‌മാന്‍ തന്നെയാണ്‌ ടീമിനെ നയിക്കുന്നത്‌. യോഗ്യത റൗണ്ടിലും ഉസ്‌മാന്‍ തന്നെയായിരുന്നു നായകന്‍.
യോഗ്യത റൗണ്ടില്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്ന ഷിബിന്‍ ലാല്‍, ഫിറോസ്‌,അനന്തു മുരളി, നെറ്റോ സെബാസ്‌റ്റ്യന്‍, ഹാരി ബെയ്‌സര്‍ എന്നിവരെ ഒഴിവാക്കി പകരമായി നിഷോണ്‍ സേവ്യര്‍, ജിജോ ജോസഫ്‌, ജിപ്‌സണ്‍ ജസ്‌റ്റിന്‍, ഷെറിന്‍ സാം എന്നിവരെ ഫൈനല്‍ റൗണ്ടിനുള്ള ടീമില്‍ ഉള്‍പ്പെടുത്തി.
ടീം: വി. മിഥുന്‍, എം.ഹജ്‌മല്‍, എസ്‌. മെല്‍ബിന്‍(ഗോള്‍കീപ്പര്‍മാര്‍).
എം. നജേഷ്‌, എസ്‌.ലിജോ, രാഹുല്‍ വി. രാജ്‌, കെ. നൗഷാദ്‌, വി.ജി. ശ്രീരാഗ്‌, ഷെറിന്‍ സാം, നിഷോണ്‍ സേവ്യര്‍(പ്രതിരോധനിര).
എസ്‌. സീസണ്‍, ജിജോ ജോസഫ്‌, മുഹമ്മദ്‌ പറക്കോട്ടില്‍, ജിഷ്‌ണു ബാലകൃഷ്‌ണന്‍, അഷറുദ്ദീന്‍(മധ്യനിര).
പി ഉസ്‌മാന്‍, ജോബി ജസ്‌റ്റിന്‍, എല്‍ദോസ്‌ ജോര്‍ജ്‌, ജിപ്‌സണ്‍, സഹല്‍ അബ്‌ദുള്‍ സമദ്‌(മുന്നേറ്റ നിര).
വി.പി. ഷാജിയാണ്‌ മുഖ്യ പരിശീലകന്‍, മില്‍ട്ടണ്‍ ആന്റണി(സഹപരിശീലകന്‍), ഗീവര്‍ഗീസ്‌(മാനേജര്‍), പി.വി. അഷ്‌കര്‍ ആണ്‌ ടീം ഫിസിയോ.
സന്തോഷ്‌ ട്രോഫി ഫൈനല്‍ റൗണ്ടില്‍ മഹാരാഷ്‌ട്ര, മിസോറം, റെയില്‍വേ, പഞ്ചാബ്‌ എന്നീ ടീമുകള്‍ അടങ്ങുന്ന ഗ്രൂപ്പിലാണ്‌ കേരളം.
ഈ മാസം 15 ന്‌ റെയില്‍വേസുമായാണ്‌ കേരളത്തിന്റെ ആദ്യ മല്‍സരം. 17 ന്‌ പഞ്ചാബിനെയും 19 ന്‌ മിസോറമിനെയും, 21 ന്‌ മഹാരാഷ്‌ട്രയെയും കേരളം നേരിടും. വൈകുന്നേരം നാലിനാണ്‌ മല്‍സരം.
കടുത്ത പരിശീലനത്തിനു ശേഷമാണ്‌ ടീം ഫൈനല്‍ റൗണ്ടിനായി പുറപ്പെടുന്നത്‌. ഫെബ്രുവരി 20 മുതല്‍ തിരുവനന്തപുരത്ത്‌ നടത്തിയ പരിശീലനത്തിനുശേഷം കൊച്ചിയില്‍ എത്തിയ ടീം എറണാകുളം അംബേദ്‌കര്‍ സ്‌റ്റേഡിയത്തില്‍ അവസാന വട്ട ഒരുക്കങ്ങള്‍ നടത്തിയിരുന്നു. ഏതാനും ടീമുകളുമായി സൗഹൃദമല്‍സരവും കേരളം കളിച്ചിരുന്നു.
ടീം പൂര്‍ണ സജ്‌ജമാണെന്നും ഏതു ടീമിനെയും നേരിടാന്‍ പ്രാപ്‌തമായ ടീമാണ്‌ ഫൈനല്‍ റൗണ്ട്‌ കളിക്കാന്‍ പോകുന്നതെന്നും ടീമിന്റെ മുഖ്യ പരിശീലകന്‍ വി.പി. ഷാജി പറഞ്ഞു.
ഏറ്റവും മികച്ച കളിക്കാരില്‍ നിന്നും അതിനേക്കാള്‍ മികച്ച 20 പേരെയാണ്‌ ഫൈനല്‍ റൗണ്ട്‌ കളിക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്‌. യോഗ്യതാ റൗണ്ടിലും കേരളത്തിന്‌ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞു. മധ്യനിരയില്‍ പരിചയ സമ്പന്നരായ കളിക്കാര്‍ ഇല്ലാതിരുന്നത്‌ യോഗ്യത റൗണ്ടില്‍ ടീമിനു ബുദ്ധിമുട്ടുണ്ടായിരുന്നു ഈ കുറവുകള്‍ ഒരു പരിധിവരെ പരിഹരിച്ചാണ്‌ ഫൈനല്‍ റൗണ്ടിനു തയാറെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മികച്ച ടീമാണ്‌ കേരളത്തിന്റേതെന്ന്‌ ക്യാപ്‌റ്റന്‍ പി. ഉസ്‌മാന്‍ പറഞ്ഞു. എതിരാളികളെ കുറച്ചു കാണുന്നില്ല. എല്ലാ മല്‍സരവും വിജയിച്ച്‌ കപ്പടിക്കുകയെന്നതാണ്‌ തങ്ങളുടെ ലക്ഷ്യമെന്നും ഉസ്‌മാന്‍ പറഞ്ഞു.
കോഴിക്കോട്‌ നടന്ന യോഗ്യത റൗണ്ട്‌ മല്‍സരം നട്ടുച്ചയ്‌ക്ക്‌ കളിക്കേണ്ടിവന്നത്‌ സംബന്ധിച്ച പ്രതിഷേധം ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ അടുത്ത എക്‌സിക്യുട്ടീവ്‌ കമ്മിറ്റി യോഗത്തില്‍ അറിയിക്കുമെന്ന്‌ എ.ഐ.എഫ്‌.എഫ്‌ വൈസ്‌ പ്രസിഡന്റും കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റുമായ കെ.എം.ഐ മേത്തര്‍ പറഞ്ഞു. കെ.എഫ്‌.എ ജനറല്‍ സെക്രട്ടറി പി. അനില്‍കുമാര്‍, ടീമിന്റെ മുഖ്യ സ്‌പോണ്‍സര്‍ ആയ രാംകോയെ പ്രതിനിധീകരിച്ച്‌ രമേഷ്‌ ഭരത്‌, രഞ്‌ജിത്‌, ജയകുമാര്‍ എന്നിവരും ടീം പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.
ഈ മാസം 12 മുതല്‍ 26 വരെയാണ്‌ ഗോവയില്‍ ഫൈനല്‍ റൗണ്ട്‌ നടക്കുന്നത്‌. 23 ന്‌ സെമി ഫൈനല്‍ മല്‍സരങ്ങളും 26 നാണ്‌ ഫൈനലും നടക്കും.

Ads by Google
Thursday 09 Mar 2017 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW