ദുബായ്: ഐ.സി.സി. ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യക്ക് ഇരട്ടനേട്ടം. ഇന്ത്യന്‍ സ്പിന്‍ ബൗളിങ് ജോഡികളായ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും ബൗളര്‍മാരില്‍ ഒന്നാം റാങ്ക് പങ്കിട്ടു.
ഇതാദ്യമായാണ് രണ്ടു സ്പിന്നര്‍മാര്‍ ഒന്നാം സ്ഥാനത്ത് ഒരുമിച്ചെത്തുന്നത്. റാങ്കിങ്ങില്‍ രണ്ടു ബൗളര്‍മാര്‍ റാങ്ക് പങ്കിടുന്നത് രണ്ടാം തവണയും. 2008-ല്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്നും ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യാ മുരളീധരനുമാണ് ഇതിനു മുമ്പ് ഒന്നാം സ്ഥാനം പങ്കിട്ട ബൗളര്‍മാര്‍.
ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഏഴു വിക്കറ്റുകള്‍ വീഴ്ത്തിയതാണ് ജഡേയെ റാങ്കിങ്ങില്‍ മുന്നേറാന്‍ സാധിച്ചത്. ബംഗളുരുവില്‍ അശ്വിന്റെയും മിന്നുന്ന പ്രകടനമായിരുന്നു. മത്സരത്തില്‍ ആകെ എട്ടു വിക്കറ്റ് വീഴ്ത്തിയ അശ്വിന് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ബൗളറായിരുന്നു. 269 വിക്കറ്റുകളാണ് അശ്വിന്റെ അക്കൗണ്ടിലുള്ളത്.
ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക് സ്ഥാനം നഷ്ടമായി. നേരത്തെ രണ്ടാം സ്ഥാനത്തായിരുന്ന കോഹ്ലിയെ പിന്തള്ളി ഇംഗ്ലീഷ് മധ്യനിര താരം ജോ റൂട്ട് രണ്ടാമതെത്തി. ഇരുവരും തമ്മില്‍ ഒരു പോയിന്റിന്റെ വ്യത്യാസമാണുള്ളത്. ഓസ്ട്രേലിയന്‍ നായകന് സ്റ്റീവന്‍ സ്മിത്താണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
ബംഗളൂരില്‍ 92 റണ്‍സടിച്ച ചേതേശ്വര്‍ പൂജാര അഞ്ച് സ്ഥാനം മുന്നില്‍ കയറി ആറാം റാങ്കിലെത്തി. രണ്ട് സ്ഥാനം മുന്നില്‍ കയറിയ അജിങ്കെ്യ രഹാനെ 15ാം സ്ഥാനത്തും 23 സ്ഥാനം മെച്ചപ്പെടുത്തിയ ലോകേഷ് രാഹുല്‍ 23-ാം സ്ഥാനത്തുമുണ്ട്.