തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി-ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ആരംഭിച്ചു. ഭാഷാവിഷയങ്ങളായ മലയാളം, അറബി, സംസ്കൃതം പരീക്ഷകളായിരുന്നു ആദ്യദിവസം. വിദ്യാര്‍ഥികള്‍ക്ക് ഭാഷാവിഷയങ്ങള്‍ പൊതുവെ അനായാസമായിരുന്നു.
രാവിലെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളും ഉച്ചതിരിഞ്ഞ് എസ്.എസ്.എല്‍.സി. പരീക്ഷയുമാണ് നടന്നത്. എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്നതിനായി 2,933 കേന്ദ്രങ്ങള്‍ കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫിലുമായി ഒന്‍പതു കേന്ദ്രങ്ങളുമാണ് സജ്ജീകരിച്ചിരുന്നത്. നാലരലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിയത്. പ്ലസ് വണിന് 4,61,230 വിദ്യാര്‍ഥികളും പ്ലസ് ടുവിന് 4,42,434 വിദ്യാര്‍ഥികളും പരീക്ഷയെഴുതി. ആകെ 2050 കേന്ദ്രങ്ങളാണ് ഒരുക്കിയിരുന്നത്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലേക്കുള്ള പരീക്ഷകളും ആരംഭിച്ചു. ഇന്ന് ഭാഷാ വിഷയങ്ങളുടെ രണ്ടാം പേപ്പര്‍ പരീക്ഷകളാണ് നടക്കുക. എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 27-നും ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ ഇരുപത്തിയെട്ടിനുമാണ് അവസാനിക്കുന്നത്.