Friday, January 12, 2018 Last Updated 1 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Mar 2017 04.00 PM

വികൃതിയുടെ മനശാസ്ത്രം

uploads/news/2017/03/87660/parinting080317.jpg

സ്‌കൂളിലും വീട്ടിലും അല്‍പം കുസൃതി കാണിക്കാത്ത കുട്ടികളില്ല. എന്നാല്‍ കാര്യമായ കുസൃതികളെ തമാശയായി കാണാനും കഴിയില്ല. അനുസരണക്കേട് കാണിക്കുമ്പോള്‍ മാതാപിതാക്കള്‍ അതിനെ കൂടുതല്‍ പ്രശ്നമാക്കാതെ തിരുത്താന്‍ തയ്യാറാകണം..

പലപ്പോഴും കുട്ടികളെ കുരുത്തം കെട്ടവന്‍, അധിക പ്രസംഗി, താന്തോന്നി തുടങ്ങിയ ഇഷ്ടമില്ലാത്ത പേരുകള്‍ വിളിക്കേണ്ടി വരുന്നവരാണ് പല രക്ഷിതാക്കളും. മക്കളുടെ 'വികൃതി' കാണുമ്പോള്‍ ഇതൊക്കെയല്ലാതെ മറ്റെന്താണ് വിളിക്കുകയെന്ന് ചിന്തിക്കുകയും ചെയ്യും.

കുട്ടികളില്‍ കാണുന്ന ചില പെരുമാറ്റ വൈകല്യങ്ങള്‍ അസഹ്യമാണ്. സ്‌കൂളിലെ കൂട്ടുകാരനുമായുള്ള വഴക്കില്‍ തല അടിച്ചു പൊട്ടിക്കുക, മേശ വലിപ്പിലുള്ള സാധനങ്ങള്‍ വാരി നിലത്തിടുക, ചില്ലു പാത്രങ്ങള്‍ തട്ടിമറിച്ചിട്ടു പൊട്ടിക്കുക തുടങ്ങിയവയാണ് പ്രധാന വികൃതികള്‍.

ചെറിയ വികൃതികള്‍ ഏവരെയും രസിപ്പിക്കുമെങ്കിലും അവ പക്ഷേ അമിത വികൃതിയിലേക്കും കുറ്റകൃത്യങ്ങളിലേക്കും എത്തുകയും ചെയ്താല്‍ പ്രശ്‌നം ഗുരുതരമാകും. മുന്‍കാലങ്ങളെ അപേക്ഷിച്ച് കുട്ടികളുടെ ഇടയില്‍ പെരുമാറ്റ വൈകല്യങ്ങള്‍ പ്രത്യേകിച്ച് അമിത വികൃതികള്‍ കൂടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

തങ്ങള്‍ക്ക് ആവശ്യമായ ശ്രദ്ധ കിട്ടുന്നില്ലെന്ന തോന്നലുണ്ടാകുമ്പോള്‍ ചില കുട്ടികള്‍ ചെറിയ കുസൃതി കാണിക്കാറുണ്ട്. കൂട്ടുകാരെെയല്ലാം തല്ലിയാല്‍ ഹീറോ ആകും, ആളുകള്‍ ശ്രദ്ധിക്കും ഇങ്ങനെയും കുട്ടികള്‍ ചിന്തിക്കാം.

വീട്ടിലെ സാഹചര്യങ്ങള്‍ കൊണ്ടും കുട്ടികളില്‍ അക്രമ സ്വഭാവം ഉണ്ടാകാനിടയുണ്ട്. അച്ഛനും അമ്മയും തമ്മിലോ ബന്ധുക്കള്‍ തമ്മിലോ സ്ഥിരമായി വഴക്കിടുന്നത് കുട്ടികള്‍ ശ്രദ്ധിക്കും.

കുട്ടികള്‍ മുതിര്‍ന്നവര്‍ ചെയ്യുന്ന കാര്യങ്ങള്‍ അതേപോലെ അനുകരിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള കുട്ടികളെ പലപ്പോഴും വഴക്കാളിയെന്നും മറ്റും വിളിച്ച് കളിയാക്കാറുണ്ട്. എന്നാല്‍ അങ്ങനെ ചെയ്യുന്നതിനു പകരം ഒന്ന് ശ്രദ്ധിക്കുകയും സ്നേഹിക്കുകയും ചെയ്താല്‍ മതി.

അനുസരണക്കേട്


കുട്ടികള്‍ അനുസരണക്കേട് കാണിക്കുന്നുണ്ടെങ്കില്‍ അതിന്റെ പ്രധാന കാരണം അച്ഛനമ്മമാര്‍ തന്നെയാണ്. മാതാപിതാക്കള്‍ കുട്ടികളുടെ സുഹൃത്തുക്കളാകാതിരിക്കുമ്പോള്‍ കുട്ടികള്‍ അവരുടേതായ ലോകമുണ്ടാക്കി അതിലൊതുങ്ങിക്കൂടും.

അവര്‍ക്ക് എല്ലാവരും അന്യരാകുകയും ചെയ്യും. അന്യര്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കേണ്ട ആവശ്യമില്ലല്ലോ..

കുറച്ച് നാള്‍ മുമ്പ് വരെ കുട്ടികള്‍ക്ക് പറയാനുള്ളതെല്ലാം മാതാപിതാക്കള്‍ കേള്‍ക്കാന്‍ തയ്യാറാകുമായിരുന്നു. എന്നാല്‍ ഇന്ന് അതിനുള്ള സാഹചര്യമില്ല,സമയമില്ല. അങ്ങനെയാകുമ്പോള്‍ കുട്ടികള്‍ അനുസരിക്കുന്നില്ലെന്നു പറഞ്ഞാല്‍ ഒരു പരിധി വരെ അതില്‍ തെറ്റ് പറയാന്‍ പറ്റില്ല.

സമയം


കുട്ടികളുടെ മനസ്സില്‍ അന്യരായി കഴിഞ്ഞാല്‍ അത് മാറ്റിയെടുക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. അതിനാല്‍ അങ്ങനെയുണ്ടാകാതെ നോക്കുന്നതാണ് നല്ലത്. അതിനായി ആദ്യം ചെയ്യേണ്ടത് കുട്ടികളോടൊപ്പം ചിലവഴിക്കാന്‍ കുറച്ച് സമയം കണ്ടെത്തുകയാണ്.

സമയത്തിന്റെ ദൈര്‍ഘ്യത്തെക്കാളേറെ അതിനു തയ്യാറാകുന്നു എന്നതാണ് കാര്യം. പത്ത് മിനുട്ട് ആയാല്‍ പോലും ആ കുരുന്നു മനസ്സിന് നല്ലൊരാശ്വാസം ലഭിക്കും. സംസാരിക്കുമ്പോള്‍ വാക്കുകള്‍ സ്നേഹം നിറഞ്ഞതായിരിക്കണമെന്നു മാത്രം.

ആ സമയത്ത് ടിവി, മൊബൈല്‍ തുടങ്ങിയവ മാറ്റി വെയ്ക്കുന്നതും കൂടുതല്‍ ഗുണം ചെയ്യും. അതിനും സമയം ഇല്ലെങ്കില്‍ ഒരു നേരമെങ്കിലും ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുക. ഇത് രാത്രിയില്‍ ആകുന്നതാണ് കൂടുതല്‍ നല്ലത്.

എങ്ങനെ അനുസരിപ്പിക്കണം ?


പ്രശ്നമുണ്ടായാലും ഇല്ലെങ്കിലും ഉപദേശിക്കുക എന്നത് മാതാപിതാക്കളുടെ രീതിയാണ്. ചിലപ്പോള്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുകയായിരിക്കും ചെയ്യുന്നത്.

കുട്ടികള്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന ഒന്നാണ് ഉപദേശം. ചില സമയങ്ങളില്‍ അവരോട് എന്ത് പറഞ്ഞാലും ഉപദേശമായി മാത്രമേ കാണൂ. അത്തരം സാഹചര്യങ്ങളിലാണ് യുക്തിയും ബുദ്ധിയും ഉപയോഗിക്കേണ്ടത്.

കേള്‍ക്കുമ്പോള്‍ ഉപദേശമായി തോന്നാതെ കാര്യങ്ങള്‍ അവതരിപ്പിക്കണം. ഒരു കാര്യം തന്നെ പല തവണ പറയുകയും ചെയ്യരുത്. അവധി ദിവസം മുഴുവന്‍ ടി വി കാണുന്ന കുട്ടിയെ തല്ലിയോ വഴക്കു പറഞ്ഞോ ആ ശീലം മാറ്റാനാകും എന്നാണ് എല്ലാവരും കരുതുന്നത്.

എന്നാല്‍ അത് കൂടുതല്‍ ദോഷമായിരിക്കും ഉണ്ടാക്കുന്നത്. പകരം കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കണം. ഉദാഹരണങ്ങള്‍ പറഞ്ഞും രസരകരമായി കാര്യകാരണങ്ങള്‍ പറഞ്ഞു മനസ്സിലാക്കാനായി കുട്ടികളുമായി അടുത്ത ബന്ധം സ്ഥാപിച്ചെടുക്കണം. പെെട്ടന്നൊരു ദിവസം അത് സാധിക്കില്ല.

ചില കുട്ടികള്‍ക്ക് ജന്മനാ തന്നെ ദേഷ്യം കൂടുതലാണെങ്കില്‍ ആഹാര രീതിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ മാറ്റമുണ്ടായേക്കാം. മാംസാഹാരങ്ങള്‍ ഒഴിവാക്കുന്നത് നല്ലതാണെന്നു പാഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കുട്ടികളെ പ്രശ്നക്കാരായല്ല കാണേണ്ടത്, മറിച്ച് അവനു എന്തോ പ്രശ്നമുണ്ടല്ലോ എന്ന രീതിയില്‍ വേണം പെരുമാറാന്‍.

TRENDING NOW