Wednesday, April 25, 2018 Last Updated 0 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Mar 2017 02.07 PM

മണികിലുക്കം നിലച്ചിട്ടില്ല...

uploads/news/2017/03/87659/Weeklyranjumani1.jpg

രൂപത്തിലൂടെയും ശബ്ദത്തിലൂടെയും കലാഭവന്‍ മണിയുടെ അപരനായി മാറിയ രഞ്ജു ചാലക്കുടി.

താരങ്ങളെ അനുകരിക്കുന്ന കലാകാരന്മാര്‍ നിരവധിയാണ്. പക്ഷേ കുട്ടിക്കാലം മുതല്‍ ശബ്ദം കൊണ്ടും രൂപംകൊണ്ടും ഒരാളെപ്പോലെയാകാന്‍ സാധിക്കുക വളരെ പ്രയാസമാണ്.

കലാഭവന്‍ മണിയെ മരണം തട്ടിയെടുത്തപ്പോള്‍ ചാലക്കുടിക്കും അദ്ദേഹത്തെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് ആരാധകര്‍ക്കും ആ വേര്‍പാട് താങ്ങാവുന്നതിലപ്പുറമായിരുന്നു.

എന്നാല്‍ മണി മരിക്കുന്നത് ഒരു പക്ഷേ ദൈവത്തിനിഷ്ടമല്ലായിരിക്കാം, അല്ലെങ്കില്‍ കലാഭവന്‍മണിയുടെ ശബ്ദവും രൂപവും രഞ്ജിത് എന്ന രഞ്ജു ചാലക്കുടിക്ക് എങ്ങനെ ലഭിച്ചു? സത്യത്തില്‍ ആരാണ് രഞ്ജു? അതിനുത്തരം തേടിയുള്ള മംഗളം വാരികയുടെ യാത്ര അവസാനിച്ചതും ചാലക്കുടിയില്‍ തന്നെ...

കലാഭവന്‍മണിയോടുള്ള ആരാധനയാണോ ഈ ഡ്യൂപ്പ് വേഷത്തിലെത്തിച്ചത്?


എന്റെ അമ്മ ചാലക്കുടിക്കാരിയും അച്ഛന്‍ തൃശൂരുകാരനുമാണ്. ചെറുപ്പം മുതല്‍ ചാലക്കുടിയില്‍ നിന്ന് വളര്‍ന്നതുകൊണ്ടാകാം ചാലക്കുടിയിലെ ഭാഷ എന്നിലേക്ക് പകര്‍ന്നത്.

ഇലഞ്ഞിപ്പറ സെന്റ് ആന്റണീസ് യു.പി. സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് മണിച്ചേട്ടന്റെ 'വാസന്തിയും ലക്ഷ്മിയും' എന്ന സിനിമ റിലീസ് ചെയ്യുന്നത്. ഞാനുറങ്ങുന്നതും ഉണരുന്നതും മണിച്ചേട്ടന്റെ പാട്ടുകേട്ടാണ്.

ചെറുപ്പം മുതല്‍ കേള്‍ക്കുന്നതുകൊണ്ടാകാം 6-ാം ക്ലാസ് ആയപ്പോഴേക്കും മണിച്ചേട്ടന്റെ നാടന്‍പാട്ടുകളില്‍ മിക്കതും എനിക്ക് മന:പ്പാഠമായി.സ്‌കൂളിലെ കലാപരിപാടികളില്‍ ഞാന്‍ പങ്കെടുക്കാറില്ല.

പരിപാടികള്‍ അവതരിപ്പിക്കുമ്പോഴുള്ള ഗുണമെന്താണെന്ന് എനിക്കറിയില്ലായിരുന്നു. ആരും പറഞ്ഞു തന്നതുമില്ല. എങ്കിലും എന്റെ സംസാരം കേട്ടിട്ടാവും അധ്യാപകരെല്ലാം 'ജൂനിയര്‍ മണി' എന്നാണ് വിളിച്ചിരുന്നത്.

8-ാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് മണിച്ചേട്ടനെ കാണണമെന്നാഗ്രഹിച്ച് ചെന്നെങ്കിലും കാണാന്‍ സാധിച്ചില്ല. അന്നൊരുപാട് സങ്കടപ്പെട്ടാണ് വീട്ടിലേക്ക് പോയത്.

എങ്കിലും അദ്ദേഹത്തിന്റെ സിനിമാ പോസ്റ്ററുകള്‍ വഴിയില്‍ കാണുമ്പോള്‍ ആരും കാണാതെ അതിനടുത്തുചെന്ന് കുറേനേരം നോക്കിനില്‍ക്കും.എന്നിട്ട് ആ പോസ്റ്ററില്‍ ഉമ്മ വയ്ക്കും.

പഠനത്തിലുപരി എനിക്ക് ചെറിയ കഴിവുകള്‍ ദൈവം തന്നിട്ടുണ്ട്. മരത്തില്‍ കൊത്തുപണി നടത്തുക, പടം വരയ്ക്കുക, സംഗീതം പഠിച്ചിട്ടില്ലെങ്കിലും പാട്ട് പാടുക തുടങ്ങിയവയൊക്കെ ഒരു സൈഡില്‍ക്കൂടി നടക്കും. അന്നൊക്കെ നാടന്‍പാട്ടിനുവേണ്ടി കോറസ് പാടാന്‍ പോകുമായിരുന്നു.

'പ്രസീദ ചാലക്കുടി' എന്ന ചേച്ചിയാണ് എന്നെ ആദ്യമായി സ്‌റ്റേജ് ഷോ അവതരിപ്പിക്കാന്‍ കൊണ്ടു പോയത്. അങ്ങനെ ഹൈദരാബാദില്‍ ഒരു ഷോയ്ക്ക് പോയി. അവിടെവച്ച് 'കണ്ണന്‍സാഗര്‍' എന്ന കോമഡി ആര്‍ട്ടിസ്റ്റിനെ പരിചയപ്പെട്ടു.

പിന്നീട് കുറച്ചു വര്‍ഷങ്ങള്‍ വിനോദ് കൊല്ലാമിയുടെ ഫൈവ്‌സ്റ്റാര്‍ കോമഡി എന്ന പ്രോഗ്രാമിലും ഞാനുണ്ടായിരുന്നു. ഇതിലൂടെയാണ് ചാനലുകളിലേക്ക് എത്തുന്നത്. അന്നും എനിക്ക് മണിച്ചേട്ടന്റെ ശബ്ദം ഉണ്ടായിരുന്നെങ്കിലും ഫിഗര്‍ ഇല്ലായിരുന്നു.

കൈരളി ചാനലില്‍ മണിച്ചേട്ടന്‍ അവതരിപ്പിക്കുന്ന പാട്ടുത്സവം എന്ന പരിപാടിയുടെ ഷൂട്ടിംഗ് അതിരപ്പള്ളി, പെരിങ്ങല്‍ക്കുത്ത് ഭാഗത്തുവച്ച് നടന്നുകൊണ്ടിരിക്കുമ്പോള്‍ പ്രസീദചേച്ചിയുടെ ശുപാര്‍ശപ്രകാരം എനിക്കും ഒരു പരിപാടി അവതരിപ്പിക്കാന്‍ ചാന്‍സ് കിട്ടി. അങ്ങനെയാണ് മണിച്ചേട്ടനെ ആദ്യമായി നേരില്‍ക്കാണുന്നത്.

കലാഭവന്‍മണിയെ നേരിട്ട് കണ്ടപ്പോള്‍?


സിനിമകളില്‍ കാണുന്ന മണിച്ചേട്ടനെ ആയിരുന്നില്ല. അവിടെ. പാചകം ചെയ്യുന്നു, എല്ലാവര്‍ക്കും സ്വന്തം കൈകൊണ്ട് വിളമ്പിക്കൊടുക്കുന്നു. എല്ലാവരോടും ഒരുപോലെ പെരുമാറുന്നു. ഒരു ആര്‍ട്ടിസ്റ്റിനുവേണ്ട എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ വ്യക്തിയായിരുന്നു. ഭക്ഷണം കഴിച്ചശേഷം ഞാന്‍ മണിച്ചേട്ടന്റെ അരികിലെത്തി. 'മണിച്ചേട്ടാ....

ഞാനൊരിക്കല്‍ വീട്ടില്‍ വന്നിരുന്നു, പക്ഷേ കാണാന്‍ സാധിച്ചില്ല, ചേട്ടനറിയുമോ, ഞാനേറ്റവും കൂടുതല്‍ പാടുന്ന പാട്ടുകള്‍ മണിച്ചേട്ടന്റേതാണ്.' സത്യം പറഞ്ഞാല്‍ അപ്പോഴാണ് മണിച്ചേട്ടന്റെ യഥാര്‍ത്ഥ ശബ്ദം എനിക്ക് മനസ്സിലാകുന്നത്.

അടഞ്ഞിട്ടുള്ള ശബ്ദം.നമ്മളാരും സിനിമയില്‍ കേള്‍ക്കുന്ന ശബ്ദമല്ല, ആളുടേത്. ചേട്ടന്‍ എന്നോട് ചോദിച്ചു; എന്റെ പാട്ട് പാടുന്ന ആളോ? എന്നിട്ട് കുറച്ചുനേരം ചിരിച്ചിട്ട് പറഞ്ഞു, ഏറ്റവും കൂടുതല്‍ എന്റെ പാട്ടുകളാണോ പാടുന്നത്? അതെ എന്നു ഞാനും.

ഇനിയും നന്നായി പാടണമെന്നു പറഞ്ഞ് എന്റെ തോളില്‍ തട്ടിയാണ് യാത്രയാക്കിയത്. മണിച്ചേട്ടന്‍ പറഞ്ഞ വാക്കുകള്‍ 10-ാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിക്ക് കിട്ടിയ അവാര്‍ഡായിരുന്നു. കാരണം വീട്ടില്‍ നിന്ന് യാതൊരു സപ്പോര്‍ട്ടും എനിക്കുണ്ടായിരുന്നില്ല. മിമിക്രി, നാടന്‍പാട്ട് തുടങ്ങിയവയില്‍ നിന്ന് നമുക്ക് ഗുണമുണ്ടാകുമോ എന്ന സംശയം വീട്ടുകാര്‍ക്കുണ്ടായിരുന്നു.

അതിരപ്പള്ളി, വാഴച്ചാല്‍, പെരിങ്ങല്‍ക്കൂത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ പാട്ടുത്സവത്തിന്റെ ഷൂട്ട് ഗംഭീരമായി നടന്നു. ആ ദിവസം മുഴുവന്‍ മണിച്ചേട്ടനോടൊപ്പം ചെലവിടാന്‍ സാധിച്ചു. ടി.വിയില്‍ ആ പരിപാടി ടെലികാസ്റ്റ് ചെയത് കഴിഞ്ഞപ്പോള്‍ വിവിധ പ്രോഗ്രാമുകള്‍ക്ക് ക്ഷണം കിട്ടി.

Ads by Google
Loading...
LATEST NEWS
TRENDING NOW