Friday, April 20, 2018 Last Updated 0 Min 2 Sec ago English Edition
Todays E paper
Ads by Google

കലിപ്പ്

Aleena Mariya Varghese
Aleena Mariya Varghese
Wednesday 08 Mar 2017 11.22 AM

അതെ വിജയലക്ഷ്മി, നിങ്ങളായിരുന്നു ശരി

വിജയലക്ഷ്മി ഒരു ഒറ്റപ്പെട്ട സംഭവമല്ല. തന്നെക്കാള്‍ മുകളില്‍ അവള്‍ വളരുമെന്ന ഭയം തുടങ്ങുന്നിടത്തുവച്ചു താലിക്കയറില്‍ അവന്‍ അവളെ കെട്ടുമുറുക്കും. ആ സമയം താമരനൂലെന്നും ചരടെന്നുമുള്ള പേരുകള്‍ അതിനു ചേരില്ല, താലി കൊരുത്ത കയര്‍ എന്നുതന്നെ പറയേണ്ടി വരും. അത്തരത്തില്‍ കയറില്‍ കുടുക്കപ്പെട്ടു പോയി ശ്വാസമുട്ടി ഉള്ളിലെ പ്രതിഭയെ സ്വയംകൊന്ന് ആത്മഹത്യപരമായ ജീവിതം നയിക്കുന്ന ഒരുപാടു സ്ത്രീകള്‍ നമുക്കുചുറ്റും ഉണ്ട്.
Vaikom vijaya lakshmi

നേര്‍ത്തവിരലുകളില്‍ പൊന്നില്‍ തീര്‍ത്തൊരു മോതിരം നാലാള്‍ കാണ്‍കെ ആഘോഷമായി അയാള്‍ അണിയിച്ചപ്പോള്‍ ആ പെണ്ണു കണ്ട സ്വപ്നങ്ങള്‍ കാഴ്ചയുടേയും നിറങ്ങളുടേയും ലോകത്തെ മറി കടക്കാന്‍ മാത്രം വര്‍ണ്ണശബളമായിരുന്നിരിക്കണം. ഇടതു കൈയ്യിലേ മോതിരവിരലില്‍ പേരു കൊത്തിയ ആ പൊന്നില്‍ തൊട്ട് എത്ര വട്ടം തനിക്കു കാണാന്‍ കഴിയാതെ പോയ ആ മനോഹര നിമിഷങ്ങള്‍ അവള്‍ ആസ്വദിച്ചിരുന്നിരിക്കും. അതിലും എത്രയോ തവണ തന്റെ പാതിയാകാന്‍ വിധിക്കപ്പെട്ടവനു വേണ്ടി അവന്റെ ദീര്‍ഘായുസിനും ഐശ്വര്യത്തിനും വേണ്ടി വൈക്കത്തപ്പനോടു പ്രാര്‍ത്ഥിച്ചിരിക്കും.
എന്നിട്ടും ജീവിതത്തിലെ ഏറ്റവും ധീരവും ദു:ഖകരവുമായ തീരുമാനം എടുക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ആ സ്ത്രീയിലെ പ്രതിഭയെ ഒരു താലിച്ചരടില്‍ കൊരുത്തിടാം എന്നു ചിന്തിച്ചതായിരുന്നു അയാള്‍ വരുത്തിയ പിഴവ്. എന്നാല്‍ ഒരു സ്ത്രീയെന്ന നിലയില്‍ പുരുഷന്റെ കരംഗ്രഹിച്ചു നടക്കണം എന്ന മോഹത്തിനു അപ്പുറമായിരുന്നു അല്ലെങ്കില്‍ അതിലും ശക്തമായിരുന്നു സംഗീതത്തോടുള്ള അവരുടെ പ്രണയം. അതുകൊണ്ടു തന്നെയാണു ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ആ നിമിഷത്തില്‍ സംഗീതത്തെയും കലയേയും കൈവിടാന്‍ അവര്‍ തയാറാകാതിരുന്നതും.

വിജയലക്ഷ്മി ഒരു ഒറ്റപ്പെട്ട സംഭവമല്ല. തന്നെക്കാള്‍ മുകളില്‍ അവള്‍ വളരുമെന്ന ഭയം തുടങ്ങുന്നിടത്തുവച്ചു താലിക്കയറില്‍ അവന്‍ അവളെ കെട്ടുമുറുക്കും. ആ സമയം താമരനൂലെന്നും ചരടെന്നുമുള്ള പേരുകള്‍ അതിനു ചേരില്ല, താലി കൊരുത്ത കയര്‍ എന്നുതന്നെ പറയേണ്ടി വരും. അത്തരത്തില്‍ കയറില്‍ കുടുക്കപ്പെട്ടു പോയി ശ്വാസമുട്ടി ഉള്ളിലെ പ്രതിഭയെ സ്വയംകൊന്ന് ആത്മഹത്യപരമായ ജീവിതം നയിക്കുന്ന ഒരുപാടു സ്ത്രീകള്‍ നമുക്കുചുറ്റും ഉണ്ട്. എന്നാല്‍ ശ്വാസംമുട്ടലിന്റെ അങ്ങേയറ്റം ഉള്ളില്‍നിന്നുവരുന്ന ആ പിടച്ചിലില്‍ എല്ലാ കയറുകളും പൊട്ടിച്ചെറിഞ്ഞു വീണ്ടും
കലയിലേയ്ക്കു തിരിച്ചുവന്നവരുമുണ്ട്. മഞ്ജു വാര്യരും അമല പോളുമൊക്കെ അതിനുള്ള ഉദാഹരണങ്ങളാണ്.

തന്നെക്കാള്‍ ശക്തയായ സ്ത്രീയെ അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും ഒരിക്കലും ഒരു പുരുഷനും കഴിഞ്ഞിട്ടില്ല. തന്റെ മുകളില്‍ അവള്‍ വരുന്നു എന്നു തിരിച്ചറിയുന്ന നിമിഷം സാമൂഹിക ചട്ടക്കൂടെന്ന ചൂണ്ടയില്‍ കൊളുത്തിയിടും. ആ ചൂണ്ടയില്‍ കൊളുത്തപ്പെട്ട്, തന്റെ ജീവിതവും സ്വപ്നവും മാറ്റിപ്പണിത് പുതിയ ഒരു ജീവിയായി മറ്റൊരു ലോകത്ത് ജീവിക്കാന്‍ അവള്‍ നിര്‍ബന്ധിതയാകും. നക്‌സലേറ്റു പ്രസ്ഥാനത്തില്‍ സജീവമായിരുന്ന സ്ത്രീകളെ പോലും വിവാഹം കഴിപ്പിച്ച് വീട്ടില്‍ ഒതുക്കിക്കളഞ്ഞവരാണ് മലയാളികള്‍. ഇന്ത്യയുടെ വനിതാ പ്രധാനമന്ത്രിയെയും തമിഴ്‌നാടിന്റെ വനിതാ മുഖ്യമന്ത്രിയേയും അകമഴിഞ്ഞു പിന്തുണച്ച നമുക്ക് ഒരിക്കലും കേരളത്തില്‍ ഒരു സ്ത്രീ മുഖ്യമന്ത്രി കസേരയില്‍ എത്തുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല.

പുരാണങ്ങളിലും ഇതിഹാസങ്ങളിലും നമ്മള്‍ വായിച്ച വിവാഹസമ്പ്രദായം സ്വയംവരമായിരുന്നു. കടുത്ത മത്സരങ്ങള്‍ ജയിച്ചുവന്ന് സ്വയംവരമണ്ഡപത്തില്‍ നിരന്നിരിക്കുന്ന യോഗ്യന്മാരായ പുരുഷന്മാരില്‍നിന്ന് സ്ത്രീ തനിക്ക് അനുയോജ്യനെന്നു തോന്നുന്ന പുരുഷനെ സ്വയം വരിക്കുന്ന രീതി. സ്ത്രീയുടെ ഇഷ്ടത്തിനും സ്വതന്ത്ര്യത്തിനും മൂന്‍തൂക്കം കൊടുക്കുന്ന ഈ സംവിധാനം ഇന്നത്തേ നിലയിലേയ്ക്ക് എത്തിചേര്‍ന്നതിനു പിന്നില്‍ പുരുഷന്റെ ഈഗോ തന്നെയാണ്. അവള്‍ എനിക്കു മുകളില്‍ ഉയര്‍ന്നു പറക്കാന്‍ പാടില്ല എന്ന ചിന്ത. അങ്ങനെ സ്വയംവരം താലികെട്ടിനു വഴിമാറി. പുരുഷന്‍ സത്രീയെ താലിചരടില്‍ കെട്ടി കൂടെനിര്‍ത്താന്‍ തുടങ്ങി. അതോടെ സ്ത്രീയുടെ നിയന്ത്രണവും ജീവിതവും കയറിന്റെ അല്ലെങ്കില്‍ ചരടിന്റെ അറ്റം പിടിക്കുന്ന പുരുഷന്റെ കൈകളിലേയ്ക്കു വന്നു ചേര്‍ന്നു. അവളുടെ ഉടമയും ഉടയോനുമായി അവന്‍ മാറി. സ്ത്രീയ്ക്കു മുമ്പില്‍ പരാജയപ്പെട്ടു പോകുമോ എന്ന വിലകുറഞ്ഞ ചിന്തയാണു പുരുഷസമൂഹത്തേ കൊണ്ട് ഇങ്ങനെ ചെയ്യിച്ചത്.

പെണ്ണ് ഏറ്റവും ദുര്‍ബലയാണെന്നും അതുകൊണ്ടുതന്നെ പെണ്ണിനുമേല്‍ വിജയം നേടിയില്ലെങ്കില്‍ താന്‍ ആണെന്ന പേരില്‍ ജീവിച്ചിരുന്നിട്ടു കാര്യം ഇല്ലെന്നും ഇവര്‍ ചിന്തിക്കുന്നു. എന്നാല്‍ ഭാവി എന്താകുമെന്നുപോലും കണക്കിലെടുക്കാതെ തന്റെ ജീവിതവും പ്രണയവും വിവാഹമെന്ന സ്വപ്‌നത്തിനുവേണ്ടി ഉപേക്ഷിക്കാന്‍ സ്ത്രീകള്‍ കാണിക്കുന്ന ധൈര്യമൊന്നും ഇന്നോളം ഒരു പുരുഷനും ഒന്നിനു വേണ്ടിയും കാണിച്ചിട്ടില്ല. തന്നെക്കാള്‍ മുകളില്‍ അവള്‍ ഉയരുന്നിടത്ത് പിടിച്ചു കെട്ടാന്‍ അവന്‍ കാണിക്കുന്ന ഭീരുത്വം ഒരു പെണ്ണും കാണിക്കില്ല. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ പ്രിയപ്പെട്ടതെന്തും ഉപേക്ഷിച്ച് ഒപ്പം നിന്ന് തന്റെ പുരുഷന്റെ ജീവിതം വിജയിപ്പിക്കാനുള്ള തന്റേടവും ഒരു സ്ത്രീയ്ക്കുണ്ടാകും. അതിന് ഏറ്റവും മികച്ച ഉദാഹരണമാണു സിത്താര്‍ മാന്ത്രികന്‍ പണ്ഡിറ്റ് രവിശങ്കറിന്റെ ആദ്യ ജീവിതസഖി അന്നപൂര്‍ണ്ണ ദേവി.

താനും ഭാര്യയും ഒരുമിച്ചെത്തുന്ന സംഗീതവേദികളില്‍ തന്നെക്കാള്‍ കൂടുതല്‍ കൈയടി ഭാര്യയ്ക്കു കിട്ടുന്നുണ്ട് എന്നു തിരിച്ചറിഞ്ഞപ്പോള്‍ മുതല്‍ അവരുടെ ദാമ്പത്യത്തില്‍ വിള്ളല്‍ വീണു തുടങ്ങി. നിരന്തരസാധനയിലൂടെ അവര്‍ നേടിയെടുത്തതെല്ലാം ത്യജിക്കാന്‍, ഉസ്താദ് അലാവുദീന്‍ ഖാന്‍ എന്ന മഹാസംഗീതജ്ഞന്റെ മകളായിരുന്നിട്ടുംകൂടി അവര്‍ തന്റെ പ്രിയപ്പെട്ടവനുവേണ്ടി തന്റെ പ്രതിഭയെ ഉക്ഷേിക്കാന്‍ തയാറായി. ഇനി ഒരിക്കലും താന്‍ പൊതുവേദിയില്‍ പാടില്ല എന്ന് ഈശ്വരവിഗ്രഹം തൊട്ട് അവര്‍ ശപഥം ചെയ്തു. അതിനു ശേഷം അന്ന പൂര്‍ണ്ണദേവി പൊതുവേദികളില്‍ എത്തിയിട്ടില്ല. ലോകംകണ്ട ആ സിത്താര്‍ മാന്ത്രികനു വേണ്ടി തന്റെ വിരലുകള്‍ അവര്‍ സ്വയം നിശ്ചലമാക്കി. തന്റെ സൂര്‍ബഹറിന്റെ തന്ത്രികള്‍ ഒരിക്കലും കൂട്ടിചേര്‍ക്കാന്‍ കഴിയാത്ത വിധം അവര്‍ പൊട്ടിച്ചെറിഞ്ഞു. എന്നിട്ടും അന്നപൂര്‍ണ ദേവിയെ ജീവിതാവസാനംവരെ ഒപ്പം നിര്‍ത്താന്‍ രവിശങ്കര്‍ തയാറായില്ല. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയിട്ടും 88 വയസിലും അവര്‍ ഒരിക്കല്‍ കൂടി തന്റെ സൂര്‍ബഹര്‍ മീട്ടാന്‍ തയാറായില്ല. ഇന്നും പുറംലോകവുമായി സംസാരിക്കാതെ തന്റെ സംഗീതത്ത തിരിച്ചു പിടിക്കാതെ തീരുമാനത്തില്‍ ഉറച്ചു തന്നെ നില്‍ക്കുന്നു. ഇത്രയും മനശക്തി ഒരിക്കലും ഒരു പുരുഷനില്‍ നിന്നും ഉണ്ടാകില്ല.

എങ്കിലും ഒരു സ്ത്രീയിലെ ശക്തിയെ കണ്ടെത്തണ്ടതും പ്രോല്‍സാഹിപ്പിക്കേണ്ടും അവളുടെ ഒപ്പമുള്ള പുരുഷന്‍ തന്നെയാണ്. അതിന് അയാള്‍ക്കു കഴിയുന്നില്ലായെങ്കില്‍ ആത്മഹത്യപരമായ ആ ജീവിതം നയിക്കുന്നിതിലും നല്ലത് ധീരവും ശക്തവുമായ തീരുമാനം എടുക്കുന്നത് തന്നെയാണ്. എത്ര ഇഗോകൊണ്ടു തടയണകെട്ടിയാലും ഒരു യഥാര്‍ത്ഥ പ്രതിഭയെ തടഞ്ഞു നിര്‍ത്താന്‍ ഒരു പുരുഷനുമാകില്ല. കാലം എത്ര കഴിഞ്ഞാലും അവള്‍ ഉള്ളിലെ പ്രതിഭയെ സ്വയം തിരിച്ചറിയുക തന്നെ ചെയ്യും. ആ നിമിഷം ആരോക്കെ നിങ്ങളെ എതിര്‍ത്താലും കുറ്റപ്പെടുത്തിയാലും കാലം പിന്തുണയ്ക്കും ആ സ്ത്രീ ശക്തിയെ.

Ads by Google

കലിപ്പ്

Aleena Mariya Varghese
Aleena Mariya Varghese
Wednesday 08 Mar 2017 11.22 AM
TRENDING NOW