Sunday, July 30, 2017 Last Updated 12 Min 37 Sec ago English Edition
Todays E paper
Monday 06 Mar 2017 03.29 PM

ഈശാനകോണിന്റെ പ്രാധാന്യം

uploads/news/2017/03/87020/jyothi060317.jpg

23 1/2 ഡിഗ്രി വടക്കോട്ട് ചായ്‌വില്‍ സ്വയം ഭ്രമണം ചെയ്യുന്ന ഭൂമിയിലേക്ക് ഭൗമോര്‍ജ്ജം വരുന്നത് വടക്കു കിഴക്കേ ദിശയില്‍ നിന്നാണല്ലോ. അപ്പോള്‍ ആ ഊര്‍ജ്ജത്തിന് തടസ്സം ഉണ്ടാകാതിരിക്കാനാണ് ഇവിടെ വന്‍മരങ്ങളും ഉയര്‍ന്ന മതില്‍ക്കെട്ടും പാടില്ലെന്ന് പറയുന്നത്.

വാസ്തുശാസ്ത്രത്തെ ഒരു സയന്‍സ് ആയി കാണാനാണ് ഈ ലേഖകന്‍ ഇഷ്ടപ്പെടുന്നത്. എങ്കിലും നമ്മുടെ ഋഷിമാര്‍ കണ്ടെത്തിയതുകൊണ്ട് ഇതില്‍ ദൈവികതയുമുണ്ടാവും.

നമ്മുടെ പൂര്‍വ്വികര്‍ ഇന്ന കാര്യം ചെയ്യരുത് ഇന്നത് ചെയ്യാം എന്നൊക്കെ പറഞ്ഞുവച്ചു. എന്നാല്‍ എന്തുകൊണ്ടാണ് അത് 'ചെയ്യരുത്' എന്നതിന്റെ കാരണം മാത്രം പറഞ്ഞുതന്നില്ല.

സ്വന്തം തലകൊണ്ട് ചിന്തിക്കാതെ, പൂര്‍വ്വികര്‍ കാണിച്ച 'ശരിയിലെ' യുക്തി നോക്കാതെ നമ്മള്‍ അവരെ ഇന്ന് 'വികലമായി' അനുകരിക്കുന്നു.
പൂച്ചയെ കുട്ടയിട്ടു മൂടിയതിനുശേഷം പൂജ ചെയ്യുന്ന പൂജാരിയുടെ കഥ വായനക്കാര്‍ കേട്ടിട്ടുണ്ടാകുമല്ലോ.

അതായത്; പൂജാരി പൂജ ചെയ്യുമ്പോള്‍ വീട്ടിലെ വളര്‍ത്തുപൂച്ച പൂജയ്ക്കിടയില്‍ സ്ഥിരമായി ശല്യം ചെയ്യുമായിരുന്നു. അതുകൊണ്ട് അദ്ദേഹം പൂജയ്ക്ക് മുമ്പ് പൂച്ചയെ കുട്ടയിട്ടു മൂടിയതിനുശേഷമായിരുന്നു പൂജ ചെയ്തുപോന്നത്.

ഒരുനാള്‍ പൂജാരി മരിച്ചതിനുശേഷം അദ്ദേഹത്തിന്റെ മകന്‍ മറ്റൊരു സ്ഥലത്ത് പൂജയ്ക്കു ചെന്നപ്പോള്‍ പൂജാസാധനങ്ങളുടെ ലിസ്റ്റില്‍ പൂച്ചയും കുട്ടയും ചേര്‍ത്തിരുന്നു.

വാസ്തുവൊത്താല്‍ എല്ലാം ശരിയായി എന്നും വാസ്തുശാസ്ത്രത്തില്‍ ഒന്നുമില്ലെന്ന് പറയുന്നവരും ഒരുപോലാണ്. വാസ്തവത്തില്‍ കഥയറിയാതെ ആട്ടം കാണുന്നവരാണിവര്‍.

പറമ്പിനെ ചതുരമായി തിരിച്ച് 8, 9, 10 എന്നീ കളങ്ങളായി തിരിച്ച് ഓരോ കളത്തിന്റെയും സ്വഭാവവും പ്രാധാന്യവുമനുസരിച്ച് അവയെ പെട്ടെന്ന് മനസ്സിലാക്കുവാന്‍ വേണ്ടിയാണ് വാസ്തുവില്‍ '53' ദേവതാ സങ്കല്പമുണ്ടാക്കിയത്.

ഉദാഹരണമായി ഈശാനകോണില്‍ (വടക്കുകിഴക്കേമൂല) ഈശ്വരന്‍ ഇരിക്കുന്നു. ഈശാനന്‍ ശ്വാസം എടുക്കുന്നമൂല എന്നൊക്കെ പറഞ്ഞാല്‍ നമ്മള്‍ ആ മൂലയില്‍ മാലിന്യങ്ങള്‍ ഇടുകയോ, കക്കൂസ് നിര്‍മ്മിക്കുകയോ ചെയ്യില്ല.

അതുപോലെ ഈ ദിക്കില്‍ ചൂലുകൊണ്ട് തൂക്കരുത്, തുളസിയും മറ്റ് ഔഷധച്ചെടികളും നടണം, മഞ്ഞള്‍വെള്ളം കലക്കി തളിക്കണം, ഈ മൂലയെ തൊട്ടുവന്ദിക്കണം, വമ്പന്‍മരങ്ങളും ഉയര്‍ന്ന മതില്‍ക്കെട്ടും പാടില്ല.

ഇവിടം തുറന്നുകിടക്കണം, താഴ്ന്നുകിടക്കണം, ഭാരമുള്ള വസ്തുക്കള്‍ പാടില്ല, കല്ലും മണ്ണും കൂട്ടിയിടരുത്, സ്‌റ്റെയര്‍കെയ്‌സ് പാടില്ല, കാര്‍പോര്‍ച്ച് പാടില്ല, കൃത്യം മൂലയ്ക്ക് തൂണു പാടില്ല.... എന്നൊക്കെ പറയുന്നതിന് വ്യക്തമായ ശാസ്ത്രീയ അടിസ്ഥാനമുണ്ട്.

ഭൂമി കറങ്ങുന്നത് പടിഞ്ഞാറുനിന്നും കിഴക്കോട്ട് ആണല്ലോ? 23 1/2 ഡിഗ്രി വടക്കോട്ട് ചായ്‌വില്‍ സ്വയം ഭ്രമണം ചെയ്യുന്ന ഭൂമിയിലേക്ക് ഭൗമോര്‍ജ്ജം വരുന്നത് വടക്കു കിഴക്കേ ദിശയില്‍ നിന്നാണല്ലോ.

അപ്പോള്‍ ആ ഊര്‍ജ്ജത്തിന് തടസ്സം ഉണ്ടാകാതിരിക്കാനാണ് ഇവിടെ വന്‍മരങ്ങളും ഉയര്‍ന്ന മതില്‍ക്കെട്ടും പാടില്ലെന്ന് പറയുന്നത്.
അതുപോലെ 'ചൂല്' പൊതുവേ നെഗറ്റീവ് ആണല്ലോ.

ഇവിടം നെഗറ്റീവ് ആകാതിരിക്കാനാണ് ചൂലുകൊണ്ടു തൂക്കരുതെന്ന് പറയുന്നത്. മഞ്ഞള്‍ അണുനാശിനിയായതുകൊണ്ടാണ് ഇവിടെ കലക്കി തളിക്കാന്‍ പറഞ്ഞത്. ലോകത്തെ സകലമാന ചെടികളും വൃക്ഷങ്ങളും നോക്കിയാല്‍ അതില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് എനര്‍ജി തരുന്നത് തുളസിയാണ്.

ഭൗമോര്‍ജ്ജത്തോടൊപ്പം ഇതിന്റെ എനര്‍ജികൂടി വീട്ടിലെത്തിച്ചേരാനാണ് ഈ മൂലയില്‍ തുളസിക്ക് സ്ഥാനം പറഞ്ഞത്. ഏറ്റവും കൂടുതല്‍ ഭൗമോര്‍ജ്ജം ലഭിക്കുന്ന സ്ഥലമായതുകൊണ്ടാണ് ഇവിടം തൊട്ടുവന്ദിക്കാന്‍ പറഞ്ഞത്.

അതുപോലെ ഭാരമുള്ള വസ്തുക്കളും (പോര്‍ച്ച്, സ്‌റ്റെയര്‍ കെയ്‌സ് മുതലായവ) ഇവിടെ പാടില്ല. മുന്നോട്ട് സഞ്ചരിക്കുന്ന ഒരു വാഹനത്തില്‍ കൂടുതല്‍ ഭാരം മുമ്പിലാണോ, പിന്നിലാണോ വേണ്ടെതെന്ന് ചിന്തിച്ചാല്‍ മാത്രം മതി ഇതിന്റെ കാരണം കണ്ടെത്താം. അതുകൊണ്ടാണ് ഭാരമുള്ള വസ്തുക്കള്‍ തെക്കും, പടിഞ്ഞാറും വയ്ക്കാമെന്ന് ശാസ്ത്രം വിധിച്ചത്.

ഏറ്റവും ഭാരമുള്ളവ തെക്കുപടിഞ്ഞാറേ കോണിലാകാം. അതായത് വാഹനത്തിന്റെ പുറകുഭാഗത്താണ് നമ്മള്‍ ഏറ്റവും കൂടുതല്‍ ഭാരം വയ്ക്കുന്നത്. വടക്കുകിഴക്കേകോണില്‍ പൂജാമുറിയും അടുക്കളയും വയ്ക്കുന്നത് ഭൗമോര്‍ജ്ജത്തെ സ്വീകരിക്കാന്‍ വേണ്ടിയാണ്.

ഈ മൂലയില്‍ ഗംഗാജലം കുപ്പിയിലാക്കി കുഴിച്ചിട്ടാല്‍ വാസ്തുപുരുഷന്റെ അനുഗ്രഹം ഉണ്ടാകുമെന്ന് ആചാര്യന്മാര്‍ പറഞ്ഞുവച്ചതിന്റെ കാരണവും മറ്റൊന്നല്ല.

പവിത്രമായ ഗംഗാജലം കിടക്കുന്നിടം എന്നബോധം നമുക്കുണ്ടാവുന്നതുകൊണ്ട് ഇവിടം മലിനമാകാതിരിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കും. തന്നെയുമല്ല; ഇവിടം വൃത്തിയായി സൂക്ഷിക്കാനും നമ്മള്‍ ശ്രമിക്കും. അതുകൊണ്ട് ഈ മൂലയിലൂടെ വരുന്ന ഭൗമോര്‍ജ്ജത്തിന് വിപരീതോര്‍ജ്ജം ഉണ്ടാവുകയില്ല.

കലാധരന്‍, കൂട്ടിക്കല്‍

Ads by Google
TRENDING NOW