Tuesday, July 18, 2017 Last Updated 0 Min 24 Sec ago English Edition
Todays E paper
ഡോ. ശരത് സുന്ദര്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, മന്ദിരം ഹോസ്പിറ്റല്‍, മാങ്ങാനം
ഡോ. ശരത് സുന്ദര്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, മന്ദിരം ഹോസ്പിറ്റല്‍, മാങ്ങാനം
Monday 06 Mar 2017 02.57 PM

സ്ത്രീയാകുമോ എന്ന് ഭയപ്പെടുന്ന യുവാവ്

മനസും നിങ്ങളും
uploads/news/2017/03/87012/askdrmasumu060317.jpg

ഡോക്ടര്‍,

ഞാന്‍ ഇരുപത്താറു വയസുള്ള മെയില്‍ നഴ്‌സാണ്. മൂന്നു വര്‍ഷമായി ഒരു സ്വകാര്യ ആശുപത്രിയില്‍ സേവനം അനുഷ്ഠിക്കുകയായിരുന്നു. മറ്റുള്ളവര്‍ അറ്റന്‍ഡ് ചെയ്യാന്‍ മടിക്കുന്ന സങ്കീര്‍ണമായ മെഡിക്കല്‍ കേസുകള്‍ പോലും വളരെ കൂളായി ഞാന്‍ കൈകാര്യം ചെയ്തിരുന്നു. അതിന് ഡോക്ടര്‍മാര്‍ എന്നെ പ്രശംസിച്ചിട്ടുമുണ്ട്. എന്നാല്‍ നാലഞ്ചു മാസമായി ചില വിചിത്രചിന്തകള്‍ എന്നെ സമ്മര്‍ദ്ദത്തിലാക്കുന്നു. മറ്റുള്ളവര്‍ എന്നെ നോക്കുമ്പോള്‍ ഞാന്‍ വല്ലാതെ ചൂളിപ്പോകും. സ്ത്രീകളുടെ മുന്നില്‍ പെട്ടാല്‍ ഒഴിഞ്ഞുപോകാന്‍ തിടുക്കം കാണിക്കും. ഇതുനിമിത്തം ഇപ്പോള്‍ ജോലിക്കു പോകുന്നില്ല. ശരീരം സ്ത്രീകളുടേതുപോലെ ആയിത്തീരുന്നുണ്ടോ എന്നാണ് എന്റെ ഭയം. എന്റെ ചലനങ്ങളും സംസാരവുമൊക്കെ സ്‌ത്രൈണമാണെന്ന് മറ്റുള്ളവര്‍ കരുതുന്നുണ്ടോ എന്നും വേവലാതിപ്പെടുന്നു. മാറിടം സ്തനങ്ങള്‍ക്കു സമാനമായി മാറുന്നുവെന്നും നിതംബഭാഗം സ്ത്രീകളുടേതുപോലെ ആകുന്നുവെന്നും ചിന്തിക്കുമ്പോള്‍ ശരീരം തണുത്തുറയും. ഒപ്പം മനസും തകരും. ഇതൊന്നും സംഭവിക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ നിരന്തരം കണ്ണാടിക്കു മുന്നില്‍ നിന്ന് ഞാന്‍ ശരീരം പരിശോധിക്കുന്നു. യുക്തിക്കു നിരക്കാത്തതാണെന്ന് അറിയാമെങ്കിലും ഇത്തരം ചിന്തകളെ എനിക്കു നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ഇനി ഞാന്‍ എന്തു ചെയ്യണം?

അസാധാരണമായ ചില വിചിത്രചിന്തകള്‍ ഉത്സാഹിയായ ഒരു ചെറുപ്പക്കാരനില്‍ സൃഷ്ടിക്കുന്ന മാനസിക പിരിമുറുക്കങ്ങള്‍ എത്ര ഭീകരമാണെന്ന് ഈ കത്ത് വ്യക്തമാക്കുന്നു. എന്നാല്‍ ഇതുപോലെയുള്ള ചിന്തകള്‍ ഒരു പരിധിവരെ മനുഷ്യസഹജമാണെന്നും കരുതാം.

വിചിത്രവും വികൃതവുമായ രീതിയില്‍ ചിന്തിക്കുന്നത് തെറ്റാണെന്നു പറഞ്ഞുകൂടാ. എന്നാല്‍ യുക്തിരഹിതവും അബദ്ധജഡിലവുമായ ഇത്തരം ചിന്തകള്‍ മനസിന്റെ സ്വസ്ഥതയ്ക്കും ജീവിതത്തിന്റെ ഗുണനിലവാരത്തിനും തടസമാകുമ്പോള്‍ അവസ്ഥ രോഗാതുരമാണെന്നു കരുതാം.

കത്തിലെ വിവരണങ്ങള്‍ സൂചിപ്പിക്കുന്നത്, താങ്കള്‍ക്ക് ഒരുതരം ആന്‍സൈറ്റി ഡിസോര്‍ഡര്‍ ആണെന്നാണ്. വിവിധ തരം ആന്‍സൈറ്റി ഡിസോര്‍ഡറുകള്‍ ഉള്ളതില്‍ ഒബ്‌സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍ എന്ന അവസ്ഥയോടാണ് ഇവിടെ സമാനത.

ഇത്തരക്കാര്‍ക്കുണ്ടാകുന്ന സാമൂഹിക ഉത്കണ്ഠയും ഡിപ്രസീവ് സിസോര്‍ഡറും ഇവിടെ പ്രകടവുമാണ്. യുക്തിയില്ലാത്തതെന്നു സ്വയം തിരിച്ചറിയാവുന്ന ചിന്തകള്‍ അനിയന്ത്രിതമായി ബോധമനസിലേക്കു കടന്നുവരുന്ന അവസ്ഥയെ ഒബ്‌സഷന്‍ എന്നാണു പറയുന്നത്. ഇതുമൂലം വ്യക്തി മാനസിക പിരിമുറുക്കത്തിലാവുകയും ഭയം പോലെയുള്ള വൈകാരിക പ്രയാസങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നു.

ഇതു പരിഹരിക്കുന്നതിനുവേണ്ടി സാഹചര്യങ്ങളെ ഒഴിവാക്കി ഒളിച്ചോടുക, അപാകതകളൊന്നും സംഭവിച്ചിട്ടില്ലെന്ന് നിരന്തരം ഉറപ്പുവരുത്താന്‍ ശ്രമിക്കുക തുടങ്ങിയ മാര്‍ഗങ്ങള്‍ അവലംബിക്കും. ഇതിനെ കംപള്‍ഷന്‍ എന്നു പറയുന്നു.

സാധാരണ ഗതിയില്‍ ഇത്തരം അവസ്ഥകളെ മറ്റുള്ളവര്‍ പരിഹസിക്കുകയോ പുച്ഛിക്കുകയോ ചെയ്യാറാണു പതിവ്. എന്നാല്‍ തൊഴില്‍-സാമ്പത്തിക-സാമൂഹിക തലങ്ങളില്‍ ഉള്‍പ്പെടെ വ്യക്തിയുടെ ജീവിതത്തെ ഇതു മൊത്തമായി ബാധിക്കുമ്പോള്‍ അതിനെ ഗൗരവമുള്ളതായി കാണുകതന്നെ വേണം.

വിദഗ്ധമായ മനശാസ്ത്ര ചികിത്സയിലൂടെ താങ്കളുടെ ആശങ്കകള്‍ക്ക് സമ്പൂര്‍ണ പരിഹാരം സാധ്യമാകും. ചികിത്സ ആരംഭിക്കുംമുമ്പ് താങ്കളെപ്പറ്റിയുള്ള വിശദമായ പഠനം നടത്തേണ്ടതുണ്ട്.

മനസിന് വിചിത്ര ചിന്തകളിലേക്കു കടക്കേണ്ടിവന്നതിന്റെ അടിസ്ഥാനമെന്തെന്നും മറ്റുള്ളവര്‍ തള്ളിക്കളയുന്ന ഇത്തരം ചിന്തകള്‍ക്ക് താങ്കള്‍ എന്തുകൊണ്ട് അമിതപ്രാധാന്യം കൊടുക്കുന്നുവെന്നും കണ്ടെത്തണം. സമാനമായ ചിന്താഗതികള്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ടോ, അവയെ താങ്കള്‍ എപ്രകാരം സമീപിച്ചു തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കേണ്ടതുമുണ്ട്.

ഇതേത്തുടര്‍ന്ന് വസ്തുനിഷ്ഠ ചികിത്സാമാര്‍ഗങ്ങളായ കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി, എക്‌സ്‌പോഷര്‍ റെസ്‌പോണ്‍സ് പ്രിവന്‍ഷന്‍, റിലാക്‌സേഷന്‍ തെറാപ്പി, ഹിപ്‌നോ തെറാപ്പി തുടങ്ങിയവ ചെയ്യേണ്ടതായി വരും. രോഗത്തിന്റെ തീവ്രത കണ്ടെത്തിക്കഴിഞ്ഞ് ആവശ്യമെങ്കില്‍ മരുന്നുകളും കഴിക്കണം.

Ads by Google
TRENDING NOW