Tuesday, April 10, 2018 Last Updated 17 Min 47 Sec ago English Edition
Todays E paper
Ads by Google
Sunday 05 Mar 2017 01.19 AM

മേഘത്തെ തൊട്ട്‌ , മഴയും കണ്ട്‌

uploads/news/2017/03/86525/sun1.jpg

സാധാരണ ദിവസങ്ങളില്‍ പോലും സെക്കന്‍ഡുകള്‍ കൊണ്ട്‌ കാലാവസ്‌ഥ മാറിമറിയുന്ന സ്‌ഥലത്തേക്കുറിച്ച്‌ കേട്ടിട്ടുണ്ടോ? കത്തിജ്വലിച്ചു നില്‍ക്കുന്ന സൂര്യന്‍ ഒറ്റ നിമിഷം കൊണ്ട്‌ കാര്‍മേഘത്തിന്റെ ഉള്ളിലായി ഇരുട്ടു മൂടുന്ന ഒരു സ്‌ഥലം?- അങ്ങനെയൊന്നുണ്ട്‌, മേഘാലയയിലെ മൗസിന്റാം.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ മഴകിട്ടുന്നതെവിടെയാണെന്നു ചോദിച്ചാല്‍ മുമ്പൊക്കെ ഒരുത്തരമേ ഉണ്ടായിരുന്നുള്ളൂ, ചിറാപ്പുഞ്ചി എന്ന്‌. എന്നാല്‍, ഇന്ന്‌ ആ സ്‌ഥാനം മൗസിന്റാമിനാണ്‌. നോക്കിനില്‍ക്കെ സൂര്യവെളിച്ചം മറയുന്നതും മഴ വീഴുന്നതും മഞ്ഞു പൊതിയുന്നതുമൊക്കെ ഇവിടെ നിത്യസംഭവം. തൊട്ടടുത്തു നില്‍ക്കുന്നവരെപ്പോലും മറയ്‌ക്കുന്ന കോടമഞ്ഞിന്റെ നാട്‌.
ചിറാപ്പുഞ്ചിയില്‍ നിന്ന്‌ 15 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഈ നാട്‌ ടൂറിസം വികസനത്തിലൂടെ നല്ല നാളെ തേടുന്ന മേഘാലയയുടെ പ്രതീക്ഷകള്‍ക്ക്‌ ഏറെ മഴവെള്ളമൂട്ടുന്ന മലയോരമാണ്‌.
ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലുള്ളവര്‍ക്ക്‌ തികച്ചും അപരിചിതമാണ്‌ മേഘാലയയുടെ രീതികള്‍. അഞ്ചു മണിക്കു തന്നെ സൂര്യന്‍ ഉദിക്കുകയും വൈകുന്നേരം നാലു മണിയോടെ അസ്‌തമിക്കുകയും ചെയ്യുന്ന നാട്‌. കാഴ്‌ചകള്‍കൊണ്ട്‌ സമ്പന്നമാണ്‌ സംസ്‌ഥാനത്തിന്റെ തലസ്‌ഥാനമായ ഷില്ലോങ്ങും പരിസരങ്ങളും.
അസമിലെ ഗുവഹാത്തിയില്‍ നിന്നും 110 കിലോമീറ്റര്‍ അകലെയാണ്‌ ഷില്ലോങ്‌. മേഘങ്ങളുടെ ഗൃഹമെന്ന വിളിപ്പേരിനെ അന്വര്‍ത്ഥമാക്കുന്നതാണ്‌ ഷില്ലോങ്ങിലെ കാലാവസ്‌ഥ. മേഘാലയയെ വടക്കുകിഴക്കന്‍ മേഖലയുമായി ബന്ധിപ്പിക്കുന്നതും ഷില്ലോങ്ങാണ്‌. എലിഫന്റ്‌ ഫാള്‍സ്‌ വെള്ളച്ചാട്ടം, വാര്‍ഡ്‌ ലേക്ക്‌ പാര്‍ക്ക്‌, ഏറ്റവും പുരാതന പള്ളിയായ കത്തീഡ്രല്‍ ഓഫ്‌ മേരി, ആര്‍മിയുടേയും വായുസേനയുടേയും കേന്ദ്രങ്ങള്‍ എന്നിവയാണ്‌ ഷില്ലോങ്‌ പട്ടണത്തിന്റെ ഹൃദയഭാഗത്തുള്ളത്‌.
ഒരു കാലത്ത്‌ ലോകത്ത്‌ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശമെന്ന പദവിയില്‍ നിന്നും ചിറാപുഞ്ചിയെ തെറിപ്പിച്ച മൗസിന്റാം സ്‌ഥിതി ചെയ്യുന്നത്‌ ഷില്ലോങ്ങിലെ കിഴക്കന്‍ മലനിരയായ ഈസ്‌റ്റ് ഖാസി വില്ലേജിലാണ്‌. 65 കിലോമീറ്ററാണ്‌ ഷില്ലോങ്ങില്‍ നിന്നും ഇവിടേക്കുള്ള ദൂരം. ഒരു വശത്ത്‌ അഗാധമായ കൊക്കയും മറുവശത്ത്‌ കുന്നില്‍ ചെരുവും ചേര്‍ന്നുള്ള റോഡുകളിലൂടെ യാത്ര ഒരേ സമയം സാഹസികവും രസകരവുമാണ്‌. ഇതു കഴിഞ്ഞാല്‍ കൃഷിയിടങ്ങള്‍ക്കു നടുവിലൂടെയാണ്‌ റോഡ്‌. സമുദ്രനിരപ്പില്‍ 2000 മീറ്റര്‍ ഉയരത്തില്‍ സ്‌ഥിതി ചെയ്യുന്ന മൗസിന്റാമിന്റെ പ്രത്യേകത മുതലെടുത്തുകൊണ്ട്‌ ഈ പ്രദേശത്ത്‌ ടൂറിസം വികസിപ്പിക്കാനാണ്‌ മേഘാലയ സര്‍ക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഇവിടെ സംഘങ്ങളുടെ കീഴില്‍ ഹോംസ്‌റ്റേകള്‍ നിര്‍മ്മിച്ചിട്ടുണ്ട്‌.
ഇവിടെ നിന്നും അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക്‌ 25 കിലോമീറ്റര്‍ മാത്രമാണ്‌ ദൂരം. മഴ ഏറ്റവും കൂടുതല്‍ ലഭിക്കുന്നുണ്ടെങ്കിലും ഇതിന്റെ പ്രയോജനം ഇവിടുത്തെ ജനങ്ങള്‍ക്ക്‌ കിട്ടുന്നില്ല. ലഭിക്കുന്ന മഴ മുഴുവന്‍ താഴേക്ക്‌ ഒഴുകി ബംഗ്ലാദേശില്‍ എത്തുകയാണ്‌. വെള്ളം തടഞ്ഞുനിര്‍ത്താന്‍ ആവശ്യമായ സംവിധാനമൊന്നും ഇവിടെയില്ല.
ഈസ്‌റ്റ് ഖാസി വില്ലേജില്‍ തന്നെയാണ്‌ ചിറാപ്പുഞ്ചിയും. സോറയെന്ന പേരിലാണ്‌ ഇതറിയപ്പെടുന്നത്‌. കാടിനോട്‌ ചേര്‍ന്നുകിടക്കുന്ന പ്രദേശം. മൗസിന്റാമിന്റെ അതേ കാലാവസ്‌ഥ. മൗസ്‌മി ഗുഹയാണ്‌ ഈ പ്രദേശത്ത്‌ എത്തുന്ന വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. നൂറുമീറ്ററോളം ദൂരമുണ്ട്‌ ഈ ഗുഹയ്‌ക്ക്. വിശാലമായ വഴിയിലൂടെയാണ്‌ അകത്തേക്ക്‌ കടക്കുന്നതെങ്കിലും ഇടുങ്ങിയ വഴികളിലൂടെയാണ്‌ പിന്നീടുള്ള യാത്ര. ഒരാള്‍ക്ക്‌ കഷ്‌ടിച്ചു കടന്നുപോകാന്‍ കഴിയുന്ന വഴികള്‍. ഗുഹയുടെ വശങ്ങളിലെല്ലാം ഏതോ ശില്‍പ്പിയുടെ കരവിരുതില്‍ പിറവിയെടുത്തതുപോലുള്ള അത്ഭുത ശില്‍പ്പങ്ങള്‍. ഒടുവില്‍ ഗുഹയില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ആശ്വാസത്തേക്കാള്‍ ഏറെ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷവും.
മൗസിന്റാമില്‍ നിന്നും ഷില്ലോങ്ങിലേക്കുള്ള വഴിയിലാണ്‌ കേന്ദ്രീയ വിദ്യാലയം സ്‌ഥിതി ചെയ്യുന്നത്‌. സ്വന്തമായി കെട്ടിടമില്ലാത്തതിനാല്‍ ബ്ലോക്ക്‌ ഡിവിഷണല്‍ ഓഫീസറുടെ ആസ്‌ഥാനത്താണ്‌ ഇതു പ്രവര്‍ത്തിക്കുന്നത്‌. മഴയൊന്നും കുട്ടികള്‍ക്കൊരു പ്രശ്‌നമല്ല. ശക്‌തമായ കോടമഞ്ഞിലും ഫുട്‌ബോള്‍ കളിച്ച്‌ നാളത്തെ പൗരന്മാര്‍ ഉഷാറിലാണ്‌. ഐ ലീഗില്‍ ഷില്ലോങ്‌ ലജോങ്‌ എഫ്‌.സി. മുന്നേറുന്നതിന്റെ ആവേശത്തിലാവാം ഫുട്‌ബോള്‍ കളി മുറുകുന്നു. ഓരോ സീസണിലും ലജോങ്‌ എഫ്‌.സി. മികവു പുലര്‍ത്തുന്നത്‌ എന്തുകൊണ്ടാണെന്നതിന്‌ ഈ ഫുട്‌ബോള്‍ കമ്പം ഉത്തരമേകും.
ആഹാരം കഴിക്കാനുള്ള മെസ്‌ തകരഷീറ്റുകളാല്‍ നിര്‍മ്മിച്ചവയാണ്‌. 194 കുട്ടികളാണ്‌ ഇവിടെ പഠിക്കുന്നത്‌. എല്ലാവരും ട്രൈബല്‍ മേഖലയില്‍ നിന്നുള്ളവര്‍. അടുത്ത വര്‍ഷത്തോടെ സ്വന്തമായ കെട്ടിടത്തിലേക്ക്‌ മാറാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്‌ വിദ്യാര്‍ഥികളും അധ്യാപകരും.
ദൈവം വാരിക്കോരി നല്‍കിയ പ്രകൃതിസൗന്ദര്യത്തെ നശിപ്പിക്കാനുള്ള ശ്രമങ്ങളും ഇവിടെ നടക്കുന്നുണ്ട്‌. ഖനനത്തിന്റെ പേരില്‍ കുന്നുകളും മലകളും ഇടിച്ചുനിരത്തുന്നു. അനധികൃത കല്‍ക്കരി ഖനനവും വ്യാപകമാണ്‌. ഇതൊക്കെ തടയാന്‍ ചെറിയ നീക്കങ്ങളുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല.
ബംഗ്ലാദേശിനോട്‌ അതിര്‍ത്തി പങ്കിടുന്ന ഗ്രാമമാണ്‌ ദാവ്‌കി. ബി.എസ്‌.എഫിന്റെ ശക്‌തമായ കാവലുണ്ടെങ്കിലും പലപ്പോഴും ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ ഇന്ത്യയിലെത്തുന്നത്‌ ഈ വഴിയാണ്‌. കണ്ണാടിയിലെന്നപോലെ അടിത്തട്ട്‌ കാണാന്‍ കഴിയുന്ന ഉമ്‌നോട്ട്‌ നദിയാണ്‌ ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഏറ്റവും കൂടുതല്‍ ടൂറിസ്‌റ്റുകളെ ആകര്‍ഷിക്കുന്നതും ഈ നദിയാണ്‌. എന്നാല്‍ മഴ പെയ്‌താല്‍ നദി കലങ്ങിമറിയും. പിന്നെ രണ്ടാഴ്‌ച കഴിഞ്ഞാല്‍ മാത്രമേ അടിത്തട്ട്‌ കാണാന്‍ കഴിയുകയുള്ളൂ. വിശാലമായ മണല്‍തട്ടുകളോട്‌ കൂടിയതാണ്‌ ഉമ്‌നോട്ട്‌. നദിയിലേക്കുള്ള റോഡിന്റെ പലഭാഗത്തും വെള്ളച്ചാട്ടങ്ങളുടെ മനോഹരദൃശ്യമാണ്‌. ഇവിടേക്കുള്ള വഴിയില്‍ തന്നെയാണ്‌ ലിവിംഗ്‌ റൂട്ട്‌ ബ്രിഡ്‌ജ്. ആല്‍മരങ്ങളുടെ വേരുകള്‍കൊണ്ട്‌ ഒരു നദിക്കുകുറുകെ പ്രകൃതി തന്നെ ഒരുക്കിയതാണ്‌ ഈ പാലം.
ഷില്ലോങ്ങില്‍ നിന്നും ഓരോ വില്ലേജിലേക്കുമുള്ള യാത്ര നല്‍കുന്നത്‌ പലതരത്തിലുള്ള അനുഭവങ്ങളാണ്‌. കുറച്ചു ദുരം സമതലത്തിലൂടെയും കൃഷിയിടങ്ങള്‍ക്ക്‌ സമീപത്തുകൂടിയുമാണ്‌ യാത്രയെങ്കില്‍ പിന്നീടിത്‌ കീഴ്‌ക്കാംതൂക്കായ പാറകള്‍ക്ക്‌ സമീപത്തുകൂടിയാകും.
ചിലപ്പോള്‍ ഭയപ്പെടുത്തുന്ന അഗാധമായ കൊക്കകള്‍ക്ക്‌ സമീപത്തുകൂടിയും. മറ്റു ചിലപ്പോഴാകട്ടെ കാഴ്‌ചയുടെ വസന്തം ഒരുക്കുന്ന കാടിന്റെ പച്ചപ്പുകള്‍ക്കിടയിലൂടെ. ഖാസി, ഗാരോ, ജയന്തിയ എന്നീ വിഭാഗങ്ങളാണ്‌ മേഘാലയയിലുള്ളത്‌. ഓരോരുത്തരുടേയും ജീവിത രീതിയും സംസ്‌കാരവും ഭക്ഷണരീതിയുമെല്ലാം വ്യത്യസ്‌തമാണെങ്കിലും എല്ലാവരുടേയും പ്രധാന ഉപജീവന മാര്‍ഗം കൃഷിയാണ്‌. എന്നാല്‍ ആവശ്യത്തിന്‌ വെള്ളം ലഭിക്കാത്തത്‌ ഇവരെ പ്രതികൂലമായി ബാധിക്കുന്നു. മഴ പെയ്‌ത ലഭിക്കുന്ന വെള്ളം തടഞ്ഞുനിര്‍ത്താന്‍ കഴിയാത്തതാണ്‌ ഇവര്‍ക്ക്‌ വിനയാകുന്നത്‌. മഴവെള്ള സംഭരണികള്‍ക്ക്‌ (റെയിന്‍വാട്ടര്‍ ഹാര്‍വസ്‌റ്റിങ്‌) ഉന്നല്‍ നല്‍കി കര്‍ഷകര്‍ക്ക്‌ ആശ്വാസം നല്‍കാനാണ്‌
സര്‍ക്കാരിന്റെ തീരുമാനം. കുടിവെള്ളത്തിനു പോലും കിലോമീറ്റര്‍ നടക്കേണ്ടി വരുന്ന ജനതയാണ്‌ ഗ്രാമങ്ങളിലുള്ളത്‌. വയലുകള്‍ക്ക്‌ സമീപം കിണര്‍ കുഴിച്ച്‌ ഇതില്‍ നിന്നും വെള്ളം ശേഖരിക്കുകയാണ്‌ പതിവ്‌. ഉരുളക്കിഴങ്ങ്‌, സവാള, കോളിഫ്‌ളവര്‍, ചോളം, നെല്ല്‌ എന്നിവയാണ്‌ പ്രധാന കൃഷിയിനങ്ങള്‍. അടയ്‌ക്കയാണ്‌ ഏറ്റവും കൂടുതലായി കൃഷി ചെയ്‌തു വരന്നത്‌. ഗ്രാമങ്ങളില്‍ അപൂര്‍വമായി സ്‌കൂളുകളുണ്ടെങ്കിലും മിക്ക കുട്ടികളും കൃഷിപ്പണിക്ക്‌ രക്ഷാകര്‍ത്താക്കളെ സഹായിക്കുകയാണ്‌ ചെയ്യുന്നത്‌.
ചെറിയ ചന്തകളുണ്ടെങ്കിലും ബാര്‍ട്ടര്‍ സമ്പ്രദായമാണ്‌ മിക്ക ഗ്രാമങ്ങളിലും .കിലോയ്‌ക്ക് 45,000 രൂപ വരെ വിലയുള്ള അപൂര്‍വമായ മുളുക്‌ വിത്തുകള്‍ പോലും ഈ രീതിയിലാണ്‌ വില്‍ക്കുന്നത്‌. അതിനാല്‍ തന്നെ മിക്കപ്പോഴും ഗ്രാമീണര്‍ക്ക്‌ അവരുടെ ജോലിക്ക്‌ അനുസരിച്ചുള്ള പണം ലഭിക്കാറില്ല. കൂടുതല്‍ പ്രദര്‍ശനമേളകള്‍ സംഘടിപ്പിച്ച്‌ ഇതിനു പരിഹാരം കാണാനുള്ള ഒരുക്കത്തിലാണ്‌ അധികൃതര്‍.
പഠനത്തില്‍ പെണ്‍കുട്ടികളാണ്‌ മുന്‍പിലെന്നതിനാല്‍ സര്‍ക്കാര്‍ തസ്‌തികളില്‍ കൂടുതലും സ്‌ത്രീകളാണ്‌. ആണ്‍കുട്ടികളാകട്ടെ 18 വയസാകുന്നതോടെ ടാക്‌സി സര്‍വീസിലേക്ക്‌ തിരിയും. ഓട്ടോ റിക്ഷകളെ കണികാണാന്‍ പോലും കിട്ടാത്ത ഇവിടെ മാരുതി 800 കാറുകളാണ്‌ ഏറ്റവും കൂടുതല്‍ ടാക്‌സിയായി ഓടുന്നത്‌. മുംബൈയിലെ പ്രീമിയര്‍ പത്മിനി കാറുകളുടെ സ്‌ഥാനമാണ്‌ ഇവിടെ മാരുതിക്ക്‌്. കുടുംബ വസ്‌തു ഭാഗം വയ്‌ക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്കാണ്‌ മുന്‍ഗണന.
ഏറ്റവും ഇളയ പെണ്‍കുട്ടിക്കാണ്‌ വീടും അതിനു ചുറ്റുമുള്ള ഭൂമിയും നല്‍കുക. ഇവരെ വിവാഹം കഴിക്കുന്നയാള്‍ ഈ വീട്ടില്‍ താമസിക്കണം. ഇതു മുതലെടുത്ത്‌ മറ്റു സംസ്‌ഥാനത്തു നിന്നുള്ളവര്‍ ഇവിടെയെത്തി പെണ്‍കുട്ടികളെ വിവാഹം കഴിക്കുക പതിവായിരുന്നു. എന്നാല്‍, ഭൂമി കൈയില്‍ വരുന്നതോടെ ഇതെല്ലാം വിറ്റഴിച്ച്‌ 'ഭര്‍ത്താവ്‌' മുങ്ങും. പിന്നീടുള്ള അന്വേഷണത്തിലാണ്‌ അയാള്‍ക്ക്‌ സ്വന്തം നാട്ടില്‍ ഭാര്യയും കുട്ടികളുമുള്ളത്‌ അറിയുക. ഇത്തരം കബളിപ്പിക്കലുകള്‍ പതിവായതോടെ ഗ്രാമവാസികള്‍ ഒരു തീരുമാനമെടുത്തു-പുറത്തുനിന്നുള്ളവര്‍ക്ക്‌ മകളെ വിവാഹം ചെയ്‌തു നല്‍കില്ല.
പെണ്‍കുട്ടികളുടെ വിവാഹ പ്രായവും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്‌തമാണ്‌. 30 കഴിയാതെ ഒരു പെണ്‍കുട്ടികയും വിവാഹത്തിനു തയാറാകില്ല. സ്വന്തം കാലില്‍ നിന്ന്‌ വരുമാനമുണ്ടായാല്‍ മാത്രമേ വിവാഹത്തിനു പലരും സന്നദ്ധരാകുന്നുള്ളൂ. ഏതെങ്കിലും തരത്തിലുള്ള രോഗമുണ്ടയാല്‍ ആശുപത്രിയില്‍ പോകാന്‍ ഇവര്‍ തയാറാല്ല. പകരം അവരുടെ വിശ്വാസങ്ങള്‍ക്ക്‌ അനുസരിച്ചുള്ള പ്രാര്‍ഥനകളെയാണ്‌ ഇവര്‍ ആശ്രയിക്കുന്നത്‌. വിദ്യാഭ്യാസത്തിന്റെ കുറവാണ്‌ ഇതിനു കാരണമായി വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്‌.
ഇന്ത്യയിലെ ഒരു സംസ്‌ഥാനമാണെങ്കിലും ഏറ്റവും കുടുതല്‍ അവഗണന നേരിടുന്നതും ഇവരാണ്‌. പലപ്പോഴും അന്യരാജ്യക്കാരോട്‌ എന്ന പോലെ അധികൃതര്‍ പെരുമാറുന്നുവെന്നാണ്‌ ഇവരുടെ പരാതി. മൂന്നു വശവും ബംഗ്ലാദേശിന്റെ അതിരുകളാണെങ്കിലും ചൈനയുടെ ആള്‍ക്കാര്‍ എന്ന അധിക്ഷേപമാണ്‌ ഇവര്‍ക്ക്‌ കേള്‍ക്കേണ്ടി വരുന്നത്‌.
ഏറ്റവും കൂടുതല്‍ സാമ്പത്തിക സഹായം ആവശ്യമായ വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളെ അവഗണിക്കുകയാണ്‌ കേന്ദ്രം ചെയ്യുന്നതെന്നാണ്‌ മേഘാലയ മുഖ്യമന്ത്രി മുകുള്‍ സാംഗ്മ പറയുന്നത്‌. നേരത്തെ നല്‍കിവന്നിരുന്ന സഹായം പോലും കവര്‍ന്നെടുക്കുകയാണ്‌. ഇതിനു മാറ്റം വരുത്താതെ സംസ്‌ഥാനത്തിന്‌ മുന്നോട്ടു പോകാന്‍ കഴിയില്ല. അതിനോടൊപ്പം തന്നെ ടൂറിസം മേഖലയിലെ വളര്‍ച്ചയാണ്‌ സര്‍ക്കാര്‍ മുന്നോട്ടുവയ്‌ക്കുന്ന പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്‌തമാക്കുന്നു.

വി.എ. ഗിരീഷ്‌

Ads by Google
Sunday 05 Mar 2017 01.19 AM
YOU MAY BE INTERESTED
TRENDING NOW