Tuesday, June 19, 2018 Last Updated 27 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 05 Mar 2017 01.19 AM

കുട്ടനാട്ടിലെ സ്വര്‍ഗീയ ഗായകന്‍

uploads/news/2017/03/86524/sun4.jpg

കോട്ടയം ചങ്ങനാശേരി റോഡില്‍ കുറിച്ചിയില്‍നിന്നു കൈനടിയിലേക്കുള്ള ഗ്രാമീണറോഡ്‌. ചെറുകാറ്റില്‍ ഇളകിയാടുന്ന നെല്‍പ്പാടങ്ങളുടെ നടുവിലൂടെ യാത്രചെയ്‌താല്‍ ഈര എന്ന ഗ്രാമത്തിലെത്താം. ഒരുപിടി വിസ്‌മയങ്ങള്‍ ഒളിപ്പിച്ചുവച്ച ഒരു അദ്‌ഭുതലോകമാണിന്ന്‌ ഈര. അവിടെ നിങ്ങളെ കാത്തു പറുദീസയുണ്ട്‌... ഏദന്‍തോട്ടവും സമരിയ പട്ടണവുമുണ്ട്‌. കാനായിലെ കല്യാണ വീടും പിന്നെ കര്‍ഷകരുടെ അമ്മയും. ഈര എന്ന ഈ ചെറിയ കുട്ടനാടന്‍ ഗ്രാമത്തില്‍ ഈ വിസ്‌മയച്ചെപ്പ്‌ ഒരുക്കിയത്‌ കുട്ടനാട്ടുകാരുടെ സ്വന്തം സ്വര്‍ഗീയ ഗായകനാണ്‌. ഫാ. ഷാജി തുമ്പേച്ചിറയില്‍. ഒരു ദശാബ്‌ദമായി പാട്ടെഴുത്തിനും സംഗീതത്തിനുമൊപ്പം ഈരയെന്ന ഗ്രാമത്തെയും ഫാ. ഷാജി നിറഞ്ഞു സ്‌നേഹിക്കുകയാണ്‌. അദ്ദേഹത്തിന്റെ സാന്നിധ്യംകൊണ്ടാകാം ഈ ഗ്രാമത്തിലെ ഓരോ പുല്‍ക്കൊടിയിലും ദേവ സംഗീതത്തിന്റെ അലയൊലികളാണ്‌.
ഈശോ വസിക്കും കുടുംബം, മരിയന്‍, ജീസസ്‌, മന്നാപേടകം, പളുങ്കുകടല്‍, മഞ്ഞ്‌ എന്നിവയടക്കം നൂറുകണക്കിന്‌ ആല്‍ബങ്ങള്‍. ക്രിസ്‌തീയ ഭക്‌തിഗാനരംഗത്ത്‌ തന്റേതായ മുദ്ര പതിപ്പിച്ച അനുഗ്രീത കലാകാരന്‍. എന്‍ അമ്മയെ ഓര്‍ക്കുമ്പോള്‍, അമ്മേ അമ്മേ തായേ, നാഥാ നിനക്കായി പാടിപ്പാടിയെന്‍ നാവു തളര്‍ന്നാല്‍, ഓര്‍മ്മവച്ച നാള്‍ മുതല്‍ ഓസ്‌തിയില്‍ നിന്നെ കാണുന്നു... ഫാ. ഷാജിയെഴുതി സംഗീതം നല്‍കിയ ഗാനങ്ങള്‍ മൂളാത്തവരില്ലെന്നായി. 1990 കളിലാണ്‌ ഫാ. ഷാജി തുമ്പേച്ചിറയില്‍ സംഗീത സപര്യ തുടങ്ങിയത്‌. ക്രൈസ്‌തവ ഭക്‌തിരസപ്രധാനമായ അയ്യായിരത്തിലധികം ഗാനങ്ങള്‍ ഫാ. ഷാജിയുടെ പേനത്തുമ്പില്‍നിന്ന്‌ വിരിഞ്ഞു.
ഇവയില്‍ പലതും കത്തോലിക്കാ ദേവാലയങ്ങളില്‍ മാത്രമല്ല, മറ്റുക്രൈസ്‌തവ വിഭാഗങ്ങളില്‍ പോലും സ്വാധീനം ചെലുത്തിയ ഗാനങ്ങളാണ്‌. തന്റെ എല്ലാ ഗാനങ്ങള്‍ക്ക്‌ പിന്നിലും ദൈവകരമാണെന്ന സാക്ഷ്യപ്പെടുത്തലാണ്‌ ഫാ. ഷാജിക്കുള്ളത്‌. ആരാധനയുടെ നീണ്ട മണിക്കൂറുകള്‍ക്കിടയില്‍ വരികളോരോന്നും മനസിലേക്ക്‌ അണയുകയാണ്‌. പിന്നീട്‌ അവ പകര്‍ത്തിയെഴുതുന്നു. ദൈവത്തിന്റെ അമൂല്യഅനുഗ്രഹം സാഹിത്യരൂപത്തില്‍ തന്റെ പേനത്തുമ്പില്‍ വിരിയുന്നു. ബഹുഭൂരിപക്ഷം സൃഷ്‌ടികളും മൊട്ടിടുന്നത്‌ ഈവിധത്തിലാണ്‌. സംഗീത വഴിയിലെ തന്റെ യാത്രകളെയും ലക്ഷ്യങ്ങളെയും കുറിച്ച ഈര ലൂര്‍ദ്‌ ദേവാലയത്തില്‍വച്ച്‌ പങ്കുവച്ചു.

സംഗീത വഴിയിലേക്ക്‌

ശരിക്കും ബോധപൂര്‍വമായ കടന്നു വരവായിരുന്നില്ല. തേന്‍കൂട്ടില്‍ നിന്നും തേന്‍ വരുന്നതുപോലെയായിരുന്നു ആ വരവ്‌. കുഞ്ഞുനാള്‍ മുതല്‍ വെറുതേമൂളിത്തുടങ്ങി. സെമിനാരിയില്‍ വച്ചു അത്‌ കൂടി വന്നു. മനസില്‍ സ്വയമേ ചിലതുതോന്നി. പിന്നെ പാട്ടെഴുത്ത്‌ തുടങ്ങി. വെറുതേ പാടിയ ആ പാട്ടുകള്‍ ആളുകള്‍ സ്വീകരിച്ചു.
അമ്മേ അമ്മേ തായേ...

എല്ലാവരും ഏറെ ഹിറ്റെന്നു പറയുന്ന മരിയന്‍ എന്ന ആല്‍ബത്തിലെ അമ്മേ അമ്മേ എന്ന ഗാനം പിറന്നതിന്റെ പിന്നിലെ ചരിത്രം പറയുമ്പോള്‍ ഷാജിയച്ചന്‍ പുഞ്ചിരിയോടെ ഒരു കാര്യം പറയുന്നു. ''ആ ഗാനം ഒരിക്കലും എന്റെ ചിന്തയില്‍ വന്നതല്ല. അത്‌ കന്യാമറിയത്തിന്റെ അനുഗ്രഹമാണ്‌. ഒരുപാട്‌ അംഗങ്ങളുള്ള ഒരു കുടുംബത്തിലായിരുന്നു ജനനം.
പന്ത്രണ്ടാമത്തെ മകനായി. അമ്മയുടെ ലാളനയും സ്‌നേഹവും പരിപാലനയുമൊന്നും അധികം അനുഭവിക്കാന്‍ കഴിഞ്ഞിരുന്നില്ല. എല്ലാ മക്കളെയും വളര്‍ത്തേണ്ട തിരക്കില്‍ അമ്മയില്‍ നിന്നും അധികം സ്‌നേഹം എനിക്ക്‌ കിട്ടിയില്ല എന്നായിരുന്നു ചിന്ത മുഴുവനും. എന്നാല്‍, ക്യാന്‍സര്‍ ബാധിച്ച്‌് അമ്മ മരിക്കാറായപ്പോഴാണ്‌ ആ സ്‌നേഹവും കരുതലുമൊക്കെ മനസിലായത്‌. കുറ്റവും കുറവുമുള്ള എന്റെ അമ്മ എന്നോട്‌ ഇത്രയും സ്‌നേഹം കാണിച്ചെങ്കില്‍ ഒരു കുറവുകളുമില്ലാത്ത മിശിഹായുടെ അമ്മയ്‌ക്ക് എന്തുമാത്രം കരുതലുണ്ടാകും. ആ ശുദ്ധ സ്‌നേഹത്തിന്റെ ശരിയായ പ്രകടനമായിരുന്നു ആ ഗാനം. ഒരു രാത്രി പള്ളിയില്‍
പ്രാര്‍ത്ഥനയിലായിരിക്കെ ആ വരികള്‍ ഒഴുകിയെത്തുകയായിരുന്നു. വായില്‍ വന്ന വാക്കുകള്‍ ഓര്‍ത്ത്‌ കടലാസിലേക്ക്‌ പകര്‍ത്തി. കുട്ടികള്‍ക്ക്‌ വേണ്ടി ചെറിയൊരു ഗാനം എന്ന നിലയില്‍നിന്നും അമ്മേ അമ്മേ തായേ ലോകത്തെമ്പാടുമുള്ള വിശ്വാസികള്‍ ഏറ്റുപാടി.''

സംഗീതം പഠിക്കാത്ത ഗായകന്‍

ഗാനരചയിതാവും സംഗീത സംവിധായകനുമെന്ന നിലയിലുള്ള യാത്രകള്‍ക്ക്‌ യാതൊരു വിധത്തിലുമുള്ള മുന്‍പരിചയമോ ഔദ്യോഗിക പരിശീലനമോ ലഭിച്ചിട്ടില്ല. എല്ലാം ദൈവത്തിന്റെ അനുഗ്രഹവും വരദാനവുമാണ്‌. ദൈവം തന്ന കഴിവിനെ മനുഷ്യരാശിയുടെ നന്മയ്‌ക്കായി ക്രിസ്‌തുമഹത്വം പ്രഘോഷിക്കാന്‍ ഉപയോഗിക്കുന്നുവെന്നു മാത്രം. അനശ്വര ഗാനങ്ങളുടെ പേരില്‍ എവിടെയും ആദരം മാത്രമാണ്‌ ലഭിക്കുന്നത്‌.
തങ്ങള്‍ ദിവസേനെയെന്നോണം ആലപിക്കുകയോ ശ്രവിക്കുകയോ ചെയ്യുന്ന ഗാനങ്ങളുടെ സ്രഷ്‌ടാവെന്ന നിലയില്‍ ആളുകള്‍ ആരാധനയോടെയാണ്‌ എവിടെച്ചെന്നാലും സ്വീകരിക്കുന്നത്‌. ഇത്‌ എന്റെ കഴിവല്ല, ദൈവത്തിന്റെ അനുഗ്രഹമാണ്‌ എന്നെക്കൊണ്ട്‌ ഇതെല്ലാം സാധ്യമാക്കുന്നത്‌. സ്‌റ്റുഡിയോയില്‍ പാട്ട്‌ റെക്കോഡ്‌ ചെയ്യാന്‍ ഗായകര്‍ തയ്യാറടുത്ത്‌ നില്‍ക്കുമ്പോഴാകും പലപ്പോഴും ട്യൂണ്‍ വരുന്നത്‌. ഇതുകൊണ്ട്‌ ചില ദോഷങ്ങളും ഉണ്ടായിട്ടുണ്ട്‌. എവിടെ നിന്നോ സംഗീതം കടം കൊണ്ടതായി ചിലര്‍ പറയുന്നുണ്ട്‌. ആരെന്ത്‌ പറയുന്നു എന്ന്‌ ഒരിക്കലും ശ്രദ്ധിച്ചിട്ടില്ല. ദൈവം തന്ന കഴിവിനെ വിനിയോഗിക്കുന്നു എന്നു മാത്രമേ ഞാന്‍ ചിന്തിച്ചിട്ടുള്ളൂ.

ആല്‍ബങ്ങളുടെ പിറവി

വളരെ നിരാശപ്പെട്ട ചില മനുഷ്യര്‍ ഞാനെഴുതിയ പാട്ടുകള്‍കേട്ട്‌ കരഞ്ഞ്‌ ശുദ്ധീകരണം ഉണ്ടായി എന്നു പറഞ്ഞിട്ടുണ്ട്‌. അതുവഴി മാനസാന്തരം ഉണ്ടാകുന്നു. ഇത്‌ പലപ്പോഴും കണ്ടിട്ടുണ്ട്‌. പണ്ട്‌ തൊടുപുഴയില്‍ നിന്നും ഒരു കര്‍ഷകന്‍ വിളിച്ചിട്ട്‌ ഇതുപോലൊരു അനുഭവം പറഞ്ഞു. ആദ്യകാലത്ത്‌ എഴുതിയ ക്രൂശിന്‍ നിഴലില്‍ നീറും മുറിവില്‍ മനം പാടി നിന്‍ സ്‌തോത്രം എന്ന പാട്ടില്‍ മനുഷ്യനനുഭവിക്കുന്ന ഒരുപാട്‌ ദുരിതങ്ങളെക്കുറിച്ചുണ്ട്‌.
വലിയ ഏതോ ദുഖത്തില്‍പെട്ടിരിക്കെ ആ മനുഷ്യന്‍ ഈ ഗാനം കേട്ടിട്ട്‌ ആത്മഹത്യ ചെയ്യേണ്ട സാഹചര്യത്തില്‍ നിന്നും പിന്‍മാറി. ഇത്തരം അനുഭവം പലരും പറഞ്ഞിട്ടുണ്ട്‌. അതുകൊണ്ടുതന്നെ കൂടുതല്‍ എഴുതാനും പാട്ടുണ്ടാക്കാനും തുടങ്ങി. സഹിക്കാനാവാത്ത വേദനകള്‍, ദുഖം, ആനന്ദം ഇങ്ങനെ പല വികാരങ്ങള്‍ ഉണ്ടാകുമ്പോഴാണ്‌ പാട്ടുണ്ടാകുന്നത്‌. ജീവിതാനുഭവങ്ങളെ പരമാവധി പാട്ടില്‍കൊണ്ടുവരിക എന്നതാണ്‌ തന്റെ രീതി. എന്റെ ജീവിതത്തിലെ സകല ദുരനുഭവങ്ങളും ഞാന്‍ അന്നും ഇന്നും പാട്ടായി എഴുതിക്കൊണ്ടിരിക്കുകയാണ്‌. എന്നെ സംബന്ധിച്ചിടത്തോളം ഒരു ഇന്ധനമാണ്‌ സകലവിധ മുറിവുകളും. അനുഭവിച്ച ചില തിരസ്‌കാരങ്ങളായ ആ മുറിവുകള്‍ ഇല്ലായിരുന്നുവെങ്കില്‍ പുതിയ പാട്ട്‌ എന്നില്‍ ജനിക്കുന്നില്ല.
അതുകൊണ്ട്‌ മുറിവുകള്‍ നല്‍കപ്പെട്ടുകൊണ്ടേയിരുന്നു. ദൈവം ഇത്‌ ഇന്ധനമാക്കിയതുകൊണ്ടാണ്‌ എനിക്ക്‌ റോക്കറ്റായി കുതിക്കാന്‍ സാധിച്ചതും. ഹൃദയത്തില്‍ ഈ മുറിവുകളോടൊക്കെ എനിക്ക്‌ നന്ദിയാണ്‌.

ചിന്തിച്ചതിന്‌ അപ്പുറം

പാട്ടുകള്‍ക്ക്‌ എന്താണ്‌ സംഭവിക്കുക എന്നത്‌ നോക്കിയല്ല പലപ്പോഴും പാട്ടുകള്‍ രൂപപ്പെടുത്തുന്നത്‌. ഞാന്‍ ചിന്തിച്ചതിനും ആഗ്രഹിച്ചതിനും അപ്പുറം എത്തിയ പാട്ടുകള്‍ പലതുമുണ്ട്‌. അത്‌ രണ്ട്‌ തരത്തിലാണ്‌. ഒന്ന്‌ ജനങ്ങള്‍ എത്തിച്ചതും മറ്റൊന്ന്‌ ദൈവം എത്തിച്ചതും. മനുഷ്യന്‍ ഏറ്റെടുത്തതില്‍ പ്രധാനപ്പെട്ടത്‌ മരിയന്‍ എന്ന ആല്‍ബത്തിലെ അമ്മേ അമ്മേ തായേ...ബഥ്‌സെയ്‌ദാ കുളക്കരയില്‍ എന്നിവയൊക്കെയാണ്‌.
എന്നാല്‍, ദൈവം എത്തിച്ച ചില പാട്ടുകളുണ്ട്‌. ഒരിക്കല്‍ പള്ളി നിര്‍മ്മാണത്തിനിടെ ചില പ്രതിസന്ധികള്‍ ഉണ്ടായി ഏറെ വിഷമിച്ചിരിക്കുമ്പോള്‍ തോന്നിയ വരികളുണ്ട്‌. അമ്മേ മാതാവേ എന്ന്‌ ഞാനീ മന്നില്‍ എത്രവിളിച്ചെന്നറിയാമോ...ഹൃദയമിടിപ്പുകള്‍ എണ്ണിയാല്‍ മതിയമ്മേ...എന്നു തുടങ്ങുന്നതാണ്‌ ഈ പാട്ട്‌. ഇതിനുശേഷം ആ പ്രതിസന്ധികള്‍ മാറിയെന്നുമാത്രമല്ല തുടര്‍ന്നുള്ള പ്രവൃത്തികള്‍ എളുപ്പമാക്കാന്‍ കഴിഞ്ഞു. ഇങ്ങനെ പലഗാനങ്ങള്‍. ഇതൊക്കെ ഒരുപക്ഷേ വലിയ ഹിറ്റുകളായി മാറിയില്ലെങ്കിലും പൂര്‍ണ സംതൃപ്‌തി നല്‍കിയിട്ടുണ്ട്‌. അത്‌ അത്ഭുതപ്പെടുത്തിയിട്ടുണ്ട്‌.

ഭക്‌തിഗാനമേഖലയിലെ കിട മത്സരം

ഭക്‌തിഗാന രചനയില്‍ എതിരും മത്സരവും ഒക്കെ ഫീല്‍ ചെയ്‌തിട്ടുണ്ട്‌. നല്ലത്‌ ചെയ്യുക എന്നത്‌ മാത്രമായിരുന്നു ആ കാലത്ത്‌ എന്റെ തീരുമാനം. പലരും എന്റെ പേര്‌ അനുകരിച്ചു. ശൈലി അനുകരിച്ചു. എന്തിന്‌ കാസറ്റിന്റെ കവറും ഡിസൈനിങ്ങും പോലും ഒരുപോലെയാക്കിയിരുന്നു. എന്നാല്‍, അതിലൊന്നും ഒരു പരാതിയും എനിക്കില്ല.
നല്ല ഗാനങ്ങള്‍ നല്‍കുക എന്ന ഒരൊറ്റ ലക്ഷ്യത്തിലേക്ക്‌ മുമ്പോട്ടുപോയി. അതുകൊണ്ടുതന്നെ ദൈവ സഹായത്താല്‍ വിജയമുണ്ടായി. എന്റെ പാട്ടുകളുടെയും ആല്‍ബങ്ങളുടെ പിന്നിലെ രഹസ്യങ്ങള്‍പോലും ചോദിച്ചവര്‍ക്കൊക്കെ പറഞ്ഞുകൊടുത്തു. അയ്യായിരത്തിലധികം ഗാനങ്ങള്‍ എഴുതിക്കഴിഞ്ഞു. ഉള്ളില്‍ സംഗീതം ദൈവം തന്നിട്ടുള്ളതിനാല്‍ ഇനിയും എഴുത്തു തുടരണം
സ്വപ്‌നം

കന്യാമറിയത്തിനോട്‌ വലിയ ഭക്‌തിയാണ്‌ ഇപ്പോള്‍. ആ അമ്മയുടെ സഹായത്താലാണ്‌ എന്റെ ഉയര്‍ച്ചയെന്ന്‌ വിശ്വസിക്കുന്നു. അതുകൊണ്ട്‌ തന്നെ ഒരു മരിയന്‍ സിനിമ എടുക്കണം.അതാണ്‌ മനസിലെ സ്വപ്‌നം. ഇപ്പോള്‍ ചില ആശയങ്ങള്‍ ഉള്‍പ്പെടുത്തി ചില ലൈറ്റ്‌ ആന്‍ഡ്‌ സൗണ്ട്‌ ഷോ ചെയ്‌തിട്ടുണ്ട്‌. അതിന്റെയൊക്കെ അനുഭവങ്ങളുടെ അടിസ്‌ഥാനത്തില്‍ ഒരു മരിയന്‍ സിനിമ എന്ന സ്വപ്‌നമാണുള്ളത്‌. ഇത്രയും നടത്തി തന്ന ദൈവം അതിലേക്കും തന്നെ വഴി നടത്തുമെന്ന ഉറച്ച വിശ്വാസമുണ്ട്‌.

ബര്‍ലിന്‍ മാത്യു

Ads by Google
Sunday 05 Mar 2017 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW