Wednesday, April 25, 2018 Last Updated 3 Min 46 Sec ago English Edition
Todays E paper
Ads by Google
Sunday 05 Mar 2017 01.19 AM

ഇവിടെ ദൈവം മനുഷ്യനാകുന്നു

uploads/news/2017/03/86522/sun2.jpg

രചനകളിലെ സവിശേഷതകള്‍കൊണ്ട്‌ മലയാളസാഹിത്യത്തിലെ ആള്‍ക്കൂട്ടത്തില്‍ നിന്ന്‌ ഒറ്റപ്പെട്ട്‌ മാറിനില്‍ക്കുന്ന എഴുത്തുകാരനാണ്‌ തോമസ്‌ ജോസഫ്‌. പാരമ്പര്യത്തിന്റെ വഴിയേ നടക്കാതെ ഏകാന്തപാഥികനായാണ്‌ ഈ എഴുത്തുകാരന്റെ സാഹിത്യത്തിലൂടെയുള്ള സഞ്ചാരം.
വെറുതേ വായിച്ച്‌ രസിക്കാവുന്നവയല്ല തോമസ്‌ ജോസഫിന്റെ കൃതികള്‍. അതില്‍ ഭാവനയുടെ സമ്പന്നതയുണ്ട്‌, ചിന്താത്മകമായ ദര്‍ശനങ്ങളുണ്ട്‌, പതിവ്‌ രചനാസിദ്ധാന്തങ്ങളെ പൊളിച്ചെഴുതാനുള്ള ആര്‍ജവമുണ്ട്‌.
സ്വപ്‌നങ്ങള്‍ കൂടപ്പിറപ്പായ ഈ എഴുത്തുകാരന്‍ അനുഭവങ്ങളെ രചനകളില്‍ അതുപോലെ തന്നെ പകര്‍ത്തിവയ്‌ക്കുകയല്ല ചെയ്ുന്നയത്‌. ജീവിതയാത്രയില്‍ താന്‍ അനുഭവിക്കുന്നതും, കണ്ടും കേട്ടും മനസില്‍ അടയാളപ്പെടുത്തുന്നതുമായ യാഥാര്‍ഥ്യങ്ങളെ ഒരു എഴുത്തുകാരന്റേതായ ഭാവനകൊണ്ട്‌ പുതുക്കിപ്പണിയാനാണ്‌ എന്നും തോമസ്‌ ജോസഫിന്റെ ശ്രമം. അതുകൊണ്ടുതന്നെയാണ്‌ മനുഷ്യര്‍ ദൈവമായി അഭിനയിക്കുകയും അവതരിക്കുകയും ചെയ്യുന്ന ഈ പുതിയകാലത്ത്‌ ദൈവത്തെ മനുഷ്യനാക്കി തോമസ്‌ ജോസഫിന്‌ രചന നടത്താന്‍ കഴിയുന്നത്‌. വായനക്കാര്‍ക്കിടയില്‍ സവിശേഷ ശ്രദ്ധനേടിയ 'പരലോക വാസസ്‌ഥലങ്ങള്‍' എന്ന നോവലിലും സാഹിത്യചട്ടക്കൂടുകളെ പൊളിച്ചെഴുതാനാണ്‌ ഈ എഴുത്തുകാരന്‍ ശ്രമിക്കുന്നത്‌. തീര്‍ത്തും വിഭിന്നമായ ഒരു ലോകത്തെയും അവിടത്തെ ചുറ്റുപാടുകളെയും അവിടെയുള്ള ഏഴ്‌ ആകാശങ്ങളിലെ പരേതരും ദൈവവുമായുള്ള ജൈവബന്ധത്തെയും അവതരിപ്പിക്കുകയാണ്‌ തോമസ്‌ ജോസഫ്‌'പരലോക വാസസ്‌ഥലങ്ങള്‍' എന്ന തന്റെ ആദ്യ നോവലിലൂടെ. നോവലിന്റെ രചനാരഹസ്യങ്ങള്‍ തോമസ്‌ ജോസഫ്‌ വായനക്കാരോട്‌ പങ്കുവയ്‌ക്കുന്നു.

താങ്കളുടെ രചനകളിലെ പ്രത്യേകതകളെക്കുറിച്ച്‌ ആദ്യം പറഞ്ഞ്‌ തുടങ്ങാം?

പ്രത്യേകിച്ച്‌ ഏതെങ്കിലുമൊരു കഥാതന്തുവില്‍ നിന്ന്‌ മെഞ്ഞെടുത്തവയല്ല എന്റെ രചനകള്‍. കഥയ്‌ക്കു പിന്നിലെ കഥ എന്ന ശീര്‍ഷകത്തിനു പിന്നില്‍ ഞാന്‍ അടുത്തറിഞ്ഞ എന്റെ പ്രിയപ്പെട്ടവരോ വൈകാരിക മുഹൂര്‍ത്തങ്ങളോ അല്ല പലപ്പോഴും പാത്രീഭവിക്കുന്നത്‌.
യാദൃശ്‌ചികമായി കടന്നു വരുന്ന ചില കാഴ്‌ചകളോ ഉള്ളില്‍ അഗ്നിപോലെ ഉണരുന്ന മിന്നലുകളോ തലച്ചോറില്‍ കൂണുകള്‍പോലെ മുളച്ചുവരുന്ന വ്യക്‌തിത്വങ്ങളോ എന്നെ കഥയിലേക്കു കൊണ്ടുപോകുന്നു. ചിത്രശലഭങ്ങളുടെ കപ്പല്‍ എന്ന കഥയിലെ സമുദ്രം എന്റെ മനസിനുള്ളിലെ സമുദ്രമാണ്‌. അങ്ങനെയൊരു ചിത്രശലഭങ്ങളുടെ ദ്വീപ്‌ എവിടെയെങ്കിലും സ്‌ഥിതിചെയ്യുന്നുണ്ടോയെന്ന്‌ നിശ്‌ചയമില്ല. ജോലിയൊന്നുമില്ലാതെ വീട്ടില്‍ കുത്തിയിരിക്കേണ്ടിവന്ന നാളുകളില്‍ വീട്ടിലെ പശുവിനെ തൊഴുത്തില്‍ നിന്ന്‌ മാറ്റിക്കെട്ടുക, അതിന്‌ പുല്ലും വെള്ളവും കൊടുക്കുക തുടങ്ങിയ പണികളെല്ലാം സ്വമേധേയാ ഏറ്റെടുക്കേണ്ടി വന്നപ്പോഴുണ്ടായ രസകരമായ അനുഭവങ്ങളും അനുഭൂതികളുമാണ്‌ 'പശുവുമായി നടക്കുന്ന ഒരാള്‍' എന്ന കഥ. പല സ്‌ഥലങ്ങളിലും പബ്ലിക്‌ ടാപ്പിനു മുമ്പില്‍ വെള്ളത്തിനായി കാത്തു നില്‍ക്കുന്ന സ്‌ത്രീകളുടെ ദുരിതവും കണ്ണീരും കാണേണ്ടിവന്നതിന്റെ രാസപരിണാമമാണ്‌ 'പൈപ്പിന്‍ ചുവട്ടില്‍ മൂന്ന്‌ സ്‌ത്രീകള്‍' എന്ന കഥ.
ആകാശം പശ്‌ചാത്തലമാക്കി ഒരു നോവലെഴുതണമെന്ന സ്വപ്‌നത്തിന്റെ പൂര്‍ത്തീകരണമാണ്‌ 'പരലോക വാസസ്‌ഥലങ്ങള്‍' എന്ന നോവല്‍. ഞാന്‍ ജനിച്ചു വളര്‍ന്ന വ്യവസായ മേഖലയാണ്‌ പരലോക വാസസ്‌ഥലങ്ങളായി മാറുന്നത്‌. ദൈവം പുകവലിക്കുന്നതുപോലെ ആകാശത്തേക്കുയര്‍ന്നു പോകുന്ന പുഴ കുഴലുകള്‍ വഹിച്ചു നില്‍ക്കുന്ന ഫാക്‌ടറികള്‍, കമ്പനി ജോലിക്കാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകള്‍, കളിസ്‌ഥലങ്ങള്‍, ക്ലബുകള്‍, ഓരോ കെട്ടിടങ്ങളെയും ചുറ്റി സഞ്ചരിക്കുന്ന പാതകള്‍... ക്രമേണ ആ സ്‌ഥലരാശി എന്റെ ഭാവനയില്‍ പരലോകമായി പരിണമിക്കുകയായിരുന്നു.

ദൈവം എങ്ങനെയാണ്‌ താങ്കളുടെ നോവലില്‍ കഥാപാത്രമായി വരുന്നത്‌?

വിവാഹം കഴിഞ്ഞ്‌ ഭാര്യയുമായി ആലുവയ്‌ക്ക് അടുത്തുള്ള മുപ്പത്തടത്തേക്ക്‌ താമസം മാറ്റിയതിനു ശേഷം ഞാന്‍ ഇടയ്‌ക്കിടെ ഒരു പരദേശിയെപ്പോലെ ഏലൂരിലേക്ക്‌ പോകുമായിരുന്നു. ആ യാത്രകളിലാണ്‌ ഏലൂരിന്റെ മുഖച്‌ഛായ മാറാന്‍ തുടങ്ങിയത്‌.
സന്ധ്യകളില്‍ ഉദ്യോഗമണ്ഡല്‍ തിയേറ്ററിനു മുമ്പിലുള്ള പഴയ ഇരിപ്പിടങ്ങള്‍ തേടിച്ചെന്നപ്പോഴോക്കെ എന്റെ പഴയ ചങ്ങാതിക്കൂട്ടത്തെ കണ്ടില്ല. ഫുട്‌ബോള്‍ ഗ്രൗണ്ടും ബാസ്‌ക്കറ്റ്‌ ബോള്‍ കോര്‍ട്ടും വോളിബോള്‍ കോര്‍ട്ടുമെല്ലാം വിജനമായിരുന്നു. ക്വാര്‍ട്ടേഴ്‌സുകള്‍ക്കിടയില്‍ വളഞ്ഞു പുളഞ്ഞു കിടന്ന പാതകളും ശൂന്യമായിരുന്നു.
ഏണസ്‌റ്റ് ഹെമിംഗ്‌ വേയുടെ 'മണിമുഴങ്ങുന്നതാര്‍ക്കുവേണ്ടി?', മുക്‌താര്‍ ലൂബീസിന്റെ 'അന്തിമിനുക്കം ' എന്നീ നോവലുകള്‍ എടുത്തുവായിച്ച ഫാക്‌ട് റിക്രിയേഷന്‍ ക്ലബിന്റെ കീഴിലുണ്ടായിരുന്ന വായനശാല ഏതോ മന്ത്രവാദകൈകള്‍ അവിടെ നിന്നും മായ്‌ച്ചുകളഞ്ഞിരുന്നു. ഫാക്‌ട് ലളിതകലാ കേന്ദ്രം ലൈബ്രറിയും വ്യത്യസ്‌ഥമായിരുന്നില്ല. വായനക്കാരില്ലാതെ മേശപ്പുറത്തു ചിതറിക്കിടക്കുന്ന ആനുകാലികങ്ങള്‍. പാതവക്കുകളില്‍ പരിചയക്കാരെ ആരേയും കാണാനായില്ല. ക്വാര്‍ട്ടേഴ്‌സുകള്‍ക്കു മുമ്പിലൂടെ നടക്കുമ്പോള്‍ പകുതി തുറന്നിരുന്ന വാതിലുകള്‍ക്കു പിന്നില്‍ നിന്ന്‌ പരേതാത്മാക്കളെപോലെ എത്തിനോക്കുന്ന സ്‌ത്രീരൂപങ്ങള്‍. ക്രമേണ ഏലൂരിന്റെ പ്രത്യക്ഷഭാവം മാഞ്ഞുമാഞ്ഞ്‌ പരദേശവാസസ്‌ഥലങ്ങള്‍ തെളിഞ്ഞുതെളിഞ്ഞു വന്നു. സായാഹ്നങ്ങളില്‍ കളിക്കാരില്ലാതെ അനാഥമായിക്കിടന്ന മൈതാനങ്ങളിലേക്ക്‌ ഞാന്‍ ദൈവത്തെ കൂട്ടിക്കൊണ്ടുവന്നു. നൂറ്റാണ്ടുകള്‍ക്കുമുമ്പ്‌ അയാള്‍ സമര്‍ത്ഥനായ ഒരു ഫുട്‌ബോള്‍ കളിക്കാരനായിരുന്നു. ഇപ്പോള്‍ ഉശിരെല്ലാം നഷ്‌ടപ്പെട്ടിരിക്കുന്നു.

ദൈവത്തെ വെറും ഭാവനയുടെ ഉല്‍പന്നമായി, അല്ലെങ്കില്‍ സങ്കല്‍പ്പമായല്ലെ കാണാനാകു?

ദൈവം എന്ന കഥാപാത്രം എന്റെ ഭാവനയുടെ കേവലമായ ഉല്‍പന്നം മാത്രമാണെന്ന്‌ പറയാന്‍ കഴിയില്ല. ആ കഥാപാത്രം ഉടലാര്‍ന്നതിന്റെ കാരണങ്ങള്‍ക്കു പിന്നിലേക്ക്‌ തിരിഞ്ഞുനോക്കുമ്പോള്‍ 1980 കളിലെ ഒരു വര്‍ഷകാല സന്ധ്യ ഓര്‍മ്മയിലേക്ക്‌ കടന്നുവരികയാണ്‌. ഞാനൊരു സാഹിത്യ ക്യാമ്പില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്തെ റെയില്‍വേസ്‌റ്റേഷനില്‍ ചെന്നിറങ്ങിയതായിരുന്നു. ആള്‍ക്കൂട്ടത്തില്‍ നിന്ന്‌ പുറത്തു കടന്ന്‌ മഴ നനഞ്ഞുകൊണ്ട്‌ ഒരു ടാക്‌സി പിടിക്കാനായി കാത്തു നില്‍ക്കുകയായിരുന്നു.
അപ്പോഴാണ്‌ തലയ്‌ക്കുമുകളില്‍ ഒരു പനിനീര്‍പ്പൂവ്‌ ഉയര്‍ത്തിപ്പിടിച്ച്‌ കോരിച്ചൊരിയുന്ന മഴയിലൂടെ ദൈവം എന്റെ മനസിലേക്കു കടന്നുവന്നത്‌. ആ മനുഷ്യന്‌ ആറടിയിലേറെ ഉയരമുണ്ടായിരുന്നു. മുഖത്ത്‌ ഒരു നിര്‍വികാര ഭാവം. മനുഷ്യകുലത്തില്‍ നിന്ന്‌ പുറത്താക്കപ്പെട്ട്‌ അദിഭൗതീകമായ ഒരു ലോകത്താണ്‌ അയാള്‍ ജീവിക്കുന്നതെന്ന്‌ തോന്നി. ആ മനുഷ്യന്‍ തന്നെയാണ്‌ എന്റെ ഭാവനയിലെ ദൈവമെന്ന്‌ ഒരു പക്ഷേ ഞാനെന്റെ അബോധമനസില്‍ കുറിച്ചിട്ടിരുന്നു. എന്തിനെന്നറിയാതെ അല്‍പ്പദൂരം അയാള്‍ക്കു പിന്നാലെ നടന്നിട്ട്‌ മടങ്ങിപ്പോന്നു. വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും തലയ്‌ക്കു മീതെ ആ പനിനീര്‍പ്പൂവും ഉയര്‍ത്തിപ്പിടിച്ച്‌ നടന്നുപോകുന്ന ആ മനുഷ്യന്‍ മനസില്‍ നിന്ന്‌ മാഞ്ഞുപോയില്ല. മുപ്പത്തടത്ത്‌ താമസമാക്കിയ ആ നാളുകളില്‍ ഞാന്‍ ദൈവത്തെ എഴുതിതുടങ്ങി. നോവലിലെ എഴുത്തുകാരനായ ആല്‍ബര്‍ട്ടിനുമേല്‍ എന്റെ ജീവിതം ആരോപിച്ചുകൊണ്ടാണ്‌ നോവല്‍ മുന്നോട്ടുപോകുന്നത്‌.
ആല്‍ബര്‍ട്ടും ഭാര്യ ലില്ലിനയും വിവാഹദിവസം മരിച്ചുമണ്ണടിഞ്ഞ്‌ പരലോകത്തെ വീട്ടിലേക്ക്‌ താമസം മാറുന്നു. അയാള്‍ ജീവിച്ചിരുന്നപ്പോള്‍ പ്രസിദ്ധീകരണശാലകള്‍ നിരസിച്ച നോവലുമായി മരിച്ച ആത്മാക്കളുടെ പ്രസിദ്ധീകരണ ശാല തേടി പരലോകത്തെ എഴ്‌ ആകാശങ്ങളില്‍ അലഞ്ഞു തിരിയുന്നു. ലില്ലിന എപ്പോഴും വീട്ടില്‍ തനിച്ചാണ്‌.
അവള്‍ ഭര്‍ത്താവിനും സ്‌നേഹത്തിനും പരിലാളനയ്‌ക്കും വേണ്ടി കേഴുന്നു. അവള്‍ ദൈവത്തെ സ്വപ്‌നം കാണുന്നു. ദൈവം തന്റെ കാമുകിയായ ലില്ലിനയെ അന്വേഷിച്ച്‌ എപ്പോഴുമെപ്പോഴും ആല്‍ബര്‍ട്ടിന്റെ വീട്ടിലേക്ക്‌ പോകുന്നു. തൊഴില്‍ രഹിതനാണ്‌ ദൈവം. നോവലില്‍ അയാള്‍ കൂലിയ്‌ക്ക് ഫുട്‌ബോള്‍ കളിക്കാന്‍ പോകുന്നുണ്ട്‌.
നോവലിലെ പരലോകത്തെ ആകാശം ഞാന്‍ എന്റെ ചെറുപ്പകാലത്ത്‌ പന്തുകളിച്ച ഫാക്‌ട് ഗ്രൗണ്ടും മറ്റു കളിസ്‌ഥലങ്ങളുമാണ്‌. സ്‌കൂള്‍ വിട്ട്‌ വൈകുന്നേരങ്ങളില്‍ അല്‍പനേരം ഫുട്‌ബോള്‍ കളിക്കാതെ വീട്ടിലേക്കു പോകുമായിരുന്നില്ല. അവധി ദിവസമാണെങ്കില്‍ അപ്പനുള്ള ഉച്ചഭക്ഷണവുമായി നാഫ്‌ത്താ പ്ലാന്റിലേക്ക്‌ പോകുന്നതും ആ ഗ്രൗണ്ടുകളിലൂടെ തന്നെയാണ്‌. അങ്ങനെ ആ കളി സ്‌ഥലങ്ങളിലൂടെയുള്ള യാത്രകളിലാണ്‌ എന്റെ ഭാവനയില്‍ ആ മൈതാനങ്ങള്‍ ആകാശമായി മാറിയത്‌.

തൊഴിലില്ലാത്ത ഏകനും നിരാലംബനുമായ ഒരു ചെറുപ്പക്കാരന്റെ
പ്രതിനിധിയായിട്ടാണല്ലോ ദൈവത്തെ താങ്കള്‍ ചിത്രികരിച്ചിരിക്കുന്നത്‌?

ശരിയാണ്‌, തൊഴിലില്ലാത്ത ഏകനും നിരാലംബനുമായ ഒരു ചെറുപ്പക്കാരന്റെ പ്രതിനിധിയായിട്ടാണ്‌ അദേഹം പലപ്പോഴും എന്റെ കഥകളിലേക്കു കടന്നുവരുന്നത്‌. ഒരു ദൈവം എന്നതിനപ്പുറം ക്രിസ്‌തുവുമായി എന്റെ ബാല്യത്തിനു നിരന്തരമായ ഒരടുപ്പമുണ്ടായിരുന്നു. എനിക്ക്‌ ഏറ്റവും പ്രിയങ്കരനായ ഒരു കൂട്ടുകാരനോടെന്നപോലെ. അങ്ങനെയാണ്‌ യേശു എന്റെ കഥകളിലേക്കു കടന്നുവരുന്നത്‌. എന്റെ കഥകളില്‍ യേശു ഒരിക്കലും ഒരു ദൈവമായി പ്രത്യക്ഷപ്പെടുന്നതേയില്ല.
'പരലോകവാസ സ്‌ഥലങ്ങള്‍' എന്ന എന്റെ ആദ്യനോവലില്‍ ദൈവം ഒരു മനുഷ്യന്‍ തന്നെയാണ്‌. എല്ലാ കാലഘട്ടങ്ങളിലെയും ഏറ്റവും ഏകനായ പ്രണയത്തിനും സൗഹൃദത്തിനുംവേണ്ടി ഉഴറിനില്‍ക്കുന്ന ഒരു നായകനായിട്ടാണു ദൈവം നോവലിന്റെ ഭൂമികയിലേക്കു പ്രവേശിക്കുന്നത്‌. ശക്‌തി നഷ്‌ടപ്പെട്ടുപോയ ദൈവത്തിന്റെ വിധി സ്വയം വഹിച്ചുകൊണ്ട്‌ അദ്ദേഹം പരലോകം എന്ന ഏഴ്‌ ആകാശങ്ങളിലും അലഞ്ഞുനടക്കുന്നു. തലച്ചോറില്‍ ഏകാന്തത ഒരു ഭ്രാന്തായി മാറുമ്പോള്‍ അദ്ദേഹം ബ്യൂഗിള്‍ വായിച്ചു നൃത്തം ചെയ്യുന്നു. എല്ലാ മനുഷ്യരാലും എല്ലാ ജീവജാലങ്ങളാലും അദ്ദേഹം തിരസ്‌കരിക്കപ്പെട്ടുകൊണ്ടോയിരിക്കുന്നു. അവസാനം, എഴുത്തുകാരന്‍ അയാളെ ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിമുറിയില്‍ നിന്നു ഒരു ഫുട്‌ബോളെന്നപോലെ പുറത്തേക്കു തട്ടിയകറ്റുന്നു.
എന്റെ കഥകളില്‍ നിന്നും വ്യത്യസ്‌ഥമായി എന്റെ നോവലിലെ ദൈവം എന്ന കഥാപാത്രം മനുഷ്യജീവിതത്തിന്റെയും ഏകാന്തതയുടെയും ഒരു സമഗ്രഭാവമാണ്‌ തേടുന്നത്‌.
ഒരു പുതിയലോകം സൃഷ്‌ടിക്കാനുള്ള എന്റെ എളിയശ്രമം, കണ്‍മുമ്പിലെ കാഴ്‌ചകളില്‍ നിന്നുള്ള ഒറ്റതിരിഞ്ഞുള്ള ഒരു നടപ്പ്‌. ഏതെങ്കിലും ചരിത്ര യാഥാര്‍ഥ്യങ്ങളില്‍ നിന്ന്‌ ഒരു നോവല്‍ കെട്ടിപ്പൊക്കുകയെന്നത്‌ എന്റെ ലക്ഷ്യമായി ഞാന്‍ കരുതുന്നില്ല. അല്ലെങ്കില്‍ സമീപകാലത്ത്‌ നമ്മെ പിടിച്ചുകുലുക്കിയ ഒരു സംഭവത്തില്‍ നിന്നു ഗുമസ്‌തനെപ്പോലെ ഒരു കൃതി എഴുതിയൊപ്പിക്കുക എന്ന ദൗത്യവും എനിക്കു വശമില്ലാത്ത കാര്യമാണ്‌.
ആകാശമാണ്‌ ഈ നോവലിന്റെ ഭൂമിക. ആകാശത്തിന്റെ ഏഴു നിറങ്ങളുള്ള ഏഴു വാസസ്‌ഥലങ്ങള്‍ നോവലില്‍ പരലോകമായി പടര്‍ന്നുകിടക്കുന്നു... ഏഴു വര്‍ണങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങള്‍... മരിച്ച മനുഷ്യര്‍... അവരുടേതുമാത്രമായ ഒരു ലോകം.

നോവല്‍ തമിഴില്‍ വിവര്‍ത്തനം ചെയ്‌തുവല്ലോ?

ഉമാവാസുകിയാണ്‌ തമിഴിലേക്ക്‌ വിവര്‍ത്തനം ചെയ്‌തത്‌. അവിടെ നോവലിന്‌ നല്ല പ്രതികരണമായിരുന്നു. അവിടത്തെ വാരികകളില്‍ നോവലിനെ കുറിച്ച്‌ നല്ല റിവ്യൂകളും വന്നിരുന്നു.

എം.എ.ബൈജു

Ads by Google
Sunday 05 Mar 2017 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW