Monday, June 18, 2018 Last Updated 5 Min 31 Sec ago English Edition
Todays E paper
Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Saturday 04 Mar 2017 11.01 AM

ബജറ്റിന്റെ പാവനതയും വഞ്ചിക്കപ്പെടുന്ന സുഹൃദ്ബന്ധവും

uploads/news/2017/03/86387/k2a.jpg

കാത്തിരിക്കുന്നവന്റെ കൈയില്‍ അളവില്ലാത്ത നിധി എത്തുന്നതുപോലെയാണ് ഇന്നലെ നമ്മുടെ പ്രതിപക്ഷത്തിന് ബജറ്റ് ചോര്‍ച്ചയെന്ന സംഭവം വീണുകിട്ടിയത്. വീണുകിട്ടിയതിനെ ആയുധമാക്കുകയെന്ന തത്വം മുഖവിലയ്‌ക്കെടുത്ത് അപ്പോള്‍ തന്നെ അവര്‍ നിയമസഭയ്ക്ക് അകത്തും പുറത്തും തങ്ങളാല്‍ കഴിയുന്ന പ്രകടനം നടത്തി. അത് തുടരുകയും ചെയ്യും. രക്തം ഊറ്റികുടിച്ചുതീരുന്നതുവരെ അത് വിടുകയുമില്ല. അത് ഇപ്പോഴത്തെ പ്രതിപക്ഷമായാലും ഇതിന് മുമ്പ് ഇവിടെയുണ്ടായിരുന്ന പ്രതിപക്ഷമായാലും ശരി. അങ്ങനെയൊക്കെ തന്നെയായിരിക്കും.

ഇപ്പോഴത്തേത് മാന്ദ്യകാല ബജറ്റുമായി ബന്ധപ്പെട്ട സംഭവങ്ങളാണെങ്കില്‍ സോളാര്‍ കാലത്തെ ബജറ്റ് സംഭവങ്ങള്‍ നമ്മുടെ മനസില്‍ ഇപ്പോഴും മായാതെ കിടക്കുന്നുണ്ട്.

ഇന്ന് കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന ധനപ്രതിസന്ധിക്കിടയില്‍ നിന്നുകൊണ്ട് അവതരിപ്പിക്കാവുന്നതില്‍ മികച്ച ഒരു ബജറ്റാണ് മന്ത്രി ഐസക്കില്‍ നിന്നും ഉണ്ടായതെന്നാണ് പൊതുവിലയിരുത്തല്‍. നിയമസഭയില്‍ പതിനൊന്നെകാല്‍ വരെ ഐസക്ക് അത്ര ആത്മവിശ്വാസത്തോടെതന്നെ ബജറ്റ് അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ബജറ്റിനെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കാനായി തയാറാക്കിയ കുറിപ്പ് പുറത്തുവന്നതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പിന്നീടുള്ള തന്റെ ബജറ്റ് വായനയില്‍ ഐസക്കിന് തുടക്കത്തിലുണ്ടായിരുന്ന ആത്മവിശ്വാസവും നഷ്ടപ്പെട്ടു. അച്ഛനാരെന്ന് അറിയുമ്പോള്‍ ആകെ ദുര്‍ബലനായിപോകുന്ന രണ്ടാമൂഴത്തിലെ ഭീമനെപ്പോലെ.

കെ.എം. മാണിയുള്‍പ്പെടെ കിട്ടിയ അവസരം മുതലെടുത്ത് ഐസക്കിന്റെ രാജി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ആ രാജിക്ക് സമ്മര്‍ദ്ദം ചെലുത്താനുള്ള ധാര്‍മ്മികമായ അവകാശം ഇവിടുത്തെ യു.ഡി.എഫിനില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന കെ.എം. മാണിയുടെ ബജറ്റിന്റെ നികുതി നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള രണ്ടുമൂന്ന് ഖണ്ഡിക മംഗളം പത്രം തന്നെ ചോര്‍ത്തി അടിച്ചിട്ടുണ്ട്. അത്രയും ഇവിടെ സംഭവിച്ചില്ലെന്നാണ് വാദം.

ബജറ്റ് എന്നത് പരിപാവനമായ ഒരു രേഖയാണെന്നാണ് കാലാകാലങ്ങളായി നാം വിലയിരുത്തി വരുന്നത്. അത് വായിച്ചുതീരുന്നതുവരെ രഹസ്യമായിരിക്കണം. ബജറ്റ് തയാറാക്കുന്നതിനും അച്ചടിക്കുന്നതിനും വരെ വളരെ കര്‍ശനമായ നിബന്ധനകളുണ്ട്. അതൊക്കെയുള്ളപ്പോഴാണ് ബജറ്റിന്റെ വിവരങ്ങള്‍ പുറത്തുവന്നതെന്ന വാദം നിലവിലുണ്ട്. എന്നാല്‍ സാമൂഹികമാധ്യമങ്ങളുള്‍പ്പെടെ സജീവമായിരിക്കുന്ന ഒരു കാലഘട്ടത്തില്‍ അത് വേണമോയെന്ന് ചിന്തിക്കേണ്ടതാണ്. കെ.എം. മാണി തന്നെ മന്ത്രിയായിരിക്കുമ്പോള്‍ ബജറ്റിന്റെ രഹസ്യസ്വഭാവത്തെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്.

എന്തിനാണ് ബജറ്റിന്റെ രഹസ്യസ്വഭാവം എന്ന് പരിശോധിച്ചാല്‍ അത് സര്‍ക്കാരിന്റെ വരുമാനം സംരക്ഷിക്കാനാണെന്ന് മനസിലാകും. ബജറ്റില്‍ വിഭാവനചെയ്യുന്ന നികുതികള്‍ പുറത്തിറഞ്ഞാല്‍ അത് വ്യാപാരികള്‍ ആയുധമാക്കും പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും വര്‍ദ്ധിക്കുമെന്നൊക്കെയുള്ള ആശങ്കകളാണ് ഇതിന് ആധാരം. നികുതി നിര്‍ദ്ദേശങ്ങള്‍ ഒന്നുമില്ലാത്ത ഈ ബജറ്റിന് അത് ബാധകമാണോയെന്ന് നാം ചിന്തിക്കേണ്ടതുണ്ട്. മാത്രമല്ല, മാധ്യമങ്ങള്‍ക്ക് കാലാകാലങ്ങളായി നല്‍കികൊണ്ടിരിക്കുന്ന മാതൃകയിലാണ് കുറിപ്പ് തയാറാക്കിയിട്ടുള്ളത്. അത് ബജറ്റ് രേഖയുടെ ഭാഗവുമല്ല. എന്നാല്‍ ബജറ്റിന്റെ ആകെ സൂചികകള്‍ അതിലുണ്ടുതാനും. ആ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ സജീവമായ ചര്‍ച്ചകള്‍ ആവശ്യവുമാണ്.

എന്നാല്‍ ഇവിടെ വിഷയം അതല്ല, വിശ്വാസവഞ്ചനയുടേതാണ്. ബജറ്റിലെ വിവരങ്ങള്‍ ചോര്‍ത്തി മന്ത്രി വിശ്വാസവഞ്ചനകാട്ടിയെന്നാണ് ഇപ്പോള്‍ പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ ഇവിടെ വിശ്വാസവഞ്ചന കാട്ടിയത് മാധ്യമങ്ങളാണെന്ന വാദമാണ് മറുപക്ഷത്തിനുള്ളത്. അതില്‍ കുറെയൊക്കെ സത്യവുമുണ്ടെന്ന് അംഗീകരിക്കാതിരിക്കാന്‍ വയ്യ. ബജറ്റിന്റെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന കുറിപ്പ് പ്രസിദ്ധികരണത്തിനും ഗ്രാഫിക്കുകളും മറ്റും തയാറാക്കുന്നതിനും മാധ്യമപ്രവര്‍ത്തകര്‍ക്ക് സഹായകരമാകുമെന്ന കണക്കുകൂട്ടലിലാണ് മന്ത്രിയുടെ ഓഫീസില്‍ നിന്നും ഒന്‍പതേ മുക്കാലോടെ കുറിച്ചുപേര്‍ക്കും പിന്നീട് 10.30ന് ധനകാര്യവകുപ്പിലെ വാര്‍ത്തകള്‍ നോക്കുന്ന ലേഖകരുടെയും മെയിലുകളില്‍ ലഭിച്ചത്.

തൊഴില്‍ സൗകര്യത്തിന് വേണ്ടി ലഭിച്ച ഇത്തരമൊരു രേഖ രാഷ്ട്രീയാവശ്യത്തിന് ഉപയോഗിച്ചത് ശരിയാണോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കൊന്നാലൂം വാര്‍ത്ത സ്രോതസിനെ പുറത്തുപറയാതിരിക്കുകയെന്നതാണ് മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം. ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ലോകത്തെ പിടിച്ചുകുലുക്കിയ പല സംഭവങ്ങളും പുറത്തുകൊണ്ടുവരാന്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞത്. എന്നാല്‍ ഇവിടെ മാധ്യമധര്‍മ്മം വിപണിയില്‍ വിലയ്ക്കുവയ്ക്കുകയായിരുന്നു.

കേരളത്തിലെ മാധ്യമമേഖല ഇതുമായി ബന്ധപ്പെട്ട് പലത്യാഗവും അനുഭവിച്ചാണ് ഇന്നത്തെ നിലയില്‍ എത്തിയിട്ടുള്ളത്. ജനയുഗത്തിന്റെ മുന്‍കാല ലേഖകനായിരുന്ന സി.ആര്‍.എന്‍. പിഷാരടി എഴുതിയ ഒരു ചെറിയ പുസ്തകമുണ്ട് 'പോലീസ് കസ്റ്റഡിയില്‍ 118 മണിക്കൂര്‍' മാധ്യമപ്രവര്‍ത്തകര്‍ എന്തുകൊണ്ടും അതൊന്നുവായിക്കുന്നത് നന്നായിരിക്കും. മലയാള മാധ്യമപ്രവര്‍ത്തകര്‍ അനുഭവിച്ച ത്യാഗത്തിന്റെ വിവരണമാണ് അത്. ആര്‍. ശങ്കര്‍ മന്ത്രിസഭയുടെ കാലത്ത് ഡി.ജി.പിയുമായി ബന്ധപ്പെട്ട ഒരു ഔദ്യോഗികരഹസ്യം, സാമര്‍ത്ഥ്യത്തോടെ പുറത്തുകൊണ്ടുവന്നതിന് സി.ആര്‍.എന്‍. പിഷാരടി എന്ന പത്രപ്രവര്‍ത്തകന്‍ അനുഭവിക്കേണ്ടി വന്ന പീഢനത്തിന്റെ സംക്ഷിപ്തവിവരണമാണത്.

കുപ്രസിദ്ധമായ അന്നത്തെ കേരള പോലീസ് അദ്ദേഹത്തെയും അന്നത്തെ ജനയുഗത്തിന്റെ പത്രാധിപര്‍ ഉള്‍പ്പെടെയുള്ളവരെയും കസ്റ്റഡിയിലെടുത്തു. പീന്നീട് വാര്‍ത്ത നല്‍കിയ സി.ആര്‍.എന്‍. പിഷാരടിയെ ചാല പോലീസ് സ്‌റ്റേഷന്‍(ഇന്നത്തെ ഫോര്‍ട്ട് പോലീസ് സ്‌റ്റേഷന്‍) വച്ച് വാര്‍ത്തയുടെ സ്രോതസ് അറിയാനായി നടത്തിയ മാനസിക പീഢനമാണ് അതില്‍ വിവരിച്ചിട്ടുള്ളത്. അതായിരുന്നു മലയാള മാധ്യമപ്രവര്‍ത്തനം. ചില ആദര്‍ശങ്ങളില്‍ അടിസ്ഥാനമാക്കിയുള്ളതായിരുന്നു അത്. അതിനാണ് ഇപ്പോള്‍ കോട്ടം തട്ടിയിരിക്കുന്നത്.

വിശ്വാസത്തോടെ നല്‍കിയ ഒരു വാര്‍ത്ത എതിര്‍പക്ഷത്തിന്റെ കൈകളില്‍ എത്തിച്ചുവെന്ന് മാത്രമല്ല, അത് നോട്ടീസായി എല്ലായിടത്തും ഒട്ടിക്കുകയും ചെയ്തു. മാധ്യമധര്‍മ്മത്തിന്മേല്‍ പലതരത്തിലുള്ള ചോദ്യങ്ങളും ഉയരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ഇതുമെന്നത് വല്ലാത്ത ആശങ്കകള്‍ക്ക് വഴിവയ്ക്കുന്നതാണ്. പാലുതരുന്ന കൈകളില്‍ തന്നെ തിരിഞ്ഞുകൊത്തുന്നത് പട്ടിണിക്ക് കാരണമാകും എന്നത് മറക്കാന്‍ പാടില്ല. ഇത് ജനങ്ങള്‍ അറിയേണ്ട വാര്‍ത്തകള്‍ ഇല്ലാതാക്കും. പകരം പ്രസ്താവനകളിലും നേതാക്കളുടെ വാചകകസര്‍ത്തിലും മാത്രം വാര്‍ത്താമാധ്യമങ്ങള്‍ ഒതുങ്ങിപ്പോകുന്ന സ്ഥിതിയുമുണ്ടാകും. ഈ സ്ഥിതി മാറ്റി വിശ്വാസ്യത പൂര്‍ണ്ണമായും പുനഃസ്ഥാപിക്കാനായാലേ മാധ്യമങ്ങള്‍ക്ക് ഈ സാമൂഹികമാധ്യമങ്ങളുടെ കാലത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുകയുള്ളു.

കേരളത്തിന് പുതിയ ദിശാബോധം തരുന്ന ഒരു ബജറ്റിന് പകരം ഇന്ന് നമ്മുടെ ചര്‍ച്ച വഴിമാറിപോയത് ദുഃഖകരമാണ്. മാന്ദ്യകാലത്ത് ഇതിനെക്കാള്‍ മികച്ചൊരു ബജറ്റ് പറ്റില്ലെന്ന് രാഷ്ട്രീയവ്യത്യാസമില്ലാതെ എല്ലാ സാമ്പത്തികശാസ്ത്രജ്ഞരും സമ്മതിക്കുന്നുണ്ട്. മന്ത്രി മുന്നോട്ടുവച്ചിരിക്കുന്ന ആശയങ്ങള്‍ നല്ലതാണ്. എന്നാല്‍ അത് പ്രാവര്‍ത്തികമാകുന്നതിലുള്ള സംശയമാണ് പലകോണുകളും ഉയര്‍ത്തുന്നത്. നടന്നാല്‍ ഇത് കേരളത്തിന്റെ മാറ്റത്തിനുള്ള വഴികാട്ടിയാകും. അല്ലെങ്കില്‍ മറ്റൊരു ബജറ്റായി ഇതും വിസ്മൃതിയില്‍ പോകും. എത്ര ബജറ്റ് അവതരിപ്പിച്ചുവെന്നതില്‍ റെക്കാര്‍ഡ് ഇടാന്‍ ശ്രമിക്കുന്നവര്‍ക്കിടയില്‍ ഇതൊരു മാതൃകാബജറ്റാണെന്ന് നിസംശയം പറയാം. എന്നാലൂം ആശങ്കകള്‍ മാറുന്നില്ല.

ഈ ആശങ്കകള്‍ക്ക് അറുതിവരുത്തുന്നതിനുള്ള ക്രിയാത്മകചര്‍ച്ചകളാണ് ഇനിയുള്ള ദിവസങ്ങളില്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അത് വഴിമാറിപ്പോയി.. നവകേരളത്തിന്റെ സൃഷ്ടിയില്‍ ഒന്നിച്ചുമുന്നേറേണ്ടവര്‍ നാഴെ മുതല്‍ നിയമസഭയില്‍ പരസ്പരം കടിച്ചുകീറുകയായിരിക്കും. ബജറ്റില്‍ ഒരു ചര്‍ച്ചപോലും നടക്കില്ല. മാധ്യമങ്ങള്‍ ഉദ്ദേശിച്ചത് കിട്ടി. നെഗറ്റീവ് വാര്‍ത്തകള്‍, നാളെമുതല്‍ നിയമസഭയില്‍ നടുത്തളത്തിലിറങ്ങലും ബഹളവുമൊക്കെയായി കുറേ ദിവസം അതിന് പുറകെ നടക്കാം. പീ്‌നീട് അടുത്ത ബ്രഹ്മാസ്ത്രം തേടാം എന്ന നിലയിലാണ് കാര്യങ്ങള്‍. കേരളത്തിന്റെ സൃഷ്ടി എന്നതിന് പകരം നാശത്തിനാണ് ഇവിടെ ചര്‍ച്ചകള്‍. ഇത് മാറ്റാന്‍ ഒരു പരശുരാമന്‍ വീണ്ടും അവതരിക്കേണ്ടിയിരിക്കുന്നു.

Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Saturday 04 Mar 2017 11.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW