Wednesday, March 29, 2017 Last Updated 22 Min 55 Sec ago English Edition
Todays E paper
Friday 03 Mar 2017 04.19 PM

പച്ചമാങ്ങ പച്ചമാങ്ങ

uploads/news/2017/03/86113/mdmcokry030317.jpg

മാങ്ങയുടെ സീസണാണ്. പച്ചമാങ്ങ ഉപയോഗിച്ച് എളുപ്പത്തിലും രുചികരമായും തയാറാക്കാവുന്ന ധാരാളം വിഭവങ്ങളുണ്ട്. നാവില്‍ രുചിപകരുന്ന ചില നാടന്‍ വിഭവങ്ങള്‍ പരിചയപ്പെടാം.

മാങ്ങയിട്ട മീന്‍കറി


ആവശ്യമുള്ള സാധനങ്ങള്‍
മീന്‍ - 1 കിലോ
പുളിയുള്ള മാങ്ങ - 1 ( നീളത്തില്‍ അരിഞ്ഞത്്)
പച്ചമുളക് - 3 എണ്ണം (നീളത്തില്‍ മുറിച്ചത്)
ചെറിയ ഉള്ളി - 7 എണ്ണം ചെറുതായി അരിഞ്ഞത്
കറിവേപ്പില - 2 തണ്ട്
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
മുളകുപൊടി - 11/2 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി - 1 ടീസ്പൂണ്‍
തേങ്ങാചിരകിയത് - 11/2 കപ്പ്
വെളിച്ചെണ്ണ - 1 ടേബിള്‍സ്പൂണ്‍
കടുക് - 1 ടീസ്പൂണ്‍
ഉലുവ - 1/2 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം


തേങ്ങാ മിക്‌സിയില്‍ ഒന്നു കറക്കി ഒന്നാം പാലും രണ്ടാം പാലും ഒന്നര കപ്പുവീതം എടുത്തുവയ്ക്കുക. മാങ്ങാ, പച്ചമുളക്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കറിവേപ്പില, ഉപ്പ് ഇവയും രണ്ടാം പാലും കൂടി ചട്ടിയിലെടുത്ത് യോജിപ്പിച്ച് മീന്‍ കഷണങ്ങള്‍ ഇട്ടു അടുപ്പത്തു വയ്ക്കുക. മീന്‍ വെന്തു കഴിയുമ്പോള്‍ ഒന്നാം പാല്‍ ഒഴിച്ച് തിളയ്ക്കുമ്പോള്‍ വാങ്ങി വയ്ക്കുക. ചീനച്ചട്ടി അടുപ്പില്‍ വച്ച് ചൂടാക്കി എണ്ണയൊഴിച്ച് കടുകും ഉലുവയും പൊട്ടിച്ച ശേഷം കറിവേപ്പിലയും ചെറിയ ഉള്ളിയും മൂപ്പിച്ച് കറിക്കുമുകളിലൊഴിക്കാം.

പച്ചമാങ്ങാ പച്ചടി


ആവശ്യമുള്ള സാധനങ്ങള്‍
പച്ച മാങ്ങ - 1 എണ്ണം (ഇടത്തരം കഷണങ്ങളായി മുറിച്ചത്)
പച്ചമുളക്- 2 എണ്ണം (നീളത്തില്‍ മുറിച്ചത്)
ഉപ്പ് - പാകത്തിന്
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
കറിവേപ്പില - 1 തണ്ട്

അരപ്പിന്


തേങ്ങ ചിരകിയത് - 1 കപ്പ്
ചുവന്നുള്ളി - 2 എണ്ണം
ജീരകം - 1 നുള്ള്

വറുത്തിടാന്‍


വെളിച്ചെണ്ണ - 2 ടീസ്പൂണ്‍
കടുക് - 1/4 ടീസ്പൂണ്‍
വറ്റല്‍മുളക് - 1 എണ്ണം (ചെറുതായി മുറിച്ചത്)
കറിവേപ്പില - 1 തണ്ട്

തയാറാക്കുന്ന വിധം


ഒരു പാത്രത്തില്‍ മാങ്ങ, പച്ചമുളക് , ഉപ്പ്, മഞ്ഞള്‍പൊടി ഇവ പാകത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക. അരയ്ക്കാനുള്ള ചേരുവകള്‍ അരച്ചെടുക്കുക. അരപ്പ് വേവിച്ച മാങ്ങയിലേക്ക് ചേര്‍ത്ത് ചൂടാക്കിയ ശേഷം അടുപ്പില്‍നിന്ന് വാങ്ങിവയ്ക്കുക (തിളയ്ക്കരുത്).ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് വറ്റല്‍ മുളകും ചെറിയ ഉള്ളിയും കറിവേപ്പിലയും മൂപ്പിക്കുക. ഇത് കറിയിലൊഴിച്ച് ഇളക്കി വിളമ്പാം.

മാങ്ങാ അച്ചാര്‍


ആവശ്യമുള്ള സാധനങ്ങള്‍
പച്ചമാങ്ങ - 1 1/2 കപ്പ് (പുറംതൊലി അല്‍പ്പം ചെത്തി ചെറിയ ചതുര കഷണങ്ങളായി അരിഞ്ഞത്)
ഉപ്പ് - പാകത്തിന്
നല്ലെണ്ണ - 1 ടേബിള്‍ സ്പൂണ്‍
കടുക് - 1 ടീസ്പൂണ്‍
ഇഞ്ചി - 1 ടീസ്പൂണ്‍ (കൊത്തിയരിഞ്ഞത്്)
വെളുത്തുള്ളി - 6 അല്ലി (അരിഞ്ഞത്)
പച്ചമുളക് - 3 എണ്ണം (നെടുവേ പിളര്‍ന്നത്)
കറിവേപ്പില - 4 തണ്ട്
വിനാഗിരി - 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം


മാങ്ങയില്‍ ഉപ്പുചേര്‍ത്തിളക്കി അര മണിക്കൂര്‍ വയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഇഞ്ചി, വെളുത്തുള്ളി , പച്ചമുളക്, കറിവേപ്പില മൂപ്പിക്കുക. മാങ്ങ ചേര്‍ത്ത് മൂപ്പിക്കുക. വിനാഗിരിയും ബാക്കിയുള്ള ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് മാങ്ങ വേവിക്കണം അടുപ്പില്‍നിന്ന് വാങ്ങി ചൂടാറികഴിഞ്ഞ് കുപ്പിയിലേക്ക് പകര്‍ന്ന് സൂക്ഷിക്കാം. (മാങ്ങ അച്ചാറിട്ട ശേഷം കഴിവതും അന്നുതന്നെ ഉപയോഗിക്കാതിരിക്കുക. മുളകും ഉപ്പും വിനാഗിരിയും ഒക്കെ മാങ്ങയില്‍ പിടിച്ച് യഥാര്‍ഥ രുചി കിട്ടാനാണിത്.)
TRENDING NOW