Monday, October 09, 2017 Last Updated 7 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 03 Mar 2017 03.08 PM

ഒറ്റപ്പെട്ടുത്തരുത് നമ്മുടെ കുട്ടികളെ

uploads/news/2017/03/86097/Weeklypenman030317.jpg

എം.ജി യൂണിവേഴ്‌സിറ്റിയിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് എന്നെ കാണാന്‍ വന്നത്. എം.എഫില്‍ ചെയ്തുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിയെ ഒരു രാത്രി കൂടെ താമസിപ്പിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. മലപ്പുറം സ്വദേശിനിയായ പെണ്‍കുട്ടിക്ക് തീവ്രവാദ സംഘടനയുടെ ഭീഷണിയുണ്ടായിരുന്നു.

അതുകൊണ്ടാണ് ആരും കാണാതെ സംരക്ഷിക്കാനായി എന്റെ സഹായം തേടിയത്. യൂണിവേഴ്‌സിറ്റിയില്‍ റിസര്‍ച്ച് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഒരു നായര്‍ യുവാവുമായി ആ പെണ്‍കുട്ടി പ്രണയത്തിലായത്. ഒരു ചാനലിലെ ക്യാമറാമാനാണ് അവന്‍. അവര്‍ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു.

ഇതിനെതിരേ മതതീവ്രവാദികള്‍ ഭീഷണി മുഴക്കി. അവരുടെ കണ്ണില്‍പെടാതെ ഒരു ദിവസം കഴിയണം. പിറ്റേ ദിവസം രാവിലെ അവന്‍ വന്ന് അവളെ തൃശൂരിലേക്ക് കൊണ്ടുപോകും.

മതേതര വിവാഹം നടത്തിക്കൊടുക്കുന്ന ഉത്തരവാദിത്വമുള്ള ഒരു സംഘം അവിടെയുണ്ട്. അവിടെ വച്ചാണ് വിവാഹം. അതുകഴിഞ്ഞ് നേരെ മദ്രാസിലേക്ക് പോകും. അതായിരുന്നു അവരുടെ പ്ലാന്‍.

കുറച്ചുകഴിഞ്ഞപ്പോള്‍ ആ പെണ്‍കുട്ടി വന്നു. ഞാനവരെ വീട്ടിലേക്ക് കൊണ്ടുപോയി. ഭക്ഷണം കഴിച്ചശേഷമാണ് അവളെ പരിചയപ്പെട്ടത്. മലപ്പുറത്തെ ഇടത്തരം കുടുംബത്തിലാണ് ജനനം. പഠനത്തില്‍ മിടുമിടുക്കി.

ഒരാഴ്ചയായി അവള്‍ വീട്ടില്‍ നിന്നിറങ്ങിയിട്ട്. ഒരു ജോടി ഡ്രസ്സ് മാത്രമേ അവളുടെ കൈയിലുള്ളൂ. ഇത്രയുംനാള്‍ കോട്ടയത്തെ ലോഡ്ജില്‍ താമസിക്കുകയായിരുന്നു. അപ്പോഴാണ് തീവ്രവാദികളുടെ ശ്രദ്ധ അവിടേക്കുമെത്തിയത്.

എനിക്കെന്തോ ആ കുട്ടിയോട് വല്ലാത്തൊരു വാത്സല്യം തോന്നി. ഞാനവള്‍ക്ക് കുറച്ച് ഡ്രസ്സുകള്‍ നല്‍കി. അതിനുശേഷം ചോദിച്ചു-ആലോചിച്ചിട്ടുതന്നെയാണോ അവനൊപ്പം ഇറങ്ങിപ്പുറപ്പെട്ടത്?

കുറച്ചുനേരത്തെ മൗനത്തിനുശേഷം അതെയെന്ന് മറുപടി. പയ്യന്‍ ചാനലിലെ ജോലി രാജിവച്ചുകഴിഞ്ഞു. അതിനുശേഷം മദ്രാസില്‍ പോയി ഇവര്‍ എങ്ങനെ ജീവിക്കും എന്നതാണ് എന്നെ അലട്ടുന്ന സംശയം.

പിറ്റേ ദിവസം രാവിലെയായപ്പോഴേക്കും ആ പയ്യന്‍ വന്ന് അവളെ കൂട്ടിക്കൊണ്ടുപോയി. അന്നുതന്നെ വിവാഹവും കഴിഞ്ഞു. എന്തുകൊണ്ടോ അവരുടെ കാര്യം അന്വേഷിക്കണമെന്ന് തോന്നി. പയ്യനെക്കുറിച്ച് വിശദമായി അന്വേഷിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരമാണ് കിട്ടിയത്.

അവന്‍ നേരത്തെ ഒരു വിവാഹം കഴിച്ചിരുന്നു. ഇക്കാര്യം അറിയിച്ചപ്പോള്‍ പെണ്‍കുട്ടിക്ക് വലിയ കുലുക്കമൊന്നുമില്ല. മുമ്പ് വിവാഹം കഴിച്ച കാര്യം അയാള്‍ സൂചിപ്പിച്ചിരുന്നുവത്രേ. എന്നിട്ടും അയാളുടെ സഹതാപത്തില്‍ അവള്‍ വീഴുകയായിരുന്നു.

വീണ്ടും ഭീഷണി വന്നപ്പോള്‍ ഞാനവളെ തിരുവനന്തപുരത്തെ സാമൂഹ്യപ്രവര്‍ത്തകയായ സുഹൃത്തിന്റെ വീട്ടിലേക്കയച്ചു. അവനെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ അവളാണ് ആ പെണ്‍കുട്ടിയെ ധരിപ്പിച്ചത്.

അതോടെ അവളുടെ മനസ്സ്മാറി. എത്രയും പെട്ടെന്ന് വീട്ടുകാരെ കാണണമെന്ന് ആ പെണ്‍കുട്ടി ആഗ്രഹിച്ചു. ഞങ്ങള്‍ പോലീസില്‍ പരാതി നല്‍കി. പോലീസാണ് മലപ്പുറത്തുനിന്നും അവളുടെ വാപ്പയെയും ഉമ്മയെയും വിളിച്ചുവരുത്തിയത്.

പിറ്റേ ദിവസം തന്നെ ഹൈക്കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. അതിനുശേഷം മാതാപിതാക്കള്‍ക്കൊപ്പം അവള്‍ തിരിച്ചുപോയി.

ഇതിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഞാന്‍ അക്കാലത്ത് കേട്ടിട്ടുണ്ട്. വിവാഹബന്ധം വേര്‍പെടുത്തിയശേഷം ഒരു പെണ്‍കുട്ടിയെ വീട്ടിലേക്ക് തിരിച്ചയയ്ക്കുന്നത് എന്ത് വിപ്ലവമാണെന്നായിരുന്നു പലരുടെയും ചോദ്യം.

അതിനൊന്നും ഞാന്‍ മറുപടി പറഞ്ഞില്ല. ഇക്കാര്യത്തില്‍ ശരിയായ നിലപാടാണ് സ്വീകരിച്ചതെന്ന ഉത്തമബോധ്യം എനിക്കുണ്ടായിരുന്നു. വീട്ടിലേക്ക് മടങ്ങിപ്പോയതിന്റെ പിറ്റേന്നാള്‍ ആ പെണ്‍കുട്ടി എന്നെ വിളിച്ചു.

''ടീച്ചറാണ് എന്റെ ജീവിതം രക്ഷിച്ചത്. അല്ലായിരുന്നെങ്കില്‍ ഞാന്‍ അയാളുടെ ട്രാപ്പില്‍ പെട്ടുപോയേനെ.''
ഒരു പെണ്‍കുട്ടിയെയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞതില്‍ സമാധാനം. അവള്‍ വീണ്ടും യൂണിവേഴ്‌സിറ്റിയിലെത്തി റിസര്‍ച്ച് പൂര്‍ത്തിയാക്കി.

മാതാപിതാക്കള്‍ അവള്‍ക്ക് നല്ലൊരു പയ്യനെ കണ്ടെത്തി വിവാഹം കഴിച്ചുകൊടുത്തു. ഇപ്പോള്‍ സന്തോഷത്തോടെ ജീവിക്കുന്നു. ഇപ്പോഴും ചില ഉപദേശങ്ങള്‍ ചോദിച്ചുകൊണ്ട് ഇടയ്ക്ക് ആ പെണ്‍കുട്ടി വിളിക്കാറുണ്ട്.

ഉന്നത വിദ്യാഭ്യാസമുണ്ടായിട്ടും ചില സമയങ്ങളില്‍ കൃത്യമായ തീരുമാനങ്ങളെടുക്കാന്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിയുന്നില്ലെന്നതാണ് സത്യം. അച്ഛനമ്മമാരുടെ തിരക്കിനിടയില്‍ പലപ്പോഴും ഒറ്റപ്പെട്ടുപോവുകയാണ് കുട്ടികള്‍. ഒന്നും തുറന്നുപറയാന്‍ തയ്യാറാവാതെ വരുമ്പോഴാണ് ഇതുപോലുള്ള ട്രാപ്പില്‍ പെട്ടുപോകുന്നത്.

തയ്യാറാക്കിയത്: രമേഷ് പുതിയമഠം

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW