Saturday, April 21, 2018 Last Updated 0 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 03 Mar 2017 02.42 AM

വാക്‌പോരും ഇറങ്ങിപ്പോക്കും വിലക്കയറ്റം തടയില്ല

uploads/news/2017/03/85779/1e.jpg

നിയമസഭയില്‍ ധനകാര്യമന്ത്രി ടി.എം. തോമസ്‌ ഐസക്ക്‌ ഇന്ന്‌ അവതരിപ്പിക്കുന്ന സംസ്‌ഥാന ബജറ്റിനെ സമസ്‌ത മേഖലയിലും വിലക്കയറ്റ ഭീഷണി നേരിടുന്ന ജനം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. പരസ്‌പരം പോര്‍വിളിക്കും ഇറങ്ങിപ്പോക്കിനും മാത്രം കഴിയുന്ന ഭരണ, പ്രതിപക്ഷ മുന്നണികളെയാണു നിയമസഭയില്‍ കാണുന്നത്‌. ഈയൊരു സാഹചര്യത്തില്‍ അവതരിപ്പിക്കുന്ന ബജറ്റിനു ജനങ്ങളുടെ പ്രതീക്ഷയ്‌ക്ക്‌ ഒത്തുയരാന്‍ കഴിഞ്ഞില്ലെങ്കില്‍ അതു നിരാശയാകും. തുടര്‍ച്ചയായുള്ള തിരിച്ചടികളില്‍ പതറിനില്‍ക്കുന്ന ജനത്തിന്‌ ആശ്വാസമാകാന്‍ സര്‍ക്കാരിനു കഴിയണം.
നോട്ടുനിരോധനത്തെ തുടര്‍ന്നുള്ള ദുരിതം ഇനിയും പൂര്‍ണമായും അവസാനിച്ചിട്ടില്ല. ചില്ലറ നോട്ടുകളുടെ ക്ഷാമവും അതുമൂലമുണ്ടാകുന്ന പ്രയാസങ്ങളും കശപിശയും സാധാരണക്കാര്‍ ഇപ്പോഴും നേരിടുന്നു. രാജ്യത്തെ സംബന്ധിച്ചാണെങ്കില്‍ മോശമായ സാമ്പത്തികനിലയാണു ചൂണ്ടിക്കാണിക്കാനുള്ളത്‌. ഇത്തരം ഘടകങ്ങള്‍ തീര്‍ച്ചയായും ബജറ്റിനെ സ്വാധീനിക്കും. എന്നിരുന്നാലും ജനങ്ങള്‍ നേരിടുന്ന എല്ലാ പ്രയാസങ്ങള്‍ക്കും ആധാരം നോട്ടുനിരോധനമാണ്‌ എന്നു വിലയിരുത്തി കൈകഴുകാന്‍ ഒരു ഭരണാധികാരിയും ശ്രമിക്കേണ്ടതില്ല. കൃത്യമായ ഇടപെടലുകളുടെ അഭാവം സംസ്‌ഥാന ഭരണത്തിലും തെറ്റായ നയതീരുമാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തും പകല്‍പോലെ വ്യക്‌തം. ഭരണാധികാരികളുടെ പിടിപ്പുകേട്‌ ഉച്ചത്തില്‍ പറയുന്നതില്‍ കേന്ദ്രത്തിലും കേരളത്തിലും പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസിനു കഴിയുന്നുമില്ല. എല്ലാവീഴ്‌ചകളുടേയും സകലഭാരവും ജനങ്ങളുടെ മുതുകിലേക്കുതന്നെ. നടുവൊടിയുന്ന അവസ്‌ഥ ഉണ്ടാവാതിരിക്കാന്‍ കൂട്ടായ ശ്രമത്തിനു വൈകരുത്‌.
കഴിഞ്ഞദിവസം വിലക്കയറ്റത്തെക്കുറിച്ചു നിയമസഭയില്‍ അടിയന്തരപ്രമേയചര്‍ച്ചയുണ്ടായി. വിഷയാവതരണം നടത്തിയ എം. ഉമ്മര്‍ എം.എല്‍.എ. പാളയം മാര്‍ക്കറ്റിലെ പച്ചക്കറിവിലയെക്കുറിച്ചു ശരിയായി പഠിച്ചിരുന്നു. എന്നാല്‍, വിഷയം പച്ചക്കറിയില്‍നിന്നു റേഷനരിയിലേക്കു മാറിയപ്പോള്‍ റേഷന്‍വിഹിതം കുറഞ്ഞതിന്‌ ഉത്തരവാദി ആരെന്നായി തര്‍ക്കം. ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കിയപ്പോള്‍ കുറവുവന്ന രണ്ടുലക്ഷം ടണ്‍ റേഷന്‍ വിഹിതം തിരിച്ചുപിടിക്കാന്‍ കൂട്ടായ്‌മയ്‌ക്ക്‌ ആഹ്വാനം ചെയ്‌ത്‌ ഭരണ, പ്രതിപക്ഷം മുന്നോട്ടുപോയി. യഥാര്‍ഥത്തില്‍ കേരളം നേരിടുന്ന റേഷന്‍ പ്രതിസന്ധിക്ക്‌ ആരാണ്‌ ഉത്തരവാദി? കേന്ദ്രം കേരളത്തിനു മന:പ്പൂര്‍വം അരി തരുന്നില്ലെന്ന സംസ്‌ഥാനത്തിന്റെ വിലാപത്തിന്‌ എന്ത്‌ അടിസ്‌ഥാനമാണുള്ളത്‌? സംസ്‌ഥാനത്തിനു ലഭ്യമായ അരിപോലും വിതരണം ചെയ്യാന്‍ സര്‍ക്കാരിനു കഴിയുന്നില്ലെന്ന യു.ഡി.എഫിന്റെ ആരോപണത്തില്‍ കഴമ്പുണ്ട്‌. മറിച്ചു കഴിഞ്ഞ യു.പി.എ. സര്‍ക്കാരിന്റെ കാലത്ത്‌ ആവിഷ്‌ക്കരിച്ച ഭക്ഷ്യ സുരക്ഷാ നിയമം സംസ്‌ഥാനത്തു നടപ്പാക്കുന്നതില്‍ യു.ഡി.എഫ്‌. വരുത്തിയ കാലതാമസവും ജനത്തിനറിയാം. റേഷന്‍ രംഗത്ത്‌ ഇടനിലനിന്നു തടിച്ചുകൊഴുത്തവരെ കൈവിടാന്‍ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ക്കു മടിയുണ്ട്‌. വിലക്കയറ്റവും റേഷന്‍ പ്രതിസന്ധിയും രൂക്ഷമായതോടെ സാധാരണക്കാര്‍ക്കു വേണ്ടിയെന്നവണ്ണം മുതലക്കണ്ണീര്‍ ഒഴുക്കിയിട്ടു യാതൊരു കാര്യവുമില്ല. എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന നാള്‍ മുതല്‍ അരിവില മുകളിലേക്ക്‌ ഉയര്‍ന്നുതുടങ്ങി. എട്ടുമാസത്തിനുശേഷം അരിവില കിലോക്ക്‌ 50 രൂപയ്‌ക്കു മുകളിലാകുമെന്നു മുന്നറിയിപ്പ്‌ ഉണ്ടായശേഷം മാത്രമാണു വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാരിനു ജാഗ്രതയുണ്ടായത്‌.
ഇതിനിടെ പാചകവാതക വില കുത്തനെകൂട്ടി കേന്ദ്രം ജനത്തിന്റെ തലയില്‍ മറ്റൊരു കല്ലുകൂടി കയറ്റി. വില വര്‍ധന സാധാരണക്കാരെ ബാധിക്കില്ലെന്ന വാദം ബാലിശമാണ്‌. സബ്‌സിഡി ഇല്ലാത്ത പാചകവാതകത്തിന്‌ 86 രൂപയും വാണിജ്യാവശത്തിനുള്ള സിലിണ്ടറിനു 146 രൂപയും വര്‍ധിച്ചു. സബ്‌സിഡി ഉള്ള സിലിണ്ടര്‍ ലഭിക്കാന്‍ 750 രൂപ ഉപഭോക്‌താവ്‌ നല്‍കേണ്ടിവരും. കൂട്ടിയ വില സബ്‌സിഡിയായി പിന്നീട്‌ ബാങ്ക്‌ അക്കൗണ്ടില്‍ ലഭിക്കും. ഇതു ചൂണ്ടിക്കാട്ടിയാണു വിലവര്‍ധന സാധാരണക്കാരെ ബാധിക്കില്ലെന്നു ചിലര്‍ വിലയിരുത്തുന്നത്‌. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനവിന്‌ ഒപ്പം മറ്റു മേഖലകളിലുണ്ടാകുന്ന വിലക്കയറ്റം ആരേയാണു ബാധിക്കുകയെന്നും ഇവര്‍ പറയേണ്ടതുണ്ട്‌. അവശ്യസാധനങ്ങള്‍ക്കും പാചകവാതകത്തിനും വില ഉയര്‍ന്ന സാഹചര്യത്തില്‍ ഭക്ഷണവില കൂട്ടാനായി ഹോട്ടലുകളെല്ലാം രംഗത്ത്‌ ഇറങ്ങിയിട്ടുണ്ട്‌.
നിയമസഭാ അംഗങ്ങള്‍ക്കുള്ള സാദാ ഊണിനുപോലും 15 രൂപ വര്‍ധിപ്പിച്ച്‌ ഇതിനുള്ള പ്രോത്സാഹനവും നല്‍കി. നിലവില്‍ പെ്രടോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിര്‍ണയിക്കാന്‍ സര്‍ക്കാരിനു കഴിയാത്തതുപോലെ തന്നെയാണ്‌ ഹോട്ടലുകളുടെ കാര്യവും. പുരയ്‌ക്കു തീപിടിക്കുന്നതുകണ്ടു വാഴവെട്ടാന്‍ ഇറങ്ങുന്ന ലാഭക്കൊതിയന്മാരെ നിയന്ത്രിക്കാന്‍ കഴിയാതെപോയാല്‍ പുറത്തുനിന്നു ഭക്ഷണം കഴിക്കുന്നവര്‍ പട്ടിണി കിടക്കേണ്ടി വരും. ഒപ്പം, വലിയ ലാഭമൊന്നും പ്രതീക്ഷിക്കാതെ അന്നം വിളമ്പി നിത്യവൃത്തികഴിക്കുന്നവരെ അനുഭാവപൂര്‍വ്വം പരിഗണിക്കുകയും ചെയ്യണം. ഒരു മസാലദോശയ്‌ക്കുപോലും 50 രൂപയുടെ വരെ വിലവ്യത്യാസം കാണിക്കുന്ന സാധാരണ ഹോട്ടലുകള്‍ ഒരേ നഗരത്തിലുണ്ട്‌. ഹോട്ടല്‍ ഭക്ഷണത്തില്‍ വിലനിയന്ത്രണം കൊണ്ടുവന്നേതീരൂ. അരിക്കൊപ്പം പലവ്യഞ്‌ജനത്തിനും പച്ചക്കറിക്കും വിലകയറുന്നതിന്റെ ചിത്രമാണു വിപണി നല്‍കുന്നത്‌. കുടിവെള്ളംതൊട്ടു വിലയ്‌ക്കുവാങ്ങേണ്ട മലയാളിയെ എരിതീയില്‍നിന്നു വറചട്ടിയിലേക്ക്‌ എറിയുംവിധം വൈദ്യുതിചാര്‍ജ്‌ വര്‍ധനയ്‌ക്കും അണിയറയില്‍ നീക്കമുണ്ട്‌. ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങള്‍ ചെയ്യേണ്ടവര്‍ വാക്‌പോരും ഇറങ്ങിപ്പോക്കുമായി കാലംകഴിച്ചതിന്റെ ഫലമാണ്‌ ഇതൊക്കെ. ഇതിനെതിരായ പ്രതികരണത്തിനു ജനം പുതിയ വേദികള്‍ തേടേണ്ടിവരും.

Ads by Google
Friday 03 Mar 2017 02.42 AM
YOU MAY BE INTERESTED
TRENDING NOW