Thursday, October 19, 2017 Last Updated 2 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 03 Mar 2017 02.42 AM

സാമ്പത്തികാവലോകന റിപ്പോര്‍ട്ട്‌ കടം പെരുകുന്നു; 1.76 ലക്ഷം കോടിയിലേക്ക്‌

uploads/news/2017/03/85778/1s.jpg

സംസ്‌ഥാനത്തിന്റെ ആകെ കടം ഈ സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ 1,76,838.64 കോടിയാകുമെന്നു സാമ്പത്തികാവലോകന റിപ്പോര്‍ട്ട്‌. കടത്തിന്റെ വളര്‍ച്ചയില്‍ 2015-16ല്‍ വന്‍വര്‍ധനയുണ്ടായെങ്കിലും 2016-17ല്‍ നേരിയ കുറവ്‌ പ്രകടിപ്പിക്കുന്നുണ്ട്‌. 2015-16ല്‍ 16.19 ശതമാനമായിവരുന്നു കടത്തിന്റെ വളര്‍ച്ചാനിരക്ക്‌. ഈ സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ അത്‌ 12.37 ശതമാനമാകും.
കടത്തിന്റെ വാര്‍ഷിക വളര്‍ച്ചാനിരക്ക്‌ 2014-15ല്‍ 13.81 ശതമാനമായിരുന്നത്‌ 2015-16ല്‍ 16.91 ശതമാനമായി. കടവും ആകെ ആഭ്യന്തരോത്‌പാദനവും തമ്മിലുള്ള അനുപാതം 2010-11ല്‍ 29.83% ആയിരുന്നതു ക്രമമായി കുറഞ്ഞ്‌ 2015-16ല്‍ 26.88 ശതമാനത്തിലെത്തി. 2014-15ല്‍ ഇത്‌ 26.05 ശതമാനമായിരുന്നു. കടവും റവന്യൂ വരുമാനവുമായുള്ള അനുപാതം 2014-15ല്‍ 233.72 ശതമാനമായിരുന്നത്‌ 2015-16ല്‍ 227.97 ശതമാനമായി കുറഞ്ഞു.
2015-16ല്‍ ആഭ്യന്തരകടം 1,02,496.26 കോടി രൂപ(65.13%)യാണ്‌. 2014-15ല്‍ 89,067 കോടിയായിരുന്ന സ്‌ഥാനത്താണിത്‌. ഈ കാലഘട്ടത്തില്‍ ആഭ്യന്തരകടത്തിന്റെ വളര്‍ച്ചാനിരക്ക്‌ 15.08%. ചെറുസമ്പാദ്യം, പ്രോവിഡന്റ്‌ ഫണ്ട്‌ എന്നിവയില്‍നിന്നുള്ള കടബാധ്യത ഏകദേശം 29% മാത്രമാണ്‌. 2014-15ല്‍നിന്ന്‌ 2015-16ല്‍ 8,332.08 വര്‍ധന കാണിച്ച്‌ 47,639.36 കോടിയിലെത്തി. ഇക്കാലയളവില്‍ കേന്ദ്രത്തില്‍നിന്നുള്ള വായ്‌പകളുടെയും അഡ്വാന്‍സുകളുടെയും ബാധ്യത 7,234.71 കോടിയായി. 2015-16ലെ ആകെ കടബാധ്യതയും അറ്റകടബാധ്യതയും യഥാക്രമം 21,930.08 കോടി, 10,819.22 കോടി രൂപയാണ്‌. പൊതുമേഖലാസ്‌ഥാപനങ്ങള്‍ക്കു ജാമ്യംനിന്ന വകയില്‍ തിരിച്ചടയ്‌ക്കാതെവന്ന യാദൃച്‌ഛിക കടബാധ്യതകള്‍ 2015-16ല്‍ 13,712.77 കോടിയാണ്‌.
പദ്ധതിയേതരചെലവ്‌
പാരയാകുന്നു

സംസ്‌ഥാനത്തിന്റെ റവന്യൂ ചെലവില്‍ ഏറെയും വിനിയോഗിക്കുന്നതു പദ്ധതിയേതര ചെലവുകള്‍ക്ക്‌. 2010-11 മുതല്‍ സംസ്‌ഥാനത്തിന്റെ റവന്യൂ ചെലവുകള്‍ ഇരട്ടിയിലധികം വര്‍ധിച്ചു. 2015-16ല്‍ ആകെ റവന്യൂ ചെലവായ 78,989.47 കോടി രൂപയില്‍ 66,610.97 കോടിയും ശമ്പളം/പെന്‍ഷന്‍/പലിശ ഇനത്തിലെ പദ്ധതിയേതര ചെലവുകള്‍ക്കായാണു വിനിയോഗിച്ചത്‌. 12,078.50 കോടി മാത്രമാണു പദ്ധതിച്ചെലവിനായി ഉപയോഗിച്ചത്‌.
ശമ്പളം, പെന്‍ഷന്‍, പലിശ, സബ്‌സിഡികള്‍, തദ്ദേശസ്‌ഥാപനങ്ങള്‍ക്കുള്ള വിഹിതം എന്നിവയില്‍ നേരിയ കുറവുണ്ടായി. 2014-15ല്‍ റവന്യൂ ചെലവിന്റെ 69.74 ശതമാനമായിരുന്നതു 2015-16ല്‍ 76.58 ശതമാനമായി കുറഞ്ഞു. റവന്യൂ വരുമാനത്തിന്റെ 76.58% ശതമാനവും ഒഴിവാക്കാനാകാത്ത ചെലവുകള്‍ക്കായി ഇക്കാലയളവില്‍ വിനിയോഗിച്ചു. വിലക്കയറ്റം തടയല്‍, സാമൂഹികസുരക്ഷ ഉറപ്പാക്കാനുള്ള നടപടി, ആരോഗ്യ-വിദ്യാഭ്യാസമേഖലയിലെ ഇടപെടലുകള്‍ എന്നിവ ചെലവു വര്‍ധിക്കാന്‍ കാരണമായി.
അടിസ്‌ഥാനസൗകര്യവികസനത്തിനു ദീര്‍ഘകാലമുതല്‍മുടക്ക്‌ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ നടത്തിയ പരിശ്രമങ്ങള്‍ ഫലം കണ്ടു. സമീപകാലത്തായി മൂലധനപദ്ധതികള്‍ക്കുള്ള സര്‍ക്കാര്‍നിക്ഷേപം വര്‍ധിക്കുന്നുണ്ട്‌.
ഭക്ഷ്യോത്‌പന്നവിലയില്‍
വന്‍വര്‍ധന

സംസ്‌ഥാനത്തു കഴിഞ്ഞവര്‍ഷം ഭക്ഷേയാത്‌പന്നങ്ങളുടെ വിലയില്‍ ഗണ്യമായ വര്‍ധനയുണ്ടായി. അരിയുടെ വിലസൂചിക 2011ല്‍ 4768.35 ആയിരുന്നതു കഴിഞ്ഞ ഓഗസ്‌റ്റില്‍ 6344.85 ആയി. വിലസൂചികയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 33% വര്‍ധന രേഖപ്പെടുത്തി. പഴങ്ങളുടെയും പച്ചക്കറികളുടെയും വിലസൂചിക 2015ലെ 9831.91ല്‍നിന്നു കഴിഞ്ഞ ഓഗസ്‌റ്റില്‍ 12,862.92 ആയി ഉയര്‍ന്നു. കേരളം ഉപഭോക്‌തൃസംസ്‌ഥാനമായതിനാല്‍ മറ്റു സംസ്‌ഥാനങ്ങളിലുണ്ടാകുന്ന വിലയിലെ മാറ്റം ഇവിടെ പ്രതിഫലിക്കും. ഈവര്‍ഷം ഭക്ഷ്യവിളകളുടെ വിലയില്‍ മിതമായ വര്‍ധനയുണ്ടായി.
ഭക്ഷ്യവിളകളുടെ മൊത്തവിലസൂചികയിലും വന്‍വര്‍ധനയുണ്ടായി. 2015ല്‍ 7,396.62 ആയിരുന്ന വിലസൂചിക കഴിഞ്ഞ ഓഗസ്‌റ്റായപ്പോഴേക്ക്‌ 8,033.23 ആയി ഉയര്‍ന്നു. ഭക്ഷ്യേതരവിളകളുടെ കാര്യത്തിലാണെങ്കില്‍ 2015 ഓഗസ്‌റ്റില്‍ മൊത്തവിലസൂചിക 7,226.53 ആയിരുന്നതു കഴിഞ്ഞ ഓഗസ്‌റ്റില്‍ 19.2% കുറഞ്ഞ്‌ 5,841.01 ആയി. ഭക്ഷ്യേതരവിളകളില്‍പെടുന്ന എണ്ണക്കുരുവിന്റെ വിലയും 23.18% കുറഞ്ഞു.
വിവിധ വിളകളുടെ മൊത്തവിലസൂചിക 2015 ഓഗസ്‌റ്റില്‍ 7394.28 ആയിരുന്നതു കഴിഞ്ഞ ഓഗസ്‌റ്റില്‍ 7233.07 ആയി കുറഞ്ഞു.
ഉപഭോക്‌തൃവിലസൂചികയിലും ഗണ്യമായ വര്‍ധനയുണ്ടായി. പണപ്പെരുപ്പം ഇതിനു പുറമേയാണ്‌. കഴിഞ്ഞവര്‍ഷം ശരാശരി ഉപഭോക്‌തൃവിലസൂചിക 291 ആണ്‌. 2015-ല്‍ ഇത്‌ 277 ആയിരുന്നു. ഒരു കിലോ അരിയുടെ വില കഴിഞ്ഞ നവംബറില്‍ 35.70 രൂപയായി വര്‍ധിച്ചു. മുന്‍വര്‍ഷം ഇതേകാലളവില്‍ വില 33.68 രൂപയായിരുന്നു. പലവ്യഞ്‌ജനവിലയില്‍ കഴിഞ്ഞവര്‍ഷം ഗണ്യമായ വര്‍ധനയുണ്ടായില്ല. ചെറുപയര്‍, ദാല്‍, ഉഴുന്ന്‌, തുവരപ്പരിപ്പ്‌ എന്നിവയ്‌ക്കു കഴിഞ്ഞ നവംബറില്‍ മുന്‍വര്‍ഷത്തെക്കാള്‍ വിലക്കുറവനുഭവപ്പെട്ടു.
കൃഷിയും കൃഷിഭൂമിയും
കുറയുന്നു

സംസ്‌ഥാനത്തു കൃഷിയും കൃഷിഭൂമിയുടെ വിസ്‌തൃതിയും കുറയുന്നു. നോട്ട്‌ അസാധുവാക്കല്‍ സംസ്‌ഥാനത്തെ കാര്‍ഷികമേഖലയില്‍ കടുത്ത പ്രത്യാഘാതമുണ്ടാക്കി. കൃഷി നടക്കുന്ന ഭൂമിയുടെ അളവ്‌ ഒരുവര്‍ഷം കൊണ്ട്‌ 19,808 ഹെക്‌ടര്‍ കുറഞ്ഞു. 2014-15ല്‍ 20,42,881 ഹെക്‌ടറില്‍ കൃഷി നടന്നപ്പോള്‍ 2015-16ല്‍ 20,23,073 ഹെക്‌ടറിലേ കൃഷി നടന്നുള്ളൂ. തരിശുഭൂമിയുടെ അളവ്‌ വര്‍ധിച്ചു. കാര്‍ഷികതേരാവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുന്ന ഭൂമി ഒരുവര്‍ഷം കൊണ്ട്‌ 15,518 ഹെക്‌ടര്‍ വര്‍ധിച്ചു. 4,19,128-ല്‍നിന്ന്‌ 4,34,646 ഹെക്‌ടറായാണ്‌ വര്‍ധിച്ചത്‌. 2015-16ലെ നെല്ലുത്‌പാദനവും കൃഷിഭൂമിയുടെ അളവും റിപ്പോര്‍ട്ടിലില്ല. എന്നാല്‍ ഉത്‌പാദനക്ഷമത കുറഞ്ഞതായി സമ്മതിക്കുന്നു.
പയര്‍വര്‍ഗങ്ങള്‍, കുരുമുളക്‌, ഇഞ്ചി, അടയ്‌ക്ക, ഏലം, റബര്‍ എന്നിവയുടെ കൃഷി വിസ്‌തൃതി വര്‍ധിച്ചു. എന്നാല്‍ നാളികേരം, മരച്ചീനി, കശുവണ്ടി, നേന്ത്രവാഴ, കാപ്പി കൃഷികള്‍ കുറഞ്ഞു. കുരുമുളക്‌, ഇഞ്ചി, മഞ്ഞള്‍, ഏലം, അടയ്‌ക്ക ഒഴികെ മറ്റു വിളകളുടെ ഉത്‌പാദനവും ഉത്‌പാദനക്ഷമതയും കുറഞ്ഞു. പാലുത്‌പാദനം ഇടിഞ്ഞു. മുന്‍വര്‍ഷത്തെ 27.11 ലക്ഷം മെട്രിക്‌ ടണ്ണിന്റെ സ്‌ഥാനത്ത്‌ 2.25 ദശലക്ഷം മെട്രിക്‌ ടണ്ണിന്റെ കുറവ്‌. മുട്ട ഉത്‌പാദനത്തില്‍ 2.44 കോടിയുടെ കുറവ്‌ ഒരുവര്‍ഷം കൊണ്ടുണ്ടായി.
തൊഴിലന്വേഷകരുടെ
എണ്ണം കുറയുന്നു

സംസ്‌ഥാനത്തെ തൊഴിലന്വേഷകരുടെ എണ്ണം കുറഞ്ഞു. 2015-ല്‍ 35.72 ലക്ഷം പേരാണ്‌ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകളില്‍ രജിസ്‌റ്റര്‍ ചെയ്‌തത്‌. കഴിഞ്ഞവര്‍ഷം ഇതു 34.37 ലക്ഷമായി താഴ്‌ന്നു. സാങ്കേതിക, പ്രഫഷണല്‍ യോഗ്യതയുള്ള തൊഴിലന്വേഷകര്‍ 1.63 ലക്ഷത്തില്‍നിന്ന്‌ 1.7 ലക്ഷമായി ഉയര്‍ന്നു. പൊതു തൊഴിലന്വേഷകരുടെ എണ്ണം മുന്‍വര്‍ഷത്തെ 34.09 ലക്ഷത്തില്‍നിന്നു 32.67 ലക്ഷമായി താഴ്‌ന്നു.
വാടകക്കാരായി
സര്‍ക്കാര്‍ സ്‌കൂളുകള്‍

സംസ്‌ഥാനത്തെ 116 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക്‌ ഇപ്പോഴും സ്വന്തമായി കെട്ടിടമില്ല. വാടകക്കെട്ടിടങ്ങളിലാണ്‌ ഇവ പ്രവര്‍ത്തിക്കുന്നത്‌. 74 എല്‍.പി, 17 യു.പി, 25 ഹൈസ്‌കൂള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സംസ്‌ഥാനത്തെ സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞു. 2015- 16ല്‍ 37,63,169 കുട്ടികളുണ്ടായിരുന്നു. 2016- 17ല്‍ ഇത്‌ 37,01,577 ആയി കുറഞ്ഞു.
കുടിവെള്ള സ്രോതസുകള്‍
വിഷമയം

സംസ്‌ഥാനത്തെ ഭൂരിപക്ഷം കുടിവെള്ളസ്രോതസുകളും വിഷമയം. അശാസ്‌ത്രീയ ശുചിത്വശീലങ്ങളും വിവേചനരഹിതമായ മാലിന്യനിര്‍മാജനവുമാണു കാരണം. ബാക്‌ടീരിയ/രാസവസ്‌തുക്കളുടെ സാന്നിധ്യം ജലസ്രോതസുകള്‍ മലിനമാകാന്‍ കാരണമായി. ഇ-കോളി, കോളിഫോം ബാക്‌ടീരിയയും രാസവസ്‌തുക്കളും പരിശോധനയില്‍ കണ്ടെത്തി. 1,18,023 കുടിവെള്ളസ്രോതസുകളില്‍ നടത്തിയ പരിശോധനയില്‍ 12641-ലും ഇ-കോളി ബാക്‌ടീരിയ കണ്ടത്തെി. 93,653 എണ്ണത്തില്‍ കോളിഫോം ബാക്‌ടീരിയയും 3451-ല്‍ മറ്റു മാലിന്യങ്ങളും സ്‌ഥിരീകരിച്ചു. 61,248 എണ്ണത്തില്‍ ഏക രാസമാലിന്യസാന്നിധ്യം കണ്ടത്തെി. 1698-ല്‍ ഇരുമ്പുസാന്നിധ്യം കണ്ടെത്തി.
മിക്ക ജില്ലയിലും വരള്‍ച്ചയും കടുത്ത ജലദൗര്‍ലഭ്യവും അനുഭവപ്പെടുന്നു. ആളോഹരി ജലലഭ്യത ഏറ്റവും കുറവ്‌ കാസര്‍ഗോഡ്‌ ജില്ലയിലാണ്‌. ഏറ്റവും കൂടുതല്‍ എറണാകുളത്ത്‌. മലപ്പുറം, പാലക്കാട്‌ ജില്ലകളിലും ആളോഹരി ജലലഭ്യത തീരെക്കുറവാണ്‌.

Ads by Google
Advertisement
Friday 03 Mar 2017 02.42 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW