Tuesday, August 01, 2017 Last Updated 2 Min 43 Sec ago English Edition
Todays E paper
Thursday 02 Mar 2017 04.02 PM

മൊബൈല്‍ ഫോണ്‍ വില്ലനവുമ്പോള്‍

uploads/news/2017/03/85738/parentingmobil020317.jpg

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത കുട്ടികളില്ല. എന്നാല്‍ അവയുടെ ഉപയോഗം അതിരുകടന്നാല്‍ അത് കുട്ടികളുടെ സ്വഭാവത്തെയും സാമൂഹികബന്ധങ്ങളെയും ആരോഗ്യത്തെയും വിദ്യാഭ്യാസത്തെയും ബാധിക്കും...

നാല് വയസേ അവനുള്ളൂ. ഒരു മൊബൈല്‍ ഫോണ്‍ കൈയില്‍ കിട്ടിയാല്‍ അതിലെ എല്ലാ ഫങ്ഷന്‍സും അവന്‍ എത്ര വേഗമാണ് കണ്ടെത്തുന്നതെന്നറിയാമോ ? പല
അമ്മമാരും തന്റെ മക്കളെക്കുറിച്ച് അഭിമാനത്തോടെ പറയുന്ന കാര്യമാണിത്.

സോഷ്യല്‍ മീഡിയയുടെ വളര്‍ച്ചയും കാലത്തിന്റെ പുരോഗതിയും മലയാളികളുടെ ജീവിതശൈലിയിലുണ്ടാക്കിയ മാറ്റം വളരെ വലുതാണ്. പക്ഷേ ഇതൊന്നുമില്ലാതിരു
ന്നൊരു കാലമുണ്ടായിരുന്നു. മൊബൈലോ കംപ്യൂട്ടറോ സുലഭമല്ലാതിരുന്നൊരു കാലം.

അന്നത്തെ ആളുകള്‍ പ്രകൃതിയെയും സമൂഹത്തെയും അടുത്തറിഞ്ഞിരുന്നു. അവര്‍ക്ക് നല്ല സൗഹൃദങ്ങളുണ്ടായിരുന്നു. എന്നാലിന്ന് ജനിച്ച് വീഴുന്ന കുഞ്ഞ് സോഷ്യല്‍ മീഡിയയുടെ പുറകെയാണ്.

മാതാപിതാക്കള്‍ ഇവയുടെ ഉപയോഗത്തില്‍ നിന്ന് മക്കളെ വിലക്കുന്നതുമില്ല. എന്നാല്‍ ഒരിക്കലും ഇവരറിയുന്നില്ല, മൊബൈല്‍ ഫോണിന്റെ ചെറിയ സ്‌ക്രീന്‍ പോലെ ഒതുങ്ങിപ്പോവുകയാണ് തങ്ങളുടെ മക്കളുടെ ചിന്തയും തിരിച്ചറിവുമെന്ന്...

സ്‌ക്രീനിലൊതുങ്ങുന്ന കുട്ടികള്‍


അച്ഛനമ്മമാര്‍ തന്നെയാണ് കുട്ടികളെ മൊബൈലിന്റെ ചെറിയ സ്‌ക്രീനിലേക്ക് ജീവിതത്തെ മാറ്റുന്നത്. ഇന്നത്തെക്കാലത്ത് മാതാപിതാക്കളില്‍ പലര്‍ക്കും ജോലിത്തിരക്കാണ്. തന്റെ മക്കളെ ശ്രദ്ധിക്കാനുള്ള സമയം പോലും അവര്‍ക്കില്ല.

ജോലി കഴിഞ്ഞ് വീട്ടിലെത്തിയാലോ, വീണ്ടും തിരക്കിട്ട ജീവിതം. ഒപ്പം മൊബൈല്‍ ഫോണും. പല മാതാപിതാക്കളും പറയാറുണ്ട്. മക്കള്‍ക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നതെന്ന്. എന്നിട്ട് മക്കളോടൊപ്പം അല്പസമയം ചെലവിടാന്‍ പോലും ഇത്തരക്കാര്‍ക്ക് മടിയാണ്.

അതില്‍ നിന്ന് രക്ഷനേടാന്‍ മാതാപിതാക്കളില്‍ പലരും മക്കള്‍ക്ക് സമ്മാനമായി നല്‍കുന്നവയാണ് മൊബൈല്‍ ഫോണുകള്‍. എന്നാല്‍ തിരിച്ചറിവില്ലാത്ത പ്രായത്തില്‍ മൊെബെല്‍ കൈയില്‍ വന്നാലോ ? അതോടെ അവസാനിക്കും കുഞ്ഞിന്റെ ഭാവി.

uploads/news/2017/03/85738/parentingmobil020317a.jpg

നഷ്ടപ്പെടുന്ന കുട്ടിക്കാലം


പണ്ട് കാലത്ത് പാടത്തും പറമ്പിലും കളിച്ച് നടന്നിരുന്നൊരു കുട്ടിക്കാലമുണ്ടായിരുന്നു. ഇന്നത്തെപ്പോലെ വീടിനകത്തൊതുങ്ങിയിരുന്ന കുട്ടികള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു. എന്നാല്‍ ഇന്നങ്ങനെയല്ല.

കൂട്ടുകാരോടൊപ്പം കളിച്ച് നടക്കേണ്ട പ്രായത്തില്‍ മൊബൈല്‍ ഫോണിന്റെ ചെറിയ സ്‌ക്രീനിനുള്ളില്‍ കുട്ടിയുടെ ലോകം ഒതുങ്ങുകയാണ് ചെയ്യുന്നത്. ചെറിയ പ്രായത്തില്‍ തന്നെ ലോകത്തെ അടുത്തറിയാനും സമൂഹത്തോട് അടുത്തിടപഴകാനും കുട്ടി പഠിക്കണം.

കണ്ടും കേട്ടും അനുഭവിച്ചുമാണ് ഒരു കുട്ടി വളരേണ്ടത്. അല്ലെങ്കില്‍ നാല് ചുമരുകള്‍ക്കുള്ളില്‍ അവന്റെ ചിന്തകളും ചുരുങ്ങിപ്പോകും. മാതാപിതാക്കളില്‍ പലരും കുട്ടികള്‍ക്ക് വീഡിയോ ഗെയിം കളിക്കാന്‍ അമിതമായി പ്രോത്സാഹിപ്പിക്കാറുണ്ട്.

വീടിന് പുറത്തിറങ്ങി ഓടിച്ചാടി നടക്കേണ്ട പ്രായത്തില്‍ അവനെ മുറിക്കുള്ളില്‍ തളച്ചിടണോ? ചെറുപ്രായത്തില്‍ കുട്ടികള്‍ കളിച്ചുവളരണം. സാമൂഹികമായ ഇടപെടലുകളാണ് ആവശ്യം.

കുട്ടികളുടെ കളിയെ നിസാരവത്ക്കരിക്കേണ്ടതില്ല. കളി ശാരീരികമായി ഫിറ്റാക്കുക മാത്രമല്ല ചെയ്യുന്നത്, പത്ത് മിനിറ്റ് കളിക്കുമ്പോള്‍ പോലും അത് തലച്ചോറിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കും.

പതിവായി വീഡിയോ ഗെയിം കളിക്കുന്ന കുട്ടികളില്‍ ആത്മഹത്യാപ്രവണത, വിഷാദം, പഠനത്തില്‍ പിന്നോക്കം നില്‍ക്കുക, പെരുമാറ്റവൈകല്യങ്ങള്‍ എന്നിവയുണ്ടാകും.

വില്ലനാവുന്ന മൊബൈലുകള്‍


എന്റെ മകന്‍ മൊബൈല്‍ ഫോണെടുക്കുന്നത് വീഡിയോ ഗെയിം കളിക്കാന്‍ മാത്രമാണ്. അല്ലാതെ വേറൊന്നിനും അവന്‍ ഫോണ്‍ ഉപയോഗിക്കാറില്ല. ഇങ്ങനെ വീമ്പ് പറയുന്ന അച്ഛനമ്മമാരുണ്ട്.

മൊബൈല്‍ ഫോണിലെ ഗെയിം പ്രശ്നക്കാരനല്ലെന്ന ചിന്തയുണ്ടെങ്കില്‍ ഇനിയത് വേണ്ട. ഗെയിമുകള്‍ കുട്ടികളുടെ ചിന്തയെ ദോഷകരമായി ബാധിക്കുന്നുണ്ട്. കാര്‍ റെയ്സിംഗും ബൈക്ക് റെയ്സിംഗും വെടിവയ്പ്പും നിസാരമെന്ന് കരുതരുത്.

ഇത്തരം ഗെയിമുകള്‍ കുട്ടികളെ അക്രമസ്വഭാവമുള്ളവരും ദേഷ്യക്കാരുമാക്കാറുണ്ട്. ശരിയേത് തെറ്റേതെന്ന് തിരിച്ചറിയാനാവാത്ത കുട്ടികള്‍ വീഡിയോ ഗെയിമില്‍ കാണുന്ന പലതും സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കും.

വീഡിയോ ഗെയിം പോലെ അപകടകരമാണ് കാര്‍ട്ടൂണുകള്‍. ചുരുങ്ങിയ സമയം കൊണ്ട് കഥ പറയുന്ന കാര്‍ട്ടൂണുകള്‍ മനസിലാക്കാന്‍ അധികസമയം വേണ്ടതില്ല. ഇവയുടെ ആശയം മനസിലാക്കാന്‍ അതിബുദ്ധി ആവശ്യമില്ല.

അതിനാല്‍ പതിവായി കാര്‍ട്ടൂണ്‍ കാണുന്ന കുട്ടികള്‍ക്ക് ശ്രദ്ധക്കുറവുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മൊബൈല്‍ ഫോണുകള്‍ക്കൊപ്പം ജീവിക്കുന്ന കുട്ടികള്‍ക്കുണ്ടാകുന്ന ശാരീരികപ്രശ്നങ്ങളും കുറവല്ല.

ഇവയുടെ അമിതോപയോഗം ശരീരത്തിന്റെ സ്വാഭാവികനിലയെ തകരാറിലാക്കും. പല കുട്ടികളും പകല്‍ ഫോണ്‍ ഉപയോഗിക്കുന്നവരും കുറവല്ല. രാത്രിയിലെ മൊബൈല്‍ ഉപയോഗം കാഴചവൈകല്യത്തിനിടയാക്കും. മാതാപിതാക്കളാണ് ഇക്കാര്യത്തില്‍ പരിധി നിശ്ചയിക്കേണ്ടത്.

uploads/news/2017/03/85738/parentingmobil020317b.jpg

മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്


1. മൊബൈല്‍ വേണമെന്ന് വാശി പിടിക്കുന്ന കുട്ടികളുണ്ട്. തങ്ങളുടെ മക്കള്‍ക്ക് മൊബൈലിന്റെ ആവശ്യമുണ്ടോയെന്ന് തിരിച്ചറിഞ്ഞതിന് ശേഷം മാത്രം മക്കള്‍ക്ക് മൊബൈല്‍ വാങ്ങി നല്‍കുക.
2. മക്കളുടെ ഉറ്റസുഹൃത്തുക്കളെയും അവരുടെ കുടുംബാംഗങ്ങളെയും അടുത്തറിയുക. ചീത്തകൂട്ടുകെട്ടിലേക്ക് നയിക്കുന്ന ഘടകങ്ങളെ തിരിച്ചറിയുക.
3. മാതാപിതാക്കള്‍ മക്കളുടെ അടുത്ത സുഹൃത്തുക്കളാവുക. അച്ഛനമ്മമാര്‍ക്ക് മാത്രമേ തന്റെ മക്കളെ തിരിച്ചറിയാനാവൂ. തെറ്റ് ചെയ്താല്‍ അത് തെറ്റാണെന്ന ബോധ്യം മക്കളിലുണ്ടാക്കുക.
4. മൊബൈലിന്റെ ഉപയോഗം പാടെ നിര്‍ത്തരുത്. ഒരു സമയപരിധി നിശ്ചയിക്കുക. അതിനപ്പുറത്തേക്ക് ഉപയോഗിക്കാന്‍ അനുവദിക്കരുത്.
5. കുട്ടികള്‍ കളിക്കുന്ന ഗെയിമുകള്‍ ഏതെന്നും അതിന്റെ ഉപയോഗമെന്തെന്നും തിരിച്ചറിയുക. കുഞ്ഞിന് യോജിച്ച ഗെയിമല്ലെങ്കില്‍ അതിന്റെ ദൂഷ്യവശങ്ങള്‍ അവന് മനസിലാവും വിധത്തില്‍ പറഞ്ഞുകൊടുക്കുക.
6. ഇന്റര്‍നെറ്റിലൂടെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന കാലമാണിത്. അതിനാല്‍ മക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗം ശ്രദ്ധിക്കുക. കുഞ്ഞിന്റെ ഓണ്‍ലൈന്‍ കാഴ്ച്ചകള്‍ ശ്രദ്ധിക്കുക.

ശില്പ ശിവ വേണുഗോപാല്‍

Ads by Google
TRENDING NOW