Monday, January 08, 2018 Last Updated 0 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Mar 2017 02.42 PM

ഇദയം പേശുകിറതേ...

uploads/news/2017/03/85353/sachandhrseker.jpg

സംവിധായകനും ഇളയദളപതി വിജയ്‌യുടെ അച്ഛനുമായ എസ്.എ.ചന്ദ്രശേഖര്‍ തന്റെ സിനിമാവിശേഷങ്ങളും വ്യക്തിജീവിതവും പങ്കുവയ്ക്കുന്നു.

മക്കള്‍ തിലകം എം.ജി. ആറിനും, സൂപ്പര്‍സ്റ്റാര്‍ ദളപതി രജനികാന്തിനും ശേഷം തമിഴ്തിരയുലകത്തിലെ ഏറ്റവും താരമൂല്യമുള്ള നടനാണ് ഇളയ ദളപതി വിജയ്. വിജയുടെ വിജയക്കുതിപ്പിന് ചുക്കാന്‍ പിടിച്ചൊരു വ്യക്തിയുണ്ട്.

വിജയ് യുടെ പിതാവും സംവിധായകനുമായ എസ്.എ.ചന്ദ്രശേഖര്‍. വിജയ് എന്ന നടനെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് ചന്ദ്രശേഖറിന്റെ ചിത്രമായ നാളെയ തീര്‍പ്പ് ആണ്.

സിനിമയിലെത്തി വര്‍ഷങ്ങള്‍ക്കിപ്പുറവും എസ്. എ. ചന്ദ്രശേഖറിന് മറക്കാനാവാത്ത അനവധി ഓര്‍മ്മകളും നിമിഷങ്ങളുമുണ്ട്. ചെന്നൈ സാലിഗ്രാമത്തിലുള്ള വസതിയില്‍വച്ച് എസ്. എ. ചന്ദ്രശേഖര്‍ കന്യകയോട്.

തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ എഴുപതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഇനിയെന്നാണ് മലയാളത്തിലേക്ക് ?


മലയാളത്തില്‍ ഒരു സിനിമ ചെയ്യണമെന്നത് തീക്ഷ്ണമായ ആഗ്രഹമായിരുന്നു. പല കാരണങ്ങളാല്‍ അത് നടന്നില്ല. മറ്റു ഭാഷകളിലൊക്കെ ഒരുപിടി നല്ല ചിത്രങ്ങള്‍ ചെയ്യാന്‍ അവസരമുണ്ടായപ്പോഴും മലയാളം മായാമാനിനെപ്പോലെ എന്നെ ഇപ്പോഴും കൊതിപ്പിച്ചു നില്‍ക്കുന്നു.

ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനിലേക്കുള്ള യാത്രയെക്കുറിച്ച്..?


സിനിമ അടിസ്ഥാനപരമായി ഒരു വ്യവസായം തന്നെയാണ്. ആര് എത്ര നിഷേധിച്ചാലും അതങ്ങനെ തന്നെയായിരിക്കും. കോടികള്‍ കിലുങ്ങുന്ന അപകടം പിടിച്ച ഒരു മേഖലയിലേക്ക് ആരും പരാജയപ്പെടാന്‍വേണ്ടി തുനിഞ്ഞിറങ്ങില്ല.

ആസ്വാദകന്റെ പള്‍സറിഞ്ഞ് അതിനൊത്ത സിനിമ അണിയിച്ചൊരുക്കുന്നത് ഏറെ കണക്കുകൂട്ടലുകളോടെയാണ്. ഈ സമവാക്യങ്ങളില്‍ അറിഞ്ഞോ അറിയാതെയോ പിഴവു സംഭവിക്കുമ്പോഴാണ് ചിത്രം ബോക്‌സ് ഓഫീസില്‍ മൂക്കുംകുത്തി വീഴുന്നത്.

ജീവിതത്തിലേറെ സന്തോഷം തോന്നിയ നിമിഷം?


1992 ഡിസംബര്‍ നാലിനു റിലീസായ നാളെയ തീര്‍പ്പ് എന്ന എന്റെ പടത്തില്‍ മകന്‍ വിജയായിരുന്നു ഹീറോ. ആ പടം എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ട് തിയേറ്ററുകള്‍ നിറഞ്ഞോടുന്നു എന്ന സത്യം തിരിച്ചറിഞ്ഞ നിമിഷങ്ങളിലാണ് ഞാന്‍ ജീവിതത്തില്‍ ഏറ്റവുമധികം സന്തോഷിച്ചത്.

മറക്കാനാവാത്ത അനുഭവം...?


എന്റെ മകള്‍, വിജയിന്റെ സഹോദരി വിദ്യ രണ്ടാമത്തെ വയസില്‍ മരണപ്പെട്ടത് ഒരിക്കലും മറക്കാനാവാത്ത അനുഭവമായി ഇന്നുമെന്നേ വേട്ടയാടിക്കൊണ്ടിരിക്കുന്നു. എനിക്കു മുമ്പില്‍ മുട്ടിലിഴയുന്ന വിദ്യ ഭ്രമിപ്പിക്കുന്ന ഒരു ഓര്‍മയാണ്.

ഒരു സമയത്ത് താങ്കളുടെ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടപ്പോള്‍ സിനിമ ഉപേക്ഷിക്കണമെന്നു തോന്നിയോ?


ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം വിജയപരാജയങ്ങള്‍ സര്‍വസാധാരണമാണ്. അതിനൊക്കെ അമിത പ്രാധാന്യം കൊടുത്താല്‍ ഒരു വിഷാദരോഗിയായി മാറും.

പരാജയത്തിനു തൊട്ടുപുറകേയായിരിക്കും പലപ്പോഴും വലിയ വിജയങ്ങള്‍ വരിക. പരാജയപ്പെടുമ്പോള്‍ ഓരിയിടുന്നവര്‍ വിജയത്തില്‍ കൈയടിക്കുമെന്നും ഓര്‍ക്കണം.

തിരിച്ചുവരവിന് ഭാര്യയും മകനും എത്രത്തോളം സഹായിച്ചു?


ശോഭയുടെ (വിജയ് അന്നു തീരെ ചെറുപ്പമായിരുന്നു) പിന്തുണ ഒരു വലിയ ബലം തന്നെയായിരുന്നു. ജീവിതം ഒരു പടക്കളമാണെന്നും അവിടെ തോറ്റോടാന്‍ പാടില്ലെന്നും അവള്‍ സദാ... ഓര്‍മിപ്പിച്ചിരുന്നു. തകര്‍ച്ചയില്‍ നിന്നും ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഞാന്‍ ഉയിര്‍ത്തെഴുന്നേറ്റു.
TRENDING NOW