Saturday, May 26, 2018 Last Updated 47 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 27 Feb 2017 03.32 PM

ഞാന്‍ അല്‍പ്പം സീരിയസാണ്...

സിനിമയിലൂടെ ആളുകളെ ചിരിപ്പിക്കുമെങ്കിലും ജീവിതത്തില്‍ അല്‍പ്പം ഗൗരവക്കാരനാണ് മാമുക്കോയ. എല്ലാകാര്യത്തിലും തന്റേതായ നിലപാടുകളുള്ള വ്യക്തി എന്ന രീതിയില്‍...
uploads/news/2017/02/84708/mamukoya.jpg

ജീവിതം 70 വര്‍ഷം പിന്നിടുമ്പോള്‍ പ്രായം തളര്‍ത്തിയ മനസും ശരീരവുമായി വാര്‍ധക്യത്തെ പഴിപറഞ്ഞിരിക്കുകയല്ല മലയാളത്തിന്റെ സ്വന്തം മാമൂക്കോ യ. വീറോടും വാശിയോടും കൂടി ജോലിയില്‍ വ്യാപൃതനാണ് അദ്ദേഹം.

കോഴിക്കോടന്‍ ശൈലിയിലുള്ള സംഭാഷണംകൊണ്ട് ശ്രദ്ധേയനായ നടന്‍. നാട്ടിലെ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളില്‍ ഇടപെടുകയും തന്റേതായ കാഴ്ചപ്പാടുകളില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്ന, മാമുക്ക എന്ന് നാട്ടുകാരും സുഹൃത്തുക്കളും സ്നേഹത്തോടെ വിളിക്കുന്ന ഈ കലാകാരന് പറയാനുള്ളതൊക്കെ ഗൗരവം നിറഞ്ഞതുതന്നെ.

നാടകനടനായി അഭിനയരംഗത്ത് കാലുറപ്പിച്ച മാമുക്കോയ തന്റേതായ ശൈലിയില്‍ ചെയ്ത ഹാസ്യ കഥാപാത്രങ്ങളെല്ലാം മലയാളിയുടെ മനസില്‍ എന്നും തങ്ങിനില്‍ക്കുന്നതാണ്.

മലയാള സിനിമയില്‍ സജീവ സാന്നിധ്യമുണ്ട് ?


ധാരാളം അവസരങ്ങളൊന്നുമില്ല. എങ്കിലും കിട്ടുന്ന വേഷങ്ങളൊക്കെ ഭംഗിയായി ചെയ്യുക. അതിനോട് നൂറ് ശതമാനം ആത്മാര്‍ഥത പുലര്‍ത്തുക. നമ്മുടെ പ്രയത്നവും ഭാഗ്യവും ജനങ്ങള്‍ ഇഷ്ടപ്പെടുന്നതും ഒക്കെ അനുസരിച്ചിരിക്കും ബാക്കിയുള്ളതെല്ലാം.

അവസരങ്ങള്‍ തേടിപോകേണ്ട സാഹചര്യങ്ങള്‍ ആദ്യകാലത്തൊക്കെ ഉണ്ടായിട്ടുണ്ടോ ?


പണ്ടും ഇപ്പോഴും ചാന്‍സ് തേടി പോകുന്നവരും അല്ലാത്തവരും ഒക്കെയുണ്ട്. ഞാനങ്ങനെ അവസരങ്ങള്‍ അന്വേഷിച്ച് പോയിട്ടില്ല.

സീനിയര്‍ നടനെന്ന നിലയില്‍ സിനിമാപ്രതിസന്ധിയെക്കുറിച്ചും,പുതിയ സംഘടനയെക്കുറിച്ചും...?


നീണ്ട അവധിക്കാലമായ ക്രിസ്തുമസും ന്യൂഇയറും പോലെയുള്ള സമയത്ത് ജനങ്ങള്‍ സിനിമ പ്രതീക്ഷിച്ച് നില്‍ക്കുകയാണ്. ആ അവസരത്തില്‍ ചെറിയ ഒരു വിഭാഗം പ്രൊഡ്യൂസര്‍മാര്‍ അവരുടെ കാഴ്ചപ്പാടിനുണ്ടായ പ്രശ്‌നംകൊണ്ട് സിനിമാ മേഖല വാശിപിടിച്ച് സ്തംഭിപ്പിച്ചു.

സിനിമകള്‍ ഓടി അത് മുതലാക്കിയ ശേഷമല്ലേ സംസാരിക്കേണ്ടത്. ഇത് എല്ലാവര്‍ക്കും നഷ്ടമാണ് ഉണ്ടാക്കിയത്. പൊതു ധാരണയിലുള്ള തെറ്റാണ് ഇതിന്റെ അടിസ്ഥാനം. ദിലീപിനെപ്പോലുള്ള കുറച്ച് ആളുകള്‍ക്ക് തോന്നി ഇത് തെറ്റാണെന്ന്.

ദിലീപ് മുന്‍കൈ എടുത്തതുകൊണ്ടും അത് ശരിയായതുകൊണ്ടുംതന്നെ ഒട്ടേറെ തീയറ്ററുകാര്‍ ദിലീപിന്റെ കൂടെ നിന്നു. അങ്ങനെ സംഭവിച്ചതാണിത്. ഈ അസോസിയേഷനും സംഘടനയും ഒക്കെ ഉണ്ടാകുന്നത് അങ്ങനെയാണല്ലോ. ഞാന്‍ എന്തായാലും അവരോടൊപ്പമാണ്.

ദേശീയഗാന വിവാദത്തില്‍ കമലിനെ പിന്തുണച്ചിരുന്നു ?


കമലിനെ സപ്പോര്‍ട്ട് ചെയ്യുക എന്നുള്ളതല്ല വിഷയം. അത്തരം പ്രയോഗങ്ങള്‍ ആരുടെ മേലും പാടില്ല. കമല്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് അവരൊട്ടു പറയുന്നതുമില്ല.

ദേശീയ ഗാനം അടിച്ചേല്‍പ്പിക്കാനുള്ളതല്ല. അത് നമ്മുടെ രാജ്യത്തിന്റെ ബഹുമാന്യമായ ഒരു ഗീതമാണ്. ഏത് രാജ്യത്തുചെന്നാലും അത് കേള്‍ക്കുമ്പോള്‍ നമ്മുടെ രോമം എഴുന്നേറ്റു നില്‍ക്കും. ഒരു ചടങ്ങിനു തന്നെ ഒരു 16 പ്രാവശ്യം ഇത് കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നിന്ന് ആളുകള്‍ വെറുത്തുപോകും. അതാണ് കമല്‍ പറഞ്ഞത്.

അല്ലാതെ ദേശീയ ഗാനത്തെ അധിക്ഷേപിക്കുകയോ ആക്ഷേപിക്കുകയോ ഒന്നും ചെയ്തിട്ടില്ല. അതൊരു കാരണമാക്കി കമാലുദ്ദീന്‍ എന്ന് വിശദീകരിച്ച് പൊക്കി വര്‍ഗ്ഗീയവാദം എന്ന അവസ്ഥയിലേക്കു വരെ കൊണ്ടുപോകുന്ന സാഹചര്യത്തില്‍ എത്തിച്ചത്് വേറെന്തോ വൈരാഗ്യത്തിന്റെ പേരിലാണോ എന്ന് സംശയമുണ്ട്.

ഇന്നയിന്ന കാരണങ്ങളാണ് കമലിന്റെ മേലുള്ള കുറ്റമെന്ന് വിശദീകരിക്കുന്നുമില്ല. സാമൂഹിക, രാഷ്്രടീയ സിനിമാ രംഗത്തുള്ള പ്രവര്‍ത്തകനെന്ന നിലയില്‍ ഇത്തരം വിഷയങ്ങളോട് പ്രതികരിക്കുന്നതില്‍ ഒരു തെറ്റുമില്ല. ഇതിനോടൊക്കെ പ്രതികരിക്കേണ്ടവര്‍ തന്നെയാണ്് കലാകാരനും സാഹിത്യകാരനും, സാമൂഹിക പ്രവര്‍ത്തകനും. അല്ലാതെ ഏതെങ്കിലും രാഷ്ട്രീയക്കാരന്റെ പ്രവര്‍ത്തനത്തിന് വഴങ്ങാനുള്ളവരല്ല.

വര്‍ഗ്ഗീയവാദി എന്നൊക്കെ ആരോപിച്ചപ്പോള്‍ പേടിതോന്നിയോ?


പ്രതികരിക്കേണ്ട വിഷയങ്ങളില്‍ ഇടപൊടുമ്പോള്‍ ഒരാള്‍ കൊള്ളരുതാത്തവനാകുമോ? ഞാന്‍ പറഞ്ഞാല്‍ അവര്‍ക്കിഷ്ടമാകുമോ ഇല്ലയോ എന്നൊന്നും വിചാരിച്ചിട്ട് കാര്യമില്ല. പ്രതികരണശേഷി നഷ്ടപ്പെട്ടിട്ട് എങ്ങനെയാണ് രാജ്യത്ത് ജീവിക്കുന്നത്.

സാമാന്യ ബോധമുള്ള എല്ലാമനുഷ്യരും പ്രതികരിക്കും. നമ്മളവരെ വഴക്കുപറയുകയും കുറ്റപ്പെടുത്തുകയും ഒന്നുമല്ലല്ലോ. അവരെ തിരുത്തിയത് ശരിയല്ലെന്ന് പറയുകയല്ലേ ചെയ്തത്. അത് ഉള്‍ക്കൊള്ളാനും മനസിലാക്കാനും അവര്‍ക്കുകൂടി തോന്നണം.

മതപരമായും, സാമ്പത്തികമായും, കാഴ്ചപ്പാടുകളിലും ഒക്കെ ഒരുപാട് വ്യത്യാസമുള്ള വ്യക്തികളാണ് നമ്മളെല്ലാം. ആ വ്യത്യാസങ്ങളൊക്കെ നിലനില്‍ക്കുമ്പോഴും ഒത്തൊരുമയോടെ ആ ഐക്യം കാത്തുസൂക്ഷിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടത്.

Ads by Google
Loading...
TRENDING NOW