Saturday, May 19, 2018 Last Updated 5 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 26 Feb 2017 01.52 AM

മായം കലരാത്ത ബിരിയാണി

uploads/news/2017/02/84208/sun2.jpg

വികസനത്തിന്റെയും സാമ്പത്തിക വളര്‍ച്ചയുടെയും ശാസ്‌ത്രകുതിപ്പുകളുടെയും പേരില്‍ ഇന്ത്യ മഹാരാജ്യത്തിന്റെ ഗ്രാഫ്‌ ലോകരാജ്യങ്ങള്‍ക്കു മുമ്പില്‍ റോക്കറ്റ്‌ വിട്ടതുപോലെ കുതിക്കുകയാണ്‌. മറുവശത്ത്‌ ഒരു നേരത്തെ ആഹാരം കിട്ടാതെ, കൊടും ദാരിദ്ര്യത്തില്‍ കഴിയുന്ന ഒരു വലിയ ജനവിഭാഗവും മഹാദുരിതങ്ങളും പേറി ഇവിടെ കാലം കഴിക്കുന്നുണ്ടെന്നത്‌ വിരോധാഭാസമായി തുടരുകയും ചെയ്യുന്നു. ഈ സാമുഹിക, സാമ്പത്തിക അസമത്വങ്ങളെ കണ്ടില്ലെന്ന്‌ നടിച്ച്‌ പ്രതിബദ്ധതയുള്ള ഒരു എഴുത്തുകാരന്‌ മുന്നോട്ടുപോകാനാകില്ല. പട്ടിണിയെയും, വിശപ്പിനെയും കുറിച്ചുമെല്ലാം എഴുതാന്‍ അവന്‌ അതുകൊണ്ടുതന്നെ പലവട്ടം തൂലിക ചലിപ്പിക്കേണ്ടിവരും. എഴുത്തുകാരന്റെ ഈ ദൗത്യം ഉത്തരവാദിത്ത്വമായി കണ്ട്‌ സന്തോഷ്‌ ഏച്ചിക്കാനം അത്‌ കൃത്യമായി നിര്‍വഹിച്ചപ്പോള്‍ അത്‌ ബിരിയാണിയെന്ന മായം കലരാത്ത ഹൃദയസ്‌പര്‍ശിയായ കഥയായി മാറി. എന്നാല്‍ ചിലര്‍ക്ക്‌ ആ ബിരിയാണി അത്ര രുചിച്ചില്ല. രുചിക്കാത്തവര്‍ കഥയിലെ കഥാപാത്രങ്ങളുടെ ജാതിയും മതവും ബയോഡേറ്റയും ചരിത്രവും തിരക്കി വിവാദങ്ങളുണ്ടാക്കി. അവര്‍ ഉയര്‍ത്തിയത്‌ വെറും അനാവശ്യ കോലാഹലങ്ങളായിരുന്നുവെന്ന്‌ കാലം തെളിയിച്ചു. നവമാധ്യമങ്ങളിലൂടെയായിരുന്നു ഈ വിവാദങ്ങള്‍ ചര്‍ച്ചയായത്‌. അനുകൂലിച്ചും പ്രതികൂലിച്ചും ആശയ സംഘട്ടനങ്ങള്‍ ഏറെ നടന്നു. ഒടുവില്‍ കഥയ്‌ക്കുനേരെ ജാതിക്കാര്‍ഡുകള്‍ ഇറക്കി കളിച്ചവര്‍ കളി മതിയാക്കി പിന്മാറുന്ന കാഴ്‌ച്ചയ്‌ക്കാണ്‌ വായനക്കാര്‍ സാക്ഷ്യം വഹിച്ചത്‌.
വര്‍ഷങ്ങള്‍ക്കിടെ മലയാള കഥാചരിത്രത്തില്‍ ബിരിയാണിപോലെ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു കഥയില്ല. ബിരിയാണിയുടെ രഹസ്യ കൂട്ടുകള്‍ സന്തോഷ്‌ ഏച്ചിക്കാനം വായനകാര്‍ക്ക്‌ മുന്നില്‍ വെളിപ്പെടുത്തുന്നു.

ബിരിയാണി എന്ന കഥ എഴുതാനുണ്ടായ സാഹചര്യം പറയാമോ?

കാസര്‍ഗോഡ്‌ ജില്ലയിലെ പൊയ്‌നാച്ചിയിലാണ്‌ എന്റെ നാട്‌. അവിടുത്തെ ചുറ്റുപാടും അനുഭവങ്ങളുമാണ്‌ എനിക്ക്‌ ആ കഥ എഴുതാനുണ്ടായ സാഹചര്യം ഒരുക്കിയത്‌. ഹിന്ദുക്കളും മുസ്ലിങ്ങളും നാനാജാതി വിഭാഗമാളുകളും ഇടകലര്‍ന്ന്‌ ജീവിക്കുന്ന ഒരിടമാണ്‌ അവിടം. ഇവരുമായൊക്കെ കൂടിക്കലര്‍ന്ന്‌ ജീവിച്ച അനുഭവപരിചയമാണ്‌ എനിക്കുള്ളത്‌. വിശപ്പിനെക്കുറിച്ച്‌ ഒരു കഥ എഴുതുക എന്നതായിരുന്നു ഈ കഥ എഴുതാനിരിക്കുമ്പോള്‍ എന്റെ മനസിലെ ലക്ഷ്യം. ഒരു ഭാഗത്ത്‌ കുന്നുകൂടി കിടക്കുന്ന സാമ്പത്തികാവസ്‌ഥ. മറുഭാഗത്ത്‌ ഭീകരമായ ദാരിദ്ര്യം. ഈ രണ്ട്‌ അവസ്‌ഥകളെ കുറിച്ചാണ്‌ ഞാന്‍ ചിന്തിച്ചത്‌. ഇന്ത്യയിലെ കോടീശ്വരന്മാര്‍ എന്നു പറയുന്നത്‌ ചൈനയിലെയും റഷ്യയിലെയും കോടീശ്വരന്മാരില്‍ നിന്നും തികച്ചും വ്യത്യസ്‌തമാണ്‌. അതിന്റെ അനുപാതം പരിശോധിച്ചാല്‍ ഇത്‌ ആര്‍ക്കും മനസിലാകും. മറ്റു രാജ്യങ്ങളില്‍ അഞ്ചോ, ആറോ കോടി ആസ്‌തിയുള്ള ആളെയാണ്‌ കോടീശ്വരന്‍ എന്നു പറയുന്നത്‌. ഇവിടെ അത്‌ ആയിരം കോടി, രണ്ടായിരം കോടി, അയ്യായിരം കോടി, പതിനായിരം കോടിക്കും എല്ലാം മുകളിലാണ്‌. ഇത്തരത്തിലുള്ള നിരവധി കോടീശ്വരന്മാര്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന, സാമ്പത്തിക അന്തരം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ ഒരു ഭാഗത്ത്‌. മറുഭാഗത്ത്‌ ദളിതരും മറ്റും അടങ്ങുന്ന അറുപത്‌ എഴുപത്‌ ശതമാനം വരുന്ന ഇന്ത്യക്കാര്‍ മറുഭാഗത്ത്‌. അവരെ ഇയ്യാംപാറ്റകളെപ്പോലെ അധികാരത്തിന്റെ ചൂലുകൊണ്ട്‌ അടുക്കിക്കൂട്ടി മുഖ്യധാരയില്‍ നിന്നും ഓരം ചേര്‍ക്കപ്പെട്ടിരിക്കുന്നു. മുഴുപട്ടിണിയിലാണവര്‍. ഈ പട്ടിണിയെ ഒരു കഥയിലൂടെ ആവിഷ്‌ക്കരിക്കാം എന്ന ഉദ്ദേശത്തോടെയാണ്‌ ബിരിയാണി എഴുതുന്നത്‌. അല്ലാതെ ചില വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചതുപോലെ ഇസ്ലാമോഫോബിയ ബാധിച്ച ഒരു മാനസികരോഗിയായതുകൊണ്ടല്ല.

താങ്കളെ മാനസികരോഗി എന്നു വിളിക്കുന്നതിലേക്കുവരെ അതിന്റെ വായന
വഴുതിപ്പോയല്ലോ?

അതേ, എന്നെ മാനസികരോഗി എന്നു വിളിക്കുന്നതിലേക്കുവരെ അതിന്റെ വായന വഴുതിപ്പോയി എന്നത്‌ ഏറെ ദുഃഖകരമാണ്‌. ആ കഥയിലെ കലന്തന്‍ഹാജിയും ഹസ്സനാര്‍ച്ചയും ഒക്കെ ഞാന്‍ എന്റെ വീടിന്റെ മുമ്പില്‍ കണ്ടു വളര്‍ന്ന കഥാപാത്രങ്ങളാണ്‌. ഒരു മുസ്ലിം പശ്‌ചാത്തലത്തില്‍ എഴുതിയതുകൊണ്ട്‌ അതിലെ കഥാപാത്രങ്ങള്‍ മുസ്ലിങ്ങളായി എന്നേ ഉള്ളൂ. അത്‌ ഒരു പക്ഷേ, തിരുവല്ലയിലായിരുന്നെങ്കില്‍ ക്രിസ്‌ത്യന്‍ കുടുംബത്തിന്റെ കഥയോ, തൃശൂരായിരുന്നെങ്കില്‍ ഹിന്ദു കുടുംബ പശ്‌ചാത്തലമോ ആകുമായിരുന്നു.
ഈ കഥയുടെ വിമര്‍ശനം വന്നതിനുശേഷമാണ്‌ എന്താണ്‌ പ്രതിനിധാനവായന എന്നുപോലും ഞാന്‍ കൃത്യമായി മനസിലാക്കുന്നത്‌. ഓരോ കഥാപാത്രങ്ങളുടെയും പേരിനെ ചൂഴ്‌ന്ന് പരിശോധിച്ചുകൊണ്ടുള്ള വായനയാണ്‌ നടന്നത്‌. മുസ്ലിം പേരിലൂടെ ഞാന്‍ മുസ്ലിം സമുദായത്തെ എന്റെ വര്‍ഗീയ ചൂണ്ടയിട്ട്‌ പിടിച്ചവഹേളിച്ചു എന്നൊക്കെയാണ്‌ വിമര്‍ശിച്ച്‌ വരുത്തിത്തീര്‍ക്കാന്‍ പലരും ശ്രമിച്ചത്‌. ഇത്തരം പ്രതിനിധാന വായനകള്‍ ഒരു വശത്ത്‌ വന്നുകൊണ്ടിരിക്കെയാണ്‌ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ വേറൊരുകൂട്ടര്‍ ഇതില്‍ ഹിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമമുണ്ട്‌ എന്ന ആക്രോശവുമായി വരുന്നത്‌.
ഇതിലെ ഗോപാല്‍ എന്നത്‌ ശ്രീകൃഷ്‌ണന്റെ പേരാണ്‌ എന്നാണവരുടെ വാദം. ശ്രീകൃഷ്‌ണനെ കൊണ്ട്‌ ഒരു മുസ്ലിമായ കലന്തന്‍ഹാജി കോഴി ബിരിയാണി സംസ്‌ക്കരിപ്പിച്ചു എന്നായി അവര്‍. ഹിന്ദുക്കളെ അടിച്ചമര്‍ത്താനുള്ള മതമായി ഇസ്ലാംമതത്തെ ഞാന്‍ ഉപയോഗിച്ചു എന്ന പരാതിയും ഉയര്‍ന്നുവന്നു. ശുക്കൂര്‍ മിയ എന്ന കഥാപാത്രത്തിന്റെ പേരിനെക്കുറിച്ചും വന്നു വിവാദം. സത്യത്തില്‍ സായിനാഥിന്റെ ഒക്കെ പുസ്‌തകവായനയില്‍ നിന്നും കിട്ടിയ ഒരു പേരാണത്‌. ഈ പേരുകളൊന്നുംതന്നെ കൃത്യമായി ഞാന്‍ ആസൂത്രണം ചെയ്‌ത് നിര്‍മിച്ചവയല്ല. ഇതിനിടയില്‍ യാദവ സമുദായത്തിന്റെ (കേരളത്തില്‍ എഴുത്തച്‌ഛന്‍) സംസ്‌ഥാന ജനറല്‍ സെക്രട്ടറി എന്നു പറഞ്ഞ്‌ ഒരു പ്രഫസറും എന്നെ വിളിച്ച്‌ ഗോപാല്‍ യാദവ്‌ എന്ന പേര്‌ അവരുടെ സമുദായത്തെ അവഹേളിക്കുന്നതായിപ്പോയിയെന്നു പരാതി പറഞ്ഞു. ബിഹാറിലെ യാദവര്‍ മികച്ച നിലയിലുള്ളവരാണെന്നും അവരൊന്നും കേരളത്തിലേക്ക്‌ വരാറില്ലെന്നുമാണ്‌ അദ്ദേഹത്തിന്റെ വാദം. അയാളും എന്നെ മാനസികരോഗി എന്നാണ്‌ വിശേഷിപ്പിച്ചത്‌.
ഇവിടെ മുസ്ലിം സമുദായം എന്നു പറയുന്നത്‌ ഇന്ത്യയുടെ അല്ലെങ്കില്‍ കേരളത്തിന്റെ പൊതു സമുദായത്തിനകത്ത്‌ കിടക്കുന്ന ഒന്നാണ്‌. അവര്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അല്ലെങ്കില്‍ ഭരണഘടനയുടെ അകത്ത്‌ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ജനവിഭാഗമാണ്‌. അല്ലാതെ അതിനു പുറത്തല്ല. ഇവിടെ നമ്മള്‍ ഒരേ വായു ശ്വസിക്കുകയും ഒരുമിച്ചു ജീവിക്കുകയും ചെയ്യുന്നു. ഇതിനിടയില്‍ ഞാന്‍ കേള്‍ക്കുന്ന, പരിചയപ്പെടുന്ന ഒരു പേര്‌ എന്റെ കഥാപാത്രത്തിനിടാനും എന്റെ പരിസരത്ത്‌ കാണുന്ന അനീതിയെ വിമര്‍ശിക്കാനും പാടില്ലെന്നാണോ?. ഞാനെഴുതിയ എണ്‍പതോളം കഥകളില്‍ മതേതരത്വത്തിന്റെ ആശയങ്ങളാണ്‌ അന്തര്‍ധാരയായി വര്‍ത്തിക്കുന്നത്‌. ഇതൊന്നും പരിഗണിക്കാതെ മനോരോഗിയെന്ന്‌ വിളിച്ചാക്ഷേപിക്കാനാണ്‌ ചിലര്‍ മുതിര്‍ന്നത്‌.

ഇത്തരം ആരോപണങ്ങളോടുള്ള പ്രതികരണം എന്താണ്‌?

എന്നെക്കുറിച്ച്‌ പറഞ്ഞാല്‍, വളരെ ബഹുസ്വരമായ മതേതര ചുറ്റുപാടില്‍ വളര്‍ന്ന ഒരാളാണ്‌ ഞാന്‍. സുഹൃത്തായിരുന്ന അബ്‌ദുള്ളയുടെ ഉമ്മ മന്ത്രിച്ചു തന്നിരുന്ന വെള്ളം കുടിച്ചാണ്‌ എന്റെ പല അസുഖങ്ങളും മാറിയിരുന്നത്‌. അരിമ്പാറകള്‍ കരിഞ്ഞുവീഴാന്‍ വേണ്ടി പള്ളികളില്‍ ഉപ്പുനേര്‍ച്ചകള്‍ പതിവായി ഞങ്ങള്‍ നേരാറുണ്ടായിരുന്നു. ആ വിശ്വാസത്തിനൊന്നും ഇപ്പോഴും ഒരു കോട്ടവും തട്ടിയിട്ടില്ല. അതുപോലെതന്നെ ഏറെ തെയ്യങ്ങളുള്ള ഒരു തറവാടാണ്‌ ഞങ്ങളുടേത്‌. അവിടെ പൊട്ടന്‍ തെയ്യത്തിന്‌ ഞങ്ങള്‍ വിളക്ക്‌ കൊളുത്തും.
പൊട്ടന്‍ തെയ്യം എന്നു പറയുന്നതു തന്നെ ജാതിവിരുദ്ധമായ ഒരു മിത്തിക്കല്‍ പ്രതിനിധിയാണ്‌. അപ്പോള്‍ അതിന്‌ വിളക്കുകത്തിക്കുക എന്നു പറയുന്നത്‌ ഞാനെന്റെ മനസില്‍ വിളക്കുകത്തിക്കുന്നതുപോലെയാണ്‌. എന്റെ മനസിലെ അന്ധകാരമകറ്റാന്‍ കത്തിച്ചുവെക്കുന്ന വിളക്കാണ്‌ അത്‌. അപ്പോഴാണ്‌ എന്നോട്‌ ബന്ധുക്കള്‍ പറയുന്നത്‌ നായര്‍ ഒഴിച്ചുള്ള അന്യ ജാതിക്കാരെ, മതസ്‌ഥരെ അവിടെ കയറ്റരുതെന്നത്‌. എന്തൊരു വിരോധാഭാസമാണെന്നു നോക്കണം. ഇങ്ങനെ ഒരു ബഹുസ്വരസമൂഹത്തില്‍ വളരെ സെക്കുലറായി ജീവിക്കുന്നവരെ ഒരുകഥയില്‍ ഒരു പേര്‌ ഉപയോഗിച്ചു എന്നതിന്റെ പേരില്‍ മുസ്ലിം വിരുദ്ധനായും മനോരോഗിയായും വിലയിരുത്തുന്നത്‌ അസഹനീയമാണ്‌.
സത്യത്തില്‍ എനിക്കല്ല, കേവലം ഒരു പേരു കാണുമ്പോള്‍ പോലും അതില്‍ മതം കാണുന്നവര്‍ക്കാണ്‌ ഇസ്ലാമോഫോബിയ അല്ലെങ്കില്‍ മനോരോഗം പിടിപെട്ടിട്ടുള്ളത്‌. എല്ലാ കലാസൃഷ്‌ടിയെയും പോലെ കഥയും എഴുതിത്തീരുന്നതോടെ അത്‌ വായനക്കാരന്റേതായിത്തീരും. നമ്മളില്‍ നിന്നും പുറപ്പെട്ടുപോയ വാക്ക്‌ തീര്‍ച്ചയായും കേള്‍വിക്കാരന്റെയോ വായനക്കാരന്റെയോ ആണ്‌ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. വായനക്കാരനാണ്‌ വ്യത്യസ്‌ത പാഠനിര്‍മിതികള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്‌. വിമര്‍ശനങ്ങളില്ലാത്തിടത്ത്‌ ഒന്നും ഉണ്ടാകുന്നില്ല എന്നും നമുക്കറിയാം.

വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ സ്വീകരിക്കാന്‍ താങ്കള്‍ തയ്യാറാണോ?

തീര്‍ച്ചയായും. വിമര്‍ശനങ്ങള്‍ വേണം. സന്തോഷ്‌ ഏച്ചിക്കാനത്തിന്‌ എഴുതാനുള്ള കഴിവില്ല എന്നു പറയാം. ഈ കഥയ്‌ക്ക് മറ്റുകഥകളുടെ നിലവാരമില്ല എന്നു പറയാം. വിഷയം അവതരിപ്പിക്കുന്നതിലും സംവേദനം ചെയ്യുന്നതിലും ഈ സൃഷ്‌ടി പരാജയമാണ്‌ എന്നു കുറ്റപ്പെടുത്താം. അങ്ങനെ ഏതു രീതിയിലും വിശദീകരിക്കാനുള്ള അവകാശം വിമര്‍ശകര്‍ക്കുണ്ട്‌. പക്ഷേ, ഒരു എഴുത്തുകാരന്റെ ആത്മാംശത്തെ ചോദ്യംചെയ്‌തുകൊണ്ട്‌ അയാള്‍ അതുവരെ നിലയുറപ്പിച്ചിട്ടുള്ള ആശയപ്രബഞ്ചത്തെയാകെ ചോദ്യം ചെയ്‌ത് വ്യക്‌തിപരമായ ഇത്തരം ആക്രമണങ്ങളാണ്‌ ഇവിടെ വിമര്‍ശനകലയായി ഒരു വിഭാഗം ഉയര്‍ത്തിക്കൊണ്ടുവന്നത്‌. അത്‌ വളരെ ആശങ്കാജനകമാണ്‌. അതുകൊണ്ടാണ്‌ നേരത്തെ സൂചിപ്പിച്ചതുപോലെ ഇതൊരു തലയില്ലാത്ത വണ്ടിപോലെ ഓടിക്കൊണ്ടിരിക്കുന്നു എന്നു പറയേണ്ടിവരുന്നത്‌.
കേരളീയസമൂഹം ഇന്ന്‌ വളരെ കമ്മ്യൂണലായി മാറിക്കൊണ്ടിരിക്കുകയാണ്‌. ശ്രീ നാരായണ ഗുരുവും, പണ്ഡിറ്റ്‌ കറുപ്പനുമൊക്കെ ഇടപെട്ടതുപോലുള്ള ഒരു നവോത്ഥാന ഇടപെടല്‍ പുതിയ കാലത്ത്‌ അനിവാര്യമാണ്‌. അതല്ല, ഇങ്ങനെ പോയാല്‍ നമുക്കുറപ്പിച്ചു പറയാന്‍ പറ്റും പത്തോ പതിനഞ്ചോ വര്‍ഷം കഴിഞ്ഞാല്‍ നമുക്ക്‌ ഇതുപോലെ ഹിന്ദുവിനും മുസല്‍മാനും നായര്‍ക്കും ഈഴവനും ഒരുമിച്ചിരിക്കാനാവില്ല. ശ്രീനാരായണ ഗുരുവിന്റെ ഇടപെടലിനെ ഒരു സമഗ്രപ്രസ്‌ഥാനമായി കാണാതെ കേവലജാതി പ്രസ്‌ഥാനമായി കണ്ടതുകൊണ്ടാണ്‌ ഇന്നത്‌ വെള്ളാപ്പള്ളി നടേശന്റെ കൈയിലെത്തിച്ചേരാനിടയായത്‌ എന്ന്‌ നാം മറക്കരുത്‌. സത്യത്തില്‍ ഗുരു വിഭാവനം ചെയ്‌തത്‌ ഒരു ദേശീയ പ്രസ്‌ഥാനമായിരുന്നു. അത്‌ വളര്‍ന്ന്‌ വികസിച്ച്‌ എല്ലാ ജാതി-മത വിഭാഗങ്ങളിലേക്കും വെളിച്ചം പരത്തേണ്ടതായിരുന്നു. പകരം അതിനെ ആ ജാതിയില്‍ തന്നെ തളച്ചിടുകയും സ്വാഭാവികമായും അതിന്റെ അന്തസത്ത ചോര്‍ന്നുപോവുകയും ചെയ്‌തു. ഇതുതന്നെയാണ്‌ മറ്റു ജാതി-നവോത്ഥാന പ്രസ്‌ഥാനങ്ങള്‍ക്കും സംഭവിച്ചത്‌. ഇന്നു നമുക്കറിയാം വാട്‌സ് ആപ്പില്‍പോലും കുടുംബ ജാതി ഗ്രൂപ്പുകളാണ്‌. എല്ലാം ജാതീയമായി വിഘടിച്ചുപോയിക്കൊണ്ടിരിക്കുന്നതിന്റെ ഒരു സൂചനയാണിത്‌. ഇത്‌ പിന്നീട്‌ വംശീയ ഗ്രൂപ്പുകളായി മാറും. സൗഹൃദം പോലും ഇപ്പോള്‍ അതത്‌ ജാതിയുടെയും മതത്തിന്റെയും കള്ളികളിലാണ്‌ ഒത്തു ചേരുന്നത്‌. ഒരു പ്രത്യേകസാഹചര്യം സംജാതമാകുമ്പോള്‍ ഇത്‌ ആഫ്രിക്കയിലും മറ്റും കാണുന്നതുപോലെ വംശീയ സംഘട്ടനങ്ങളിലേക്ക്‌ പെട്ടെന്ന്‌ വഴിമാറും.
പഴയകാലത്തിന്റെ നന്മകളുടെ ചിലവില്‍ ജീവിക്കുന്ന ഒരു സമൂഹമാണ്‌ നമ്മുടേത്‌. അന്ന്‌ നവോത്ഥാനത്തിലൂടെ, ദേശീയ പ്രസ്‌ഥാനത്തിലൂടെ, സോഷ്യലിസ്‌റ്റ് പ്രസ്‌ഥാനത്തിലൂടെ, ഗ്രന്ഥശാലാപ്രസ്‌ഥാനത്തിലൂടെ എത്രയോ നല്ല മനുഷ്യര്‍ സ്വന്തം ജീവന്‍പോലും ബലിയര്‍പ്പിച്ച്‌ പടുത്തുയര്‍ത്തിക്കൊണ്ടുവന്ന ജനാധിപത്യത്തിന്റെ അടിത്തറയിലാണ്‌ ഇന്ന്‌ നാം അനുഭവിക്കുന്ന നന്മകള്‍ നിലനില്‍ക്കുന്നത്‌. എന്നാല്‍ അതിനു മുകളില്‍ നമ്മള്‍ എന്തെങ്കിലും പുതുതായി ഉണ്ടാക്കിയിട്ടുണ്ടോ?. ഇല്ല എന്നു മാത്രമല്ല, പഴയതിനെ മറക്കാന്‍ കൂടിയുള്ള ശ്രമത്തിലാണ്‌ നാമിപ്പോള്‍ എന്നു കാണാനാവും. ഗാന്ധിയെ പോലും നാമിന്ന്‌ ഏറെക്കുറെ മറന്നു തുടങ്ങിയിരിക്കുന്നു. ചുറ്റും എന്തു സംഭവിച്ചാലും ഒരു കുലുക്കവുമില്ലാത്ത സമൂഹമായി മലയാളി മാറിക്കൊണ്ടിരിക്കുന്നു. ഇവിടെ ജാതി വന്നാലും മതംവന്നാലും, ആണവനിലയം വന്നാലും ഒരു പ്രശ്‌നവുമില്ല എന്നിടത്താണ്‌ വര്‍ത്തമാന മലയാളി നില്‍ക്കുന്നത്‌. അങ്ങനെ ആത്മീയമായി, ചരിത്രപരമായി ദാരിദ്ര്യം പിടിച്ച ഒരു ജനതയെ ആര്‍ക്കുവേണമെങ്കിലും ഹൈജാക്ക്‌ ചെയ്യാവുന്നതാണ്‌. നമുക്ക്‌ കരുതിയിരിക്കാം.

എം.എ.ബൈജു

Ads by Google
Sunday 26 Feb 2017 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW