Wednesday, November 08, 2017 Last Updated 24 Min 57 Sec ago English Edition
Todays E paper
Ads by Google
Friday 24 Feb 2017 03.55 PM

ഇതാണ് എന്റെ സമയം

uploads/news/2017/02/83755/manjusatheesh.jpg

സിനിമയിലും സീരിയലിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രിയ നടിയായ മഞ്ജു സതീഷിന്റെ വിശേഷങ്ങള്‍.

വളര്‍ത്തുമകളായ ജാനകിയെ കഷ്ടപ്പെടുത്തുന്ന രത്നമ്മയെ വെറുക്കാത്ത ടെലിവിഷന്‍ പ്രേക്ഷകരുണ്ടാവില്ല. രത്നമ്മയായി അഭിനയിക്കുന്ന മഞ്ജു സതീഷ് പക്ഷേ ജീവിതത്തില്‍ ഒരു പാവം നാട്ടിന്‍പുറത്തുകാരിയാണ്.

നായകന്റെ അനിയത്തിയായും നായികയുടെ കൂട്ടുകാരിയായും സിനിമയിലും സീരിയലുകളിലും നല്ല വേഷങ്ങള്‍ ചെയ്ത മഞ്ജു വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് താല്‍ക്കാലികമായി മാറി നിന്നു. അഭിനയമോഹവുമായി തിരിച്ചെത്തിയ മഞ്ജുവിനെ കാത്തിരുന്നത് കുറേ നല്ല കഥാപാത്രങ്ങളായിരുന്നു.

സീരിയലുകളിലും മഞ്ജുവിന് കൈ നിറയെ അവസരങ്ങള്‍ കിട്ടി. മഞ്ഞുരുകും കാലം,ചിന്താവിഷ്ടയായ സീത എന്നീ സീരിയലുകളിലൂടെ അല്പം വില്ലത്തരങ്ങളൊക്കെയായി അഭിനയിക്കുമ്പോഴും മഞ്ജു ഹാപ്പിയാണ്.

സിനിമയിലേക്കുള്ള തിരിച്ചു വരവില്‍ കിട്ടിയതൊക്കെ അമ്മ വേഷങ്ങളാണല്ലോ?


അതെ. സിനിമയില്‍ മാത്രമല്ല സീരിയലിലും അമ്മവേഷങ്ങള്‍ ചെയ്യുന്നുണ്ട്. നേരത്തെ ഞാന്‍ നായികയായിട്ടൊന്നുമല്ലല്ലോ അഭിനയിച്ചത്. അതുകൊണ്ട് അമ്മവേഷങ്ങള്‍ ചെയ്യില്ലെന്ന വാശിയൊന്നുമില്ല.

ജീവിതത്തില്‍ എല്ലാവര്‍ക്കും ഒരു നല്ല സമയമുണ്ടാവും. എന്റെ സമയമിതാണ്. അമ്മ വേഷമാണെന്നു കരുതി കിട്ടുന്ന നല്ല അവസരങ്ങള്‍ നഷ്ടപ്പെടുത്തില്ല.

ഓം ശാന്തി ഓശാനയില്‍ നസ്രിയയുടെ അമ്മയായിട്ടാണ് അഭിനയിച്ചത്. ഇപ്പോള്‍ കാണുമ്പോഴും പലരും ആ റോളിനെക്കുറിച്ച് പറയാറുണ്ട്. ഒരു വീട്ടില്‍ പോയപ്പോള്‍ അവിടുത്തെ കുട്ടി എന്നെ വിളിച്ചത് ഓംശു മമ്മി എന്നാണ്.

ആ കഥാപാത്രത്തെ കുട്ടികള്‍ പോലും ഓര്‍ക്കുന്നു എന്നതില്‍ സന്തോഷമുണ്ട്. ടീം 5ല്‍ ശ്രീശാന്തിന്റേയും പേളിയുടെയും അമ്മയായിട്ടാണ് അഭിനയിച്ചത്. അമ്മവേഷങ്ങള്‍ ചെയ്യാന്‍ എനിക്ക് മടിയൊന്നുമില്ല.

സീരിയലില്‍ വില്ലത്തി കഥാപാത്രങ്ങളാണല്ലോ ചെയ്യുന്നത്?


ബാലാമണി എന്ന സീരിയലിലാണ് ആദ്യമായി വില്ലത്തി റോള്‍ ചെയ്യുന്നത്. ആ സീരിയലിലെ അഭിനയം എല്ലാവര്‍ക്കും ഇഷ്ടമായി. പിന്നീടാണ് മഞ്ഞുരുകും കാലത്തിലേക്ക് വിളിക്കുന്നത്.

രത്നമ്മയുടെ റോള്‍ ചെയ്തിരുന്ന ലാവണ്യ മാറിയപ്പോഴാണ് എന്നെ വിളിച്ചത്. ഞാന്‍ ആ ക്യാരക്ടര്‍ ചെയ്താല്‍ ശരിയാകുമോ എന്ന് എല്ലാവര്‍ക്കും, എന്തിന് എനിക്കുപോലും സംശയമുണ്ടായിരുന്നു. കാരണം ബാലാമണിയില്‍ കുറച്ച് എപ്പിസോഡുകളില്‍ അഭിനയിച്ചതൊഴിച്ചാല്‍ മുമ്പ് ഞാന്‍ ചെയ്തതൊക്കെ പാവം കഥാപാത്രങ്ങളായിരുന്നു.

പ്രേക്ഷകര്‍ക്കും നല്ല അഭിപ്രായമാണുള്ളത്. ഷോപ്പിംഗിനൊക്കെ പോകുമ്പോള്‍ പലരും അടുത്ത് വന്ന് സംസാരിക്കാറുണ്ട്. മഞ്ഞുരുകും കാലത്തിലെ രത്നമ്മയെ ഇഷ്ടമായി, നന്നായി അഭിനയിക്കുന്നുണ്ട് എന്നൊക്കെ പറയുമ്പോള്‍ അവാര്‍ഡ് കിട്ടിയതുപോലെയാണ് തോന്നുന്നത്.

ആദ്യമായി ക്യാമറയ്ക്ക് മുമ്പിലെത്തിയത്?


പത്തുവരെ ഞാന്‍ ഡാന്‍സ് പഠിക്കുന്നുണ്ടായിരുന്നു. ആലിശ്ശേരി പുരുഷോത്തമന്‍ സാറാണ് ഗുരു. കാബൂളിവാല, വിയറ്റ്‌നാം കോളനി എന്നീ സിനിമകള്‍ ഷൂട്ട് ചെയ്തത് ആലപ്പുഴയിലാണ്.

പാട്ടുസീനിലേക്ക് കുറച്ച് കുട്ടികളെ വേണമെന്ന് പറഞ്ഞപ്പോള്‍ പുരുഷോത്തമന്‍ സാര്‍ ഞങ്ങളെ കൊണ്ടുപോയി. ഒരു പാട്ടുസീനില്‍ ഡാന്‍സ് ചെയ്തു.വിയറ്റ്‌നാം കോളനിയുടെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് സെബാസ്റ്റിയന്‍ ചേട്ടന്‍ മുഖേനെയാണ് തപസ്യ സീരിയലിലേക്ക് എന്നെ വിളിക്കുന്നത്.

ആ സീരിയലില്‍ ബീന ചേച്ചിയുടെ അനിയത്തിയായിട്ടാണ് അഭിനയിച്ചത്. അതിനുശേഷം ദൂര്‍ദര്‍ശന്റെ ദേശാടനപക്ഷിയില്‍ അനിലചേച്ചിക്കൊപ്പം അഭിനയിച്ചു.

പിന്നീട് സിനിമയില്‍ ചെറിയ വേഷങ്ങളൊക്കെ കിട്ടിത്തുടങ്ങി. സല്ലാപം, തൂവല്‍കൊട്ടാരം തുടങ്ങി ഇരുപത്തെട്ടോളം സിനിമകളില്‍ അഭിനയിച്ചു. വിവാഹം കഴിഞ്ഞതോടെ താല്‍ക്കാലികമായി അഭിനയം നിര്‍ത്തി. മകന്‍ വലുതായശേഷം വീണ്ടും അഭിനയിക്കാന്‍ തീരുമാനിച്ചു.

Ads by Google
TRENDING NOW