Tuesday, May 22, 2018 Last Updated 27 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Feb 2017 03.09 PM

ജാതകവിശേഷവും ദോഷങ്ങളും പരിഹാരവും

uploads/news/2017/02/82733/jyothi210217.jpg

ചോദ്യം: എന്റെ മകള്‍ അനിതയുടെ വിവാഹക്കാര്യം അറിയുന്നതിനുവേണ്ടിയാണ് ഈ കത്തെഴുതുന്നത്. പല നല്ല വിവാഹാലോചനകളും വരുന്നുണ്ട്. എന്നാല്‍ ആലോചന മുറുകിവരുമ്പോള്‍ വിട്ടുപോകുകയാണ്. 1991 ഏപ്രില്‍ രണ്ടിന് രാത്രി ഒരുമണിക്കാണവള്‍ ജനിച്ചത്. എറണാകുളം ജില്ലയിലെ ഒരാശുപത്രിയിലാണ് അവളെ പ്രസവിച്ചത്. അവള്‍ക്ക് ഒരു നല്ല ജോലി ലഭിക്കുമോ? നല്ല വിവാഹം നടക്കുമോ? മകളുടെ കാര്യമോര്‍ക്കുമ്പോള്‍ ആധിയാണ്.
രാജം ജി. നായര്‍, കൊച്ചി.

ഉത്തരം: മകളുടെ ഗ്രഹനിലതാഴെ ക്കൊടുക്കുന്നു. ചോതി നക്ഷത്രം- നാലാംപാദം. സര്‍പ്പദശയിലെ ജനനം. 3 വയസ്സും 3 മാസവും 9 ദിവസവുംവരെ സര്‍പ്പദശ. 12/7/2010-ല്‍ ശനിദശ തുടങ്ങി. 12/7/2029 വരെ ശനിദശയാണ്. ഇപ്പോള്‍ ശനിദശയിലെ കേതുവിന്റെ അപഹാരമാണ്. 3/5/2017 വരെ അത്യന്തം ഗ്രഹപ്പിഴ കാലമാണ്. അനിതയ്ക്കും മാതാപിതാക്കള്‍ക്കും, ഉറ്റബന്ധുക്കള്‍ക്കും പലവിധ രോഗാരിഷ്ടതയ്ക്കും ധനനഷ്ടം, ഭൂമിനഷ്ടം എന്നിവയ്ക്കും സാധ്യത. കോടതി, കേസുകാര്യങ്ങളില്‍ പരാജയം.

അഗ്നി, വൈദ്യുതി എന്നിവയില്‍നിന്ന് അപകടം ഉണ്ടാകാം. വിവാഹത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പാപമൂല്യത്തിന് പ്രാധാന്യമുണ്ട്. അനിതയുടേത് 7.5 പാപമൂല്യമുള്ള ജാതകമാണ്. അതിന് ചേരുന്ന ജാതകനെയേ ചേര്‍ക്കാവൂ. വിദ്യാഭ്യാസ കാലത്ത് അന്യജാതിയില്‍പ്പെട്ട യുവാവുമായി പ്രണയബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ട്. 3/5/2017-ന് ശേഷം 2/7/20- നകം വിവാഹം നടക്കാന്‍ സാധ്യത കാണുന്നു. അനിത പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവക്കാരിയാണെന്നും നിര്‍ബ്ബന്ധ ബുദ്ധിക്കാരിയാണെന്നും കാണുന്നു.

ഈ സ്വഭാവം വിവാഹജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. ബാങ്കിംഗ്, ഓഫീസ് ജോലി, ചിത്രമെഴുത്ത്, ഫാഷന്‍ ഡിസൈനിംഗ് എന്നിവയില്‍ ശോഭിക്കാം. നിലവില്‍ ഒരു ജോലിയുള്ളതായിക്കാണുന്നു. ജീവിതത്തില്‍ സാമ്പത്തിക അസന്തുലിതാവസ്ഥ നിലനില്‍ക്കുമെന്നതിനാല്‍ സാമ്പത്തിക കാര്യങ്ങളില്‍ അനിത പ്രത്യേകം ശ്രദ്ധിക്കണം. ശനിയന്ത്രം ധരിക്കുന്നത് നന്ന്.

** ** **

ചോദ്യം: കാസര്‍ഗോഡ് സ്വദേശയാണ് ഞാന്‍. 19/03/ 1992-ല്‍ വെളുപ്പിന് 12.45-ന് കാസര്‍ഗോട്ടാണ് ജനനം. പ്ലസ് ടുവിനുശേഷം കെ.ജി.സി.ഇ., ഐ.ടി.ഐ. കഴിഞ്ഞ് വിദൂര വിദ്യാഭ്യാസം വഴി ബി.കോം ബിരുദം നേടി. ഇതിനിടയ്ക്ക് പാര്‍ട്ട്‌ടൈമായി പല പല ജോലികളും ചെയ്തു. ഒന്നിലും ഒരു പുരോഗതിയുണ്ടായില്ല. ഒരു സര്‍ക്കാര്‍ ജോലി ലഭിക്കുകയെന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. അതു സാധിക്കുമോ? എന്റെ ജാതകം നാട്ടിലെ ഒരു ജ്യോത്സ്യനെ കാണിച്ചപ്പോള്‍ അച്ഛന്റെ ഭൂമി സംബന്ധമായ ദോഷം പരിഹരിക്കാതെ എനിക്ക് ഉന്നതിയുണ്ടാവുകയില്ലെന്ന് പറഞ്ഞു. ആ ജ്യോത്സ്യരുടെ വാക്കുകള്‍ എന്ന വല്ലാതെ വേദനിപ്പിച്ചു. എന്റെ ജീവിതം എന്തായിത്തീരുമെന്ന് ഒരു രൂപവുമില്ല. സാറിന്റെ വിലയേറിയ ഉപദേശങ്ങള്‍ക്കായി കാത്തിരിക്കുന്നു. എനിക്ക് നല്ല ഒരു വിവാഹം നടന്നുകിട്ടുമോ?
ഇ. സന്ദീപ്, കാസര്‍ഗോഡ്

ഉത്തരം: ഉത്രം മൂന്നാംപാദത്തിലാണ് സന്ദീപ് ജനിച്ചത്. ഗ്രഹനില താഴെക്കൊടുത്തിരിക്കുന്നു. ആദിത്യദശയിലെ ജനനം. 2 വയസും ഒരു മാസവും, 20 ദിവസവും വരെ ആദിത്യദശ. ഇപ്പോള്‍ രാഹുവിലെ ശനിയുടെ അപഹാരമാണ്. 21/4/2019-ല്‍ രാഹുവിലെ ബുധാപഹാരത്തിലേക്ക് മാറും. ലഗ്നാല്‍ 5 ഉം ചന്ദ്രാന്‍ ഒന്നരയും, ശുക്രാന്‍ ഒന്നരയും ഉള്‍പ്പെടെ 8 പാപമൂല്യമുള്ള ജാതകമാണ്.

വിവാഹ കാര്യത്തില്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. തന്നില്‍ത്താഴ്ന്നതോ, വിഭിന്ന ജാതിയില്‍പ്പെട്ടതോ ആയ ജീവിതപ
ങ്കാളിയെ സ്വീകരിക്കരുത്. സൂര്യന്റെ ഭാവം, ദ്രേക്കാണം, സപ്താംശം, നവാംശം എന്നിവ അടിസ്ഥാനമാക്കി ചിന്തിക്കുമ്പോള്‍ മുന്‍പിന്‍ നോക്കാതെ പ്രതികരിക്കുന്ന സ്വഭാവമാണ് താങ്കള്‍ക്കെന്ന് കാണുന്നു.

സത്യസന്ധതയ്ക്ക് നിങ്ങള്‍ മുന്‍തൂക്കം കൊടുക്കും. എല്ലാക്കാര്യങ്ങളിലും കഠിനമായി അദ്ധ്വാനിച്ചാലും അതിന് തക്കഫലം ലഭിക്കാനിടയില്ല. അതിനാല്‍ ഒരുതരം അസംതൃപ്തി ജീവിതാവസനം വരെ നിലനില്‍ക്കാം. മറ്റുള്ളവരെ പ്രചോദിപ്പിക്കാന്‍ നിങ്ങള്‍ ശ്രമിക്കും.

പല പല തൊഴിലുകള്‍ മാറി മാറി ചെയ്യേണ്ടിവരും. ബാങ്കിംഗ് മേഖല, ഷെയര്‍മാര്‍ക്കറ്റ്, ഗൃഹോപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, എന്നിവയുടെ നിര്‍മ്മാണം, സാമ്പത്തിക മേഖല, ഓഫീസ് ജോലി എന്നിവയില്‍ നിങ്ങള്‍ വിജയിക്കും.

സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങളുടെ കൂര്‍മ്മബുദ്ധി നിരവധി വഴികള്‍ കാട്ടിത്തരും. സമ്പന്നനാകാന്‍ യോഗമുണ്ട്. പക്ഷേ, ധനം കരുതി വച്ചില്ലെങ്കില്‍ ചോര്‍ന്നു പോകാനും സാധ്യതയുണ്ട്. സര്‍ക്കാര്‍ ഉദ്യോഗത്തിനായി ശ്രമിക്കുക. എന്നാലും മറ്റു മേഖലകളിലാണ് വിജയം കാണുന്നത്.

9/5/2011-ല്‍ സര്‍പ്പദശ ആരംഭിച്ചു. 18 വര്‍ഷമാണ് സര്‍പ്പദശ. സര്‍പ്പദശ പൊതുവില്‍ നന്നായിരിക്കുകയില്ല. എന്നാല്‍ നേട്ടങ്ങളുമുണ്ടാകാം. 14/6/2016 മുതല്‍ 21/4/2019 വരെ സര്‍പ്പദശയിലെ ശനിയുടെ അപഹാരമാണ്. ദൂരദേശവാസം, പിത്തരോഗം, ബന്ധുക്കള്‍ക്കും തനിക്കു തന്നെയും കഷ്ടനഷ്ടങ്ങള്‍, പ്രേമഭംഗം എന്നിവയ്ക്കും സാധ്യതയുണ്ട്.

അതിനുശേഷം 7/11/2021 വരെയുള്ള കാലം ഉയര്‍ച്ച, അഭിവൃദ്ധി, ധനലാഭം, ബന്ധുജനപ്രീതി എന്നിവയുണ്ടാകാന്‍ യോഗം കാണുന്നു. പിതാവിന്റെ വാസ്തുദോഷം താങ്കളെ ബാധിച്ചതായി കാണുന്നില്ല. സര്‍പ്പപ്രീതികരങ്ങളായ വഴിപാടുകളും പ്രാര്‍ത്ഥനകളും നടത്തുക.

** ** **

ചോദ്യം: ഞാന്‍ 'ജ്യോതിഷഭൂഷണ'ത്തിന്റെ സ്ഥിരം വായനക്കാരിയാണ്. ജ്യോതിഷഭൂഷണത്തിലെ വിഭവങ്ങള്‍ എല്ലാം ഒന്നിനൊന്ന് മെച്ചം. ജ്യോതിഷവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്നതുകൊണ്ട് ഞാന്‍ എല്ലാ ലക്കവും സൂക്ഷിച്ചു വയ്ക്കാറുണ്ട്.
എന്റെ മകളുടെ ജോലിക്കാര്യം അറിയാനാണ് ഈ കത്തെഴുതുന്നത്. 1987 ജൂലൈ 30-ന് രാവിലെ 9.14-ന് തിരുവല്ലയിലാണ് മകള്‍ ജനിച്ചത്. അവള്‍ ജന്തുശാസ്ത്രത്തില്‍ എം.എസ്സിയും, ബി.എഡും നല്ല മാര്‍ക്കോടെ പാസ്സായിട്ടുണ്ട്. അവള്‍ക്ക് ടീച്ചര്‍ ജോലിയോടാണിഷ്ടം. അതു കിട്ടാന്‍ സാദ്ധ്യതയുണ്ടോ? സാറിന്റെ മറുപടിക്കായി കാത്തിരിക്കുന്നു.
ശ്യാമള, കല്ലൂപ്പാറ

ഉത്തരം: ഉത്രം രണ്ടാംപാദത്തിലാണ് മകളുടെ ജനനം. 4 വയസ്സും അഞ്ചുമാസവും 12 ദിവസവും വരെ ആദിത്യദശ. ഇപ്പോള്‍ സര്‍പ്പദശയിലെ ബുധാപഹാരമാണ്. 12/7/2019-ല്‍ രാഹുവിലെ കേതുവിലേക്ക് മാറും. മകളുടെ ഗ്രഹനില.

ലഗ്നാല്‍ അഷ്ടമത്തില്‍ സര്‍പ്പവും ഭാഗ്യ സ്ഥാനമായ ഒന്‍പതില്‍ വ്യാഴനും നില്‍പ്പുണ്ട്. രണ്ടിലെ കേതുവും. ഗുളികനും ധനനഷ്ടത്തിന് ഹേതുവാണ്. നാലിലെ ശനി ഗൃഹനഷ്ടത്തെയോ അപൂര്‍ണതയെയോ കാണിക്കുന്നു. വിദ്യാകാരകനായ ബുധന്‍ ലാഭസ്ഥാനമായ 11-ല്‍ നില്‍ക്കുന്നു.

ഔദാര്യവും ആതിഥേയത്വ മനോഭാവവുമുള്ള കുട്ടിയാണ്. വ്യക്തിത്വവും അന്യരെ ആകര്‍ഷിക്കാനുള്ള കഴിവും മകള്‍ക്കുണ്ട്. കേള്‍ക്കുന്നതെന്തും കാര്യകാരണവിചിന്തനം കൂടാതെ വിശ്വസിക്കും. വാശിയും കടുംപിടുത്തവുമുള്ള സ്വഭാവമാണ്.

ആരംഭിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുള്ള നിര്‍ബ്ബന്ധബുദ്ധി കാട്ടാറില്ല. ധനവും, മറ്റ് ഭൗതികസമ്പത്തും ആര്‍ജിക്കാന്‍ യോഗമുണ്ട്. സര്‍ക്കാര്‍ ജീവനം, ബാങ്ക്, ഇന്‍ഷുറന്‍സ് തുടങ്ങി സ്ഥിരതയുള്ള ഒരു ജോലിയാണ് മകള്‍ക്ക് അഭികാമ്യം.

ക്ഷമയോടെ പരിശ്രമിച്ചാല്‍ അദ്ധ്യാപിക ജോലി ലഭിക്കാം. ഒന്നിലധികം പ്രേമബന്ധങ്ങളില്‍ അകപ്പെടാം. ശ്വാസകോശരോഗങ്ങള്‍, ഉദരരോഗം, മൈഗ്രെയിന്‍, ദന്തരോഗം എന്നിവ പിടിപെടാം.

10/1/2009-ല്‍ (21 വയസ്സ് 5 മാസം) സര്‍പ്പദശ ആരംഭിച്ചു. സര്‍ക്കാര്‍, അഗ്നി, ആയുധം, വിഷം, കള്ളന്മാര്‍ എന്നിവയില്‍ നിന്നുള്ള ദോഷഫലങ്ങള്‍ പ്രതീക്ഷിക്കണം. ബന്ധുനാശം, നീചന്മാരില്‍നിന്നുള്ള അപവാദവും, അപമാനവും സഹിക്കേണ്ടിവരാം. 23/12/2016 മുതല്‍ 12/7/2019 വരെ സര്‍പ്പദശയിലെ ബുധാപഹാരമാണ്.

തൊഴില്‍ലഭ്യത, ഉയര്‍ച്ച, ധനസമ്പാദനം എന്നിവയ്ക്ക് യോഗമുണ്ട്. ശേഷം 30/7/2020 വരെ (33 വയസ്സ്) സര്‍പ്പദശയിലെ കേതു അപഹാരമാണ്. ക്ലേശാനുഭവങ്ങളാണ് പ്രധാനമായും ഇക്കാലത്ത് അനുഭവിക്കേണ്ടിവരുക.

സന്താനദുരിതം, ശത്രുക്കളില്‍ നിന്നുള്ള അപ്രതീക്ഷിത ഉപദ്രവങ്ങള്‍ ബന്ധുജന വിരോധം, അഗ്നി, വിദ്യുച്ഛക്തി എന്നിവ മൂലമുള്ള അപകടങ്ങള്‍, തസ്‌ക്കരഭയം എന്നിവയ്‌ക്കൊക്കെ സാധ്യതയുണ്ട്. ദോഷപരിഹാരത്തിന് സര്‍പ്പപ്രീതിക്കായുള്ള പ്രാര്‍ത്ഥനാ വഴിപാടുകള്‍ നടത്തുക. രാഹുയന്ത്രം ധരിക്കുക.

ഡോ. സി. സത്യശീലന്‍
ഇന്റഗ്രേറ്റഡ് അസ്‌ട്രോളജിക്കല്‍ സെന്റര്‍
കോട്ടയം

Ads by Google
Tuesday 21 Feb 2017 03.09 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW