കടയ്ക്കല്‍(കൊല്ലം): ഉത്സവഘോഷയാത്രയ്ക്കിടെ ബി.ജെ.പി-സി.പി.എം. സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന ബി.ജെ.പി. നേതാവ് മരിച്ചു. ബി.ജെ.പി. കടയ്ക്കല്‍ പഞ്ചായത്ത് സമിതി പ്രസിഡന്റും റിട്ട. എസ്.ഐയുമായ കടയ്ക്കല്‍ കാഞ്ഞിരത്തുംമൂട് തെങ്ങുവിള വീട്ടില്‍ എ. രവീന്ദ്രനാഥ്(58) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് കൊല്ലം ജില്ലയില്‍ ഇന്നു രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ ഹര്‍ത്താലിന് ബി.ജെ.പി. ആഹ്വാനം ചെയ്തു. കഴിഞ്ഞ രണ്ടിന് ചിതറ മുതയില്‍ പീഠിക ദേവി ക്ഷേത്രത്തിലെ ഉത്സവഘോഷയാത്രക്കിടെ സി.പി.എം. പ്രവര്‍ത്തകര്‍ എ. രവീന്ദ്രനാഥിനെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയോടെയാണു മരണം.
പൊതുജനരംഗത്ത് ശ്രദ്ധേയനായതു മുതല്‍ രവീന്ദ്രനാഥിനെതിരേ സി.പി.എം പ്രവര്‍ത്തകര്‍ നിരന്തരം ആക്രമണം നടത്തിയിരുന്നതായി ബി.ജെ.പി. ആരോപിച്ചു. ചികിത്സ ലഭിക്കാന്‍ വൈകിയതാണു മരണകാരണമെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കി. സംഭവസ്ഥലത്തും കടയ്ക്കല്‍ താലൂക്ക് ആശുപത്രി പരിസരത്തും ചികിത്സ ലഭിക്കാതെ രക്തം വാര്‍ന്ന് രവീന്ദ്രനാഥ് ഏറെ നേരം കിടന്നു. ഒടുവില്‍ പോലീസ് ബലപ്രയോഗത്തില്‍ സി.പി.എം. പ്രവര്‍ത്തകരെ മാറ്റിയാണ് രവീന്ദ്രനാഥിനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. രവീന്ദ്രനാഥിനെ വാഹനത്തില്‍നിന്ന് ഇറക്കുന്നതിനോ, പ്രാഥമിക ചികിത്സ നല്‍കുന്നതിനോ സാധിക്കാത്തവിധത്തില്‍ സി.പി.എം. പ്രവര്‍ത്തകര്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രി പരിസരം ഉപരോധിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോകാതിരിക്കാന്‍ ആംബുലന്‍സും തടഞ്ഞുവച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നു ഉച്ചയ്ക്ക് 12ന് നിലമേലില്‍ എത്തിക്കുന്ന മൃതദേഹം വിലാപയാത്രയോടെ ചിതറ കാഞ്ഞിരത്തും മൂട്ടിലെ സ്വവസതിയില്‍ എത്തിക്കും. ഭാര്യ: ജയ, മക്കള്‍: രഞ്ജിത്, രേഷ്മ. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍, കൊല്ലം റൂറല്‍ എസ്.പി, പുനലൂര്‍ എ.എസ്.പി .എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.