കറാച്ചി: പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ സൂഫി ആരാധനാലയത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 100 മരണം. 250ലധികം ആളുകള്‍ക്ക് പരുക്കേറ്റു. ഇതില്‍ 50 പേരുടെ നില അതീവ ഗുരുതരമാണ്. അടുത്തിടെ ഉണ്ടായതില്‍ വച്ചുള്ള ഏറ്റവും വലിയ ആക്രമണമാണിത്.
സേവാന്‍ പട്ടണത്തിലെ സൂഫി ലാല്‍ ഷാഹബാസ് ക്വലന്ഡറിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ സഹസംഘടനയായ ഐഎസ്ഐഎല്‍ എന്ന ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവന്റ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ പാകിസ്താനില്‍ പതിവായിരുന്നെങ്കിലും ഇതില്‍ കൂടുതലും നടത്തിയിരുന്നത് പാക്ക് താലീബാനായിരുന്നു.
സൂഫി നൃത്തമായ ധമാല്‍ നടക്കുന്നതിനിടെ ആരാധനാലയത്തില്‍ കടന്ന ചാവേര്‍ ഗ്രനേഡുകള്‍ ഉപയോഗിച്ചാണ് ആക്രമണം തുടങ്ങിയത്. തൊട്ടുപിന്നാലെ ചാവേര്‍ സ്ഫോടനം നടത്തുകയായിരുന്നു. ഇത്രമാത്രം വലിയ ആക്രമണം നേരിടാനുള്ള വൈദ്യസംവിധാനങ്ങള്‍ പ്രദേശത്ത് ഇല്ലാത്തത് മരണനിരക്ക് ഉയര്‍ത്തി. പാകിസ്താനില്‍ ഒരാഴ്ചക്കിടയില്‍ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്.