Thursday, October 19, 2017 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 17 Feb 2017 02.08 AM

വരകളുടെ രാജകുമാരന്‍ ക്ലിന്റിന്റെ ജീവിതം സിനിമയാകുന്നു

uploads/news/2017/02/81338/k7.jpg

ആലപ്പുഴ: മൃതിയുടെയും സ്വപ്‌നത്തിന്റെയും ചിറകില്‍ യാത്രയായ വരകളുടെയും വര്‍ണങ്ങളുടെയും രാജകുമാരന്റെ ജീവിതം വെള്ളിത്തിരയിലേക്ക്‌. ഏഴു വയസിനുള്ളില്‍ മുപ്പതിനായിരം ചിത്രങ്ങള്‍ ലോകത്തിനു സമ്മാനിച്ച എറണാകുളം സ്വദേശിയായ എഡ്‌മണ്ട്‌ തോമസ്‌ ക്ലിന്റിന്റെ ജീവിതം പ്രശസ്‌ത സംവിധായകന്‍ ഹരികുമാറാണു സിനിമയാക്കുന്നത്‌.

എം.ടി ജോസഫിന്റെയും ചിന്നമ്മയുടേയും മകനായി 1976 മേയ്‌ 19-നു ജനിച്ച ക്ലിന്റ്‌ എന്ന അത്ഭുത പ്രതിഭ 1983 ഏപ്രില്‍ 15 നാണു മരിച്ചത്‌. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ 41 വയസാകുമായിരുന്നു. സാങ്കേതികവിദ്യകള്‍ അപ്രാപ്യമായിരുന്ന കാലത്ത്‌ ക്ലിന്റ്‌ വരച്ച ചിത്രങ്ങള്‍ മൂപ്പതാണ്ടിനിപ്പുറവും അത്ഭുതക്കാഴ്‌ചകളാണ്‌.

സുകൃതം, സ്വയംവരപ്പന്തല്‍, ഉദ്യാനപാലകന്‍, പുലര്‍വെട്ടം, കാറ്റും മഴയും തുടങ്ങിയ സിനിമകള്‍ ഒരുക്കിയ ഹരികുമാര്‍ മൂന്നു വര്‍ഷത്തെ തയാറെടുപ്പിനു ശേഷമാണ്‌ "ക്ലിന്റ്‌" എന്ന പേരില്‍ത്തന്നെ ഈ സിനിമ ചെയ്യുന്നത്‌. ക്ലിന്റിന്റെ മാതാപിതാക്കളുമായി പലതവണ ആശയ വിനിമയം നടത്തിയിരുന്നു. എണ്ണായിരത്തോളം കുട്ടികളെ പരീക്ഷിച്ചതില്‍ നിന്നാണ്‌ തൃശൂര്‍ സ്വദേശി അലോക്‌ എന്ന ബാലനെ ക്ലിന്റിന്റെ റോളിലേക്കു കണ്ടെത്തിയതെന്നു ഹരികുമാര്‍ പറഞ്ഞു.

സിനിമയുടെ ചിത്രീകരണം കുട്ടനാട്ടിലെ പുളിങ്കുന്നില്‍ തുടങ്ങി. ഉണ്ണി മുകുന്ദനും റിമാ കല്ലിങ്കലുമാണ്‌ ക്ലിന്റിന്റെ മാതാപിതാക്കളുടെ വേഷത്തില്‍. പുളിങ്കുന്നിലെ വാച്ചാപറമ്പില്‍ പരുത്തിക്കല്‍ തറവാടാണ്‌ പ്രധാന ലൊക്കേഷന്‍. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണു നിര്‍മ്മാണം. കെ.വി. മോഹന്‍കുമാര്‍ തിരക്കഥയും ഹരികുമാര്‍ സംഭാഷണവും തയാറാക്കി. മധു അമ്പാട്ട്‌ ക്യാമറയും പട്ടണം റഷീദ്‌ വസ്‌ത്രാലങ്കാരവും നിര്‍വഹിക്കുന്നു. പ്രഭാ വര്‍മ്മയുടെ വരികള്‍ക്ക്‌ ഇളയരാജയാണു സംഗീതം നല്‍കിയത്‌. കെ.പി.എ.സി. ലളിത, ജോയ്‌ മാത്യു, രണ്‍ജി പണിക്കര്‍, സലിംകുമാര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്‌.

Ads by Google
Advertisement
Friday 17 Feb 2017 02.08 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW