Thursday, May 25, 2017 Last Updated 22 Min 27 Sec ago English Edition
Todays E paper
Friday 17 Feb 2017 02.04 AM

വീണ്ടും പകരക്കാരന്‍ : ശശികല ജയിലിലിരുന്നു ഭരിക്കും

uploads/news/2017/02/81299/d1.jpg

ചെന്നൈ: തമിഴ്‌നാട്ടില്‍ പത്തു ദിവസം നീണ്ട രാഷ്‌ട്രീയ അനിശ്‌ചിതത്വത്തിനു വിരാമമിട്ടു വി.കെ. ശശികലയുടെ വിശ്വസ്‌തന്‍ എടപ്പാടി കെ. പളനിസ്വാമി (63) മുഖ്യമന്ത്രിയായി സ്‌ഥാനമേറ്റു. രാജ്‌ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു. 31 മന്ത്രിമാരും സത്യപ്രതിജ്‌ഞ ചെയ്‌തു. 15 ദിവസത്തിനകം പളനിസ്വാമി നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണം. 234 അംഗ നിയമസഭയില്‍ 124 പേരുടെ പിന്തുണയാണു പളനിസ്വാമി അവകാശപ്പെടുന്നത്‌. സംസ്‌ഥാനത്തിന്റെ 13-ാമത്‌ മുഖ്യമന്ത്രിയാണു പളനിസ്വാമി. കഴിഞ്ഞ ഒമ്പതു മാസത്തിനിടെ മുഖ്യമന്ത്രി സ്‌ഥാനത്തെത്തുന്ന മൂന്നാമത്തെയാളും.
തമിഴ്‌നാട്ടിലെ സംഭവവികാസങ്ങളില്‍ മെല്ലപ്പോക്ക്‌ നയം സ്വീകരിച്ചിരുന്ന ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ഇന്നലെ രാവിലെ പളനിസ്വാമിയെ സര്‍ക്കാര്‍ രൂപീകരണത്തിനു ക്ഷണിക്കുകയായിരുന്നു. പിന്തുണയ്‌ക്കുന്ന എം.എല്‍.എമാരുടെപട്ടിക ബുധനാഴ്‌ച രാത്രി പളനിസ്വാമി ഗവര്‍ണര്‍ക്കു കൈമാറിയിരുന്നു. അണ്ണാ ഡി.എം.കെ. ജനറല്‍ സെക്രട്ടറി ശശികലയ്‌ക്കെതിരേ കലാപമുയര്‍ത്തിയ കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവും സര്‍ക്കാര്‍ രൂപീകരണത്തിന്‌ അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും എം.എല്‍.എമാരുടെ പട്ടിക സമര്‍പ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. പാര്‍ട്ടിയിലെ 11 എം.എല്‍.എമാര്‍ പനീര്‍ശെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും ഭൂരിപക്ഷം ശശികലാ പക്ഷത്തുതന്നെ നില്‍ക്കുകയായിരുന്നു. പനീര്‍ശെല്‍വവും കെ. പാണ്ഡ്യരാജനും ഒഴികെ മുന്‍മന്ത്രിസഭയിലെ അംഗങ്ങളെല്ലാം പുതിയ മന്ത്രിസഭയിലുണ്ട്‌. പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ കെ.എ. സെങ്കോട്ടയ്യനെ പുതുതായി ഉള്‍പ്പെടുത്തി.
ശശികലയ്‌ക്കു വേണ്ടി മുഖ്യമന്ത്രി സ്‌ഥാനം ഒഴിയേണ്ടി വന്നതോടെയാണ്‌ ഒ. പനീര്‍ശെല്‍വം വിമതസ്വരം ഉയര്‍ത്തിയത്‌. രാജിവച്ച്‌ രണ്ടു ദിവസത്തിനുശേഷം അദ്ദേഹം നാടകീയമായി ശശികലയ്‌ക്കെതിരേ രംഗത്തെത്തുകയായിരുന്നു. ശശികല നിര്‍ബന്ധപൂര്‍വം തന്നെ രാജിവയ്‌പ്പിക്കുകയായിരുന്നെന്ന്‌ ആരോപിച്ച പനീര്‍ശെല്‍വം രാജി പന്‍വലിക്കാനും അവസരം തേടി. ഇതിനിടെ, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശശികല അവകാശമുന്നയിച്ചെങ്കിലും ഗവര്‍ണര്‍ അവരെ ക്ഷണിക്കാതെ തീരുമാനം നീട്ടിവച്ചു. അനധികൃത സ്വത്ത്‌ സമ്പാദനക്കേസില്‍ ശശികലയെ നാലുവര്‍ഷം ശിക്ഷിച്ചുകൊണ്ട്‌ ചൊവ്വാഴ്‌ച സുപ്രീം കോടതി വിധി പ്രസ്‌താവിച്ചതോടെ അവരുടെ മുഖ്യമന്ത്രി മോഹം പൊലിഞ്ഞു. കോടതി വിധിക്കു പിന്നാലെ എടപ്പാടി പളനിസ്വാമിയെ ശശികലപക്ഷം മുഖ്യമന്ത്രിയായി തീരുമാനിക്കുകയായിരുന്നു.
പളനിസ്വാമി അധികാരമേറ്റതിനു പിന്നാലെ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പനീര്‍ശെല്‍വം - ശശികലാ അനുകൂലികള്‍ ഏറ്റുമുട്ടി. ചെന്നൈയിലെ പനീര്‍ശെല്‍വത്തിന്റെ വസതിക്കുനേരെ കല്ലേറുണ്ടായി. അദ്ദേഹത്തിന്റെ മണ്ഡലമായ ബോഡിനായക്കന്നൂരിലും ഏറ്റുമുട്ടല്‍ ഉണ്ടായി. പനീര്‍ശെല്‍വത്തിന്‌ ഇവിടെയുള്ള ഓഫീസുകള്‍ ശശികലാ പക്ഷം തകര്‍ത്തു.

Ads by Google
Friday 17 Feb 2017 02.04 AM
YOU MAY BE INTERESTED
TRENDING NOW