Thursday, June 29, 2017 Last Updated 3 Min 37 Sec ago English Edition
Todays E paper
Friday 17 Feb 2017 01.55 AM

ഇരിട്ടിയില്‍ നാടോടി യുവതിയുടെ കൊലപാതകം: കൊല്ലപ്പെട്ട യുവതി ഭര്‍ത്താവിന്റെ കൊലപാതകത്തിനും കൂട്ടുനിന്നു

uploads/news/2017/02/81269/cr5.jpg

ഇരിട്ടി (കണ്ണൂര്‍): ഇരിട്ടിയില്‍ പഴയപാലം റോഡില്‍ കിണറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതിയുടെ ഭര്‍ത്താവിനെയും കഴുത്തില്‍ കയറിട്ട്‌ മുറുക്കി കത്തിച്ച്‌ കൊലപ്പെടുത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. കൊല്ലപ്പെട്ട യുവതിയുടെ ആദ്യഭര്‍ത്താവായ രാജുവിനെ മൃഗീയമായി കൊലപ്പെടുത്തിയത്‌ ഇരിട്ടിയില്‍ കൊല്ലപ്പെട്ട ശോഭയും ഈ കൊല കേസില്‍ പോലീസ്‌ പിടിയിലായ ശോഭയുടെ കാമുകന്‍ മഞ്ചുനാഥും ചേര്‍ന്നാണെന്ന്‌ കേസന്വേഷിക്കുന്ന പോലീസ്‌ സംഘം കണ്ടെത്തി.

സിനിമാകഥയെ വെല്ലുന്ന ഞെട്ടിക്കുന്ന സംഭവ പരമ്പരകളാണ്‌ ഒരു കൊലപാതക അന്വേഷണത്തിന്‌ പുറകെ പോയ അന്വേഷണ സംഘത്തിന്‌ ലഭിച്ചത്‌. കാമുകനും ബന്ധുവുമായ മഞ്ചുനാഥിനൊപ്പം ജീവിക്കാന്‍ ശോഭ കണ്ടെത്തിയ കുറുക്കുവഴിയായിരുന്നു തന്റെ ഭര്‍ത്താവായ രാജുവിനെ കൊലപ്പെടുത്തുക എന്നുള്ളത്‌. ശോഭയായിരുന്നു ഇതിനു പിന്നിലെ മാസ്‌റ്റര്‍ പ്ലാന്‍ തയ്ായറാക്കിയത്‌. ശോഭയുടെ ബുദ്ധിയിലാണ്‌ ആദ്യഭര്‍ത്താവായ രാജുവിനെ കൊലപ്പെടുത്താന്‍ താനും പങ്കാളിയായതെന്ന്‌ മഞ്ചുനാഥ്‌ പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്‌.

ഇരട്ടക്കൊലപാതകത്തെക്കുറിച്ച്‌ പോലീസ്‌ പറയുന്നത്‌ ഇങ്ങനെ:
കര്‍ണ്ണാടകയിലെ തുംകൂര്‍ ജില്ലയില്‍ സിറാ പോലീസ്‌ സര്‍ക്കിള്‍ പരിധിയിലെ കല്ലമ്പള്ളി പോലീസ്‌ സ്‌റ്റേഷന്‍ അതിര്‍ത്തിയിലാണ്‌ കൊല്ലപ്പെട്ട രാജുവും ഭാര്യ ശോഭയും മക്കളായ ആറ്‌ വയസുകാരന്‍ ആര്യന്‍, നാലുവയസുകാരി അമൃതയും അടങ്ങുന്ന കുടുംബം വാടകക്ക്‌ താമസിച്ചിരുന്നത്‌. കൊല്ലപ്പെട്ട ശോഭയുടെ മാതൃസഹോദരി കൊല്ലപ്പെട്ട ശോഭയുടെ മാതൃസഹോദരിയുടെ ഭര്‍ത്താവായ മഞ്ചുനാഥുമായി ശോഭ അടുപ്പത്തിലായതോടെയാണ്‌ രാജുവിന്റെ കൊലപാതകത്തിലേക്ക്‌ വഴി തുറന്നത്‌.

മഞ്ചുനാഥമായുള്ള ബന്ധത്തെച്ചൊല്ലി രാജുവും ശോഭയും വാടകവീട്ടില്‍ നിത്യേന വഴക്കും കലഹവും മൂര്‍ച്‌ഛിച്ചു. തുടര്‍ന്ന്‌ മഞ്ചുനാഥുമായുള്ള ബന്ധത്തിന്‌ തന്റെ ഭര്‍ത്താവ്‌ തടസമാണെന്ന്‌ ശോഭ കണ്ടെത്തുകയും രാജുവിനെ ഇല്ലാതാക്കുവാനുള്ള ഗൂഡാലോചനയില്‍ മഞ്ചുനാഥിനെകൂടി പങ്കാളിയാക്കുകയായിരുന്നു. ഇരുവരും കൂടി 2015 ഡിസംബര്‍ 21ന്‌ മഞ്ചുനാഥിന്റെ ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ രാജുവിനേയും കൂട്ടി തുംകൂര്‍ ജില്ലയിലെ സാത്തനഹള്ളി കര്‍ണ്ണാടക ഗവ. വനമേഖലയ്‌ക്കടുത്തുവെച്ച്‌ വണ്ടിയില്‍ ഉണ്ടായിരുന്ന പ്ലാസ്‌റ്റിക്ക്‌ കയര്‍ ഉപയോഗിച്ച്‌ രാജുവിന്റെ കഴുത്തുമുറുക്കി ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി. തുടര്‍ന്ന്‌ പ്ലാസ്‌റ്റിക്‌ കയര്‍ ഊരി വണ്ടിയില്‍ തന്നെ സൂക്ഷിക്കുകയും റോഡില്‍ നിന്ന്‌ 200 മീറ്റര്‍ വനത്തിനുള്ളിലായി വനംവകുപ്പ്‌ അധികൃതര്‍ നിര്‍മ്മിച്ച മഴക്കുഴിയില്‍ രാജുവിന്റെ മൃതദേഹം വലിച്ചിട്ട്‌ ചുള്ളിക്കമ്പുകളും ചപ്പുചവറുകളും കൂട്ടിയിട്ട്‌ തീകൊളുത്തിയ ശേഷം ഇവര്‍ വീട്ടിലേക്ക്‌ മടങ്ങുകയും ചെയ്‌തു.

പിന്നീട്‌ ആര്യനേയും, അമൃതയേയും കൂട്ടി കേരളത്തിലേക്ക്‌ മുങ്ങുകയുമായിരുന്നു. ഫോറസ്‌റ്റില്‍ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്‌ടം വനംവകുപ്പ്‌ അധികൃതര്‍ക്ക്‌ ലഭിക്കുകയും ഇവര്‍ തൊട്ടടുത്ത പോലീസ്‌ സ്‌റ്റേഷനില്‍ വിവരം നല്‍കുകയും ചെയ്‌തെങ്കിലും മരണപ്പെട്ട ശവശരീരം ആരുടേതാണെന്നോ , ആരാണ്‌ കൊല്ലപ്പെട്ടതെന്നോ കര്‍ണ്ണാടക പോലീസിന്‌ അറിവുണ്ടായിരുന്നില്ല. മാത്രമല്ല അവിടെ ആരേയും കാണാനില്ലെന്നു കാട്ടി പോലീസ്‌ സ്‌റ്റേഷനില്‍ മറ്റ്‌ പരാതികളും ഇല്ലാത്തതിനാല്‍ കര്‍ണ്ണാടക പോലീസ്‌ കേസെടുത്തെങ്കിലും മറ്റു തുമ്പൊന്നും ലഭിക്കാത്തതിനാല്‍ കേസനേ്വഷണം മുമ്പോട്ട്‌ പോയതുമില്ല. കൊലപാതകത്തിന്‌ ശേഷം ഇരിട്ടി പഴയപാലത്ത്‌ തമ്പടിച്ച ശോഭയും മഞ്ചുനാഥും കുറച്ചുകാലം ഭാര്യാഭര്‍ത്താക്കന്മാരായി ജീവിച്ചെങ്കിലും ഭാര്യയും കുട്ടികളുമുള്ള മഞ്ചുനാഥ്‌ തന്റെ ഭാര്യയേയും കുട്ടികളേയും കാണാന്‍ പോകുന്നതും അവരുമായി ഫോണില്‍ ബന്ധപ്പെടുന്നതും ശോഭ വിലക്കുകയും ഇതുമായി ബന്ധപ്പെട്ട്‌ ഇരുവരും വഴക്കടിക്കുകയും ചെയ്‌തിരുന്നു. മഞ്ചുനാഥ്‌ കര്‍ണ്ണാടകത്തിലേക്ക്‌ പോയാല്‍ തന്നെയും മക്കളേയും ഉപേക്ഷിക്കുമോയെന്ന ഭയമായിരുന്നു ശോഭക്കുണ്ടായിരുന്നത്‌. ഇതിന്‌ മഞ്ചുനാഥിനെ തനിക്കൊപ്പം നിര്‍ത്താന്‍ ശോഭ കണ്ടെത്തിയ വഴി തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ രഹസ്യം താന്‍ പോലീസിനോട്‌ പറയുമെന്നും എന്നെ ഉപേക്ഷിച്ച്‌ ആദ്യഭാര്യയേയും മക്കളേയും തേടി പോയാല്‍ കൊലക്കുറ്റത്തിന്‌ തടവറക്കുള്ളിലാകും ജീവിതമെന്നും പറഞ്ഞ്‌ നിരന്തരം മഞ്ചുനാഥിനെ ശോഭ ഭീഷണിപ്പെടുത്തിയതായും ഇതാണ്‌ ശോഭയെ കൊലപ്പെടുത്താന്‍ കാരണമെന്നും മഞ്ചുനാഥ്‌ പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്‌.

കൊലപാതകത്തിനും ശേഷം സംഭവദിവസം തന്നെ കുട്ടികളായ ആര്യനേയും , അമൃതയേയും കൂട്ടിയാണ്‌ മഞ്ചുനാഥ്‌ ഇരിട്ടിയില്‍ നിന്ന്‌ മുങ്ങിയത്‌. എന്നാല്‍ അതിന്‌ ശേഷം കാണാതായ ശോഭയുടെ രണ്ട്‌ മക്കളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും കുട്ടികളെ മഞ്ചുനാഥ്‌ കൊലപ്പെടുത്തിയിട്ടില്ലെന്നാണ്‌ പോലീസ്‌ നല്‍കുന്ന സൂചന. ഈ കുട്ടികളെ ബംഗലൂരുവില്‍ നിന്ന്‌ ബോംബെ വഴി പോകുന്ന ട്രെയിനില്‍ കയറ്റി വിട്ടതായി ദ്വിഭാഷിയുടെ സഹായത്തോടെയുള്ള ചോദ്യം ചെയ്യലില്‍ മഞ്ചുനാഥ്‌ പോലീസിനോട്‌ സമ്മതിച്ചിട്ടുണ്ട്‌. ഈ കുട്ടികളെ കണ്ടെത്താന്‍ പോലീസ്‌ ബംഗളൂരു ,മൈസൂര്‍, തുടങ്ങി പല പ്രധാന നഗരങ്ങളിലും പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ സംരക്ഷണത്തിനായുള്ള സന്നദ്ധസംഘടനകളുടെ സഹായം തേടിയിട്ടുണ്ട്‌. കുട്ടികളുടെ ഫോട്ടോ റെയില്‍വേ സ്‌റ്റേഷനുകളിലും മറ്റ്‌ ജനവാസ കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. ശോഭയെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതിയെ കുട്ടികളുടെ തിരോധാനമുള്‍പ്പെടെയുള്ള സഭവവുമായി ബന്ധപ്പെട്ടുള്ള അനേ്വഷണത്തിനായി കസ്‌റ്റഡിയില്‍ വാങ്ങി ദ്വിഭാഷിയുടെ സഹായത്തോടെ ചോദ്യം ചെയ്യുന്നതിനിടെ ആണ്‌ ഞെട്ടിക്കുന്ന മറ്റൊരു കൊലപാതകത്തിന്റെ കൂടി ചുരുളഴിയുന്നത്‌.

കഴിഞ്ഞ മാസം ജനുവരി 21നാണ്‌ ശോഭ (25) യെ ഇരിട്ടി പഴയപാലത്തെ കിണറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. ശോഭയെ മഞ്ചുനാഥ്‌ കഴുത്ത്‌ ഞെരിച്ച്‌ ബോധം കെടുത്തിയ ശേഷം പോട്ടക്കിണറ്റിലിടുകയായിരുന്നു. കൊലപാതകം നടന്ന ദിവസം രാവിലെ മഞ്ചുനാഥ്‌ ശോഭയുടെ രണ്ട്‌ മക്കളേയും കൂട്ടി ഇരിട്ടി ബസ്‌ സ്‌റ്റാന്റിലേക്ക്‌ പോകുന്ന സി. സി. ടി. വി ദൃശ്യങ്ങള്‍ പോലീസിന്‌ ലഭിച്ചിരുന്നു. രാജുവിനെ കൊലപ്പെടുത്തിയ ശേഷം ആദ്യ ആഴ്‌ച വയനാട്ടിലെ വിവിധ ലോഡ്‌ജുകളിലും മറ്റും താമസിച്ചിരുന്ന മഞ്ചുനാഥും ശോഭയും പിന്നീടാണ്‌ ഇരിട്ടിയിലെത്തിയത്‌. പകല്‍ സമയത്ത്‌ ശോഭയും കുട്ടികളും ഭിക്ഷാടനം നടത്തിയിരുന്നു. തുംകൂറില്‍ കര്‍ട്ടന്‍ തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട രാജു. മഞ്ചുനാഥിനെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും. സംഭവം നടന്നതിന്‌ ശേഷം ഇരിട്ടി ഡി വൈ. എസ്‌ പി പ്രജീഷ്‌ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ ഇരിട്ടി സി. ഐയുടെ ചുമതലയുള്ള പേരാവൂര്‍ സി. ഐ സുനില്‍ കുമാര്‍, ഇരിട്ടി എസ്‌. ഐ സുധീര്‍ കല്ലന്‍, പ്ര?ബേഷന്‍ എസ്‌. ഐ. എസ്‌. അന്‍ഷാദ്‌, എന്നിവരായിരുന്നു അനേ്വഷണം ഏറ്റെടുത്തിരുന്നത്‌. ഇവരുടെ പഴുതടച്ചുള്ള അനേ്വഷണത്തില്‍ മൂന്ന്‌ ദിവസത്തിനുള്ളില്‍ തന്നെ പ്രതിയെ പിടികൂടിയിരുന്നു. ശോഭയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനിടെയാണ്‌ ശോഭയുടെ ഭര്‍ത്താവ്‌ രാജുവിന്റെ കൂടി കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ സാധിച്ചത്‌. ഇത്‌ ഇരിട്ടി പോലീസിന്റെ മികവുറ്റ അനേ്വഷണ മികവിന്റെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവലുമായി നിലവിലുള്ള അനേ്വഷണ സംഘത്തോടൊപ്പം എസ്‌. ഐ മാരായ രമേശ്‌ ബാബു , ഷംസുദ്ദീന്‍, ഫോറന്‍സിക്‌ വിഭാഗം മേധാവി ദീപേഷ്‌ എന്നിവരും ഇരിട്ടി ഡി. വൈ. എസ്‌. പി.യുടെ ചുമതലയുള്ള നാര്‍ക്കോട്ടിക്‌ വിഭാഗം ഡി. വൈ. എസ്‌. പി വി. എന്‍. വിശ്വനാഥനും ഒപ്പമുണ്ടായിരുന്നു.

ഇരിട്ടി കൊലക്കേസില്‍ തെളിവെടുപ്പിന്‌ ശേഷം കോടതിയില്‍ ഹാജരാക്കുന്ന മഞ്ചുനാഥിനെ ഇരിട്ടി പോലീസിന്റെ പുതിയ കണ്ടെത്തലിനെ തുടര്‍ന്ന്‌ കര്‍ണ്ണാടക പോലീസ്‌ രാജു കൊലക്കേസുമായി ബന്ധപ്പെട്ട്‌ രാജുവിനെ കസ്‌റ്റഡിയില്‍ വാങ്ങുമെന്നാണ്‌ അറിയുന്നത്‌. അതിന്‌ മുന്നോടിയായി കര്‍ണ്ണാടക വനത്തിനുള്ളില്‍ നിന്നും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ ശവശരീരാവശിഷ്‌ടങ്ങള്‍ വിദഗ്‌ദ്ധരുടെ സഹായത്തോടെ പരിശോധിക്കും. കൂടാതെ ഡി. എന്‍. എ പരിശോധന ഉള്‍പ്പെടെ നടത്തി മരിച്ചത്‌ രാജുവാണെന്ന്‌ കണ്ടെത്താനും സ്‌ഥിരീകരിക്കാനുമുള്ള പ്രവര്‍ത്തനം കര്‍ണ്ണാടക പോലീസ്‌ ആരംഭിച്ചു കഴിഞ്ഞതായും ശോഭ കൊലക്കേസ്‌ അനേ്വഷണത്തിന്‌ നേതൃത്വം നല്‍കുന്ന പോലീസ്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.

Ads by Google
TRENDING NOW