Thursday, May 24, 2018 Last Updated 11 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 17 Feb 2017 01.42 AM

അമ്മയ്‌ക്ക് 'ഒ.പി.എസ്‌' ; ചിന്നമ്മയ്‌ക്ക് 'ഇ.പി.എസ്‌'

uploads/news/2017/02/81235/17bft1.jpg

തമിഴ്‌നാട്ടിലെ സന്ദിഗ്‌ധ രാഷ്‌ട്രീയ പ്രതിസന്ധികളില്‍ എല്ലാക്കാലത്തും "അമ്മ"യുടെ വിശ്വസ്‌തനായിരുന്നു ഒ.പി.എസ്‌. എന്ന ഒ. പനീര്‍ശെല്‍വം. സമാന സാഹചര്യങ്ങളില്‍ എല്ലാ അര്‍ഥത്തിലും "ചിന്നമ്മ"യുടെ വിധേയനാണ്‌ ഇ.പി.എസ്‌. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന എടപ്പാടി കെ. പളനിസ്വാമി. കോടതിവിധിയില്‍ത്തട്ടി മുഖ്യമന്ത്രിപദം കൈയകലത്തില്‍ തെറിച്ചതോടെ തമിഴകത്തിന്റെ അധികാരക്കസേര കൈയാളാനുള്ള യോഗ്യന്‍മാരുടെ പേരുകളില്‍ വി.കെ. ശശികലയുടെ മനസില്‍ ആദ്യം തെളിഞ്ഞതത്‌ പളനിസ്വാമിയുടേതായിരിക്കണം. അഴിക്കുള്ളിലായാലും പാര്‍ട്ടിയുടെയും തമിഴ്‌നാടിന്റെയും അമരത്ത്‌ തന്റെ പിടി അയയരുതെന്ന ശശികലയുടെ നിര്‍ബന്ധബുദ്ധികൂടി ഈയൊരു തെരഞ്ഞെടുപ്പിലുണ്ടെന്നു കരുതുന്നവരെ കുറ്റംപറയാനാകില്ലെന്നു മാത്രം.
രാഷ്‌ട്രീയത്തില്‍ ജയലളിതയേക്കാള്‍ പാരമ്പര്യമുണ്ട്‌ പളനിസ്വാമിക്ക്‌. എം.ജി.ആറിന്റെ തണലില്‍ ജയ രാഷ്‌ട്രീയത്തില്‍ പിച്ചവയ്‌ക്കുമ്പോള്‍ സ്വന്തം കാലില്‍ നിലയുറപ്പിച്ചവനാണ്‌ എടപ്പാടി. 1974-ല്‍ സ്വന്തം നാടായ സേലം ജില്ലയിലെ എടപ്പാടിയിലെ കര്‍ഷകപ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ടാണു ഗൗണ്ടര്‍ സമുദായാംഗമായ ഈ അറുപത്തിരണ്ടുകാരന്‍ രാഷ്‌ട്രീയ ജീവിതം ആരംഭിച്ചത്‌. 1983-ല്‍ അണ്ണാ ഡി.എം.കെയില്‍ അംഗമായി. പാര്‍ട്ടിയുടെ സര്‍വസ്വവുമായിരുന്ന എം.ജി.ആറിന്റെ വിയോഗത്തിനു പിന്നാലെ 1989-ല്‍ പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടായപ്പോള്‍ ജയലളിതയ്‌ക്കൊപ്പമായിരുന്നു പളനിസ്വാമി. ഇപ്പോള്‍ വിമതശബ്‌ദമായ പനീര്‍ശെല്‍വം അന്ന്‌ എം.ജി.ആറിന്റെ ഭാര്യ ജാനകിക്കൊപ്പമായിരുന്നുവെന്നതാണ്‌ മറ്റൊരു വൈചിത്ര്യം.
തിരിച്ചടികളുടെ ഘട്ടത്തില്‍ തന്നോടു കൂറുകാട്ടിയതിന്‌ അതേവര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ എടപ്പാടിയിലെ സ്‌ഥാനാര്‍ഥിത്വം നല്‍കിയാണു ജയ നന്ദി പ്രകാശിപ്പിച്ചത്‌. വിശ്വാസംകാത്ത പളനിസ്വാമി നടാടെ നിയമസഭയിലെത്തുകയും ചെയ്‌തു. "അമ്മ"യോടുള്ള ആഭിമുഖ്യം വൈകാതെ പളനിസ്വാമിയെ ജയയുടെ "തോഴി"യോടു കൂടുതല്‍ അടുപ്പിച്ചു. ഇതു പളനിസ്വാമിയുടെ രാഷ്‌ട്രീയഗ്രാഫ്‌ മേലോട്ടാക്കാനും ചെറുതല്ലാത്ത രീതിയില്‍ സഹായിച്ചു. ശശികലയുടെ ഉറ്റബന്ധു ആര്‍.പി. രാവണനുമായുള്ള സൗഹൃദം, ബന്ധം കൂടുതല്‍ ദൃഢമാക്കി. അതിലൂടെ ശശികലയുടെ ഗുഡ്‌ബുക്കില്‍ കയറിപ്പറ്റാനും പളനിസ്വാമിക്കായി.
1991 ലെ തെരഞ്ഞെടുപ്പിലും പളനിസ്വാമിയെ എടപ്പാടിക്കാര്‍ കൈവിട്ടില്ല. 1996 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയം രുചിക്കേണ്ടിവന്നെങ്കിലും 1998-ല്‍ ലോക്‌സഭയിലേക്കുള്ള അങ്കത്തില്‍ തിരുച്ചെങ്കോട്‌ മണ്ഡലത്തില്‍നിന്നു ജയിച്ചുകയറിയത്‌ ജനസമ്മതിക്കു തെളിവായി. 2006-ല്‍ വീണ്ടും എടപ്പാടിയില്‍നിന്ന്‌ നിയമസഭയിലേക്കു ഭാഗ്യം പരീക്ഷിച്ചെങ്കിലും പി.എം.കെ. സ്‌ഥാനാര്‍ഥിയോടു പരാജയം രുചിക്കാനായിരുന്നു വിധി. 2011-ല്‍ പി.എം.കെ. പക്ഷക്കാരനെ മുട്ടുകുത്തിച്ച്‌ കൂടുതല്‍ കരുത്തനായി നിയമസഭയിലെത്തിയ പളനിസ്വാമിയെ മന്ത്രിപദം നല്‍കിയാണു ജയ വരവേറ്റത്‌.
വ്യത്യസ്‌ത കാരണങ്ങളാല്‍ അന്നത്തെ മന്ത്രിസഭയില്‍ നടത്തിയ അഴിച്ചുപണിയില്‍ മുതിര്‍ന്ന പല നേതാക്കള്‍ക്കും സ്‌ഥാനം നഷ്‌ടപ്പെട്ടെങ്കിലും എടപ്പാടിയെ അഞ്ചുവര്‍ഷവും "അമ്മ" കൈവിട്ടില്ല. 2016 ലെ തെരഞ്ഞെടുപ്പിലും സീറ്റ്‌ നിലനിര്‍ത്തിയ ഇ.പി.എസ്‌. സ്വന്തം ജില്ലയായ സേലത്തെ ആകെയുള്ള 11-ല്‍ 10 സീറ്റിലും അണ്ണാ ഡി.എം.കെ. സ്‌ഥാനാര്‍ഥികളുടെ ജയം ഉറപ്പാക്കുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തുകയും ചെയ്‌തു.
2011 മുതലുള്ള ജയ മന്ത്രിസഭയില്‍ "നാല്‍വര്‍ അണി" എന്ന്‌ അണ്ണാ ഡി.എം.കെക്കാരും "അടുക്കള ക്യാബിനറ്റ്‌" എന്ന്‌ എതിര്‍പക്ഷവും വിശേഷിപ്പിച്ചിരുന്ന സംഘത്തിലെ രണ്ടാമനായിരുന്നു പളനിസ്വാമി. അമ്മയുടെ വിനീതവിധേയനായ പനീര്‍ശെല്‍വമായിരുന്നു ഇവരില്‍ ഒന്നാമന്‍. ആര്‍. വിശ്വനാഥന്‍, ആര്‍. വൈത്തിലിംഗം എന്നീ നേതാക്കളെ മറികടന്ന്‌ എടപ്പാടിക്കു പൊതുമരാമത്ത്‌ എന്ന സുപ്രധാന വകുപ്പു നല്‍കാന്‍ 2016 ലും ജയലളിത തയാറായതിനു കാരണം മറ്റൊന്നല്ല.
ജയലളിതയുടെ മരണത്തിനുപിന്നാലെ പാര്‍ട്ടിയില്‍ പനീര്‍ശെല്‍വം ഉയര്‍ത്തിവിട്ട കൊടുങ്കാറ്റ്‌ പ്രതിരോധിക്കാന്‍ ശശികലയ്‌ക്കു വലംകൈയായത്‌ ഉറ്റ അനുയായിയായ പളനിസ്വാമിയായിരുന്നുവെന്നത്‌ പരസ്യമായ രഹസ്യം. പനീര്‍ക്യാമ്പിലേക്ക്‌ എം.എല്‍.എമാരുടെ കൂടുമാറ്റം തടയാന്‍ ലോക്‌സഭാ ഡെപ്യൂട്ടി സ്‌പീക്കര്‍ തമ്പിദുരൈക്കൊപ്പം ചേര്‍ന്നു തന്ത്രം മെനഞ്ഞതിനുപിന്നിലും ഇ.പി.എസിന്റെ രാഷ്‌ട്രീയബുദ്ധിയാണെന്നു കരുതുന്നവരും കുറവല്ല. എം.എല്‍.എമാരെ കൂവത്തൂരിലെ റിസോര്‍ട്ടിലേക്കു മാറ്റി സ്വന്തം പാളയം സുരക്ഷിതമാക്കിയ നീക്കങ്ങളുടെ സൂത്രധാരനു മുഖ്യമന്ത്രിക്കസേര വച്ചുനീട്ടിയ ശശികല അക്ഷരാര്‍ഥത്തില്‍ ജയലളിതയെ അനുകരിക്കുകയായിരുന്നു. ജയയൊഴിഞ്ഞ മുഖ്യമന്ത്രിപദത്തില്‍ വിനീത വിധേയന്റെ ഭാഗം അഭിനയിച്ച ഒ.പി.എസിന്റെ വഴിയിലാണോ ഇ.പി.എസും എന്നു കാലം തെളിയിക്കും.

എന്‍. ഹരീഷ്‌

Ads by Google
Friday 17 Feb 2017 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW