Saturday, April 29, 2017 Last Updated 11 Min 32 Sec ago English Edition
Todays E paper
ബെര്‍ലിന്‍ മാത്യു
Thursday 16 Feb 2017 02.08 AM

അരിവില : ഭക്ഷ്യമന്ത്രിക്കെതിരേ സി.പി.ഐയില്‍ പടയൊരുക്കം

uploads/news/2017/02/80991/k2.jpg

കോട്ടയം: കുതിച്ചുയരുന്ന അരിവിലയെച്ചൊല്ലി ഭക്ഷ്യമന്ത്രി പി. തിലോത്തമനെതിരേ സി.പി.ഐയ്‌ക്കുള്ളില്‍ പടയൊരുക്കം. പാര്‍ട്ടിയുടെ കൈവശമുള്ള വകുപ്പുകളില്‍ ഏറ്റവും മോശം പ്രകടനം ഭക്ഷ്യവകുപ്പിലാണെന്നും നിര്‍വാഹക സമിതി ഉടന്‍ ഇടപെട്ട്‌ മന്ത്രിക്ക്‌ ആവശ്യമായ നിര്‍ദേശം നല്‍കണമെന്നും ഒരു വിഭാഗം നേതാക്കള്‍ പാര്‍ട്ടി സെക്രട്ടറിയെ അറിയിച്ചു. മുന്‍ ഭക്ഷ്യമന്ത്രി കൂടിയായ സി. ദിവാകരന്‍ എം.എല്‍.എയെ അനുകൂലിക്കുന്ന വിഭാഗമാണ്‌ പി. തിലോത്തമനെതിരേ രംഗത്തുള്ളത്‌.

അരിവില കുതിച്ചുയര്‍ന്നപ്പോള്‍ മറ്റു സംസ്‌ഥാനങ്ങളുമായി ബന്ധപ്പെട്ട്‌ കുറഞ്ഞവിലയ്‌ക്ക്‌ അരി എത്തിക്കാനുള്ള ശ്രമം തിലോത്തമന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നും മന്ത്രിസഭായോഗങ്ങളില്‍ ഇതു സംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവയ്‌ക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടെന്നുമാണ്‌ വിമര്‍ശനം. അടുത്തയാഴ്‌ച ചേരുന്ന പാര്‍ട്ടി നേതൃയോഗങ്ങളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും വേണ്ടിവന്നാല്‍ മന്ത്രിയെ മാറ്റുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളെടുക്കണമെന്നും ഇവര്‍ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രനോട്‌ ആവശ്യപ്പെട്ടു.

അരിവില കുതിച്ചുയരുമ്പോള്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്ന പ്രതീതിയാണ്‌ ജനങ്ങള്‍ക്കിടയിലുള്ളത്‌. യു.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്തും മുന്‍ എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്തും അരിവില വര്‍ധിച്ചപ്പോള്‍ ആന്ധ്രാപ്രദേശ്‌ സര്‍ക്കാരുമായി ബന്ധപ്പെട്ട്‌ അവിടെനിന്നു കുറഞ്ഞവിലക്ക്‌ അരി എത്തിച്ചിരുന്നു. വി.എസ്‌. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ഭക്ഷ്യമന്ത്രിയായിരുന്ന സി. ദിവാകരന്‍ അന്ന്‌ ആന്ധ്രയില്‍ പോയി യു.പി.എ സര്‍ക്കാരിന്റെ പിന്തുണയോടെ റെയില്‍വേയുടെ സഹായത്തോടെ കുറഞ്ഞ വിലക്ക്‌ അരി എത്തിച്ചിരുന്നു. അതുപോലെ മറ്റു സംസ്‌ഥാനങ്ങളുടെ സഹകരണം തേടുന്നതിന്‌ മുന്‍കൈയെടുക്കേണ്ടത്‌ ഭക്ഷ്യമന്ത്രിയാണെങ്കിലും വേണ്ടത്ര ഗൗരവം കാട്ടുന്നില്ല.

അരിയ്‌ക്കു പുറമെ മറ്റു ഭക്ഷ്യവസ്‌തുക്കളുടെ വിലയും നാള്‍ക്കുനാള്‍ ഉയരുകയാണ്‌. എന്നാല്‍ ഈ വിഷയങ്ങളില്‍ കൃത്യമായ പരിഹാരം കാണാന്‍ കഴിയുന്നില്ലെന്നും പാര്‍ട്ടി സെക്രട്ടറിക്കു നല്‍കിയ പരാതിയില്‍ പറയുന്നു. ഇക്കാര്യത്തില്‍ മന്ത്രിയോട്‌ ആവശ്യമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കാമെന്നും പാര്‍ട്ടി യോഗങ്ങളില്‍ ഇതു ചര്‍ച്ച ചെയ്യുമെന്നും നേതാക്കള്‍ക്ക്‌ കാനം രാജേന്ദ്രന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്‌.

അരിവില കൂടുന്ന സാഹചര്യത്തില്‍ ഭക്ഷ്യവകുപ്പിന്‌ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന്‌ ആവശ്യമായ പിന്തുണയില്ലെന്നും ഭക്ഷ്യമന്ത്രിയെ ബോധപൂര്‍വമായി ചില ചര്‍ച്ചകളില്‍നിന്ന്‌ ഒഴിവാക്കിയെന്ന വികാരവും സി.പി.ഐയ്‌ക്കുണ്ട്‌.

വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ആരംഭിക്കുന്ന അരിക്കടകള്‍ സംസ്‌ഥാന വ്യാപകമായി സ്‌ഥാപിക്കണമെന്ന നിര്‍ദ്ദേശവും സി.പി.ഐ മുമ്പോട്ടുവച്ചിട്ടുണ്ട്‌. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടുമാണ്‌ നിലവില്‍ സര്‍ക്കാരിന്റെ അരിക്കടകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്‌. ഇത്‌ ഒരു നിയോജക മണ്ഡലത്തില്‍ ഒന്നു വീതമെങ്കിലുമാക്കണമെന്നാണ്‌ സി.പി.ഐയുടെ നിര്‍ദേശം.

അതേസമയം ഭക്ഷ്യ, സിവില്‍ സപ്ലൈസ്‌ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ സി.പി.എമ്മിനും കടുത്ത അതൃപ്‌തിയുണ്ട്‌. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഭക്ഷ്യവകുപ്പ്‌ ഒന്നും ചെയ്യുന്നില്ലെന്നും ഇതു സര്‍ക്കാരിന്‌ മൊത്തത്തില്‍ തിരിച്ചടിയാകുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു. എന്നാല്‍ ഇത്‌ പരസ്യമായി പ്രകടിപ്പിച്ചാല്‍ മുന്നണിക്ക്‌ ഐക്യമില്ലന്ന പ്രചാരണത്തെ ശക്‌തിപ്പെടുത്താന്‍ മാത്രമേ ഉപകരിക്കുവെന്നും അതുകൊണ്ടു നിലവില്‍ ഒരു അഭിപ്രായപ്രകടനം നടത്തേണ്ടന്നുമാണ്‌ സി.പി.എം. തീരുമാനം.

Ads by Google
ബെര്‍ലിന്‍ മാത്യു
Thursday 16 Feb 2017 02.08 AM
YOU MAY BE INTERESTED
TRENDING NOW