Monday, August 07, 2017 Last Updated 2 Min 57 Sec ago English Edition
Todays E paper
Wednesday 15 Feb 2017 03.17 PM

ഗുരുവായൂരമ്പലനടയില്‍ ഒരുദിവസം ഞാന്‍ പോകും

യേശുദാസിന്റെ ജീവിത കഥ - പാട്ടിന്റെ പാലാഴി
uploads/news/2017/02/80875/weeklyyesudasIssu27.jpg

''ഇന്ന്, ഈ 1970 ജനുവരി 10 ന്, എന്റെ പ്രിയശിഷ്യന്‍, നിങ്ങളുടെ ഇഷ്ടഗായകന്‍, യേശുദാസിന്റെ 30-ാം ജന്മദിനമാണ്'', ചെമ്പൈ വൈദ്യനാഥഭാഗവതരുടെ ഗംഭീരനാദം, ദിഗന്തങ്ങളെ രോമാഞ്ചമണിയിക്കുന്ന സ്വരരാഗസുധയുടെ ഉടമയായ എഴുപതുകാരന്റെ പ്രഖ്യാപനരൂപത്തില്‍ മദ്രാസ് സംഗീതസഭാഹാളില്‍ മുഴങ്ങി.

''ഈ ദിവസം ആഘോഷിക്കാന്‍വേണ്ടിയാണ് നാം ഇന്ന് ഇവിടെ കൂടിയിരിക്കുന്നത്. യേശുദാസ് നിങ്ങള്‍ക്കുവേണ്ടി കര്‍ണാടക ശാസ്ത്രീയസംഗീതകച്ചേരി പാടും''സമ്പൂര്‍ണനിശബ്ദതയില്‍, പാട്ടിന്റെ പാലാഴി നുകരാന്‍ കാത്തിരിക്കുന്ന ആസ്വാദകസദസ്സിനെ വണങ്ങി യേശുദാസ് പാടിത്തുടങ്ങി; ഭൈരവിരാഗത്തില്‍, വിരിബോനി വര്‍ണത്തില്‍ പ്രഖ്യാതമായൊരു കൃതി.

മൃദുമന്ദഹാസത്തോടെ അടുത്തിരുന്ന ചെമ്പൈസ്വാമി, തന്റെ വിശ്വപ്രസിദ്ധശിഷ്യന്റെ ആലാപനസുധയ്ക്കു താളമടിച്ചു. തമ്പുരുവിലും മൃദംഗത്തിലും വയലിനിലും ഘടത്തിലും രാഗപിന്തുണ നല്‍കിക്കൊണ്ട്, ദാസിന്റെ സംഗീതസംഘം വായ്പാട്ടിനോടു മത്സരിച്ചു മുന്നേറി.

പാടിത്തുടങ്ങുംമുമ്പ് ചെമ്പൈസ്വാമി ഒരു കാര്യം കൂടി പറഞ്ഞു: കച്ചേരി പാടാന്‍ തീരുമാനിച്ചതിന്റെ സന്തോഷം കാട്ടാനായി ദാസിന് ഇന്നൊരു പ്രത്യേക സമ്മാനം നല്‍കുന്നുണ്ട്.

ഒരു പുത്തന്‍ സന്തൂര്‍. ഇതു വാങ്ങിത്തന്നത് നമ്മുടെ മറ്റൊരു പ്രിയശിഷ്യനായ ടി.വി. ഗോപാലകൃഷ്ണനാണ്. നിങ്ങള്‍ക്കറിയാം, വയലിനിലും വായ്പ്പാട്ടിലും ഒരുപോലെ തിളങ്ങുന്ന, മറ്റൊരു ലോകപ്രശസ്തന്‍.

മൂന്നു മണിക്കൂര്‍ ദീര്‍ഘിച്ച കച്ചേരിക്കൊടുവില്‍ സ്വാമി തന്നെ, ടി.വി.ജി. സ്‌പോണ്‍സര്‍ ചെയ്ത സന്തൂര്‍ യേശുദാസിനു സമ്മാനിച്ചു.'ഗുരുവായൂരമ്പലനടയില്‍ ഒരു ദിവസം ഞാന്‍ പോകും....'

കുട്ടനും ദേവരാജന്‍മാസ്റ്ററും ചേര്‍ന്ന് 'ഒതേനന്റെ മകനു'വേണ്ടി രൂപപ്പെടുത്തിയ ആ മനോഹരഗാനം ഭരണിസ്റ്റുഡിയോയില്‍ പാടി റിക്കാര്‍ഡുചെയ്യുമ്പോള്‍ യേശുദാസിന്റെ മിഴികളില്‍ നീര്‍ നിറഞ്ഞു.

uploads/news/2017/02/80875/weeklyyesudasIssu271.jpg

നാളെത്രയായി കൊതിക്കുന്നു ആ ഗോപുരവാതില്‍ക്കലെത്തി ദേവകുമാരനെ ഒരുവട്ടമെങ്കിലും ദര്‍ശിക്കാന്‍. എല്ലാ മതങ്ങളിലെയും നന്മ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന കുറ്റത്തിന് തന്നെ ഗുരുവായൂരപ്പനില്‍നിന്ന് അകറ്റിനിറുത്താന്‍ പണിപ്പെടുന്നവര്‍ക്കും വേണ്ടിക്കൂടിയാണല്ലൊ, എണ്ണമറ്റ ഗാനങ്ങള്‍ ഭഗവാനെ സ്തുതിക്കുന്ന കീര്‍ത്തനങ്ങള്‍, താന്‍ പാടി റിക്കാര്‍ഡു ചെയ്ത് ലോകമെങ്ങും എത്തിച്ചിരിക്കുന്നത്.

ഗുരുവും നീയേ, ഗോപീഹൃദയകുമാരാ, ഗുരുവായൂരപ്പാ നിന്‍ മുന്നില്‍, ഇന്നലെയോളമെന്തന്നറിഞ്ഞീല, യദായദാഹിധര്‍മ്മസ്യ, വിണ്ണില്‍ തിങ്കളുദിച്ചപ്പോള്‍, തങ്കമകുടംചൂടി (ബ്രഹ്മാനന്ദനുമൊത്ത്), നീയെന്നെ ഗായകനാക്കി, ഒരുപിടി അവലുമായ്, രാധ തന്‍ പ്രേമം... യേശുദാസിന്റെ ഗുരുവായൂരപ്പ സ്തവങ്ങളില്‍ ഏതാനുമെണ്ണം മാത്രം, ഈ പാട്ടുകള്‍.

ഒടുവില്‍ ആ ദുഃഖത്തിനും അറുതിവരുത്താന്‍ തീവ്രശ്രമം നടത്തിക്കൊണ്ട് തനിക്ക് ആശ്വാസം തന്നതു ഗുരുവും വഴികാട്ടിയുമായ ചെമ്പൈസ്വാമി തന്നെ.''കവലൈപ്പെടണ്ട. നിന്നെ ഞാന്‍ കൊണ്ടുപോകാം ഭഗവല്‍സന്നിധിയില്‍.''

ആകാരത്തിലും ശബ്ദത്തിലും ഗാംഭീര്യം പ്രതിഫലിപ്പിക്കുന്ന ചെമ്പൈസ്വാമി, 1968 ലെ ഒരു സായാഹ്‌നത്തില്‍, ഗുരുവായൂരിലെ ഗസ്റ്റ് ഹൗസ് മുറ്റത്തുനിന്നുകൊണ്ട് ഗായകനോടു പറഞ്ഞു, ''നാളെ നമ്മള്‍, നീയും ഞാനും ഒരുമിച്ച്, ക്ഷേത്രമതിലകത്തെ സംഗീതമണ്ഡപത്തില്‍ കച്ചേരി പാടും.''

പിറ്റേന്ന് യേശുദാസിന്റെ കൈപിടിച്ച്, അമ്പലകവാടത്തിലെത്തിയ ചെമ്പൈസ്വാമിയെ ദ്വാരപാലകര്‍ തടഞ്ഞു.
''സ്വാമിക്ക് അകത്തുവരാം, കച്ചേരി പാടാം.

പക്ഷെ ക്രിസ്ത്യാനിയായ യേശുദാസിനെ ഇവിടെ പ്രവേശിപ്പിക്കാന്‍ നിയമം അനുവദിക്കുന്നില്ല'', ക്ഷേത്ര അധികൃതര്‍ നിലപാടു വ്യക്തമാക്കി. ''ഗുരുവായൂരപ്പദര്‍ശനം ഹൈന്ദവര്‍ക്കു മാത്രമുള്ളതാണ്.''

ചെമ്പൈസ്വാമി ക്ഷുഭിതനായി, ശബ്ദമുയര്‍ത്തി തന്റെ ആവശ്യം ആവര്‍ത്തിച്ചു. അതൊന്നും മതഭ്രാന്തിനുമുന്നില്‍ വിലപ്പോയില്ല. തന്റെ യത്‌നം വിഫലമായെന്നു ബോധ്യമായതോടെ സ്വാമി, തെല്ലപ്പുറത്ത് നീര്‍നിറഞ്ഞു തുളുമ്പുന്ന കണ്ണുകളുമായി നിന്ന യേശുദാസിനെ ആശ്ലേഷിച്ചു.

uploads/news/2017/02/80875/weeklyyesudasIssu272.jpg

''ദാസ്, നിന്നെ വേണ്ടാത്ത ഇടത്ത് ഇനി ഞാനും പാടുന്നില്ല. വാ, നമുക്ക് മതിലിനു വെളിയില്‍ ഇരുന്നു പാടാം.''

വലിയൊരു ജനാവലി ഇതിനെല്ലാം സാക്ഷ്യം വഹിച്ച് ക്ഷേത്രപരിസരത്ത് കൂടിയിരുന്നു. അവരെല്ലാം ചേര്‍ന്ന്, മേശകള്‍ ചേര്‍ത്തുനിരത്തി ഒരു താല്‍ക്കാലിക മണ്ഡപം രൂപപ്പെടുത്തി. ഗുരുവും ശിഷ്യനും, അതില്‍ ചമ്രം പടഞ്ഞിരുന്ന്, ഗുരുവായൂരപ്പന്റെ ശ്രീകോവിലിലേക്കു ദൃഷ്ടികളര്‍പ്പിച്ചു പാടിത്തുടങ്ങി.

''കരുണചെയ്‌വാനെന്തു താമസം, കൃഷ്ണാ...'' ശ്രീരാഗത്തില്‍, ആദിതാളത്തില്‍ യദുകുലകാംബോജിയില്‍, ഇരയിമ്മന്‍തമ്പി രചിച്ച് ഈണമിട്ട കീര്‍ത്തനം സ്വാമിയുടെ നാദഗാംഭീര്യവും ദാസന്റെ ശബ്ദസൗഭഗവും സമന്വയിച്ച ശീലുകളായി അവിടെയെങ്ങും നിറഞ്ഞു.

ഭക്തജനങ്ങള്‍ നിറകണ്ണുകളോടെ സാക്ഷ്യം വഹിച്ച അത്തരമൊരു ചടങ്ങ് കേരളചരിത്രത്തില്‍ ഒരു ക്ഷേത്രമുറ്റത്തും അന്നേയ്ക്കും ഇന്നേയ്ക്കും വരെ അരങ്ങേറിയിട്ടില്ല.

''ഭഗവാന്‍ നിന്നില്‍ പ്രസാദിച്ചിരിക്കുന്നു. നീ വിഷമിക്കരുത്. കൃഷ്ണഭഗവാന്റെ നിരവധി പ്രതിഭാസങ്ങളില്‍ ഒന്നുമാത്രമാണ് ഗുരുവായൂരപ്പന്‍. വേറെയും എത്രയോ രൂപഭാവങ്ങള്‍.

വിശ്വരൂപന്‍, പാര്‍ത്ഥസാരഥി, ദാനവേന്ദ്രന്‍, ദയാനിധി, കമലനാഥന്‍, മുരളീമനോഹരന്‍, ശ്യാമസുന്ദരന്‍.... അങ്ങനെ എത്രയെത്ര. അതിലൊരുരൂപം യഥാകാലം നിന്നെ സ്വീകരിച്ചനുഗ്രഹിക്കും.''

ഒടുവില്‍ മഹാഗുരുവിന്റെ പ്രവചനം സാക്ഷാല്‍കൃതമായത് 2008 ഓഗസ്റ്റ് 18 ന്. രോമാഞ്ചദായകമായ ആ അനുഭവം ഗായകന്റെ ജീവിതത്തില്‍ മറ്റൊരു നാഴികക്കല്ലായി.

(അവസാനിച്ചു...)

മാത്തുക്കുട്ടി ജെ. കുന്നപ്പള്ളി

Ads by Google
TRENDING NOW