Tuesday, October 03, 2017 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
ശില്‍പ്പ.കെ.പുഷ്കരന്‍
Tuesday 14 Feb 2017 12.10 PM

പ്രാണനാഥന്റെ വിയോഗത്തില്‍ വിതുമ്പി ഒരു പ്രണയദിനം കൂടി

valentine's day

ഒരു ജന്മം മുഴുവന്‍ അക്ഷരങ്ങളുടെ ദ്വാരപാലകനായി നിലകൊണ്ട പ്രിയ കവി ഒ.എന്‍.വി കുറുപ്പ് ഓര്‍മ്മകളുടെ തേരേറിയിട്ട് ഒരു വര്‍ഷം പിന്നിടുന്നു. മലയാളത്തിന് ഒരുപിടി പ്രണയ ഗാനങ്ങള്‍ സമ്മാനിച്ച പ്രിയ കവി യാത്രയാകുമ്പോള്‍ ഒരു പ്രണയ ഗാനം കൂടി അദ്ദേഹത്തിന്റെ തൂലികത്തുമ്പില്‍ കാത്തുനിന്നിരിക്കാം.

കാലമെത്ര കടന്നുപോയാലും പ്രണയം എന്ന മായാജാലത്തിന് വിരഹമില്ല. ഒരിക്കലെങ്കിലും പ്രണയം എത്തിപ്പിടിക്കാത്ത ഹൃദയവും ഉണ്ടാകില്ല. ഇനിയും അനേകം ഹൃദയങ്ങളില്‍ അത് പിറവിയെടുക്കും. സുഖമായി... നൊമ്പരമായി... തേങ്ങലായി...

അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നുഞാന്‍...
ഒരുമാത്ര വെറുതേ നിനച്ചുപോയി...
ഒരുമാത്ര വെറുതേ നിനച്ചുപോയി...

എന്ന വരികള്‍ കണ്ണിമകള്‍ പൂട്ടി കേള്‍ക്കുന്ന കമിതാക്കള്‍ക്ക് കാതങ്ങള്‍ താണ്ടി അരികിലെത്താന്‍ കഴിയുന്നുവെങ്കില്‍ പ്രണയ കവീ... നിങ്ങള്‍ക്കും വിരഹമില്ല. പ്രണയമുള്ള കാലത്തോളോം...പ്രണയത്തിന്റെ സ്വകാര്യ അഹങ്കാരമായിരുന്ന, മലയാള ഭാഷയ്ക്കു വേണ്ടി മാത്രം പിറവിയെടുത്ത ഒഎന്‍വിയുടെ വിയോഗം ഉണ്ടാക്കിയ മുറിപ്പാട് പ്രണയമുള്ള കാലത്തോളം ഒരിക്കലും ഉണങ്ങില്ല. തിരുവനന്തപുരത്ത് അദ്ദേഹം തന്നെ നാമകരണം ചെയ്ത ശാന്തികവാടത്തിലെ അഗ്‌നി ജ്വാലകള്‍ ആ ശരീരത്തെ വാരിപ്പുണര്‍ന്നപ്പോള്‍ പ്രണയം തേങ്ങുകയായിരുന്നു.

കവിതയുടെ പുതിയ പുതിയ ഉദ്യാനങ്ങളിലൂടെ നടന്നുകൊണ്ടിരുന്ന ഒഎന്‍വിയുടെ ഹൃദയത്തില്‍ നിന്നും നിരന്തരം പ്രവഹിച്ചുകൊണ്ടിരുന്ന പകരം വയ്ക്കാനാകാത്ത പദങ്ങള്‍ക്കുവേണ്ടി അദ്ദേഹത്തിന്റെ തൂലികത്തുമ്പുകള്‍ സദാ ചലിച്ചുകൊണ്ടേയിരുന്നു. മാലയില്‍ മുത്തുകള്‍ കോര്‍ക്കുന്നതുപോലെ അദ്ദേഹം കോര്‍ത്തെടുത്ത വാക്കുകള്‍ ഒടുവില്‍ പ്രണയ സുന്ദര കവിതകളായി പിറവികൊണ്ടു.

മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി, നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍ തുടങ്ങി മലയാള മണ്ണിന്റെ പ്രണയത്തിന്റെ ഗന്ധമുള്ള ഗാനങ്ങള്‍ക്ക് പുറമേ അരികില്‍ നീയുണ്ടായിരുന്നെങ്കില്‍. ഓര്‍മകളേ കൈവള ചാര്‍ത്തി...തുടങ്ങി അനവധി ഗാനങ്ങളാണ് അദ്ദേഹത്തിന്റ തൂലികത്തുമ്പില്‍ പിറവിയെടുത്തത്. മലയാളത്തിന്റെ സൗന്ദര്യം കോറിയിടുന്ന കമിതാക്കളെ പ്രണയത്തില്‍ ആറാടിക്കുന്ന നിരവധി ഗാനങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ നല്‍കിയ, മലയാള ഭാഷയുടെയും പ്രണയത്തിന്റെയും ദാഹം അകറ്റിയിരുന്ന അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പ്രണയദിനത്തിന് നികത്താനാകാത്ത നഷ്ടമാണ്.

മലയാളിയുടെ പ്രത്യേകിച്ച് കമിതാക്കളുടെ മനസ്സില്‍ സൗമ്യമധുരമായി ഒഴുകിയെത്തിയ കാവ്യംഗംഗയായിരുന്നു ഒ.എന്‍.വി. കുറുപ്പ്. സിനിമയുടെ എല്ലാ പരിമിതികളെയും അതിജീവിച്ച് ആ ഗാനങ്ങള്‍ ഒഴുകുകയാണ്... പ്രണയവും പ്രണയഭംഗവുമുള മനസ്സുകളെ വല്ലാതെ ഉലയ്ക്കുന്ന ആ പ്രണയഗാനങ്ങളിലൂടെ...

valentine's day

1987 ല്‍ പുറത്തിറങ്ങിയ നീയെത്ര ധന്യ എന്ന ചിത്രത്തിനു വേണ്ടി ഒ.എന്‍.വി രചിച്ച് ജി.ദേവരാജന്‍ ചിട്ടപ്പെടുത്തി ഹരികാംബോജി രാഗത്തില്‍ കെ.ജെ യേശുദാസ് ആലപിച്ച അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ ഒരു മാത്ര വെറുതേ നിനച്ചു പോയി എന്ന ഒരു ഗാനം മതി ഒ എന്‍ വിയുടെ വരികളിലെ പ്രണയത്തെ അടുത്തറിയാന്‍...

കുമാരസംഭവം (1969) എന്ന ചിത്രത്തിനുവേണ്ടി എഴുതിയ
പ്രിയസഖിഗംഗേ.. പറയൂ ..പ്രിയമാനസനെവിടേ?
ഹിമഗിരിശൃംഗമേ ! പറയൂ എന്‍ പ്രിയതമനെവിടേ? എന്ന വരികളും കാമുകിമാര്‍ ഇന്നും ഏറ്റു പാടാന്‍ കൊതിക്കുന്നവരാണ്..

ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിനു വേണ്ടി 1975ല്‍ ഒ.എന്‍.വി എഴുതിയ പ്രേമത്തിനു കണ്ണില്ല... കണ്ണില്ല മൂക്കില്ല നാക്കില്ല..പ്രണയത്തിനു പ്രായമില്ല.. 'എന്ന വരികളും ഏറെ അര്‍ത്ഥവത്താണ്.

ലെനിന്‍ രാജേന്ദ്രന്റെ 'ചില്ലി'ലെ 'ഒരുവട്ടംകൂടി...' ഒരു ഗാനമായല്ല വികാരമായാണ് മലയാളികള്‍ ആസ്വദിക്കുന്നത്. ഒരുവട്ടം കൂടിയെന്‍...എന്നു തുടങ്ങുന്ന വരികള്‍ വെറുതേയീ മോഹങ്ങളെന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം എന്ന വരികളിലെത്തുമ്പോള്‍... കേള്‍വിക്കാരന്റെ കണ്ണുകള്‍ ഈറനണിഞ്ഞിരിക്കും എന്നതാണ് ആ തൂലികത്തുമ്പില്‍ നിന്നുള്ള വരികളിലെ ശക്തി. 'ചൈത്രം ചായം ചാലിച്ചു' എന്ന അതിലെ പ്രണയഗാനം കേട്ട് കോരിത്തരിച്ചിട്ടില്ലാത്ത യുവാക്കള്‍ അന്നുണ്ടാവില്ല.

valentine's day

മാണിക്യവീണയുമായെന്‍ മനസിന്റെ... എന്ന ഒഎന്‍വിയുടെ ഈരടികളും ജി.ദേവരാജന്റെ ഈണവും പ്രണയിച്ചപ്പോള്‍ അനേകം ഹൃദയങ്ങളില്‍ വസന്തം പെയ്തു. ഇനിയും എത്രയോ പ്രണയഗാനങ്ങള്‍ക്ക് പിറവി നല്‍കാന്‍ കൊതിക്കവേ മരണം കവര്‍ന്ന തന്റെ പ്രാണേശ്വരനെ ഓര്‍ത്ത് ഒരു പ്രണയദിനം കൂടി തേങ്ങുകയാണ്...

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW