Friday, March 17, 2017 Last Updated 17 Min 54 Sec ago English Edition
Todays E paper

ചുറ്റുവട്ടം

Sreeparvathy
Sreeparvathy
Monday 13 Feb 2017 05.06 PM

ചേലാകര്‍മ്മം ഇനി വേണ്ട, ലൈംഗികത അവള്‍ക്കും ആസ്വദിക്കണം ...

വേദനയുടെയും കരച്ചിലിന്റെയും ദിനങ്ങള്‍.... മസൂമയ്ക്ക് ഇപ്പോഴും എല്ലാം ഓര്‍മ്മയുണ്ട്. എന്താണ് തന്റെ ശരീരത്തിന് സംഭവിക്കുന്നത് എന്ന തിരിച്ചറിവില്ലാത്ത പ്രായത്തില്‍ കുഞ്ഞു മസൂമ വേദന മാത്രമേ സാരമാക്കിയുള്ളൂ പക്ഷെ വളര്‍ന്നപ്പോള്‍ ശരീരത്തിനുണ്ടായ മാറ്റത്തില്‍ താന്‍ തകര്‍ന്നു പോയതായി മസ്സൂമ വെളിപ്പെടുത്തുന്നു.
Female Genital Mutilation

ഇരുണ്ടമുറിയുടെ ഒരറ്റത്ത് നീണ്ടുനിവര്‍ന്നു കിടക്കുന്ന ആ പെണ്‍കുട്ടിയുടെ മുഖത്ത് പകപ്പുണ്ടായിരിക്കണം.. കാരണം ജീവിതത്തിലെ ഏറ്റവും നോവിക്കുന്ന എന്തോ ഒരു അനുഭവത്തില്‍ കൂടി താന്‍ കടന്നുപോകാന്‍ പോവുകയാണെന്ന് എപ്പോഴൊക്കെയോ അവള്‍ക്ക് ബോധ്യം വന്നിട്ടുണ്ട്. അടിവസ്ത്രങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ട സ്ത്രീയുടെ മുഖത്തേയ്ക്ക് പോലും നോക്കാന്‍ ഭയമാകുന്നുണ്ട്, എങ്കിലും അരികില്‍ അമ്മയുള്ളതിന്റെ ആശ്വാസം.. തന്നെ നോവിക്കാന്‍ 'അമ്മ അനുവദിക്കില്ല എന്ന സുരക്ഷിതത്വബോധം.. അവളുടെ പത്തുവയസ്സുകാരിയുടെ മനസ്സ് എങ്കിലും പേടിച്ച് തുടങ്ങിയിരുന്നു.

കയ്യിലെ ഇത്തിരി വലിപ്പമുള്ള ബ്ലെയ്ഡ്തുണ്ട് തുടകള്‍ക്കിടയിലേയ്ക്ക് നീളുന്നതുകണ്ട് അവള്‍ നിലവിളിയ്ക്കാന്‍ തുടങ്ങി. അവിടെ ആരെക്കൊണ്ടും തൊടീക്കരുതെന്ന് 'അമ്മ പറഞ്ഞു തന്നത് ഓര്‍മ്മയുണ്ട്, പക്ഷേ അമ്മയുടെ മുന്നില്‍വച്ച് ആരുമല്ലാത്ത ഒരു സ്ത്രീ അത് കാണുകയും തൊടുകയും പിന്നെയുമെന്തൊക്കെയോ... അത് കാണാനാകാതെ കണ്ണുകളടച്ചിരിക്കുന്ന അമ്മയെയും കണ്ടതോടെ അവളുടെ നിലവിളി ഉച്ചത്തിലായി. ബ്ലെയ്ഡിന്റെ മൂര്‍ച്ചയേറിയ ഭാഗം തുടയിടുക്കില്‍ അമര്‍ന്നതോടെ വേദനയുടെ അലറലുകള്‍... ചീറ്റിയൊഴുകുന്ന രക്തം കൂടി കണ്ടതോടെ ബോധമെന്ന ചിന്ത തന്നെ എവിടെയോ നഷ്ടമാകുന്നു...

Female Genital Mutilation

ഫീമെയില്‍ ജെനിറ്റല്‍ മ്യൂട്ടിലേഷന്‍ എന്ന വാക്ക് വീണ്ടും ചോദ്യവും ഉത്തരവുമൊക്കെ ആവുകയാണ്. അതും ഏറ്റവുമധികം ഇത് നടക്കുന്ന ദക്ഷിണാഫ്രിക്കയിലെ വാര്‍ത്തകളല്ല ഇപ്പോള്‍ പുറത്തു വരുന്നത്, നമ്മുടെ സ്വന്തം രാജ്യത്തില്‍നിന്നുതന്നെയാണ്. ഫീമെയില്‍ ജെനിറ്റല്‍ മ്യൂട്ടിലേഷനെ അതിജീവിച്ച മുപ്പതോളം പെണ്‍കുട്ടികള്‍ കൂടിച്ചേര്‍ന്നു തുടങ്ങിവച്ച ഓണ്‍ലൈന്‍ ക്യാംപയിനാണ് കഴിഞ്ഞ ദിവസം വാര്‍ത്തയായത്.

ഇന്ത്യയില്‍ ഇത്തരം ക്രൂരമായ ഒരു കൃത്യം നടക്കുന്നത് തീരെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ മാത്രമല്ല മുംബൈയിലെ ചില വിഭാഗങ്ങള്‍ക്കിടയിലും ഈ ആചാരം ഇപ്പോഴും അത്രമേല്‍ കരുത്തോടെ നിലനില്‍ക്കുന്നതാണ്. എന്നാല്‍ ഇനിയെങ്കിലും ഈ ദുരാചാരത്തിനു അറുതി വരുത്തണം എന്ന ചില സ്ത്രീകളുടെ ചിന്തയുടെ ഫലമായാണ് ഓണ്‍ലൈന്‍ ക്യാംപയിന്‍ തുടങ്ങിവച്ചത്. ഇവരെല്ലാവരും തന്നെ ഫീമെയില്‍ ജെനിറ്റല്‍ മ്യൂട്ടിലേഷന്റെ ദുരന്തഫലങ്ങള്‍ അനുഭവിച്ച് അതിജീവിച്ചവരാണ്. ഇപ്പോള്‍ ഏറെ മുതിര്‍ന്നു കഴിഞ്ഞവരാണ് ഈ സ്ത്രീകള്‍, ഡല്‍ഹിയില്‍ പ്രസാധകയായ മസൂമ റാണാല്‍വി പറയുന്നത്, ഇപ്പോഴെങ്കിലും സ്ത്രീകള്‍ ഇതിനെതിരെ പ്രവര്‍ത്തിച്ചു തുടങ്ങിയത് നന്നായി എന്ന് തന്നെയാണ്. ഈ ആചാരത്തിന്റെ അതിജീവന വഴിയിലേക്ക് കടന്നെത്തിയ സ്ത്രീയാണ് മസൂമയും .

Female Genital Mutilation

ഫീമെയില്‍ ജെനിറ്റല്‍ മ്യൂട്ടിലേഷന്‍ നടത്തുന്ന സാധാരണ രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യ ഇപ്പോഴും യു എന്‍ ലിസ്റ്റില്‍ പോലുമില്ല എന്നതാണ് സത്യം. കൂടുതലും ഇത് ചര്‍ച്ച ചെയ്യപ്പെട്ടത് ദക്ഷിണാഫ്രിക്കയിലെ ചില ട്രൈബല്‍ വിഭാഗങ്ങളുടെ അനാചാരമായിമാത്രമാണ്, നാം ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതും ഇതേ രീതിയില്‍ മാത്രമാണ്. എന്നാല്‍ സ്വന്തം രാജ്യമായ ഇന്ത്യയില്‍ ഇത്രയും മാറ്റങ്ങള്‍ക്കുശേഷം ഇത്തരമൊരു അനാചാരം പിന്തുടരുന്നു എന്നത് ഞെട്ടിക്കുന്ന ഒരു സത്യമായി നിലകൊള്ളുന്നു.

ചോക്കലേറ്റു വാങ്ങി തരാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചാണ് മാതാവ് തന്നെ ആചാരങ്ങള്‍ക്കായി എത്തിച്ചതെന്ന് മസൂമ പറയുന്നു. മുംബൈയിലെ ഒരു ഇരുണ്ട കെട്ടിടത്തിലേക്കാണ് 'അമ്മ മസൂമയെ കൊണ്ട് പോയത്. കെട്ടിടത്തിനുള്ളില്‍ മസൂമയെ ഒരു ഇടത്ത് കിടത്തി കര്‍ട്ടന്‍ കൊണ്ട് ആ ഭാഗം ആരോ മറച്ചു. കൈപിടിച്ചപ്പോള്‍ അരികില്‍ മുത്തശ്ശിയുണ്ടായിരുന്നു എന്ന് മസൂമ ഓര്‍ക്കുന്നുണ്ട്. അടിവസ്ത്രം ഊരാന്‍ അടുത്തിരുന്ന സ്ത്രീ വന്നപ്പോഴേക്കും മസൂമ കരയാന്‍ ആരംഭിച്ചിരുന്നു. സാരമില്ലെന്ന് മുത്തശ്ശി ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു...പിന്നീട് വേദനയുടെയും കരച്ചിലിന്റെയും ദിനങ്ങള്‍.... മസൂമയ്ക്ക് ഇപ്പോഴും എല്ലാം ഓര്‍മ്മയുണ്ട്. എന്താണ് തന്റെ ശരീരത്തിന് സംഭവിക്കുന്നത് എന്ന തിരിച്ചറിവില്ലാത്ത പ്രായത്തില്‍ കുഞ്ഞു മസൂമ വേദന മാത്രമേ സാരമാക്കിയുള്ളൂ പക്ഷെ വളര്‍ന്നപ്പോള്‍ ശരീരത്തിനുണ്ടായ മാറ്റത്തില്‍ താന്‍ തകര്‍ന്നു പോയതായി മസ്സൂമ വെളിപ്പെടുത്തുന്നു. നിരവധി പേരാണ് തങ്ങളുടെ വേദനിപ്പിക്കുകയും മാനസികമായി തകര്‍ത്തു കളയുകയും ചെയ്ത ആ അനുഭവം പുറം ലോകവുമായി പങ്കു വച്ചത്,. ഇപ്പോഴെങ്കിലും ഈ അനാചാരത്തിനെതിരെ പ്രതികരിക്കുന്നത് തങ്ങളുടെ അടുത്ത തലമുറയെങ്കിലും ആചാരം എന്ന പേരില്‍ ഇത്തരമൊരു ക്രൂരതയ്ക്ക് ഇടയാകാതെ ഇരിക്കാനാണെന്നു അവര്‍ വെളിപ്പെടുത്തുന്നു.

Female Genital Mutilation

പടിഞ്ഞാറേ ഇന്ത്യയുടെ പല ഭാഗങ്ങളിലുമായി നീണ്ടു കിടക്കുന്ന വിഭാഗങ്ങളിലാണ് ഇപ്പോഴും ഫീമെയില്‍ ജെനിറ്റല്‍ മ്യൂട്ടിലേഷന്‍ നിലനില്‍ക്കുന്നത്. ഏഴോ എട്ടോ വയസ്സായ പെണ്‍കുട്ടികളുടെ ജനനേന്ദ്രിയത്തിന്റെ ഒരു ഭാഗം മുറിച്ച് കളയുന്ന രീതിയാണിത്. അതും കൃത്യമായ ആരോഗ്യരീതികള്‍ പിന്തുടരാതെ പ്രാകൃതമായ രീതിയില്‍ ഡോക്ടര്‍മാര്‍പോലും അല്ലാത്ത സാധാരണ സ്ത്രീകള്‍ ചെയ്യുന്ന കര്‍മ്മമാണിത്. മലയാളത്തില്‍ ഇതിനെ ചേലാകര്‍മ്മം എന്ന് പറയുന്നു. സ്ഥിരമായി ഇതേ കുറിച്ച് അറിയുന്ന സ്ത്രീകള്‍ തന്നെയാണ് ഇത് ചെയ്യുന്നതെങ്കിലും ഇത് ചെയ്യുന്ന പെണ്‍കുട്ടികള്‍ മരണപ്പെടാന്‍വരെയുള്ള സാധ്യതകളുണ്ട്. ദക്ഷിണാഫ്രിക്ക പോലെയുള്ള രാജ്യങ്ങളില്‍ ഗോത്ര വിഭാഗങ്ങളിലാണ് ഈ കാടത്തം സംഭവിക്കുന്നതെങ്കില്‍ ഇന്ത്യയില്‍ നല്ല വിദ്യാഭ്യാസവും സംസ്‌കാരവും ഒക്കെ വിഭാഗങ്ങള്‍ക്കിടയിലാണ് ഈ കാടത്ത രീതി നിലനില്‍ക്കുന്നത്.

പെണ്‍കുട്ടികളുടെ സഹായത്തിനു എന്ന ആവശ്യത്തെ മുന്‍ നിര്‍ത്തിയാണ് സ്ത്രീകള്‍ക്കിടയില്‍ ഇത്തരമൊരു അനാചാരം നിലനില്‍ക്കുന്നത്. പക്ഷെ സ്ത്രീകളുടെ ലൈംഗികതൃഷ്ണയെ കുറയ്ക്കുന്ന കാടത്ത സമ്പ്രദായമാണിത്. പാതിവ്രത്യം സംരക്ഷിക്കുക, ലിംഗസമത്വം എന്നത് ചിന്തകളില്‍ പോലും ഇല്ലാതെയിരിക്കുക, അവരുടെ ശരീരത്തിന് പരിശുദ്ധി കൊടുക്കുക എന്നീ രീതികളിലൂടെ സ്ത്രീകളെ സഞ്ചരിപ്പിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരാക്കി മാറ്റുകയാണ് ചേലാകര്‍മ്മത്തില്‍ കൂടി ചെയ്യുന്നത്. ചുരുക്കത്തില്‍ പറഞ്ഞാല്‍ സ്ത്രീ എന്നത് വെറുമൊരു ലൈംഗിക ഉപകരണം എന്ന നിലയിലേയ്ക്ക് താഴ്ത്തിക്കൊണ്ടു വരുകയും അവളുടെ ശരീരത്തില്‍ അവള്‍ക്കു പോലും അധികാരം ഇല്ലാതെ വരികയും ചെയ്യുന്ന ഈ ആചാരങ്ങള്‍ക്കെതിരെ ലോകാരോഗ്യ സംഘടനയുള്‍പ്പെടെ പല സംഘടനകളും രംഗത്തുണ്ട്. ഇതിനെതിരെയുള്ള പ്രവര്‍ത്തനങ്ങളും ലോകരാജ്യങ്ങളില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയിലെ ചേലാകര്‍മ്മം ഇപ്പോഴാണ് എത്രയധികമുണ്ടെന്നു രാജ്യമറിയുന്നത്. പലപ്പോഴും വാര്‍ത്തകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ പോലും അനുഭവിച്ച സ്ത്രീകള്‍ തന്നെ വന്ന അനുഭവങ്ങള്‍ തുറന്നു പറയുമ്പോള്‍ രക്തം പോലും മരവിച്ച് പോകുന്നു. എട്ടും പത്തും വയസ്സുള്ള പെണ്‍കുട്ടികളുടെ ലൈംഗികാവയവത്തെ മുറിവേല്‍പ്പിച്ച് അവരുടെ ഭാവിയിലെ ലൈംഗികബോധത്തെയും സ്ത്രീത്വത്തെ തന്നെയും മാനസിക ആരോഗ്യത്തെയും തകിടം മറിയ്ക്കുന്ന ഈ അനാചാരം ഇനിയെങ്കിലും അവസാനിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. സ്വന്തം ശരീരത്തില്‍ അവള്‍ക്കു മാത്രമാണ് അവകാശമെന്നും ലൈംഗികത ആസ്വദിയ്ക്കാനുള്ള അവകാശം സ്ത്രീയ്ക്കുമുണ്ടെന്നും ഈ ഓണ്‍ലൈന്‍ ക്യാംപയിന്‍ ഉറക്കെ പറയട്ടെ.

Ads by Google

ചുറ്റുവട്ടം

Sreeparvathy
Sreeparvathy
Monday 13 Feb 2017 05.06 PM
YOU MAY BE INTERESTED
TRENDING NOW