ലോ അക്കാദമിയില്‍ ഉയര്‍ന്ന പ്രശ്നങ്ങളെ തുടര്‍ന്ന് തനിക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ രൂക്ഷമായ ഭാഷയില്‍ മറുപടിയുമായി മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ് രംഗത്ത്.
താന്‍ ലോ അക്കാദമിയില്‍ പഠിച്ചിട്ടുണ്ട്.എന്നാല്‍ അത് ആരുടെയും ഒത്താശയിലൂടെ അഡ്മിഷന് നേടിയിട്ടല്ല.
ലോ അക്കാദമി വിദ്യാര്‍ത്ഥികള്‍ ലക്ഷ്മി നായര്‍ക്കെതിരെ നടത്തുന്ന സമരത്തില്‍ ഇതുവരെ പ്രതികരിക്കാഞ്ഞതിനെ തുടര്‍ന്നാണ് ബ്രിട്ടാസിനെതിരെ വിമര്‍ശനം ഉയര്‍ന്നത്. അനര്‍ഹമായി അഡ്മിഷന് നേടി അന്ന് വഴിവിട്ട ഇന്റേണല്‍ മാര്‍ക്ക് നേടിയതുകൊണ്ടാണ് ബ്രിട്ടാസ് മൗനം പാലിക്കുന്നത് എന്നായിരുന്നു ആക്ഷേപം.
കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബിഎക്കും എംഎ ക്കും റാങ്ക് നേടിയാണ് താന്‍ പാസായത്. തുടര്‍ന്ന് എംഫില്‍, ഡല്‍ഹി ജവഹര്‍ലാല്‍ സര്‍വകലാശാലയില്‍ നിന്ന് 4 വര്‍ഷത്തെ ഗവേഷണം എന്നീ യോഗ്യതകള്‍ നേടിയിട്ടും അടിസ്ഥാന യോഗ്യത ഇല്ലെന്നാണ് വാദം. ഇക്കാലയളവില്‍ ഒന്നും ലക്ഷ്മി നായര്‍ ആയിരുന്നില്ല വൈസ് ചാന്‍സലര്‍ എന്നും ഫെയ്സ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ ബ്രിട്ടാസ് വ്യക്തമാക്കുന്നുണ്ട്.
തനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും അതുമാത്രമല്ല മുഖ്യമന്ത്രിക്കുവേണ്ടി ചെയ്ത് കൊടുക്കേണ്ട ചില ഉത്തരവാദിത്തങ്ങളും ഉണ്ട് അതുകൊണ്ടാണ് ചിലര്‍ നിരന്തരമായി എതിര്‍ക്കുന്നതെന്നും ബ്രിട്ടാസ് ചൂണ്ടിക്കാണിക്കുന്നു. ഒരു പ്രസ്ഥാനത്തിന്റെ സാരഥി കൂടിയായ തനിക്കുള്ള ഈ ഉരകല്ലിലാണ് കൂടുതല്‍ തെളിച്ചം വരുന്നതെന്നും എഴുതിയാണ് ബ്രിട്ടാസ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ് ബുക്ക് അടി കൂടാനുള്ള കവലയായി കാണാനാഗ്രഹിക്കാത്തത് കൊണ്ട് വളരെ വിരളമായി മാത്രമേ ഇങ്ങോട്ടു എത്തി നോക്കാറുള്ളൂ. എന്തോ ചില അദ്ഭുതങ്ങൾ സംഭവിച്ചു എന്ന പേരിൽ എന്നോട് താത്പര്യം ഉള്ള ചിലർ ചിലകാര്യങ്ങൾ വിളിച്ചറിയിച്ചപ്പോഴാണ് ഈയൊരു കുറിപ്പെഴുതണമെന്നു തോന്നിയത്.
അദ്ഭുതം മറ്റൊന്നുമല്ല. ജോൺ ബ്രിട്ടാസ് ലാ അക്കാഡമിയിൽ (ഇപ്പോളൊന്നുമല്ല, വർഷങ്ങൾക്കു മുൻപ്) പഠിച്ചിരുന്നു !! വെളിപ്പെടുത്തലായിട്ടാണ് ചിലരിൽ പ്രചരിപ്പിക്കുന്നത്. ശരിയാണ്, ഞാൻ പഠിച്ചിരുന്നു.കഴിയുമെങ്കിൽ ഇനിയും ഇനിയും മറ്റു പല കോഴ്സ് കൾക്കും പടിക്കണമെന്നാണ് എന്റെ ആഗ്രഹം. അടിസ്ഥാന പരീക്ഷ പൂർത്തിയാക്കിയത് മറ്റു സർവ്വകലാശാലകളിലായത് കൊണ്ട് കേരള യൂണിവേഴ്സിറ്റിയിൽ ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ചാണ് അഡ്മിഷൻ എടുത്തത്.സാധാരണ തൊഴിൽ ചെയ്യുന്നവർക്ക് പഠിക്കാൻ സൗകര്യമുള്ള ഈവെനിംഗ് കോഴ്സിലാണ് ഞാൻ ചേർന്നത്. ഉയർന്ന ഉദ്യാഗസ്ഥരും എന്തിനേറെ സിനിമയിൽ പ്രവർത്തിക്കുന്നവർ പോലും ഇത്തരത്തിൽ പഠിച്ചിട്ടുണ്ട് അല്ലെങ്കിൽ പഠിക്കുന്നുണ്ട്. അഡ്മിഷൻ ആരുടെയെങ്കിലും ശുപാർശ പ്രകാരമായിരുന്നില്ല. BA ക്കും MA ക്കും റാങ്കും (കാലിക്കറ്റ് യൂണിവേഴ്സിറ്റി), M Phil ന് ഉയർന്ന ഗ്രേഡും, 4 വർഷത്തെ ഗവേഷണവും (ഡൽഹി, ജവാഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി) ഉള്ള എനിക്ക് അടിസ്ഥാന യോഗ്യത ഇല്ല എന്ന് ഇനി ആരെങ്കിലും വാദിക്കുമോ ആവോ? ലക്ഷ്മി നായർ കാലിക്കറ്റ് , ജവാഹർലാൽ നെഹ്രു യൂണിവേഴ്സിറ്റികളുടെ വൈസ് ചാൻസലർ ആയിരുന്നിട്ടില്ല....!!
കഴിയാവുന്ന രീതിയിൽ ഞാൻ പഠിച്ചു, പക്ഷെ ദൗർഭാഗ്യവശാൽ ബിരുദം എടുക്കാൻ കഴിഞ്ഞില്ല. ചിലർ പറയുന്നതു കേട്ടാൽ എനിക്ക് രഹസ്യ കവറിലിട്ടു ഒരു ബിരുദം ലോ അക്കാദമി തന്നു എന്നാണ്. അനർഹമായി ഞാൻ എന്തെങ്കിലും വാങ്ങിയിട്ടുണ്ടായിരുന്നു എങ്കിൽ എത്ര പണ്ടേ ഒരു ഡിഗ്രി എന്റെ കക്ഷത്തിരിക്കുമായിരുന്നു. ഇന്ന് നമ്മുടെ ചുറ്റും ആക്രോശം നടത്തുന്ന പല മാന്യന്മാരും ഇങ്ങനെ LLB കരസ്ഥമാക്കിയവരാണെന്നാണല്ലോ പറയുന്നത്.
അപ്പോൾ എന്താണ് യഥാർത്ഥ പ്രശ്നം? ലക്ഷ്മി നായർ കൈരളിയിൽ അവതാരകയാണ്. ഞാൻ കൈരളി ടി വി MD യായി വരുന്നതിനു എത്രയോ കാലം മുൻപ് അവർ അവതാരകയായതാണ്. കൈരളിയിൽ മാത്രമല്ല മലയാള മനോരമയുടെ വനിതയിലും അവർ സ്ഥിരമായി പാചക പംക്തി കൈകാര്യം ചെയ്യുന്നുണ്ട്. വർഷംതോറും മെട്രോ മനോരമക്കു വേണ്ടി അവർ പ്രത്യേക പാചക പരിപാടി നടത്തുന്നുണ്ട്. ഒരാൾക്ക് സിനിമയിലും ടെലിവിഷനിലും പ്രവർത്തിക്കാൻ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ടോ?
പിന്നെ എന്താണ് യഥാർത്ഥ പ്രശ്നം? എന്നെ മനസ്സിലാക്കുന്നവരെ ഉദ്ദേശിച്ചു മാത്രമാണ് ഇത് പറയുന്നത്. എന്തിനും എപ്പോഴും കുറ്റം കണ്ടെത്താൻ ശ്രമിക്കുന്നവർ സദയം ക്ഷമിക്കുക. എനിക്ക് രാഷ്ട്രീയമുണ്ട്. ഒരു സ്ഥാപനത്തിന്റെ സാരഥിയാണ്, കൂടാതെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ചില ഉത്തരവാദിത്തങ്ങളുമുണ്ട്. ഇത്രയും പോരേ ചിലർക്ക് എന്നെ നിരന്തരമായി എതിർക്കാൻ ? അവർ എതിർക്കട്ടെ, ഈ ഉരകല്ലിലാണ് നമുക്ക് കൂടുതൽ തെളിച്ചം വരുന്നത്...