Sunday, June 03, 2018 Last Updated 0 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Feb 2017 04.01 PM

നൃത്തസുന്ദരമായ ജീവിതം

ലാലേട്ടന്‍ എത്ര ലാളിത്യത്തോടെയാണ് ജീവിക്കുന്നത്. ഭക്ഷണം കഴിച്ചാല്‍ പാത്രം കഴുകിവയ്ക്കുന്ന ശീലം എനിക്ക് ഇല്ലായിരുന്നു. അത് ശീലിപ്പിച്ചതും അദ്ദേഹമാണ്.
uploads/news/2017/02/76416/vineethINW1.jpg

32 വര്‍ഷത്തെ കലാജീവിതത്തില്‍നിന്ന് ചിലതൊക്കെ ഓര്‍ത്തെടുക്കുകയാണ് വിനീത്...

വിനീതിന്റെ ജീവിതം ഒരു തപസ്യയാണ്. നൃത്തത്തെ ആരാധിച്ച് അതില്‍ ജീവിച്ചുകൊണ്ടുള്ള തപസ്യ. നൃത്തത്തോടൊപ്പം അഭിനയത്തിലും വിനീത് സ്വന്തമായ ഇടം നേടിയെടുത്തിട്ടുണ്ട്.

ഇടനിലങ്ങള്‍, നഖക്ഷതങ്ങള്‍, സര്‍ഗ്ഗം, അമൃതംഗമയ, ആരണ്യകം തുടങ്ങി സിനിമയുടെ ചരിത്രത്തില്‍ ഇടം ചേര്‍ക്കാവുന്ന കാലഘട്ടത്തില്‍ മികച്ച അഭിനയ ചാതുര്യം കൊണ്ട് പങ്കാളിയാകാന്‍ കഴിഞ്ഞ അനുഗൃഹീത കലാകാരനാണ് വിനീത്.

അഭിനയത്തിന്റെ 32-ാം വര്‍ഷത്തിലെത്തി നില്‍ക്കുമ്പോഴും തന്റെ ജീവിതം ഇപ്പോഴും കലയ്ക്കുവേണ്ടി ഉഴിഞ്ഞു വച്ചിരിക്കുകയാണ് അദ്ദേഹം....

പുതിയ ചിത്രമായ കാംബോജിയിലെ അഭിനയത്തെക്കുറിച്ച്?


ദേശീയ അവാര്‍ഡ് ജേതാവായ ഡയറക്ടര്‍ വിനോദ് മങ്കരയാണ് കാംബോജി സംവിധാനം ചെയ്തത്. പ്രിയമാനസത്തിന് ശേഷം അദ്ദേഹം ചെയ്ത ചിത്രമാണ്. കേട്ടപ്പോള്‍ തന്നെ പ്രത്യേകതയുള്ള കഥയായി തോന്നി. യഥാര്‍ഥ ജീവിതത്തില്‍ നടന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കിയുള്ള സിനിമ.

ഒരു നടനെന്ന നിലയില്‍ വളരെ ചലഞ്ചിങ്ങായ റോളാണ്. കഥകളി ഭംഗിയായി പഠിച്ച് കുറേ പദങ്ങള്‍ അതില്‍ ഞാന്‍ ചെയ്തിട്ടുണ്ട്. കാംബോജിയുടെ ഏറ്റവും വലിയ പ്രത്യേകത സംഗീതമാണ്.

എം. ജയചന്ദ്രന്റെ സംഗീതവും ഒ.എന്‍.വി സാറിന്റെ വരികളും മനോഹരമാണ്. ഒ.എന്‍ .വി സാര്‍ അവസാനമായി എഴുതിയ പാട്ടുകളാണവ.. ഈ മാസം ചിത്രം തീയറ്ററുകളിലെത്തേണ്ടതായിരുന്നു. സിനിമാസമരം മൂലം വൈകുകയാണ്.

ഒരു നടനെന്ന രീതിയില്‍ സിനിമാ പ്രതിസന്ധിയെ എങ്ങനെ നോക്കി കാണുന്നു?


സങ്കടകരമായ കാര്യമാണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. എത്രവലിയ ഇന്‍ഡസ്ട്രിയാണ് ഒറ്റയടിക്ക് നിശ്ചലമായത്? ബന്ധപ്പെട്ടവര്‍ ചര്‍ച്ച ചെയ്ത് എത്രയും പെട്ടെന്ന് അതിനൊരു തീരുമാനം ഉണ്ടാക്കണം എന്നാണെന്റെ അഭ്യര്‍ഥന.

പ്രൊഡ്യൂസര്‍മാര്‍ക്കുണ്ടാകുന്ന നഷ്ടം വളരെ വലുതാണ്. ലക്ഷ്മി പത്മനാഭന്‍ മേനോന്‍ എന്നൊരു റിട്ടയഡ് പ്രൊഫസറാണ് ഞങ്ങളുടെ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍. അവരുടെ ഇത്രയും കാലത്തെ സമ്പാദ്യം മുഴുവന്‍ മുടക്കിയാണ് കാംബോജി എടുത്തത്.

കലാമൂല്യമുള്ള ഒരു സിനിമ പുറത്തിറക്കുകയും പരമ്പരാഗതമായ കലാരൂപങ്ങളെ േപ്രാത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ആഗ്രഹംകൊണ്ടാണ് അവര്‍ ഇതിനായി പണം മുടക്കിയത്. അല്ലാതെ ബിസിനസായി കണ്ടതുകൊണ്ടല്ല. അങ്ങനെയുള്ള ധാരാളം ആളുകളെ ഇത്തരം സമരങ്ങള്‍ ബാധിക്കും.എത്രപേരുടെ ഉപജീവനമാര്‍ഗ്ഗമാണ് ഇല്ലാതായത്.

സിനിമാക്കാരായ ബന്ധുക്കള്‍ ധാരാളം ഉണ്ടായിരുന്നു. അത്തരം ബന്ധങ്ങളൊെക്ക കരിയറിനെ സ്വാധീനിച്ചിട്ടുണ്ടോ?


പപ്പിയമ്മ(പത്മിനി)എന്റെ അച്ഛന്റെ ബന്ധുവായിരുന്നു . പത്മിനിയമ്മയുടെ കസിനാണ് സുകുമാരിയാന്റി. അവരുടെ മരുമകളാണ് ശോഭന. പപ്പിയമ്മ വഴിയുള്ള ബന്ധമാണ് എല്ലാവരുമായിട്ടും.

എന്നെ നൃത്തം അഭ്യസിപ്പിക്കാന്‍ വിടണമെന്ന് എന്റെ മാതാപിതാക്കളോട് പറയുന്നത് പപ്പിയമ്മയാണ്. പപ്പിയമ്മയാണ് ആദ്യമായി എന്നെ അമേരിക്കയിലേക്ക് ഒരു പ്രോഗ്രാം നടത്താന്‍ വിളിച്ചത്. ഞാനുമായി വളരെ അടുത്ത ബന്ധമായിരുന്നു. മകനായിരുന്നു പപ്പിയമ്മയ്ക്ക് ഞാന്‍.

സുകുമാരി ആന്റിയേയും പപ്പിയമ്മയേയും പോലുള്ള ലജന്റുകളുടെ കാലഘട്ടത്തില്‍ നില്‍ക്കാന്‍ കഴിഞ്ഞത് വലിയ അനുഗ്രഹമാണ്. ശോഭനയെ ചെറുപ്പം മുതലേ അറിയാം.

എനിക്ക് ആറ് വയസുള്ളപ്പോള്‍ ഒരിക്കല്‍ പപ്പിയമ്മ ഒരു കുട്ടികളുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ അതില്‍ ശോഭനയും ഉണ്ടായിരുന്നു, എന്നെക്കാള്‍ ഒരു വയസിന്റെ ഇളപ്പമേ ശോഭനയ്ക്കുള്ളൂ. നൃത്തത്തെക്കുറിച്ച് ഭയങ്കര അറിവാണവര്‍ക്ക്.

ഞങ്ങള്‍ ഒന്നിച്ച് ഷോകളൊക്കെ ചെയ്തിട്ടുണ്ട്. ശോഭനയുടെ ഒരു ഡാന്‍സിങ്ങ് പെര്‍ഫോമന്‍സില്‍ ജീസസ് ക്രൈസ്റ്റിന് ശബ്ദം കൊടുത്തത് ഞാനാണ്. പ്രോഗ്രാം കഴിഞ്ഞപ്പോള്‍ അവര്‍ എന്നെ സ്്റ്റേജിലേക്ക് വിളിച്ചു.

വളരെ ഇമോഷണലായി സംസാരിച്ചു. മാനത്തെ വെളളിത്തേരാണ് ഹീറോയും ഹീറോയിനുമായി ഞങ്ങള്‍ അഭിനയിച്ചത്. സുകുമാരിയാന്റിയുടെ മകനോടും അവരുടെ കുടുംബത്തോടും വളരെ അടുത്ത ബന്ധമുണ്ട് ഇപ്പോഴും.

Ads by Google
Loading...
TRENDING NOW