Tuesday, May 29, 2018 Last Updated 0 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Feb 2017 01.55 PM

നേരിട്ടുള്ള പണമിടപാട് മൂന്നു ലക്ഷം വരെ; ആദായ നികുതിയില്‍ ഇളവ്; രാഷ്ട്രീയ സംഭാവനകള്‍ക്ക് പിടിവീണു

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കു ശേഷം രാജ്യം വിടുന്നവരുടെ സ്വത്ത് ജപ്തി ചെയ്യുന്നത് അടക്കം കര്‍ശന നിയമനനിര്‍മ്മാണവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
uploads/news/2017/02/76383/jaitley.jpg

ന്യുഡല്‍ഹി: ആദായ നികുതി ഘടനയില്‍ മാറ്റം വരുത്തി നോട്ട് അസാധുവാക്കലിന് ശേഷമുള്ള ആദ്യ ബജറ്റ്. സാമ്പത്തിക രംഗം കെട്ടുറപ്പുള്ളതാക്കുന്നതിനൊപ്പം പണരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കു ശേഷം രാജ്യം വിടുന്നവരുടെ സ്വത്ത് ജപ്തി ചെയ്യുന്നത് അടക്കം കര്‍ശന നിയമനനിര്‍മ്മാണവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരു വ്യക്തിയില്‍ നിന്ന് സ്വീകരിക്കാവുന്ന സംഭാവന 2000 രൂപയാക്കി പരിമിതപ്പെടുത്തി.

മൂന്നു ലക്ഷം രൂപ വരെ നേരിട്ടുള്ള പണമിടപാടിനാണ് അനുമതിയുള്ളത്. മൂന്നു ലക്ഷം രൂപ വരെ നികുതി ഇളവ് നല്‍കുന്നതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. 2.5 ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനത്തിനുള്ള നികുതി 10 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമാക്കി കുറച്ചു. ധനികരില്‍ നിന്ന് അധിക നികുതി ഈടാക്കുന്ന പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 50 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വരുമാനമുള്ളവര്‍ 10% സര്‍ചാര്‍ജും ഒരു കോടിക്കു മുകളില്‍ 15% സര്‍ചാര്‍ജും നല്‍കണം. ജി.എസ്.ടി വഴി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനുമുള്ള നികുതി വരുമാനം വര്‍ധിക്കുമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി.

അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ടാക്‌സ് റിട്ടേണ്‍ ഒരു പേജില്‍ നല്‍കിയാല്‍ മതിയാകും. മൂലധന നികുതി ഘടനയിലും മാറ്റം വരുത്തി. രണ്ട് വര്‍ഷത്തിനുള്ളില്‍ വസതു വിറ്റാല്‍ നികുതിയുണ്ടാവില്ല. മുന്‍പ് ഇത് മൂന്നു വര്‍ഷമായിരുന്നു. ഐ.ആര്‍.സി.ടി.സി വഴിയുള്ള ബുക്കിംഗുകള്‍ക്ക് സര്‍വീസ് ചാര്‍ജ് എടുത്തുനീക്കി.

50 കോടി രൂപ വരെ ടേണ്‍ഓവറുള്ള കമ്പനികളുടെ വരുമാന നികുതി 25% ആക്കി. രാഷ്ട്രീയ കക്ഷികളുടെ സംഭാവനകള്‍ ചെക്ക്, ഡിജിറ്റല്‍ വഴിയാക്കും. ഇതിനായി ഇലക്ടറല്‍ ബോണ്ടുകള്‍ കൊണ്ടുവരും. നോട്ട് പിവലിക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് ആദായ നികുതി വരുമാനത്തില്‍ 35% വര്‍ധനവുണ്ടായെന്നും ജെയ്റ്റ്‌ലി അറിയിച്ചു.

21.47 ട്രില്യണ്‍ രൂപയുടെ ബജറ്റാണ് ജെയ്റ്റ്‌ലി പ്രഖ്യാപിച്ചത്. പ്രതിരോധ മേഖലയ്ക്ക് 2.74 കോടി രൂപ അനുവദിച്ചു.3.2% ധനകമ്മിയാണ് പ്രതീക്ഷിക്കുന്നതെന്നും ബജറ്റില്‍ പറയുന്നു.

വന്‍കിട പദ്ധതികളോ ജനകീയ പ്രഖ്യാപനങ്ങളോ ജെയ്റ്റ്‌ലി നടത്തിയിട്ടില്ല. അതേസമയം, നികുതി തട്ടിപ്പുകാര്‍ ഒഴികെ ആരേയും തന്നെ ഭയപ്പെടുത്തിന്ന നിര്‍ദേശങ്ങളൊന്നും തന്നെ ബജറ്റില്‍ നല്‍കിയിട്ടുമില്ല. അടിസ്ഥാന സൗകര്യ വികസനം, കൃഷി, ഗ്രാമീണ മേഖലയിലെ തൊഴില്‍ എന്നിവയ്ക്കായിരിക്കും തന്റെ ബജറ്റില്‍ ഊന്നല്‍ നല്‍കുകയെന്ന ആമുഖത്തില്‍ തന്നെ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു.

വിമുക്ത ഭടന്മാര്‍ക്ക് പെന്‍ഷന്‍ വിതരണത്തിന് വെബ് അധിഷ്ഠിത സംവിധാനം, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഐആര്‍സിഒഎന്‍, ഐആര്‍സിടിസി എന്നിവയെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യും, 2020 ഓടെ ആധാര്‍ കാര്‍ഡ് അധിഷ്ഠിതമായ 20 ലക്ഷം സൈ്വപ്പ് മെഷീനുകള്‍ കൊണ്ടുവരും. ഡിജിറ്റല്‍ പണമിടപാടുകള്‍ മൊബൈലുകള്‍ വഴി വ്യാപിപ്പിക്കുന്നതിന് ഭീം ആപ്പുകള്‍, ബാങ്കുകളുടെ മൂലധന ഇടപാടിന് 10,000 കോടി, വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് വിദേശ നിക്ഷേപ പ്രമോഷന്‍ ബോര്‍ഡ് നിര്‍ത്തലാക്കും.

ഒഡീഷ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ രണ്ട് എണ്ണ സംഭരണശാലകള്‍, 20,000 മെഗാവാട്ടിന്റെ സോളര്‍ പവര്‍ കപാസിറ്റി സ്ഥാപിക്കും. ദേശീയപാത വികസനത്തിന് 64,900 കോടിയും അനുവദിച്ചു.

കാര്‍ഷിക മേഖലയില്‍ 4.1 ശതമാനം വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. കാര്‍ഷിക വായ്പ 10 ലക്ഷം കോടിയായി ഉയര്‍ത്തും. കൂടുതല്‍ കാര്‍ഷിക ലാബുകള്‍ സ്ഥാപിക്കും.
ജലസേചനത്തിന് കൂടുതല്‍ നബാര്‍ഡ് പദ്ധതികള്‍. ഇതിലേക്ക് 500 കോടി വകയിരുത്തും. ഒരു കോടി ഗ്രാമീണ കുടുംബങ്ങളെ ദാരിദ്ര്യ രഹിതമാക്കും
കരാര്‍ കൃഷിക്ക് ചട്ടങ്ങള്‍ കൊണ്ടുവരും വിള ഇന്‍ഷുറന്‍സ് 40% ആയി ഉയര്‍ത്തും; 900 കോടി വകയിരുത്തും. ഡയറി പ്രൊസസിംഗ് ഇന്‍ഫ്ര ഫണ്ട് 2,000 കോടി രൂപ കൂടി. ഇതോടെ 8000 കോടിയായി ഉയരും. കാര്‍ഷിക വരുമാനം അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാക്കുമെന്നും ബജറ്റില്‍ അവകാശപ്പെടുന്നു.

1500 ഗ്രാമങ്ങളെ ദാരിദ്ര്യ രഹിതമാക്കും. തൊഴിലുറപ്പ് പദ്ധതിക്ക് 48,000 കോടി അനുവദിക്കും. എല്ലാവര്‍ക്കും നൂറു തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കും. 2019ഓടെ ദരിദ്രര്‍ക്കായി ഒരു കോടി വീടുകള്‍. ഗ്രാമങ്ങള്‍ 100% വൈദ്യൂതീകരണത്തിന്റെ പാതയിലാണ്. പ്രതിദിനം 133 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കുമെന്നും ബജറ്റില്‍ പറയുന്നു.

വിദ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങളുടെ ഭാഗമായി യു.ജി.സിയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്ന് ജെയ്റ്റ്‌ലി. 100 രാജ്യാന്തര നൈപുണ്യ സെന്ററുകള്‍ സ്ഥാപിക്കും. പ്രവേശന പരീക്ഷകള്‍ നടത്താന്‍ ഏക അധികാര കേന്ദ്രമായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സികള്‍, സ്‌കൂളുകളില്‍ ശാസ്ത്ര പഠനത്തിന് ഊന്നല്‍. കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കും.

കേരളത്തിന് ഇത്തവണയും എയിംസ് നിഷേധിച്ചു. -മഹിളാ ശാക്തീകരണ പദ്ധതിക്ക് 500 കോടി, ബജറ്റ് വീടുകളുടെ അടിസ്ഥാന സൗകര്യ പദവി നല്‍കും. ക്ഷയരോഗം 2015 ഓടെ തുടച്ചുനീക്കുകയാണ് ലക്ഷ്യം. ഝാര്‍ഖണ്ഡിലും ഗുജറാത്തിലും രണ്ട് പുതിയ എയിംസ് ആശുപത്രികള്‍.

നോട്ട് നിരോധനം സര്‍ക്കാര്‍ സ്വീകരിച്ച ധീരമായ നടപടിയാണെന്ന് ധനമന്ത്രി പറഞ്ഞു. ജനങ്ങളുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും ബജറ്റ് അവതരണത്തിന്റെ തുടക്കത്തില്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി.

രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് കൂടി. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കഴിഞ്ഞു. സര്‍ക്കാര്‍ ജനങ്ങളുടെ സമ്പത്തിന്റെ കാവല്‍ക്കാരനാണ്. 2017ല്‍ ഏറ്റവും വേഗത്തില്‍ വളര്‍ച്ച പ്രാപിക്കുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായിരിക്കും ഇന്ത്യ. ജി.എസ്.ടിയുടെ നേട്ടങ്ങള്‍ വിശകലനം ചെയ്തുകഴിഞ്ഞുവെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

ലോകത്തെ ആറാമത്തെ വലിയ ഉത്പാദക രാഷ്ട്രമായി ഇന്ത്യ മാറി. അഴിമതി തുടച്ചുനീക്കാന്‍ നോട്ട് നിരോധനത്തിന് കഴിഞ്ഞു. ജനങ്ങളുടെ പ്രതീക്ഷകള്‍ കൂടുതല്‍ പൂര്‍ത്തിയാക്കാനുണ്ട്. വായ്പകളുടെ പലിശ നിരക്ക് കുറയ്ക്കാന്‍ ബാങ്കുകള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ജെയ്റ്റലി ബജറ്റിന്റെ ആരംഭത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Ads by Google
Wednesday 01 Feb 2017 01.55 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW