Thursday, February 15, 2018 Last Updated 33 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Feb 2017 06.50 AM

ഖബറടക്കം നാളെ കണ്ണൂരില്‍ ; ഇന്ന് ഡല്‍ഹിയിലെ വീട്ടില്‍; കോഴിക്കോട്ടെ ലീഗ്, ഹജ്ജ് ഹൗസുകളില്‍ പൊതു ദര്‍ശനം

uploads/news/2017/02/76331/e-ahammed.jpg

കണ്ണൂര്‍: ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയോടെ മരണമടഞ്ഞ മുതിര്‍ന്ന പാര്‍ലമെന്റംഗവും മുസ്‌ളീംലീഗ് ദേശീയാദ്ധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദിന്റെ ഖബറടക്കം നാളെ അദ്ദേഹത്തിന്റെ നാടായ കണ്ണൂരില്‍ നടക്കും. ഡല്‍ഹിയിലെ വീട്ടിലും കോഴിക്കോട് ഹജ്ജ് ഹൗസിലും ലീഗ് ഹൗസിലും പൊതു ദര്‍ശനത്തിന് വെച്ച ശേഷമായിരിക്കും കണ്ണൂരിലെ വീട്ടിലേക്ക് അന്ത്യകര്‍മ്മങ്ങള്‍ക്കായി കൊണ്ടുപോകുക. പ്രധാനമന്ത്രി ഉള്‍പ്പെടെ വിവിധ ദേശീയനേതാക്കള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹിയിലെ തീന്‍മൂര്‍ത്തി മാര്‍ഗില്‍ രാവിലെ 8 മുതല്‍ 12 വരെ പൊതുദര്‍ശനത്തിന് വെച്ച ശേഷം രണ്ടുമണിയോടെ കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോകും. അവിടെ ലീഗ് ഹൗസിലും ഹജ്ജ് ഹൗസിലും പൊതുദര്‍നത്തിന് വെച്ച ശേഷമാകും ജന്മനാടായ കണ്ണൂരില്‍ എത്തിക്കുക. പൊതുദര്‍ശനത്തിനായി ഡല്‍ഹിയിലെ വസതിയിലേക്ക് ശരീരം എത്തിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 2.30 യോടെയായിരുന്നു അന്ത്യം. ഇന്നലെ 11.30 യോടെ ഹൃദയാഘാതമുണ്ടായ അദ്ദേഹത്തിനെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിനമായ ഇന്നലെ പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെ 11.30 നാണ് 79 വയസുകാരനായ ഇ. അഹമ്മദിനു ദേഹാസ്വാസ്ഥ്യമുണ്ടായത്. കുഴഞ്ഞുവീണ അദ്ദേഹത്തെ മറ്റ് എം.പിമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

അതിനിടയില്‍ അദ്ദേഹത്തിന്റെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും കാരണം വ്യക്തമാക്കാതെ സന്ദര്‍ശനാനുമതി നിഷേധിച്ചത് പ്രതിഷേധത്തിന് കാരണമായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളായ സോണിയാഗാന്ധി, രാഹുല്‍ഗാന്ദി, ഗുലാംനബി ആസാദ്, അഹമ്മദ് പട്ടേല്‍ എന്നിവരും ലീഗ് നേതാക്കളും രാത്രി ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തി. ഉദ്യോഗസ്ഥര്‍ വഴങ്ങാതെ വന്നതിനെ തുടര്‍ന്ന് മക്കള്‍ പോലീസില്‍ പരാതി നല്‍കി.

മാസങ്ങളായി വാര്‍ധക്യസഹജമായ ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന ഇ. അഹമ്മദ് പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി കഴിഞ്ഞ ദിവസമാണ് ദുബായിയിലെ മകളുടെ വീട്ടില്‍ നിന്നു ഡല്‍ഹിയിലെത്തിയത്. അതിനിടയില്‍ ഇന്ന് നടക്കാനിരിക്കുന്ന ബജറ്റ് മാറ്റുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ സ്പീക്കറുമായി ചര്‍ച്ച നടത്തുകയാണ്. ഒരു സിറ്റിംഗ് എംപിയുടെ മരണം സംഭവിച്ചാല്‍ ആ എംപിയ്ക്ക് അനുശോചനം നടത്തി ഉടന്‍ പിരിയുകയാണ് സഭയുടെ സാധാരണ കീഴ്‌വഴക്കം. ഇതെല്ലാം പരിശോധിച്ച ശേഷമാണ് അന്തിമ തീരുമാനം എടുക്കുക.

Ads by Google
Ads by Google
LATEST NEWS
TRENDING NOW