Saturday, April 29, 2017 Last Updated 14 Min 10 Sec ago English Edition
Todays E paper
വി.എ. ഗിരീഷ്‌
Wednesday 01 Feb 2017 02.11 AM

സ്വാശ്രയ ലോ കോളജിനു വേണ്ടിയുള്ള മാര്‍ക്ക്‌ ക്രമക്കേടിനു സര്‍വകലാശാലയുടെ ഒത്താശ

uploads/news/2017/02/76328/k3.jpg

തിരുവനന്തപുരം: സ്വാശ്രയ ലോ കോളജായ ലോ അക്കാഡമിക്കുവേണ്ടി അധ്യാപകന്‍ നടത്തിയ മാര്‍ക്ക്‌ ക്രമക്കേടിനും റാങ്ക്‌ അട്ടിമറിക്കും കേരള സര്‍വകലാശാലയുടെ ഒത്താശ. നിയമപരീക്ഷയുടെ മൂല്യനിര്‍ണയത്തില്‍ ഗുരുതര ക്രമക്കേടുകളും റാങ്ക്‌ അട്ടിമറിയും വ്യക്‌തമാക്കുന്ന സര്‍വകലാശാലാ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ അപ്രത്യക്ഷമായി മാസങ്ങള്‍ കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. ഇതോടെ അധ്യാപകനും സ്വകാര്യ കോളജും നടപടിയില്‍നിന്നും രക്ഷപ്പെട്ടു.

പ്രോ വൈസ്‌ ചാന്‍സലറുടെ ഓഫീസ്‌ മുറിയില്‍നിന്നാണു ഫയല്‍ കാണാതായത്‌. സര്‍വകലാശാല അന്വേഷണം നടത്തിയെങ്കിലും മാസങ്ങള്‍ക്കു കഴിഞ്ഞിട്ടും ഇതുവരെയും റിപ്പോര്‍ട്ട്‌ കണ്ടെത്താനായിട്ടില്ല. സാധാരണയായി ഈ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കേണ്ടതുണ്ട്‌. ഇക്കാര്യം ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ അറിയിക്കണം. അധ്യാപകന്‍ സര്‍ക്കാര്‍ ജീവനക്കാരായതിനാല്‍ കൂടുതല്‍ നടപടിയെടുക്കാനായി റിപ്പോര്‍ട്ട്‌ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കു കൈമാറണം. ഇതെല്ലാം ഒഴിവാക്കാനായി അന്വേഷണ റിപ്പോര്‍ട്ട്‌ സര്‍വകലാശാല ആസ്‌ഥാനത്തുനിന്നുതന്നെ മുക്കുകയായിരുന്നു.

മൂന്നാം വര്‍ഷ എല്‍എല്‍.ബി കോഴ്‌സിന്റെ 2014ലെ മൂന്നാം വര്‍ഷത്തെയും 2015 ജൂണില്‍ നടന്ന ഒന്നാം സെമസ്‌റ്ററിന്റെയും മൂല്യനിര്‍ണയത്തിലാണു ഗുരുതരമായ ക്രമക്കേട്‌ നടന്നത്‌. ഇടതുമുന്നണിയിലെ പ്രമുഖ കക്ഷിയുടെ അധ്യാപക സംഘടനാ നേതാവും അഡീഷണല്‍ എക്‌സാമിനറുമായ അധ്യാപകനാണു മാര്‍ക്ക്‌ നല്‍കുന്നതില്‍ ക്രമക്കേടു നടത്തിയത്‌. ഇദ്ദേഹം മൂല്യനിര്‍ണയം നടത്തിയ പേപ്പറുകളില്‍ അഞ്ചെണ്ണം ചീഫ്‌ എക്‌സാമിനര്‍ വീണ്ടും പരിശോധിച്ചപ്പോഴാണ്‌ അഞ്ചിലും ക്രമക്കേട്‌ കണ്ടെത്തി. മാര്‍ക്ക്‌ കുറഞ്ഞവര്‍ക്ക്‌ കൂടുതല്‍ മാര്‍ക്ക്‌ നല്‍കിയതായും കൂടുതല്‍ മാര്‍ക്കിന്‌ അര്‍ഹതപ്പെട്ടവര്‍ക്ക്‌ കുറഞ്ഞ മാര്‍ക്ക്‌ നല്‍കിയതായുമാണ്‌ കണ്ടെത്തിയത്‌.

ഇതേത്തുടര്‍ന്ന്‌ മൂല്യനിര്‍ണയത്തിന്റെ ചുമതലയുള്ള ബോര്‍ഡ്‌ ചെയര്‍മാനും ചീഫ്‌ എക്‌സാമിനറും ഈ അധ്യാപകന്‍ മൂല്യനിര്‍ണയം നടത്തിയ എല്ലാ ഉത്തരക്കടലാസുകളും വീണ്ടും പരിശോധിച്ചു. വ്യാപകമായ രീതിയില്‍ ക്രമക്കേടു നടന്നെന്നാണ്‌ പരിശോധനയില്‍ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ വിശദമായ അന്വേഷണത്തിനായി പ്രോ വൈസ്‌ചാന്‍സലര്‍ ഡോ. എന്‍. വീരമണികണ്‌ഠന്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. കെ. മധുകുമാര്‍ എന്നിവര്‍ അംഗങ്ങളായി സമിതി രൂപീകരിച്ചു. സമിതിയുടെ അന്വേഷണത്തില്‍ ഒരു എല്‍എല്‍.ബി കോളജിനു വേണ്ടിയാണ്‌ അധ്യാപകന്‍ ക്രമക്കേട്‌ നടത്തിയതെന്നു കണ്ടെത്തി. സര്‍ക്കാര്‍ ലോ കോളജിലെ ഉയര്‍ന്ന മാര്‍ക്ക്‌ കരസ്‌ഥമാക്കി റാങ്ക്‌ സാധ്യതയില്‍ നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌ ചില പരീക്ഷകള്‍ക്ക്‌ മാര്‍ക്ക്‌ കുറച്ചതായും മറ്റു ചിലര്‍ക്ക്‌ അര്‍ഹതപ്പെടാത്ത മാര്‍ക്ക്‌ നല്‍കിയതായും കണ്ടെത്തി. ഒരു സ്വകാര്യ സ്‌ഥാപനത്തിലെ കുട്ടികള്‍ക്കാണ്‌ അര്‍ഹതപ്പെട്ടതിനേക്കാള്‍ കൂടുതല്‍ മാര്‍ക്ക്‌ നല്‍കിയതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ അധ്യാപകന്‍ നേരത്തെ പഠിച്ചിരുന്ന സ്‌ഥാപനം കൂടിയാണിത്‌.

ഉയര്‍ന്ന മാര്‍ക്ക്‌ നേടിയ റാങ്ക്‌ പ്രതീക്ഷയുള്ള വിദ്യാര്‍ഥികളുടെ റാങ്ക്‌ മൂല്യനിര്‍ണയത്തില്‍ ക്രമക്കേട്‌ നടത്തി അട്ടിമറിച്ചെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു. സര്‍ക്കാര്‍ ലോ കോളജിലെ വിദ്യാര്‍ഥികള്‍ക്കാണ്‌ ഇങ്ങനെ റാങ്ക്‌ നഷ്‌ടപ്പെട്ടത്‌. സര്‍വകലാശാല ചട്ടം അനുസരിച്ച്‌ ഓരോ സെമസ്‌റ്ററിനും ആദ്യ പരീക്ഷയില്‍ തന്നെ വിജയിക്കുന്ന വിദ്യാര്‍ഥികളെ മാത്രമേ റാങ്കിനായി പരിഗണിക്കുകയുള്ളൂ. ഇതു മുതലെടുത്ത്‌ ഉയര്‍ന്ന മാര്‍ക്ക്‌ നേടിയ വിദ്യാര്‍ഥികളെ ഒരു സെമസ്‌റ്ററില്‍ പരാജയപ്പെടുത്തുകയെന്ന തന്ത്രമാണ്‌ അധ്യാപകന്‍ നടത്തിയതെന്നാണ്‌ റിപ്പോര്‍ട്ടിലുള്ളത്‌. എന്നാല്‍ ഈ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കപ്പെട്ട്‌ ഏതാനും ദിവസത്തിനു ശേഷം സര്‍വകലാശാല ആസ്‌ഥാനത്തുനിന്നും നഷ്‌ടപ്പെടുകയായിരുന്നു.

Ads by Google
വി.എ. ഗിരീഷ്‌
Wednesday 01 Feb 2017 02.11 AM
YOU MAY BE INTERESTED
TRENDING NOW