Saturday, August 19, 2017 Last Updated 5 Min 6 Sec ago English Edition
Todays E paper
Wednesday 01 Feb 2017 02.11 AM

ലോ അക്കാഡമി പ്രിന്‍സിപ്പല്‍ സ്‌ഥാനമൊഴിഞ്ഞു

uploads/news/2017/02/76326/k1.jpg

തിരുവനന്തപുരം: ഇരുപത്തിയൊന്നു ദിവസം നീണ്ട വിദ്യാര്‍ഥി പ്രക്ഷോഭത്തിനൊടുവില്‍ ലോ അക്കാഡമി പ്രിന്‍സിപ്പല്‍ ലക്ഷ്‌മി നായര്‍ സ്‌ഥാനമൊഴിഞ്ഞു. എന്നാല്‍ ലക്ഷ്‌മി നായര്‍ രാജി പ്രഖ്യാപിക്കും വരെ സമരം തുടരുമെന്നും എസ്‌.എഫ്‌.ഐ. ഒഴികെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ നിലപാടെടുത്തതോടെ പ്രതിസന്ധിക്കു പരിഹാരമില്ല. പ്രിന്‍സിപ്പലിനെ മാറ്റിയ നടപടി സ്വാഗതം ചെയ്‌ത എസ്‌.എഫ്‌.ഐ. സമരം അവസാനിപ്പിച്ചു. ഉപസമിതി റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ അക്കാഡമിക്കെതിരേ ചട്ടപ്രകാരമുള്ള നടപടിയെടുക്കാന്‍ കേരള സര്‍വകലാശാലയോട്‌ വിദ്യാഭ്യാസ മന്ത്രി നിര്‍ദേശിച്ചു. സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നു പോലീസ്‌ ലാത്തിച്ചാര്‍ജ്‌ നടത്തിയതില്‍ പ്രതിഷേധിച്ച്‌ ഇന്നു തിരുവനന്തപുരത്ത്‌ ബി.ജെ.പി. ഹര്‍ത്താല്‍. എസ്‌.എഫ്‌.ഐ ഒഴികെയുള്ള സംഘടനകള്‍ ഇന്നു സംസ്‌ഥാനത്തു പഠിപ്പുമുടക്കും.
വൈസ്‌ പ്രിന്‍സിപ്പല്‍ മാധവന്‍ പോറ്റിക്കാണു പ്രിന്‍സിപ്പലിന്റെ ചുമതല. ലോ അക്കാഡമി പ്രിന്‍സിപ്പല്‍ സ്‌ഥാനത്തുനിന്നു ലക്ഷ്‌മി നായരെ നീക്കിയതായി ഡയറക്‌ടറും ലക്ഷ്‌മി നായരുടെ പിതാവുമായ ഡോ. എന്‍. നാരായണന്‍ നായരാണ്‌ അറിയിച്ചത്‌. ലക്ഷ്‌മി നായര്‍ കോളജില്‍ അധ്യാപികയായും തുടരില്ല. വിദ്യാര്‍ഥികളുടെ ഇന്റേണല്‍ മാര്‍ക്ക്‌ സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ പരാതി പരിഹാരസെല്‍ രൂപീകരിക്കും. അക്കാഡമി ഇന്നുമുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും ഡയറക്‌ടര്‍ അറിയിച്ചു.
ലക്ഷ്‌മി നായരെ മാറ്റുമെന്നു മാനേജ്‌മെന്റ്‌ രേഖാമൂലം ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ സമരം അവസാനിപ്പിക്കുകയാണെന്നും എസ്‌.എഫ്‌.ഐ. സംസ്‌ഥാന സെക്രട്ടറി എം. വിജിന്‍ പറഞ്ഞു. ലക്ഷ്‌മി നായരെ മാറ്റുക ഉള്‍പ്പെടെ 17 ആവശ്യങ്ങളാണ്‌ എസ്‌.എഫ്‌.ഐ. ഉന്നയിച്ചിരുന്നത്‌. സംഘടനയുടെ ആവശ്യങ്ങള്‍ മാനേജ്‌മെന്റ്‌ അംഗീകരിച്ചിട്ടുണ്ടെന്നും എസ്‌.എഫ്‌.ഐ. നേതാക്കള്‍ അറിയിച്ചു.
സമരത്തെ തകര്‍ക്കാന്‍ എസ്‌.എഫ്‌.ഐ ശ്രമിച്ചെന്ന്‌ ബി.ജെ.പി. നേതാവ്‌ വി. മുരളീധരന്‍ ആരോപിച്ചു. ലോ അക്കാഡമി സമരത്തെ മാനേജുമെന്റിനു വേണ്ടി ഒറ്റുകൊടുത്ത എസ്‌.എഫ്‌.ഐ. നിലപാട്‌ വിദ്യാര്‍ഥി വഞ്ചനയാണെന്നും ലക്ഷ്‌മി നായര്‍ രാജിവയ്‌ക്കുംവരെ സമരം തുടരുമെന്നും കെ.എസ്‌.യു. സംസ്‌ഥാന പ്രസിഡന്റ്‌ വി.എസ്‌. ജോയ്‌ അറിയിച്ചു. ഏതു പശ്‌ചാത്തലത്തിലാണ്‌ എസ്‌.എഫ്‌.ഐ സമരം അവസാനിപ്പിച്ചതെന്ന്‌ അറിയില്ലെന്നും തങ്ങള്‍ സമരം തുടരുമെന്നും എ.ഐ.എസ്‌.എഫ്‌ അറിയിച്ചു.
ലോ അക്കാഡമിക്കെതിരേയുള്ള ഉപസമിതി റിപ്പോര്‍ട്ടും സര്‍വകലാശാല സിന്‍ഡിക്കേറ്റ്‌ ഇതുസംബന്ധിച്ച്‌ കൈക്കൊണ്ട തീരുമാനങ്ങളും സര്‍ക്കാര്‍ വിശദമായി പരിശോധിച്ചു. കോഴ്‌സ്‌ റെഗുലേഷനിലെ ന്യൂനതകള്‍, ഇന്റേണല്‍ മാര്‍ക്ക്‌ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍, പരീക്ഷാ ക്രമക്കേടുകള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട ഉപസമിതികള്‍ അടിയന്തരമായി യോഗം ചേര്‍ന്ന്‌ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന്‌ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്‌ നിര്‍ദേശം നല്‍കി. അക്കാഡമിയുടെ പ്രവര്‍ത്തനം സര്‍വകലാശാലാ ചട്ടങ്ങള്‍ക്ക്‌ വിധേയമല്ലാത്ത സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍വകലാശാലയ്‌ക്ക്‌ നിര്‍ദ്ദേശം നല്‍കാനും ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കി.

പുതിയ പ്രിന്‍സിപ്പലിനും യോഗ്യതയില്ലെന്ന്‌ ആരോപണം

തിരുവനന്തപുരം: ലോ അക്കാഡമിയില്‍ ലക്ഷ്‌മി നായര്‍ക്കു പകരം പ്രിന്‍സിപ്പലായി നിയോഗിച്ച വൈസ്‌ പ്രിന്‍സിപ്പല്‍ മാധവന്‍ പോറ്റിക്ക്‌ യോഗ്യതയില്ലെന്ന്‌ ആരോപണം. കേരള സര്‍വകലാശാല ചട്ടം 40 അനുസരിച്ച്‌ 65 വയസ്‌ കഴിഞ്ഞാല്‍ പ്രിന്‍സിപ്പല്‍ പദവിയിലിരിക്കാനാവില്ല. 67 വയസായ മാധവന്‍ പോറ്റിയെ പ്രിന്‍സിപ്പലാക്കിയത്‌ ചട്ടവിരുദ്ധമാണെന്നാണ്‌ ആരോപണം. അദ്ദേഹത്തിന്‌ പിഎച്ച്‌.ഡി യോഗ്യത ഇല്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്‌. ലക്ഷ്‌മി നായരും ചട്ടവിരുദ്ധമായാണു പ്രിന്‍സിപ്പല്‍ പദവിയില്‍ അക്കാഡമിയില്‍ തുടര്‍ന്നിരുന്നതെന്നു ചൂണ്ടിക്കാട്ടി കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്‌ അംഗം ജോണ്‍സണ്‍ ഏബ്രഹാം വൈസ്‌ ചാന്‍സലര്‍ക്കു കത്ത്‌ നല്‍കി. ചട്ടമനുസരിച്ചു നിയമനത്തിനു സര്‍വകലാശാലയുടെ അംഗീകാരം ആവശ്യമാണ്‌. അതില്ലാതെ തുടര്‍ന്ന ലക്ഷ്‌മി നായരുടെ പദവി അംഗീകരിക്കാനാവില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Ads by Google
Wednesday 01 Feb 2017 02.11 AM
YOU MAY BE INTERESTED
TRENDING NOW