കോഴിക്കോട്: കൊല്ലപ്പെട്ട പുനെ ഇന്‍ഫോസിസ് ജീവനക്കാരി കോഴിക്കോട് കുന്നമംഗലം സ്വദേശിനി റസീലയുടെ ബന്ധുക്കള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് കമ്പനി. റസീലയുടെ മരണ വിവരമറിഞ്ഞ് പൂനെയിലെത്തിയ ബന്ധുക്കള്‍ക്ക് മുമ്പാകെയാണ് അധികൃതര്‍ നഷ്ടപരിഹാരത്തുകയും ബന്ധുവിന് ജോലിയും നല്‍കാമെന്ന് ഉറപ്പ് നല്‍കിയത്.
അച്ഛന് രാജു, ഇളയച്ഛന് വിനോദ് കുമാര്‍, അമ്മാവന് സുരേഷ് എന്നിവരെ രേഖാമൂലമാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. അതേസമയം, നഷ്ടപരിഹാരം ഏറ്റുവാങ്ങുന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.
നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഇവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പുനെ ഇന്‍ഫോസിസ് ജീവനക്കാരി കുന്നമംഗലം ഈസ്റ്റ് പയിമ്പ്ര ഒഴാംപൊയില്‍ റസീല(24)യ്ക്ക് ജന്മനാട് കണ്ണീരോടെ വിട നല്കി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നലെ രാവിലെ 11.30 ഓടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം 12.40 ഓടെയാണ് വീട്ടിലെത്തിച്ചത്. റസീലയെ അവസാനമായി ഒരുനോക്ക് കാണാന്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനാളുകളാണ് ഒഴുകിയെത്തിയത്. രാവിലെ മുതല്‍ വീടും പരിസരവും ജനനിബിഡമായിരുന്നു.
മൃതദേഹമെത്തിയപ്പോള്‍ ദുഃഖമടക്കാനാകാതെ പലരും വിതുമ്പി. ഉച്ചകഴിഞ്ഞ് രണ്ടിനു മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.
മൂന്നു വര്‍ഷം മുമ്പ് ഭാര്യ ലത വിടപറഞ്ഞതിന്റെ വേദന വിട്ടുമാറും മുമ്പു മകളും യാത്രയായത് പിതാവ് രാജുവിനു താങ്ങാനാകുന്നില്ല. റസീലയുടെ വിവാഹത്തിനുള്ള തയാറെടുപ്പിലായിരുന്നു ബന്ധുക്കള്‍. അബുദാബിയിലുള്ള ഏക സഹോദരന് രജിന് നാട്ടിലെത്തുമ്പോള്‍ ഇതിനുള്ള ഒരുക്കം തുടങ്ങാനായിരുന്നു ആലോചന. ഇതിനിടയിലാണ് മരണം റസീലയെ കൂട്ടിക്കൊണ്ടു പോയത്.
സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനന്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ എന്‍. സുബ്രഹ്മണ്യന്, പി.എം. സുരേഷ്ബാബു, ബി.ജെ.പി. നേതാവ് എ. ജയദേവന് എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു. രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. കൊലപാതകത്തെക്കുറിച്ച് സമഗ്രമായ അനേ്വഷണം നടത്താന്‍ മഹാരാഷ്്രട മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.നേരത്തേ പിതാവ് രാജുവും ബന്ധുക്കളും ചേര്‍ന്നാണ് പൂനെയില്‍ നിന്നു മൃതദേഹം ഏറ്റുവാങ്ങിയത്.
ഹിന്ജാവാഡി ഐ.ടി പാര്‍ക്ക് ഓഫീസിലെ കോണ്‍ഫറന്‍സ് മുറിയില്‍ ഞായറാഴ്ചയാണ് റസീലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സുരക്ഷാ ജീവനക്കാരനായ ഭബെന്‍ സൈക്യയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ മോശം പെരുമാറ്റത്തിനെതിരേ യുവതി താക്കീത് നല്‍കിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് ഭാഷ്യം.